Connect with us

Video Stories

മുത്തലാക്കിനെ ജയിലിടുമ്പോള്‍ തടവ് ചാടുന്ന സ്ത്രീ സുരക്ഷ

Published

on

ലുഖ്മാന്‍ മമ്പാട്

സ്ത്രീയുടെ സംരക്ഷണമോ കുടുംബത്തിന്റെ ഭദ്രതയോ ഒന്നും പരിഗണിക്കാത്ത രാജ്യസഭയില്‍ വേവാത്ത പരിപ്പാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ നടപ്പാക്കിയത്. മുത്തലാഖ് മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാക്കുമ്പോള്‍ ജയിലില്‍ കഴിയുന്ന നിരപരാധികളായ അനേകം മുസ്‌ലിം പുരുഷന്മാരുടെ വഴിയെ ഇനിയുമെത്രപേര്‍ എന്ന ചോദ്യം പ്രസക്തമാണ്. കഴിഞ്ഞ ഡിസംബറില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച മുസ്‌ലിം വനിതാ വിവാഹ സംരക്ഷണാവകാശ ബില്‍ പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി ഒരൊറ്റ ദിവസം കൊണ്ടാണ് കേന്ദ്രം പാസാക്കിയത്. എന്നാല്‍ ഒരു പരാതിയുടെ പേരില്‍ ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ തള്ളുന്നത് ഒഴിവാക്കണം എന്നതുള്‍പ്പെടെയുള്ള പ്രതിപക്ഷ ആവശ്യത്തില്‍ കരുങ്ങി രാജ്യസഭയില്‍ ബില്ല് പാസ്സാക്കാനായില്ല. അന്ന് രാജ്യസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ ഭാഗികമായി ഉള്‍ക്കൊള്ളിച്ചതാണ് മുത്തലാഖ് ഓര്‍ഡിനന്‍സ്. ജാമ്യം കിട്ടാത്ത ക്രിമിനല്‍ കുറ്റമാണെങ്കിലും ഭാര്യയുടെ വാദം കേട്ട ശേഷം മജിസ്‌ട്രേറ്റിന് ജാമ്യം നല്‍കാം, ഭാര്യയും ഭര്‍ത്താവും പരസ്പരം പൊരുത്തപ്പെട്ട് മുന്നോട്ടു പോകാന്‍ തീരുമാനിച്ചാല്‍ കേസ് അവസാനിപ്പിക്കാം, മുത്തലാഖിന് വിധേയമായ സ്ത്രീയോ രക്തബന്ധത്തിലുള്ളവരോ പരാതിപ്പെട്ടാല്‍ കേസെടുക്കാം എന്നീ വ്യവസ്ഥകള്‍ ലോക്‌സഭയില്‍ പാസാക്കിയ ബില്ലില്‍ ഉള്‍കൊള്ളിച്ചെങ്കിലും വിവാഹ മോചിതയായ സ്ത്രീക്കും മക്കള്‍ക്കും ജീവനാംശത്തിന് മജിസ്‌ട്രേറ്റിനെ സമീപിക്കാമെന്ന ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ നിര്‍ദേശം നിലനിര്‍ത്തിയിട്ടുമുണ്ട്. മുത്തലാഖ് പരാതിയോടെ തന്നെ (വിചാരണക്ക് ശേഷമല്ല) കക്ഷി ജാമ്യമില്ലാ വകുപ്പില്‍ ജയിലിലാവുന്നതോടെ കുടുംബത്തിന്റെ സംരക്ഷണം തന്നെ അവതാളത്തിലാകുമെന്നതാണ് ബില്ലിലെയും പ്രധാന ന്യൂനത. വിവാഹ മോചിതക്ക് ഇദ്ദാ കാലത്തിന് ശേഷം ഭര്‍ത്താവ് ആയിരുന്നയാള്‍ ചെലവിന് നല്‍കേണ്ടതില്ലെന്ന ഇസ്‌ലാമിക ശരീഅത്തിന് നിരക്കാത്ത നിയമ തിട്ടൂരമാവട്ടെ വ്യക്തി നിയമത്തിനു നേര്‍ക്കുള്ള നേരത്തെ തന്നെയുള്ള കടന്നുകയറ്റത്തിന്റെ തുടര്‍ച്ചയുമാണ്.
എന്തുകൊണ്ട് ഹിന്ദു മാര്യേജ് ആക്ട് പോലെ നിയമ നിര്‍മ്മാണം നടത്തി മുസ്‌ലിം വിവാഹവും വിവാഹമോചനവും നിയന്ത്രിച്ചുകൂടാ എന്ന ചോദ്യം ഉയര്‍ത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇസ്‌ലാമില്‍ സ്ത്രീകള്‍ സ്വാതന്ത്ര്യം ലഭിക്കാതെ വീര്‍പ്പുമുട്ടിക്കഴിയുകയാണെന്നും അവരെ മോചിപ്പിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നുമാണ് വിമര്‍ശം. മുസ്‌ലിം പുരുഷന്‍ ഇഷ്ടംപോലെ കെട്ടുന്നു; ഒഴിവാക്കുന്നു. സ്ത്രീകളാവട്ടെ മുത്തലാഖിന്റെ ഇരകളായി കണ്ണീരിലും ദുരിതത്തിലുമാണ്. ഇസ്‌ലാമിക ശരീഅത്ത് പൊളിച്ചെഴുതുകയോ ഒരു കോമണ്‍ സിവില്‍കോഡ് നടപ്പാക്കി മുസ്‌ലിം സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയോ ചെയ്യണമെന്ന ചര്‍ച്ചക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാര്‍ലമെന്റിലും കോടതികളിലും ഇതുസംബന്ധിച്ചുണ്ടായ ചര്‍ച്ചകളും വാദങ്ങളും തീര്‍പ്പുകളും 2017 ആഗസ്റ്റ് 22നു സുപ്രീംകോടതി മുത്തലാഖിന്റെ നിയമ സാധുതയെ കുറിച്ച് നടത്തിയ വിധിയുടെ ചുവടുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതോടെ നിയമ നിര്‍മ്മാണ പ്രക്രിയ പുതിയ ദിശയിലേക്ക് നീങ്ങിയിരിക്കുന്നു.
ഇസ്‌ലാമികമായി വിവാഹം ചെയ്തവരുടെ കുടുംബ ജീവിതം മറ്റുള്ളവരേക്കാള്‍ ഒട്ടും മോശമല്ലെന്നും വിവാഹ മോചനം താരതമ്യേന കുറവാണെന്നുമാണ് പുറത്തുവന്ന പഠനങ്ങളെല്ലാം അടിവരയിടുന്നത്. മുത്തലാഖിന് ഇരയായ മുസ്‌ലിം സ്ത്രീകള്‍ സുപ്രീം കോടതിയിലെത്തി കേസ് നല്‍കിയെന്നും കേന്ദ്ര സര്‍ക്കാര്‍ അവരെ സഹായിച്ചുവെന്നുമാണ് തെറ്റിദ്ധാരണ പരത്തുന്നത്. ഗൂഢതാല്‍പര്യത്തോടെ സുപ്രീംകോടതി അസാധാരണ നടപടിക്രമത്തിലൂടെ കേന്ദ്രത്തിലെ കാറ്റിനനുസരിച്ച് ചലിക്കുകയായിരുന്നു എന്ന നിരീക്ഷണത്തിലും കഴമ്പുണ്ട്. 1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമവുമായി ബന്ധപ്പെട്ട കേസ് 2015 ഒക്ടോബര്‍ 16ന് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അനില്‍ ദവേ, എ.കെ ഗോയല്‍ എന്നിവരടങ്ങുന്ന സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന അനീതികളെ കുറിച്ചു പരാമര്‍ശിച്ചത്. വിവാഹം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളിലുള്ള മുസ്‌ലിം വ്യക്തിനിയമത്തെ ഒന്നാകെ അന്നവര്‍ ചോദ്യംചെയ്തു. മുത്തലാഖ്, ബഹുഭാര്യാത്വം, നിക്കാഹ് ഹലാല തുടങ്ങിയ നടപടികള്‍ സ്ത്രീകളുടെ അഭിമാനത്തെ ഹനിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ കോടതി തന്നെ സ്വമേധയാ പൊതുതാല്‍പര്യ ഹര്‍ജിയായി വിഷയം കുത്തിപ്പൊക്കുകയുമായിരുന്നു.
ഇതോടൊപ്പം, വിവാഹമോചനത്തിന്റെ കാര്യത്തില്‍ മുസ്‌ലിം സ്ത്രീകള്‍ വിവേചനം നേരിടുണ്ടോയെന്നു പരിശോധിക്കാന്‍ ഒരു ബെഞ്ച് സ്ഥാപിക്കണമെന്നും ഈ രണ്ടംഗ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടതോടെയാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വിധി പുറപ്പെടുവിച്ച സുപ്രീം കോടതിയിലെ ബെഞ്ച് രൂപപ്പെട്ടത്. പിന്നീട് അതിനു ബലം ലഭിക്കാന്‍ 18 കോടി മുസ്‌ലിംകളില്‍ നിന്ന് അഞ്ചു വനിതകളെ തെരഞ്ഞുപിടിച്ച് വാര്‍ട്‌സ്ആപ്പിലൂടെയും മറ്റും പരാതി സംഘടിപ്പിച്ച് കക്ഷി ചേര്‍ക്കുകയായിരുന്നു. ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കാന്‍ വിഷയം പരമാവധി പൊലിപ്പിച്ചെടുക്കാന്‍ കേന്ദ്രവും സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും ശ്രമിച്ചു. എന്നിട്ടും ചീഫ് ജസ്റ്റിസുള്‍പ്പെടെ അഞ്ചില്‍ രണ്ടു പേരും വൈകാരികതക്ക് കീഴടങ്ങാതെ നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ വൈവിധ്യങ്ങളെ ഉള്‍കൊള്ളാനുള്ള ശക്തി ഒരിക്കല്‍കൂടി വ്യക്തമായി. അതേസമയം, ഇസ്‌ലാമിക വിവാഹത്തില്‍ സ്ത്രീകള്‍ ലിംഗവിവേചനം അനുഭവിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ നിയുക്തമായ അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചപ്പോള്‍ അക്കാര്യത്തെക്കുറിച്ച് ഒന്നും പരാമര്‍ശിച്ചില്ലെന്നതാണ് കൗതുകകരം.
നേരത്തെയും ഇത്തരം മുന്‍വിധികള്‍ വിവിധ കോടതികളില്‍നിന്ന് എത്രയോ തവണ ഉണ്ടായിട്ടുണ്ട്. 2002ലെ ശമീം ആറ കേസില്‍, തലാഖിനു മതിയായ കാരണം വേണമെന്നും മൊഴി ചൊല്ലുന്നതിനു മുമ്പായി ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്നു വന്ന മസ്‌റൂര്‍ അഹ്്മദ് കേസില്‍ ജസ്റ്റിസ് അഹ്്മദ് ദറാസ് മേല്‍ കേസിലെ വിധിന്യായം തന്നെയാണ് അവലംബിച്ചത്. കേവലം മൊഴിചൊല്ലല്‍ മാത്രം പോരെന്നും അനുരഞ്ജനശ്രമങ്ങള്‍ നടന്നതിനു മതിയായ കാരണം ബോധിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2016ല്‍ കേരള ഹൈക്കോടതിക്കു മുമ്പാകെ വന്ന നസീര്‍ ശമീമാ കേസിലും ശമീം ആറ കേസിലെ വിധി ഉദ്ധരിച്ച് കോടതി മുത്തലാഖിനെ നിരാകരിച്ചിരുന്നു. അതിന്റെയൊക്കെ ക്രോഡീകരണമായി പുതിയ വിധിയെയും കാണാമെന്നുമാത്രം.
വിശ്വാസത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം സംരക്ഷിക്കപ്പെടാനുള്ള ഉപാധിയായാണ് ഇസ്‌ലാമില്‍ വിവാഹത്തെ കണക്കാക്കുന്നത്. സദാചാര നിഷ്ഠ, ധര്‍മബോധം, ലൈംഗിക അച്ചടക്കം, ഭദ്രമായ കുടുംബ സംവിധാനം തുടങ്ങിവയൊക്കെ അതിന്റെ ലക്ഷ്യങ്ങളാണ്. വിവാഹം തീരുമാനിക്കുന്നതില്‍ സ്ത്രീക്കും പുരുഷനും തുല്യാവകാശമുണ്ട്. അഭിപ്രായ രൂപീകരണത്തിനുള്ള പ്രായവും പക്വതയുമുള്ള സ്ത്രീയുടെ സമ്മതത്തോടുകൂടിയാണ് വിവാഹം നടത്തേണ്ടത്. രക്ഷിതാവിന് അവളുടെ ഇംഗിതം അറിയാനുള്ള ബാധ്യതയുണ്ട്. വളരെ ലളിതമായ ചടങ്ങില്‍ രക്ഷിതാവ് രണ്ടു സാക്ഷികള്‍ മുഖേന സ്ത്രീക്ക് വിവാഹ മൂല്യം ഉറപ്പാക്കി ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ പുരുഷന് സ്ത്രീയെ ഏല്‍പ്പിച്ചുകൊടുക്കുന്ന ചടങ്ങാണ് ഇസ്‌ലാമിലെ വിവാഹം. ‘ഏല്‍പ്പിച്ചു’ എന്ന് രക്ഷിതാവും ‘സ്വീകരിച്ചു’ എന്നു പുരുഷനും പറയുന്നതോടെ ഒന്നാവുന്ന ഇണകളെ പരസ്പരം ഒരേമനസ്സോടെ മുന്നോട്ടുനയിക്കുമെന്ന് സ്രഷ്ടാവിന്റെ വാഗ്ദാനമാണ്.
തോന്നുംപോലെ മൊഴിചൊല്ലുകയും വേറെ കെട്ടുകയും ചെയ്യുന്നതാണ് ഇസ്‌ലാമിക വൈവാഹിക കുടുംബ വ്യവസ്ഥയെന്ന് തെറ്റിദ്ധരിപ്പിക്കുന്നവര്‍ സ്ത്രീയുടെ സുരക്ഷക്ക് നല്‍കിയ പ്രാധാന്യം ബോധപൂര്‍വം വിസ്മരിക്കുകയാണ്. തലാഖ് അഥവാ മൊഴി ചൊല്ലുന്നത് ഇസ്‌ലാമില്‍ അനുവദിക്കപ്പെട്ടതില്‍ ഏറ്റവും വെറുപ്പുള്ള കാര്യമാണ്. ആര്‍ത്തവ സമയത്ത് അവള്‍ ആവശ്യപ്പെടാതെയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശുദ്ധിയില്‍ ഗര്‍ഭധാരണം വ്യക്തമാവുംമുമ്പും ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ അവളുടെ ഊഴ ദിവസം അനുവദിക്കാതെയും മൊഴിചൊല്ലല്‍ നിഷിദ്ധമാണെന്നാണ് ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രം പറയുന്നത്. മൂന്നു മൊഴികള്‍ (മുത്തലാഖ്) ചൊല്ലിയാല്‍ പിന്നെ വീണ്ടും ഭാര്യയായി തിരിച്ചെടുക്കാന്‍ ഇദ്ദക്ക് (മൂന്നു മാസം) ശേഷം വേറൊരാള്‍ വിവാഹം കഴിക്കുകയും സ്വന്തം ഇഷ്ടപ്രകാരം മൊഴി ചൊല്ലുകയും ഇദ്ദക്ക് ശേഷം വിവാഹം ചെയ്യുകയും വേണമെന്നതാണ് കര്‍ശന നിബന്ധന. ദേഷ്യത്തിലോ എടുത്തുചാട്ടത്തിലോ അറിയാതെ പോലും വന്നുഭവിക്കാന്‍ പാടില്ലാത്ത ഒന്നാണ് മൊഴി ചൊല്ലല്‍ എന്നതാണ് ഇതിന്റെ സാരം. അനിവാര്യ ഘട്ടങ്ങളില്‍ മൊഴി ചൊല്ലാമെങ്കിലും ഇതിനെകുറിച്ച് ദൈവത്തിന്റെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നതാണ് അതിലേറെ വലിയ ഉള്‍സാരം. ഒന്നിച്ചു മൂന്ന് തലാഖും ചൊല്ലിയാല്‍ മൂന്നും സംഭവിക്കുമോ വെവ്വേറെ മൂന്നെണ്ണം ചൊല്ലുന്നതാണോ മുത്തലാഖ് എന്നതില്‍ ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ ഏകാഭിപ്രായമില്ല.
ഭാര്യക്ക് ഭര്‍ത്താവിനെയും മൊഴി (ഫസ്ഖ്) ചൊല്ലാമെന്നത് അവളുടെ വ്യക്തിത്വത്തെ എത്രമാത്രം ഇസ്‌ലാം അംഗീകരിക്കുന്നുവെന്നതിന്റെ സാക്ഷ്യമാണ്. വിവാഹ സമയത്തെ ഉടമ്പടി പാലിക്കാതിരിക്കുക, ലൈംഗിക ശേഷി നഷ്ടപ്പെടുക, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവയും സംരക്ഷണവും നല്‍കാതിരിക്കുക, വിവാഹ മൂല്യമായ മഹറ് നല്‍കാനാവാത്തവനാണെന്ന് ആദ്യ ലൈംഗിക ബന്ധത്തിന് മുമ്പ് ബോധ്യപ്പെടുക തുടങ്ങിയ കാരണങ്ങളുണ്ടെങ്കില്‍ ഖാസിയുടെ അടുത്ത് കാര്യങ്ങള്‍ ബോധിപ്പിച്ച് അദ്ദേഹം വഴി മൊഴിചൊല്ലാവുന്നതാണ്. അതോടെ അവളുടെ സംരക്ഷണ ചുമതല നിര്‍വചിക്കപ്പെടാനാണ് ഖാസിയുമായി ഫസ്ഖ് ബന്ധിപ്പിച്ചത്.
ബാല്യത്തില്‍ പിതാവും സഹോദരങ്ങളും ഭാര്യയാവുമ്പോള്‍ ഭര്‍ത്താവും പിന്നെ മക്കളുമാണ് പെണ്ണിനെ സംരക്ഷിക്കേണ്ടത്. ഇവരാരുമില്ലെങ്കില്‍ സ്റ്റേറ്റിനാണ് ഉത്തരവാദിത്വം. ആരും നോക്കാനില്ലാത്തവരുടെ സംരക്ഷണത്തിന്, സാമ്പത്തികമായി ശേഷിയുള്ളവര്‍ക്കും ബാധ്യതയുണ്ട്. പിതാവോ സഹോദരനോ ഭര്‍ത്താവോ മകനോ ഖാസിയോ എല്ലാ ചെലവുകളും വഹിച്ച് നോക്കല്‍ ബാധ്യതപ്പെട്ടിട്ടും കുടുംബ സ്വത്ത് ഓഹരിവെക്കുമ്പോള്‍ പുരുഷന്റെ പാതി അവള്‍ക്ക് നല്‍കിയിരിക്കണമെന്നാണ് കല്‍പന. ആണിന് ലഭിക്കുന്നതിന്റെ പാതിയില്‍ കുറയാതെ നല്‍കിയിരിക്കണം എന്ന് പറയുന്ന ഇസ്‌ലാം അവളുടെ സംരക്ഷണം അപ്പാടെ പുരുഷ കേന്ദ്രീകൃതമായി ഏല്‍പ്പിക്കുന്നു. ഒരു പിതാവിന്റെ എല്ലാ ആണ്‍ മക്കളും ചേര്‍ന്ന് പെണ്‍കുട്ടിക്ക് എല്ലാ സ്വത്തും നല്‍കുന്നതിന് യോജിച്ച് തീരുമാനിച്ചാല്‍ ഇസ്‌ലാം എതിരല്ല. ഭാര്യയുടെ സ്വത്തില്‍നിന്ന് അവളുടെ സമ്മതമില്ലാതെ ഭര്‍ത്താവിന് എടുത്തുപയോഗിക്കാന്‍ പാടില്ല. എന്നാല്‍, ഭാര്യക്ക് അവന്‍ കഴിക്കുന്നതില്‍ വിവേചനമില്ലാത്ത ഭക്ഷണം, വര്‍ഷത്തില്‍ രണ്ടു ജോഡിയില്‍ കുറയാത്ത വസ്ത്രം, സുരക്ഷിതമായ താമസം എന്നിവയൊക്കെ ഒരുക്കേണ്ട ബാധ്യത ഭര്‍ത്താവിനുണ്ട്. പ്രസവിച്ച് നാലാം ദിവസം മുതല്‍ മുലപ്പാല്‍ നല്‍കാന്‍ ഭര്‍ത്താവിനോട് പണം ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്നുവരെ ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ പറയുന്നുണ്ട്. ദൈവ മാര്‍ഗത്തില്‍ പണം ചെലവഴിക്കുന്നതിനെയും അടിമ മോചനത്തിന്റെ പ്രാധാന്യത്തെയും അതിന് ലഭിക്കുന്ന മോഹിപ്പിക്കുന്ന മഹാ പ്രതിഫലത്തെ കുറിച്ചും ശരിക്കും ബോധ്യപ്പെടുത്തിയ ശേഷം പ്രവാചകന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നല്‍കിയ ഒരു നാണയം, അടിമ മോചനത്തിന് നീ ചെവഴിച്ച ഒരു നാണയം, അഗതിക്ക് വേണ്ടി ദാനം നല്‍കിയ ഒരു നാണയം, ഭാര്യക്ക് വേണ്ടി നീ ചെലവഴിച്ച ഒരു നാണയം. ഇവയില്‍ ഭാര്യക്ക് വേണ്ടി നീ ചെലവഴിച്ച നാണയത്തിനാണ് കൂടുതല്‍ പ്രതിഫലമുള്ളത്’. (തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending