Connect with us

Views

മുഹമ്മദ് നബി സാധിപ്പിച്ചെടുത്ത വിപ്ലവം

Published

on

ടി.എച്ച് ദാരിമി

മാനുഷ്യകത്തിന്റെ മഹാചാര്യനായി മുഹമ്മദ് നബി (സ)യെ പരിഗണിക്കുന്നത് അദ്ദേഹം സാധിപ്പിച്ചെടുത്ത വിപ്ലവങ്ങള്‍ പരിഗണിച്ചുകൊണ്ടാണ്. മനുഷ്യകുലത്തില്‍ ഇന്നുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത വിപ്ലവങ്ങളാണ് പ്രവാചകന്‍ സാധിപ്പിച്ചെടുത്തത്. അവയിലൊന്നാമത്തേത് തൗഹീദ് എന്ന ഏകദൈവ വിശ്വാസം തന്നെയാണ്. ഇബ്രാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ആദര്‍ശ ഭൂമികയായ അറേബ്യയില്‍ ബഹുദൈവ വിശ്വാസം കടന്നുവരുന്നത് അംറ് ബിന്‍ ലുഅയ്യ് എന്ന ഒരു പുരോഹിതനിലൂടെയായിരുന്നു എന്നാണ് ചരിത്രം. ഒരു ശാം യാത്രയിലായിരുന്നു വിഗ്രഹങ്ങളെ മുമ്പില്‍ വെച്ചുകൊണ്ടുള്ള ആരാധന അയാള്‍ കണ്ടത്. ദൈവചിന്തയെ മനസ്സിലേക്ക് വലിച്ചടുപ്പിക്കാന്‍ ഒരു സഹായകമാണ് ഇതെന്ന് അയാള്‍ക്ക് തോന്നുകയും അങ്ങാടിയില്‍ നിന്ന് ഒരു വിഗ്രഹത്തെ വാങ്ങി കഅ്ബാലയത്തില്‍ കൊണ്ടുവന്ന് പ്രതിഷ്ഠിക്കുകയും ചെയ്യുകയായിരുന്നു അയാള്‍. ആ പുരോഹിതനിലുള്ള മതിപ്പു കൊണ്ടാവണം ഒരു പ്രതിഷേധവും അവിടെ ഉണ്ടായില്ല. ക്രമേണ ഇബ്രാഹീം നബിയുടെ ദൈവത്തോടൊപ്പം വിഗ്രഹങ്ങളെയും അറേബ്യ ആരാധിച്ചു തുടങ്ങി.
നൂറ്റാണ്ടുകള്‍ മറിഞ്ഞ് നബി (സ) തിരുമേനി ജനിക്കുന്ന കാലമാകുമ്പോള്‍ കഅ്ബാലയത്തിനകത്തും പുറത്തുമായി ആയിരക്കണക്കിനു വിഗ്രഹങ്ങളുണ്ടായിരുന്നു. അവരുടെ നാട്ടില്‍ മാത്രമല്ല മനസ്സിലും വിഗ്രഹങ്ങള്‍ കുടിക്കെട്ടിയിരുന്നു. നബി(സ) അവരെ ദൈവത്തിന്റെ ഏകത്വത്തിലേക്ക് വിളിച്ചപ്പോള്‍ ‘ഈ ഇലാഹുകളെയെല്ലാം ഒന്നാക്കുകയോ?’ (സ്വാദ്: 5) എന്നു ചോദിച്ച് അല്‍ഭുതപ്പെടാനും ‘ഇവ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാനുള്ളവയാണ്’ എന്ന് വാദിക്കാനും (സുമര്‍: 3) ചിലപ്പോള്‍ തോന്നിയതിനെയൊക്കെ ദൈവമായി കാണാനും (ഫുര്‍ഖാന്‍: 43) വരെ ആ ജനത പാകപ്പെട്ടു കഴിഞ്ഞിരുന്നു. ആ ജനതയെ നബി (സ) മാറ്റിയെടുത്തു. തന്റെ ദൗത്യം പൂര്‍ത്തീകരിക്കുമ്പോള്‍ അറേബ്യന്‍ പെനിന്‍സുലയുടെ മുക്കാലിലധികവും ജനസംഖ്യ തൗഹീദിലെത്തിക്കഴിഞ്ഞിരുന്നു എന്നാണ് കണക്കുകള്‍. വിഗ്രഹങ്ങളെയും അവയിലുള്ള വിശ്വാസങ്ങളെയും കൊണ്ടുവന്ന് സ്ഥാപിച്ച് പരിപാലിച്ചതാരായിരുന്നുവോ അവരെ കൊണ്ടുതന്നെ അത് എടുത്തൊഴിവാക്കിക്കുകയായിരുന്നു നബി തങ്ങള്‍ എന്നിടത്താണ് ഈ വിപ്ലവത്തിന്റെ ഭേരി മുഴങ്ങുന്നത്.
മാനവ ഏകത്വമാണ് രണ്ടാമത്തേത്. മനുഷ്യന്‍ അവന്റെ നിറത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ വിഭജിക്കപ്പെട്ട ഒരു കാലമായിരുന്നു അത്. കയ്യൂക്കും അധികാരവുമുള്ളവനായിരുന്നു മുമ്പന്‍. മക്കായില്‍ ഖുറൈശികള്‍ തങ്ങള്‍ അത്യുന്നതരാണ് എന്ന് പരസ്യമായി പറയുമായിരുന്നു. ഹജ്ജിന് എല്ലാവരും അറഫായില്‍ കൂടുമ്പോള്‍ അവര്‍ മുസ്ദലിഫാ വരെ മാത്രമേ പോകൂ. പത്തു കുടുംബങ്ങളിലായി പടര്‍ന്നുകിടക്കുന്ന ഖുറൈശികളല്ലാത്തവര്‍ ഖുറൈശികള്‍ക്ക് വിധേയരായിരിക്കണം എന്നത് അവിടത്തെ ഒരു അലിഖിത താല്‍പര്യമായിരുന്നു. ജൂതരും ക്രൈസ്തവരും തങ്ങള്‍ ദൈവത്തിന്റെ മക്കളും കൂട്ടുകാരുമാണ് (മാഇദ: 18) എന്ന് വാദിച്ചിരുന്നു. ആര്യ രക്തത്തിന്റെ ഹുങ്കാരം മുഴങ്ങുന്ന പേര്‍ഷ്യയിലാവട്ടെ രാജാവും കുടുംബവും ആരാധിക്കപ്പെടണമായിരുന്നു. ഈജിപ്തില്‍ കോപ്റ്റിക്കുകള്‍ സൂര്യദേവന്റെ അവതാരങ്ങളാണ് തങ്ങള്‍ എന്നാണ് ധരിച്ചിരുന്നത്. ഇന്ത്യയില്‍ മൗര്യ ഗുപ്തന്റെ കാലത്തെ തുടര്‍ന്ന് തൊലിപ്പുറത്തെ നിറത്തിന് കൂടുതല്‍ പ്രസക്തി കൈവന്ന കാലമായിരുന്നു. ചൈനയിലെ രാജാക്കന്മാര്‍ ആകാശ ദേവന്റെ പുത്രന്മാരായാണ് വ്യവഹരിക്കപ്പെട്ടിരുന്നത്. ഇതിനെല്ലാം പുറമെ അടിമത്വം ഏതാണ്ടെല്ലാ രാജ്യങ്ങളിലും ശക്തമായി നിലനിന്നിരുന്നു. പിന്നെ അറിവും അന്വേഷണവുമൊന്നും മനുഷ്യന്‍ തന്റെ പ്രധാന സ്വഭാവമായി കണക്കിലെടുത്തിട്ടില്ലാത്ത കാലമായിരുന്നു. അതിനാല്‍ ഓരോരുത്തരും തങ്ങളുടെ കാഴ്ചപ്പാടുകളില്‍ ബലമായി ഉറച്ച് നില്‍ക്കുകയുമായിരുന്നു. ഇത്തരമൊരു കാലത്ത് ‘മനുഷ്യരെ, നിശ്ചയം നിങ്ങളെ നാം ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ വിവിധ സമുദായങ്ങളും ഗോത്രങ്ങളുമാക്കിയിരിക്കുന്നത് അന്യോന്യം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. നിങ്ങളില്‍ ആദരണീയന്‍ ഏറ്റവും അധികം ദൈവഭയമുള്ളവരാണ്’ (ഹുജറാത്ത്: 13) എന്ന ദൈവ വചനവുമായി കടന്നുവരികയും അത് മനുഷ്യരുടെ മനസ്സില്‍ സ്ഥാപിച്ചെടുക്കുകയും ചെയ്തത് അതുല്യമായ ഒരു വിപ്ലവം തന്നെയാണ്. പല തട്ടുകളായി വിഭജിക്കപ്പെട്ട മനുഷ്യകുലത്തെ അവര്‍ ഒറ്റത്തട്ടാക്കി മാറ്റി. ‘നിങ്ങളുടെ സ്രഷ്ടാവ് ഒന്നാണ്’, ‘പിതാവ് ഒന്നാണ്’ എന്ന പ്രഖ്യാപനം കൊണ്ട് മനുഷ്യരെ ശാരീരികമായും മാനസികമായും പരസ്പരം കോര്‍ത്തു. തൊലിപ്പുറം കറുത്ത അബ്‌സീനിയന്‍ നീഗ്രോ അടിമ ബിലാലിനെ ‘നേതാവേ’ എന്നു വിളിക്കാനും സ്വന്തം ദാഹത്തേക്കാള്‍ സഹോദരന്റെ ദാഹത്തെ ഉള്‍ക്കൊള്ളാനും അടിമകളെയും അധസ്ഥിതരെയും അടുപ്പിച്ചുപിടിക്കാനുമെല്ലാം അവര്‍ മനസ്സാ പാകപ്പെട്ടു.
നബി(സ) സാധിപ്പിച്ചെടുത്ത മൂന്നാമത്തെ വിപ്ലവം മനുഷ്യ മഹത്വം സ്ഥാപിച്ചതാണ്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി നിരപരാധികളെകൊന്നും കൊല്ലാന്‍ തള്ളിവിട്ടും യുദ്ധക്കളങ്ങള്‍ തീര്‍ക്കുന്ന ലോകത്തെയും സ്വന്തം സഹോദരന്റെ കഴുത്തില്‍ അടിമത്വത്തിന്റെ നുകങ്ങള്‍ വെക്കുന്ന കാട്ടാളത്വത്തിന്റെയും മുമ്പില്‍, മനുഷ്യന്‍ മഹോന്നതനാണ്, അവന്റെ രക്തവും സ്വത്തും അഭിമാനവും പരിശുദ്ധങ്ങളാണ് എന്ന് ഉറക്കെപ്പറയാനുള്ള ആര്‍ജ്ജവം നബി(സ) കാണിക്കുകയും അത് ലോകത്തെ പഠിപ്പിക്കുകയും ചെയ്തു. കബന്ധങ്ങള്‍ ചിതറിക്കിടക്കുന്ന യുദ്ധക്കളത്തിനരികിലൂടെ തടവുകാരികളെ കൂട്ടി കടന്നുവരുന്ന ബിലാലിനെ ശാസിക്കുകയും ജൂതന്റെ മൃതദേഹത്തെ എഴുനേറ്റുനിന്ന് ബഹുമാനിക്കുകയും അനാഥന്റെ മുമ്പില്‍ വെച്ച് സനാഥനെ ചുംബിക്കുകയോ താലോലിക്കുകയോ ചെയ്യരുത് എന്ന് ഉപദേശിക്കുകയും ചെയ്യുമ്പോള്‍ നബി (സ) ഈ ആ വിപ്ലവത്തിന്റെ വികാരത്തെ പ്രോജ്ജ്വലിപ്പിക്കുകയാണ്. അല്ലാഹു പറഞ്ഞു: ‘തീര്‍ച്ചയായും നാം ആദം സന്തതികളെ ആദരിക്കുകയും കടലിലും കരയിലും അവരെ വാഹനത്തില്‍ കയറ്റുകയും വിശിഷ്ഠമായ വസ്തുക്കളില്‍ നിന്ന് അവര്‍ക്ക് ഉപജീവനം നല്‍കുകയും നാം സൃഷ്ടിച്ച മറ്റുള്ളവയേക്കാളേറെയെല്ലാം അവര്‍ക്ക് സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു. (ഇസ്‌റാഅ്: 70). നബി(സ) അക്കാര്യം തന്നെ ഒന്നുകൂടി സരളമാക്കി പറഞ്ഞു: ‘സൃഷ്ടികളെല്ലാവരും അല്ലാഹുവിന്റെ കൂട്ടുകുടുംബമാണ്. തന്റെ കൂട്ടുകുടുംബത്തോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ഉപകാരം ചെയ്യുകയും ചെയ്യുന്നവനോടാണ് അല്ലാഹുവിന് കൂടുതല്‍ ഇഷ്ടം’ (ബൈഹഖി).
നാലാമത്തെ വിപ്ലവം മനുഷ്യനു പ്രതീക്ഷ നല്‍കി എന്നുള്ളതാണ്. അതിനും അക്കാലത്തിന്റെ ഒരു ചിത്രം നമ്മുടെ കയ്യില്‍ വേണം. നന്മ, തിന്മ തുടങ്ങിയ മഹത്തായ ജീവിത പാഠങ്ങളെ സംബന്ധിച്ചിടത്തോളമുള്ള ചിന്ത ഉണ്ടായിരുന്നത് ജൂതര്‍, ക്രൈസ്തവര്‍, ഇന്ത്യക്കാര്‍ തുടങ്ങിയവര്‍ക്കായിരുന്നു. ഇവരില്‍ ജൂതരും ക്രൈസ്തവരും കടുത്ത പൗരോഹിത്യത്തിന്റെ പിടിയിലായിരുന്നു. പാതിരിയും പോപ്പും തീരുമാനിച്ച് വിതരണം ചെയ്യുന്ന ഒന്നായിരുന്നു സ്വര്‍ഗവും പാപമുക്തിയുമെല്ലാം. പണത്തിനു പകരമായും ഇവ ലഭിക്കാന്‍ വഴിയുണ്ടായിരുന്നു. മരണപ്പെടുന്ന പാപിയുടെ പാപങ്ങള്‍ എല്ലാം പുരോഹിതന്‍ ഏറ്റെടുക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. അല്ലെങ്കിലും അവരുടെ വിശ്വാസം മനുഷ്യരെല്ലാം പാപികളാണ് എന്നും ക്രിസ്തു ആ പാപങ്ങള്‍ ഏറ്റുവാങ്ങാന്‍ വന്നതാണ് എന്നുമാണല്ലോ. ചുരുക്കത്തില്‍ മനുഷ്യന്റെ ശ്രമങ്ങള്‍ക്കോ കര്‍മ്മങ്ങള്‍ക്കോ യാതൊരു വിലയും പ്രതീക്ഷയും അവരുടെ ദര്‍ശനത്തില്‍ ഇല്ലായിരുന്നു. ഭാരതീയ ധര്‍മ്മത്തിലാവട്ടെ ഓരോരുത്തരും കഴിഞ്ഞ ജന്മത്തിന്റെ നന്മയും തിന്മയും അനുഭവിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. അവിടെയും മനുഷ്യന്റെ കര്‍മ്മങ്ങള്‍ക്കോ പ്രാര്‍ഥനകള്‍ക്കോ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ബാക്കിയുള്ള മനുഷ്യര്‍ക്കൊന്നും തങ്ങളുടെ ജീവിതത്തില്‍ അത്തരം ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. അവര്‍ ഒരു ദൈനംദിന ഒഴുക്കില്‍ ഒഴുകുക മാത്രം ചെയ്യുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മനുഷ്യരോട് നിങ്ങളുടെ കര്‍മ്മങ്ങള്‍ ആണ് നിങ്ങളെ സ്വാധീനിക്കുക എന്നും നന്മ ചെയ്തവന് നന്മയും തിന്മ ചെയ്തവന് തിന്മയും പ്രതിഫലം ലഭിക്കും എന്നും തഖ്‌വാ എന്ന ജീവിത വിശുദ്ധിയാണ് വിജയത്തിന്റെ മാനദണ്ഡമെന്നും നബി(സ) പഠിപ്പിച്ചു. ഇതുവഴി മനുഷ്യന്‍ ഒരു വലിയ പ്രതീക്ഷയിലേക്ക് കടക്കുകയായിരുന്നു. പ്രതീക്ഷകളാണ് മനുഷ്യനെ മുമ്പോട്ടു നയിക്കുന്ന ഏറ്റവും വലിയ ഘടകം. അതുണ്ടായാല്‍ കര്‍മ്മങ്ങള്‍ക്ക് മനുഷ്യന്‍ സന്നദ്ധനാകും. മറ്റു മതങ്ങളെ അപേക്ഷിച്ച് കര്‍മ്മങ്ങള്‍ ഇസ്‌ലാമില്‍ വളരെ കൂടുതലാണ്. എന്നിട്ടും യാതൊരു മടിയും മടുപ്പുമില്ലാതെ സത്യവിശ്വാസികള്‍ അതിനു തയ്യാറാകുന്നത് ഈ പ്രതീക്ഷ കാരണമാണ്. അല്ലാഹു പറഞ്ഞു: ‘നബിയേ പറയുക. സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ചുപോയ എന്റെ ദാസന്മാരെ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിന്ന് നിങ്ങള്‍ നിരാശപ്പെടരുത്’ (സുമര്‍: 53).
നബി(സ) സാധിപ്പിച്ചെടുത്ത വിപ്ലവങ്ങളുടെ പട്ടിക ഇവിടെയൊന്നും അവസാനിക്കുന്നില്ല. കാരണം, അത് മനുഷ്യന്റെ വ്യവഹാരങ്ങളെയെല്ലാം ചൂഴ്ന്നുനില്‍ക്കുകയാണ്. അവന്റെ സാമ്പത്തിക മേഖലയെ പോലെ.., അവന്റെ കുടുംബ വ്യവസ്ഥിതിയെ പോലെ.., അവന്റെ ആത്മീയവും ഭൗതികവുമായ എല്ലാ വ്യാപാരങ്ങളേയും പോലെ..

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

ശനിയാഴ്ച അന്താരാഷ്ട്ര വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഗ്രാമിന് 6720 രൂപയായിരുന്നു അന്ന് സ്വർണത്തിന് വില. പവന് 53,760 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.

Continue Reading

Trending