Connect with us

Video Stories

ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂര്‍ അവഗണനയിലെ ദുരൂഹത

Published

on

പി അബ്ദുല്‍ ഹമീദ് എം.എല്‍.എ

മലബാറിന്റെ സമഗ്ര വികസനത്തിലേക്ക് പറന്നുയരാന്‍ ജനകീയ കൂട്ടായ്മയില്‍ യാഥാര്‍ത്ഥ്യമായ വിമാനത്താവളമാണ് കരിപ്പൂലേത്. ഗള്‍ഫ് കുടിയേറ്റത്തിന്റെ പാരമ്യതയില്‍ നിറയെ സ്വപ്‌നങ്ങളുമായി 1988 ല്‍ തുടക്കം കുറിച്ച വിമാനത്താവളത്തിന് പരിപൂര്‍ണത പ്രാപിക്കാന്‍ എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടായിട്ടും നിഗൂഢമായ ചില താത്പര്യങ്ങളുടെ ഭാഗമായി നിരന്തര അവഗണനയാണ് നേരിടേണ്ടിവരുന്നത്.
ഗള്‍ഫ് യാത്രികര്‍ക്കുള്ള സുഗമമായ താവളമെന്നതോടൊപ്പം തന്നെ കേരളത്തില്‍ നിന്നുള്ള ഹാജിമാരില്‍ ഭൂരിഭാഗത്തിനും ആശ്രയിക്കാവുന്ന കേന്ദ്രമായാണ് ഇത് വിഭാവനം ചെയ്യപ്പെട്ടത്. വരുന്ന ഓഗസ്റ്റ് മാസം ഹജ്ജ് യാത്രികരുടെ വിമാനയാത്രക്ക് അന്തിമ രൂപമായിരിക്കെ, ഇത്തവണയും കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റല്ല എന്ന തീരുമാനം ഞെട്ടലോടെ അഭിമുഖീകരിക്കേണ്ടി വരുന്നത് അതിശക്തമായ പ്രതിഷേധത്തിനും പ്രതികരണത്തിനും വഴി തുറന്നിട്ടിരിക്കുകയാണ്.
2014 മെയ് മാസം ആരംഭിച്ച റണ്‍വേ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി 2017 മാര്‍ച്ച് മാസം കൂടുതല്‍ സര്‍വീസുകളോടെ വിമാനത്താവളം സജീവമാകുമെന്നും ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം കരിപ്പൂരില്‍ തന്നെ പുനസ്ഥാപിക്കും എന്നൊക്കെയായിരുന്നു അധികൃതരുടെ വിശദീകരണം. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ നിന്നുള്ള യാത്രികരുടെ 85 ശതമാനത്തിനും പ്രയോജനപ്രദമായ രീതിയില്‍ തീര്‍ത്ഥാടനാരംഭം ഇവിടെ നിന്നാകാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അവ്യക്തവും നിരര്‍ത്ഥകവുമായ ന്യായീകരണങ്ങള്‍ നിരത്തി കരിപ്പൂരിനെ കൊല്ലാനും ഹജ്ജ് തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കാനും ചില അദൃശ്യ ശക്തികള്‍ കരുനീക്കം നടത്തുകയാണ്. ഇത് അനാവരണം ചെയ്യപ്പെടണം. ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. അറ്റകുറ്റപണികള്‍ക്കായി അടച്ചിടുന്നതിന് മുമ്പുള്ള വലിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനും ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനസ്ഥാപിക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിരത്തുന്ന വാദങ്ങള്‍ പരസ്പര വിരുദ്ധമാണ്. റണ്‍വേ വികസനത്തിനായി ഇനിയും സ്ഥലം വിട്ടുകിട്ടിയെങ്കില്‍ മാത്രമേ എംബാര്‍ക്കേഷന്‍ അനുവദിക്കൂ എന്ന വികാരവും ധാര്‍ഷ്ട്യവും ഒരിക്കലും അംഗീകരിക്കാനാവില്ല. 9666 അടിയാണ് കരിപ്പൂരിലെ റണ്‍വേക്കുള്ളത്. 9180 അടിയുള്ള ലക്‌നൗ വിമാനത്താവളം, 9000 അടിയുള്ള ഭോപ്പാല്‍, മംഗലാപുരം വിമാനത്താവളങ്ങള്‍, 9022 അടിയുള്ളഇന്‍ഡോര്‍, 8000 അടിയുള്ള റാഞ്ചി, 7500 അടിയുള്ള ഗയ, 8300 അടിയുള്ള വാരാണസി എന്നിവയെല്ലാം ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളാണ്.
റണ്‍വേ നവീകരണത്തിന് ശേഷം മികച്ച നിലവാരത്തിലേക്കുയര്‍ന്നിട്ടും കരിപ്പൂരിന്റെ പദവിയെ പിറകോട്ട് വലിക്കാനാണ് നീക്കം. വരുമാനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് നാലാം സ്ഥാനത്തും യാത്രികരുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്തുമായിരുന്നു കരിപ്പൂര്‍. ‘ഇ’ കോഡ് പദവിക്കുള്ള എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും പദവി ‘ഡി’ യില്‍ തന്നെ നിര്‍ത്താനും എന്നാല്‍ ‘സി’ പദവിക്കുള്ള പരിഗണന മാത്രം നല്‍കാനുമാണ് അധികൃതരുടെ ശ്രമം. ക്രൂരവും ദയനീയവുമായ ഈ അവഗണനക്കെതിരെ കടുത്ത പ്രതിഷേധമാണാവശ്യം. എണ്ണൂറോളം യാത്രക്കാര്‍ക്ക് താമസിക്കാനുള്ള ഹജ്ജ് ഹൗസ്, മുസാഫര്‍ഖാന, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഇതുപോലെ സജ്ജമാക്കിയ വിമാനത്താവളങ്ങള്‍ മറ്റെവിടെയുമില്ല. കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രക്ക് വലിയ വിമാനത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര വ്യോമായന മന്ത്രാലയം പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ തന്നെ ശരിവെക്കുന്നു. ചെറുതും ഇടത്തരവും വിമാനങ്ങള്‍ മതിയെന്നിരിക്കെ വലിയ ശ്രേണിയില്‍പെട്ട ബോയിങ് 747 വിമാനത്തിനു ടെണ്ടര്‍ ക്ഷണിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്കു കീഴിലുള്ള കോഴിക്കോട് വിമാനത്താവളത്തെ തഴഞ്ഞത് എന്തിനാണ്.
കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നായി ഇത്തവണ ഹജ്ജ് കമ്മറ്റിക്കു കീഴില്‍ തീര്‍ത്ഥാടകരുടെ എണ്ണം 11580 ആണ്. ഓഗസ്റ്റ് 8 മുതല്‍ 26 വരെയാണ് ഹജ്ജ് സര്‍വീസ് നിശ്ചയിട്ടുള്ളത്. ഒരു ദിവസം 3 വിമാനങ്ങള്‍ ഉപയോഗിക്കാമെന്നും ടെണ്ടറിലുണ്ട്. നിബന്ധനകള്‍ പ്രകാരമാണെങ്കില്‍ 19 ദിവസങ്ങളിലായി 57 സര്‍വീസ് നടത്താം. അത്തരത്തില്‍ 11580 തീര്‍ത്ഥാടകരെ കൊണ്ടുപോകാന്‍ 204 പേര്‍ക്കു സഞ്ചരിക്കാവുന്ന വിമാനം മതിയാകും.
300 പേര്‍ക്ക് പോകാവുന്ന ഇടത്തരം വിമാനം ഉപയോഗിച്ചാല്‍ തന്നെ 37 സര്‍വീസുകള്‍ കൊണ്ട് ഹാജിമാരെ സഊദിയിലെത്തിക്കാം. ചുരുക്കത്തില്‍ മന്ത്രാലയത്തിന്റെ ടെണ്ടര്‍ വ്യവസ്ഥകള്‍ പാലിച്ചാല്‍ ചെറുവിമാനങ്ങളും ഇടത്തരം വിമാനങ്ങും ഉപയോഗിച്ച് കരിപ്പൂരില്‍ നിന്നുതന്നെ ഹജ്ജ് സര്‍വീസ് സാധ്യമാക്കാം. രാജ്യത്തെ 20 വിമാനത്താവളങ്ങളില്‍ നിന്ന് ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് ഹജ്ജ് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഇ.ശ്രേണിയില്‍പെട്ട 400-ല്‍ അധികം പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോയിങ് 747 വിമാനമാണ് കൊച്ചിയില്‍ എംബാര്‍ക്കേഷന്‍ കേന്ദ്രത്തിലേക്കായി പ്രഖ്യാപിച്ചിട്ടുള്ള ടെണ്ടറില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കരിപ്പൂരിന്റെ സാധ്യതകളെ നശിപ്പിക്കാനല്ലാതെ ഇതിനു പിന്നില്‍ മറ്റെന്ത് ന്യായമാണുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കണം.
സുരക്ഷയുടെയും സൗകര്യങ്ങളുടെയും പേരിലാണ് കരിപ്പൂരിനെ അവഗണിക്കുന്നതെങ്കില്‍ അധികൃതര്‍ ചില കാര്യങ്ങള്‍ വിശദീകരിക്കണം. പലതവണ സുരക്ഷാ വീഴ്ച വന്ന ടേബിള്‍ ടോപ്പ് വിഭാഗത്തില്‍പ്പെടുന്ന, സാങ്കേതിക സൗകര്യം കുറഞ്ഞ മംഗലാപുരം വിമാനത്താവളത്തെ എങ്ങിനെയാണ് എംബാര്‍ക്കേഷന്‍ കേന്ദ്രമാക്കിയത്. മംഗലാപുരത്തേക്കാള്‍ റണ്‍വേക്ക് 400 മീറ്റര്‍ നീളം അധികവും ബലക്കൂടുതലുമുള്ള കരിപ്പൂരില്‍ രാജ്യത്തെ വലിയ വിമാനമായ ബോയിങ് 747 വിമാനങ്ങള്‍ മുമ്പ് സര്‍വീസ് നടത്തിയിട്ടുണ്ട്. ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രത്തിനായി കരിപ്പൂരില്‍ നിന്ന് മുറവിളി ഉയരുമ്പോഴും വിമാനത്താവളം ഉപദേശക സമിതി ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല. റണ്‍വേ വികസനത്തിനും മറ്റുമായി സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളില്‍ അധികൃതര്‍ക്ക് യാതൊരു താത്പര്യവുമില്ല.
1988-ല്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമായതുമുതല്‍ മലബാറിലെ ജനപ്രതിനിധികള്‍ പൊതുവിലും മുസ്‌ലിംലീഗ് നേതാക്കള്‍ പ്രതേ്യകിച്ചും നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. ഓരോ ഘട്ടത്തിലും എല്ലാ അന്യായമായ വാദങ്ങളെയും മറികടന്നത് രാഷ്ട്രീയ ഇച്ഛാശക്തി കൊണ്ടാണ്. 1982-87 കാലത്തെ യു.ഡി.എഫ് മന്ത്രിസഭ കരിപ്പൂര്‍ എയര്‍പോര്‍ട്ടിനായി സ്വീകരിച്ച നടപടികള്‍ ചരിത്രത്തിന്റെ ഭാഗമാണ്. കെ. കരുണാകരനും സി.എച്ചും നിര്‍വഹിച്ച ദൗത്യം സ്മരണീയമാണ്. അന്നത്തെ വ്യവസായ മന്ത്രിയും പിന്നീട് ദേശീയ രാഷ്ട്രീയത്തിലും സര്‍വദേശീയ തലത്തിലും ശ്രദ്ധേയനായ മുന്‍ കേന്ദ്ര മന്ത്രി ഇ.അഹമ്മദ് നടത്തിയ സേവനങ്ങളും എടുത്തു പറയേണ്ടതാണ്. അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലായിരുന്നു 2002 ല്‍ കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി പ്രഖ്യാപിക്കപ്പെടാന്‍ വഴി വെച്ചത്.
480 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 747 വിമാനമായിരുന്നു അന്ന് സര്‍വീസ് നടത്തിയിരുന്നത്. അന്ന് ഉണ്ടായിരുന്നതിനേക്കാള്‍ റണ്‍വേ ദൈര്‍ഘ്യവും സാങ്കേതിക ക്ഷമതയും ഉണ്ടായിട്ടും കരിപ്പൂര്‍ നിരന്തരം അവഗണിക്കപ്പെടുന്ന ദുരൂഹതയാണ് മനസ്സിലാകാത്തത്. ഗള്‍ഫ് മലയാളികളും കെ.എം.സി.സി പോലെയുള്ള സന്നദ്ധ സംഘടനകളും ഈ വിമാനത്താവളത്തിന് വേണ്ടി നടത്തിയ പരിശ്രമങ്ങള്‍ വലുതാണ്. 1992 മുതല്‍ ഗള്‍ഫ് സെക്ടര്‍ രൂപീകരിച്ചത് വിദേശ മലയാളികള്‍ക്ക് വലിയ ആശ്വാസമായി. 2006-ല്‍ രാജ്യാന്തര വിമാനത്താവളമായി കരിപ്പൂരിനെ പ്രഖ്യാപിച്ചതിലും മലബാറിലെ ജന പ്രതിനിധികളുടെയും ഇ.അഹമ്മദിന്റെയും മുസ്‌ലിംലീഗ് നേതൃത്വത്തിന്റെയും ശക്തമായ ഇടപെടലുകളുണ്ടായി. രാത്രികാല ലാന്‍ഡിങ് ഉള്‍പ്പെടെ 24 മണിക്കൂര്‍ സര്‍വീസ് നടത്താന്‍ വിമാനത്താവളത്തെ സജ്ജമാക്കിയതിനു പിന്നിലും ശക്തമായ രാഷ്ട്രീയ ഇടപെടല്‍ തന്നെയാണുണ്ടായത്. നേതാക്കന്‍മാരുടെ ദീര്‍ഘവീക്ഷണമാണ് കരിപ്പൂരിനെ എംബാര്‍ക്കേഷന്‍ പോയിന്റായി മാറ്റുന്നതിനു മുമ്പേ തന്നെ ഹജ്ജ് ഹൗസ് സ്ഥാപിച്ച് ഹജ്ജ് യാത്രികരെ മുംബൈ വഴി കൊണ്ടുപോകാന്‍ നടപടികള്‍ സ്വീകരിച്ചത്. റണ്‍വേ നവീകരണത്തിന്റെ പേരു പറഞ്ഞ് രാജ്യത്തൊരു വിമാനത്താവളത്തിലും ഇല്ലാത്തവിധം സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയും വലിയ വിമാനങ്ങള്‍ നിഷേധിച്ചും കരിപ്പൂരിനെ മുരടിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ പരിശ്രമിച്ചപ്പോള്‍ മുസ്‌ലിം ലീഗായിരുന്നു അതിശക്തമായ താക്കീതുമായി രംഗത്തിറങ്ങിയത്. വികസനത്തിന് വേണ്ടി വരുന്ന സ്ഥലമെടുപ്പിന് ജനപക്ഷം ചേര്‍ന്ന് സഹകരിക്കുമെന്നും സര്‍ക്കാര്‍ നിശ്ചയിക്കുന്ന വില ഭൂ ഉടമകള്‍ക്ക് തികയാതെ വന്നാല്‍ പാര്‍ട്ടി അത് ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളായിരുന്നു. ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രമായി കരിപ്പൂരിനെ മാറ്റുന്നതില്‍ ലഭ്യമായ പിന്തുണയുടെയും പ്രചോദനത്തിന്റെയും സ്രോതസ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു.
മലബാറില്‍ നിന്നുള്ള എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, എം.കെ രാഘവന്‍, എം.ഐ ഷാനവാസ് എന്നിവരെല്ലാം വിമാനത്താവള വികസനത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചവരാണ്. മുസ്‌ലിം ലീഗ് എം.പിമാരും എം.എല്‍.എമാരും നടത്തുന്ന സമരം ഒരു സൂചനയും തുടക്കവുമാണ്. ഇതൊരു വന്‍ ജനകീയ പ്രക്ഷോഭത്തിന്റെ കടലിരമ്പമാണ്. നിരര്‍ത്ഥക വാദങ്ങള്‍ കൊണ്ട് കരിപ്പൂരിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജനകീയ വിചാരണക്ക് മുമ്പില്‍ ഇനിയും പിടിച്ചുനില്‍ക്കാനാവില്ല. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ തുടക്കം കുറിക്കുന്ന സമരക്കൊടുങ്കാറ്റ് അധികാരികള്‍ക്ക് പാഠമാകുമെന്നുറപ്പാണ്. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെയും വിവിധ പോഷക ഘടകങ്ങളുടെയും സര്‍വോപരി ബഹുജനങ്ങളുടെയും വലിയ തോതിലുള്ള പിന്തുണ പ്രക്ഷോഭത്തിനുണ്ടാകണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending