Connect with us

Video Stories

സവര്‍ണ ഇന്ത്യയില്‍ പറയാന്‍പറ്റാത്ത മീടൂ വര്‍ത്തമാനം

Published

on

മിമി മൊണ്ടല്‍

1960ല്‍ LGBTQ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ‘സ്‌റ്റോണ്‍വോള്‍ വിപ്ലവം’ ആരംഭിച്ചത് മാര്‍ഷ പി ജോണ്‍സണ്‍, സില്‍വിയ റിവേര എന്നീ രണ്ടു ട്രാന്‍സ് വനിതകളാണ്. തരണ ബുര്‍കേ എന്ന കറുത്ത വംശജയായ വനിതാ ആക്ടിവിസ്റ്റാണ് ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള ‘Me Too’ പ്രക്ഷോഭം 2007 ല്‍ ആരംഭിച്ചത്. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങളെപ്പറ്റി മാധ്യമങ്ങളിലൂടെയുള്ള തുറന്നുപറച്ചിലിനു ഇന്ത്യയില്‍ തുടക്കമിട്ടത് 2017 ല്‍ രായ സര്‍ക്കാര്‍ എന്ന ദലിത് സ്ത്രീയാണ്. എന്നിട്ടും ‘ങല ഠീീ’ പ്രക്ഷോഭം, പ്രത്യക്ഷത്തില്‍ ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത് കഴിഞ്ഞ മാസം മാത്രമാണ്.

എനിക്കതേപ്പറ്റി അന്തമില്ലാത്തത്ര കാര്യങ്ങള്‍ പറയാം, എങ്കിലും വ്യക്തിപരമായ ഒരനുഭവത്തില്‍നിന്നു തുടങ്ങാം. ഞാന്‍ സയന്‍സ് ഫിക്ഷനും ഫാന്റസിയുമെഴുതുന്ന ഒരാളാണ്, ഇത് ഇന്ത്യയില്‍ ചില പ്രത്യേക ചെറുവിഭാഗങ്ങള്‍ക്ക് പുറത്ത് യാതൊരു പ്രചാരവുമില്ലാത്ത ഒരു സാഹിത്യവിഭാഗമാണ്. വര്‍ഷങ്ങളായി ഞാനീ മേഖലയില്‍ സൃഷ്ടികള്‍ നടത്തുന്നു. പക്ഷേ, ഈ വര്‍ഷമാദ്യം, പ്രശസ്തമായ ഹ്യൂഗോ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യക്കാരി ആയതിന് ശേഷമാണ് ഞാന്‍ പൊതുജനശ്രദ്ധയിലേക്ക് കാര്യമായി എത്തുന്നത്. വളരെ ഉന്നതമായ ഒരു പദവി നേടുന്ന, രാജ്യത്തെ ആദ്യ വ്യക്തിയെന്ന നിലയില്‍, ഇന്ത്യയിലെ സയന്‍സ് ഫിക്ഷന്‍ മേഖലയിലെ ഒരു വിഭാഗത്തില്‍നിന്നും ഉടന്‍ തന്നെ എനിക്കു പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവന്നു. ‘എന്തുകൊണ്ടവള്‍?’ ‘എന്തുകൊണ്ടതൊരു ദലിത് സ്ത്രീയായി?’ ഇക്കാര്യങ്ങളൊരു മുഖ്യധാരാവാര്‍ത്തയായില്ല, എന്തുകൊണ്ടെന്നാല്‍, സയന്‍സ് ഫിക്ഷന്‍ സമൂഹത്തിന്റെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ പലപ്പോഴും മുഖ്യധാരാവാര്‍ത്തകളിലെത്താറില്ല. പക്ഷേ ഇവിടെ ഞാനിപ്പോഴുമെന്റെ സാമൂഹികവും തൊഴില്‍പരവുമായ സംവിധാനങ്ങളില്‍ നിന്ന് ദൂഷണങ്ങള്‍ കേള്‍ക്കുന്നു: ‘ഞങ്ങള്‍ക്കവളെ ഇഷ്ടമില്ല; അവള്‍ ഞങ്ങള്‍ പ്രതിനിധീകരിക്കുന്നില്ല; അവളിതു ചതിയിലൂടെ നേടിയതാണ്; അവള്‍ ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നവളാണ്..’ ഈ അപവാദങ്ങളെല്ലാം കേള്‍ക്കുന്നത് വ്യക്തിപരമായി എനിക്കറിയാത്തവരില്‍ നിന്നാണ്, ഒരിക്കലും എന്നോടൊത്ത് ജോലി ചെയ്യുകയോ ഞാനുമായി ഇടപെടുകയോ ചെയ്യാത്തവരില്‍ നിന്ന്.

ഇവയിലൊരു വാക്കുപോലും എനിക്കപരിചിതമല്ല. എന്തുകൊണ്ടാണ് സവര്‍ണ്ണ ഇന്ത്യാക്കാര്‍ ഒരു ദലിത് സ്ത്രീയെ തങ്ങളുടെ പ്രതിനിധിയായി കാണാന്‍ വിസമ്മതിക്കുന്നത്? അതും അപരിചിതയായ, ദലിതുകള്‍ക്കുവേണ്ടി പ്രത്യേകമായോ ദലിതുകളുടെ ഇടയിലോ പ്രവര്‍ത്തിക്കാത്ത ഒരാളെ? ലിയാന്‍ഡര്‍ പയസ് ക്രിസ്ത്യാനിയാണെന്നോ കല്‍പനചൗള ഹരിയാന്‍വിയാണെന്നോ അവരാരും എന്നെ പ്രതിനിധീകരിക്കുന്നില്ലെന്നോ ഒരാളും പറയുന്നില്ല. എങ്കിലും സവര്‍ണ്ണ ഇന്ത്യക്ക്, വന്‍തോതിലുള്ള ലൈംഗിക പീഡനങ്ങളെക്കുറിച്ചു സ്വസ്ഥമായി സംസാരിക്കുന്നതിന് നിരപേക്ഷമായ ഒരു പുതിയ #Metoo പ്രക്ഷോഭം ആവശ്യമായി വന്നു. ഇത്, ഞങ്ങള്‍ ദലിത് സ്ത്രീകള്‍ക്ക് എന്തു സന്ദേശമാണു തരുന്നത്? എനിക്കതറിയണമെന്നുണ്ട്.
ഞങ്ങളുടെ അമ്മമാരും അമ്മൂമ്മമാരും തലമുറകളായി ഞങ്ങളോട് രഹസ്യമായി പറഞ്ഞിരുന്ന സന്ദേശമാണിത് നല്‍കുന്നത്. ഞങ്ങളെയൊഴിവാക്കിയുള്ള ഇന്ത്യ (റെസ്റ്റ് ഓഫ് ഇന്ത്യ) ഞങ്ങളെ കേള്‍ക്കാന്‍ വിസമ്മതിക്കുക മാത്രമല്ല, കാര്യക്ഷമമായി നിശബ്ദമാക്കുകയും ചെയ്യുമെന്നുള്ളതാണ് ആ സന്ദേശം. തങ്ങളുടെ ശബ്ദം പുറംലോകത്ത് എത്തുന്നതില്‍നിന്നും തലമുറകളോളം, ഇന്ത്യയിലെ ദലിതുകളെ കൃത്യമായി വിലക്കിയിരുന്നു. അത്യന്തം ജാതി കേന്ദ്രീതമായ ജനത ഞങ്ങളെ മനുഷ്യരെന്ന നിലയില്‍ പോലും പരിഗണിക്കുന്നില്ല. ജാതിവിരുദ്ധരെന്ന് നടിക്കുന്നവരാകട്ടെ ഞങ്ങളെ നിര്‍ബന്ധിതമായി നിശബ്ദരാക്കുകയും ചെയ്യുന്നു. അമ്പരപ്പിക്കുന്നൊരു സന്ധിയാണവര്‍ തമ്മിലുള്ളത്.

ഞങ്ങളുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളെക്കുറിച്ച് എന്തെങ്കിലുമൊരു വസ്തുത ചൂണ്ടിക്കാട്ടാന്‍ മുതിരുമ്പോള്‍ തന്നെ പുരോഗമനവാദികളായ സവര്‍ണ്ണര്‍ ‘ഞങ്ങള്‍ ജാതിയില്‍ വിശ്വസിക്കുന്നില്ല. അങ്ങനെ വേറിട്ട അനുഭവങ്ങളൊന്നുമില്ല, നിങ്ങള്‍ വെറൂതെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്’ എന്ന ശാസനയോടെ വായടയ്ക്കുന്നു. ഒരു പ്രസ്ഥാനത്തിനുള്ളില്‍ എപ്പോഴെങ്കിലും ശബ്ദമുയര്‍ത്തിയാല്‍, ഞങ്ങള്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് അതിനുള്ള സമയമല്ലെന്നുമവര്‍ പറയുന്നു.
ഇന്ത്യയില്‍ ഒരു സമയവും ഞങ്ങളനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി പറയാനുള്ള നല്ല സമയമല്ല എന്നാണ് ഞങ്ങളുടെ അമ്മമാരും അമ്മൂമ്മമാരും പഠിപ്പിച്ചുതന്നത്. സവര്‍ണ്ണര്‍ക്ക് ഗുണകരമായ പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളുമുണ്ട്, എത്ര ചെറുതാണെങ്കിലും അവയില്‍നിന്ന് പെറുക്കിയെടുക്കാവുന്നത് ഞങ്ങള്‍ കൈക്കൊള്ളുന്നു, പക്ഷേ കിട്ടാത്തവയെപ്പറ്റി പരാമര്‍ശിക്കാന്‍ ഞങ്ങള്‍ക്കനുവാദമില്ല. ഒന്നിനും തുടക്കമിടാന്‍ ഞങ്ങള്‍ക്കവകാശമില്ല, എന്തെന്നാല്‍ ഞങ്ങള്‍ നിങ്ങളെ പ്രതിനിധീകരിക്കുന്നില്ല, നിങ്ങള്‍ക്കടിച്ചമര്‍ത്തുകയോ അവഗണിക്കുകയോ നിങ്ങളുടേതായ കാരണങ്ങള്‍ക്കു വേണ്ടി ‘ഉദ്ധരിക്കുക’യോ ചെയ്യാവുന്ന നിശബ്ദസമൂഹമാണ് ഞങ്ങള്‍.

സംസാരിക്കാന്‍ കഴിവുള്ള ഒരു ദലിതനാണ് പരമ്പരാഗതമായി സവര്‍ണര്‍ക്ക് സഹിക്കാനാകാത്ത ഒരാള്‍. അതിനാല്‍, അങ്ങനെയൊരാള്‍ പിന്നീട് ‘ദലിത്’ അല്ല. അതിനാല്‍ വിദ്യാസമ്പന്നരും അഭിപ്രായമുള്ളവരും ആവശ്യമായ സാമൂഹ്യ സുരക്ഷിതത്വവുമുള്ള എല്ലാ ദലിതരെയും – ഞങ്ങളുടെ ശബ്ദമുയര്‍ത്താനും സവര്‍ണ്ണാധിപത്യത്തെ വിമര്‍ശിക്കാനുമുള്ള കഴിവും പ്രാഗത്ഭ്യവുമുള്ളത് അവര്‍ക്കു മാത്രമാണ്. ഞങ്ങളുടെ സമുദായത്തിനുവേണ്ടി സംസാരിക്കുന്നതില്‍നിന്നും കാര്യക്ഷമമായി അന്യായമായിത്തന്നെ വിലക്കുകയാണ് ചെയ്യുന്നത്. രായയോ മീനയോ ക്രിസ്റ്റീനയോ തേന്‍മൊഴിയോ സുജാതയോ ഞാനോ, പുരോഗമനവാദികളായ സവര്‍ണ്ണരുടെ താല്‍പര്യത്തിന് യോജിച്ച തരത്തിലുള്ള ദലിതുകളല്ല. അവര്‍ക്ക് യോജിച്ച ദലിതുകളെന്നാല്‍, മരത്തില്‍നിന്ന് വലിച്ചിറക്കാവുന്നതോ ഓടയില്‍നിന്ന് പൊക്കിയെടുക്കാവുന്നതോ ആയ ശരീരങ്ങളാണ്. എന്തെന്നാല്‍ അവരിനി അലമുറയിടില്ലല്ലോ.
ജാതിവാദികള്‍ അതിന്റെ സ്വതന്ത്ര ഫെമിനിസ്റ്റ് ഉദ്‌ഘോഷണങ്ങളുടെ നായകത്വവുമായി ഒളിച്ചുപോകുമ്പോള്‍ രാജ്യമെന്താണ് ദലിത് സ്ത്രീകളോട് പറയുന്നത്? ഞങ്ങള്‍ക്ക് ലഭിക്കുന്ന വിവേചനം എന്തുതന്നെയായാലും, ജാതി സര്‍ട്ടിഫിക്കറ്റ് എന്ന പരിഹാസ്യമായ ഒരു കഷ്ണം കടലാസില്ലാതെ അതേപ്പറ്റി പരാമര്‍ശിക്കാന്‍ അനുവദിക്കപ്പെടാതിരിക്കുമ്പോള്‍ രാജ്യമെന്താണ് ഞങ്ങളോടു സംവദിക്കുന്നതെന്ന് എനിക്കറിയണം. ജനസംഖ്യയുടെ പാതിയിലധികം വരുന്നവര്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റോ വോട്ടര്‍ കാര്‍ഡോ ഒന്നുമില്ലാത്ത, ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ഉദ്യോഗസ്ഥവൃന്ദം അഴിമതിയിലും ചുവപ്പുനാടയിലും അടിമുടി കുരുങ്ങിക്കിടക്കുന്ന ഒരു രാജ്യത്താണിത് സംഭവിക്കുന്നതെന്നും കൂട്ടിച്ചേര്‍ക്കാം. ഞങ്ങളിലൊരാള്‍, തനിയെ, ദലിത് സ്ത്രീകള്‍ക്കുവേണ്ടി മാത്രമായല്ലാതെ, വ്യക്തിപരമായ അപകട സാധ്യത കള്‍ സഹിച്ച് രൂപീകരിച്ച ഒരു മുന്നേറ്റത്തെ സവര്‍ണ്ണ സ്ത്രീകളും സവര്‍ണ്ണ മാധ്യമങ്ങളും തങ്ങളുടെ സ്വന്തമായ മറ്റൊരു പ്രക്ഷോഭം നിര്‍മ്മിച്ചെടു ക്കാനായി തേച്ചുമായ്ച്ചുകളയുമ്പോള്‍ രാജ്യം ഞങ്ങളോടെന്താണ് പറയുന്നത്? രാജ്യം ഞങ്ങളുടെ വിശദീകരണങ്ങളെയോ സുരക്ഷിതത്വത്തെയോ പരിഗണിക്കുന്നുവെന്നതു പറയുന്നുണ്ടോ

#Metoo പ്രക്ഷോഭത്തിന്റെ ഏറ്റവും പ്രധാന സ്വഭാവവിശേഷം അത് വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തതാണെന്നതാണ്. തന്നെ പീഡിപ്പിച്ചവനില്‍നിന്നും വളരെ കുറഞ്ഞ അധികാരമാളുന്നവളും പലപ്പോഴും ഒരു കോടതിയില്‍ ഉയര്‍ത്തിക്കാട്ടാന്‍ യാതൊരു രേഖയുമില്ലാത്തവളുമായ സ്ത്രീ പൊതുസമൂഹത്തില്‍ തന്റെ അനുഭവം ജനങ്ങള്‍ വിശ്വസിക്കുമെന്ന പ്രതീക്ഷയോടെ വിശദീകരിക്കുന്നു. അതായത് അവന്റെ സാഹചര്യങ്ങള്‍ക്കെതിരായി അവളുടെ വാക്കുകളുയരുമ്പോള്‍, ജനങ്ങള്‍ സ്ത്രീയുടെ വാക്കുകളെ വിശ്വസിക്കും എന്ന വിശ്വാസം. ആ വിശ്വാസം പാലിക്കപ്പെടുന്നില്ലെങ്കില്‍ ഈ പ്രക്രിയയൊന്നാകെ സ്ത്രീക്കെതിരായി തിരിയും. വ്യക്തിപരവും തൊഴില്‍പരവുമായ കനത്ത നഷ്ടങ്ങള്‍ സ്ത്രീക്ക് എന്നെന്നേയ്ക്കുമായി സംഭവിക്കുകയും ചെയ്യാം.

ഞങ്ങള്‍ ദലിതര്‍, പ്രത്യേകിച്ച് ദലിത് സ്ത്രീകള്‍, സവര്‍ണ്ണ സാമൂഹിക സംവിധാനങ്ങളില്‍ നിന്നോ ഞങ്ങളുടെ സ്വന്തം സവര്‍ണ്ണ സുഹൃത്തുക്കളില്‍ നിന്നോ അത്തരം വിശ്വാസമാര്‍ജ്ജിച്ച് ശീലമുള്ളവരല്ല. ഞങ്ങളുടെ അനുഭവങ്ങള്‍ വ്യാജവും വിഭാഗീയവും തെറ്റിദ്ധാരണയും ശ്രദ്ധയാകര്‍ഷിക്കുന്നതിനുള്ള ശ്രമങ്ങളുമാണെന്ന് നിങ്ങളെല്ലായ്‌പ്പോഴും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതറിയുവാന്‍ ഒരാള്‍ ആക്ടിവിസ്‌റ്റോ ബുദ്ധിജീവിയോ ആകേണ്ട കാര്യമില്ല. ഞങ്ങളുടെ അമ്മമാരും അമ്മൂമ്മമാരും ഞങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുള്ളതാണ്. എന്തെന്നാല്‍ അവര്‍ വീണ്ടും വീണ്ടും ഈ വഞ്ചനകള്‍ അനുഭവിച്ചവരാണ്. തങ്ങളെ സ്വയം നിശബ്ദരാക്കിയതുകൊണ്ടാണവരെ, നിങ്ങളുടെ സമൂഹത്തിന്റെയരികുകളില്‍ നിലനില്‍ക്കാനനുവദിക്കപ്പെട്ടത്. നിങ്ങളുടെ പോരാട്ടത്തില്‍ ഞങ്ങളുണ്ടായിരുന്നു, എന്നാല്‍ നിങ്ങളുടെ കാര്യം നിറവേറിക്കഴിഞ്ഞപ്പോള്‍, നിങ്ങള്‍ ഞങ്ങളെ തോല്‍പ്പിക്കുകയും നിശബ്ദരായിരിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. നിങ്ങളൊരിക്കലും ഞങ്ങളെ പീഡകരില്‍നിന്നും സംരക്ഷിച്ചില്ല, മാത്രമല്ല, നിങ്ങളുടെ രക്ഷക്കായി ഞങ്ങളെ പീഡകര്‍ക്ക് വലിച്ചെറിഞ്ഞുകൊടുക്കുക പോലും ചെയ്തു. ഞങ്ങള്‍ക്ക് നിങ്ങളെ വിശ്വാസമില്ല.

എനിക്കും ഒരു #Metoo കഥയുണ്ട്. പക്ഷേ സവര്‍ണ്ണ ഇന്ത്യ ഇന്നത് കേള്‍ക്കില്ല. ഇപ്പോഴും ഓരോ ദിവസവും ഞാനനുഭവിക്കുന്ന ഭയവും വേദനയും ഭീതിയും നിങ്ങളെ വിശ്വസിച്ചു ഞാന്‍ തുറന്നുപറയില്ല. നിങ്ങളിലൊരാള്‍ക്ക് ചുറ്റും സംരക്ഷണവലയം തീര്‍ക്കുകയും എന്നെ കള്ളിയെന്നു വിളിക്കുകയും ചെയ്യുന്നത് കാണാന്‍ മാത്രമായി ഞാനതു വെളിപ്പെടുത്തില്ല. ഞാനെന്റെ ജാതി സര്‍ട്ടിഫിക്കറ്റും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പൂര്‍വികരുടെയും വിശദമായ ചരിത്രവും നിങ്ങളുടെ ഹീനരായ പുരോഗമന സ്ത്രീ സമത്വവാദികളുടെയും അവരുടെ പിണിയാളുകളുടെയും വിനോദത്തിനായി മുമ്പില്‍ വെക്കുകയില്ല. വീണ്ടുമൊരിക്കല്‍ കൂടി, ശ്രദ്ധ നേടാനാഗ്രഹിക്കുന്നവളെന്ന വിളിപ്പേര് പതിക്കാന്‍ നിങ്ങള്‍ക്കവസരമുണ്ടാക്കുന്ന വിധത്തില്‍, എന്റെ വിദ്യാഭ്യാസവും തൊഴില്‍ യോഗ്യതയും പ്രണയചരിത്രവും നിങ്ങളുടെ വിമുഖതയെയും പരിഹാസത്തെയും പ്രതിരോധിച്ച് ഇരട്ടിയധ്വാനം ചെയ്ത് ആര്‍ജ്ജിച്ച ഓരോ നേട്ടത്തെയും നിങ്ങളുടെ കളത്തിലേക്ക് ഞാനെറിഞ്ഞു തരികയില്ല. നിങ്ങളുടെ പ്രസ്ഥാനങ്ങളില്‍ ദലിത് സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, സവര്‍ണ്ണ ഇന്ത്യാ, നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെടേണ്ടിയിരിക്കുന്നു.

(ഹ്യൂഗോ അവാര്‍ഡിന് നാമനിര്‍ദേശ പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യ ഇന്ത്യക്കാരിയും എഴുത്തുകാരിയുമാണ് ലേഖിക)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending