Connect with us

Video Stories

വര്‍ഗീയതക്കെതിരെ പൊരുതാനുറച്ച് യൗവ്വനം

Published

on

പി.കെ ഫിറോസ്

2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടുന്നത് തങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് ജനങ്ങളുടെ മുന്നില്‍ വെച്ച് കൊണ്ടായിരിക്കുമെന്ന് മോദിയും അമിത്ഷായും വീമ്പു പറഞ്ഞിട്ടുണ്ട്. നാലരക്കൊല്ലത്തെ ഭരണം വിലയിരുത്തുമ്പോള്‍ എന്താണ് ആ റിപ്പോര്‍ട്ട് കാര്‍ഡില്‍ ഉണ്ടാകുക? ഇന്ത്യന്‍ ഖജനാവിന്റെ സത്യസന്ധനായ കാവല്‍ക്കാരനായിരിക്കും എന്നും അഴിമതിയുടെ പാട കെട്ടിയ ഭക്ഷണം സ്വയം കഴിക്കുകയില്ലെന്നും മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കുകയില്ലെന്നും പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ റാഫേല്‍ ഇടപാടിലെ അഴിമതി പകല്‍വെളിച്ചം പോലെ വെളിപ്പെട്ടുകഴിഞ്ഞു. നോട്ടു നിരോധന പരിഷ്‌കാരവും കള്ളപ്പണ വേട്ടയും വമ്പന്‍ പരാജയമെന്ന് ആദ്യം തിരിച്ചറിഞ്ഞത് മോദി തന്നെയാണ്. നേട്ടങ്ങളുടെ പട്ടികയില്‍ നോട്ടു നിരോധനം എടുത്തുപറയാത്തതും അതുകൊണ്ടാണ്.
വര്‍ഷം തോറും രണ്ടു കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചില്ല എന്നു മാത്രമല്ല പക്കോഡ വിറ്റും യുവാക്കള്‍ക്കു അന്തസ്സോടെ ജീവിക്കാമെന്ന പരിഹാസമാണ് മോദിയും അമിത്ഷായും തൊടുത്തുവിട്ടത്. ക്രൂഡ്ഓയിലിന്റെ വില കുറഞ്ഞിട്ടും പെട്രോള്‍, ഡീസല്‍, പാചക വാതകങ്ങള്‍ക്ക് ഇങ്ങനെ വിലകൂടിയ ഒരു കാലഘട്ടം വേറെയില്ല. വിലക്കയറ്റം അതിരൂക്ഷമായി ജനജീവിതത്തെ ബാധിച്ചുകഴിഞ്ഞു. ശൗചാലയം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലുള്ള പരാജയം മറച്ചുവെക്കാന്‍ പരസ്യ കോലാഹലങ്ങള്‍കൊണ്ട് കഴിയില്ലെന്ന് വന്നു. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുപിടിക്കലും ഓരോ പൗരന്റെയും എക്കൗണ്ടില്‍ പതിനഞ്ച് ലക്ഷം വീതം നിക്ഷേപിക്കലും ഒരു കൊട്ടാരം വിദൂഷകന്റെ നേരം പോക്ക് പറച്ചില്‍ മാത്രമായിരുന്നു. ഇന്ത്യന്‍ കാര്‍ഷിക മേഖലക്കു മോദി നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്ന് മാത്രമല്ല കര്‍ഷക ആത്മഹത്യകള്‍ തടയാനുള്ള ശ്രമങ്ങളും നടത്തിയില്ല. കാര്‍ഷിക രംഗം തകര്‍ന്നടിയുമ്പോഴും ലോണ്‍ തിരിച്ചടക്കാനാകാതെ കര്‍ഷകര്‍ വലയുമ്പോഴും പൊരിവെയിലത്ത് നഗ്‌നപാദരായി പ്രതിഷേധത്തിനിറങ്ങുമ്പോഴും കോര്‍പറേറ്റുകളുടെ ലോണ്‍ എഴുതിത്തള്ളുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി. മേക് ഇന്‍ ഇന്ത്യ പ്രൊജക്ട് ബ്രേക്ക് ഇന്ത്യ പ്രൊജക്ടായി മാറി.
നീതിന്യായ വ്യവസ്ഥയുടെ കാവല്‍ക്കാര്‍ ആരോപണങ്ങളുമായി തെരുവിലിറങ്ങുന്നതും പ്രതിശബ്ദം ഉയര്‍ത്തുന്ന ബുദ്ധിജീവികളും എഴുത്തുകാരും തെരുവില്‍ കൊല്ലപ്പെടുന്നതും അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥരെ വേട്ടയാടി പകരം വേണ്ടപ്പെട്ട അനുചരരെ നിയമിക്കുന്നതും മോദി കാലഘട്ടത്തിലെ കാഴ്ചയാണ്. വ്യാജ ഏറ്റുമുട്ടലുകളും ആള്‍ക്കൂട്ട കൊലപാതകങ്ങളും വിചാരണയില്ലാത്ത തടവുശിക്ഷയും ഇന്ത്യയില്‍ ഇന്ന് ഞെട്ടല്‍ ഉളവാക്കാത്ത വിഷയങ്ങളായി. നിര്‍ഭയ സംഭവത്തിന്റെ ചുവടുപിടിച്ചു സ്ത്രീ സംരക്ഷണത്തിനായി ബി.ജെ.പിയെ അധികാരത്തിലേറ്റാന്‍ പ്രസംഗിച്ചു നടന്ന മോദിയുടെ ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നുപറഞ്ഞത് സുപ്രീംകോടതിയാണ്. വിദേശ പര്യടനങ്ങളും ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള സ്വയം പുകഴ്ത്തല്‍ കലാപരിപാടികളും സാരോപദേശങ്ങളും പ്രഖ്യാപനങ്ങളില്‍മാത്രം ഒതുങ്ങുന്ന ജനനന്മക്കുവേണ്ടിയുള്ള പദ്ധതികളും പിന്നെ നെഞ്ചളവിന്റെ കണക്കും വെച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്ന ബോധ്യം മോദിക്കുണ്ട്.
ഇനിയുള്ള ആയുധം വര്‍ഗീയതയാണ്. മുമ്പ് രാമജന്മഭൂമി തുടങ്ങി പല തന്ത്രങ്ങളും നേര്‍ക്കുനേര്‍ പയറ്റുമായിരുന്നെങ്കിലും 2014ല്‍ വികസനം എന്ന നവീന മന്ത്രമാണ് മോദി കൂടുതലും ഉരുക്കഴിച്ചത്. ഗുജറാത്ത് മോഡല്‍ എന്ന് കൊട്ടിഘോഷിച്ചു കൊണ്ടുവന്ന വികസന സങ്കല്‍പം വാസ്തവത്തില്‍ ഉള്‍കരുത്തില്ലാത്തതായിരുന്നു. വര്‍ഗീയതയോളം വിഷലിപ്തമായ രാഷ്ട്രീയ ആയുധം തങ്ങളുടെ പക്കലില്ല എന്ന ബോധ്യത്തിലേക്കു വളരെ വേഗം അവര്‍ തിരിച്ചുനടന്നു. മാളത്തില്‍ പതിയിരുത്തിയ വിഷ സര്‍പ്പങ്ങളെ ഒറ്റക്കും തെറ്റക്കും പുറത്തെടുത്തുകൊണ്ടിരുന്നു. ഇനിയും അതിന്റെ തുടര്‍ച്ചയാണ് ഇന്ത്യന്‍ ജനത കാണാന്‍ പോകുന്നത്.
അഴിമതിയാരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ഏറ്റവും നല്ല ഉപാധി വര്‍ഗീയതയാണെന്നു മോദിയോളം തിരിച്ചറിഞ്ഞ ഒരു നേതാവിനെ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ മോദിക്കു നിരത്താനുണ്ടായിരുന്നത് ഭരണനേട്ടങ്ങള്‍ ആയിരുന്നില്ല, പശു സംരക്ഷണവും ബീഫ് കഴിക്കലും കോണ്‍ഗ്രസിന്റെ നിലപാടുകളുമായിരുന്നു. വര്‍ഗീയ കലാപങ്ങള്‍ ഒരു പാര്‍ട്ടിയുടെ വളര്‍ച്ചക്ക് എങ്ങനെ ഉപയോഗപ്പെടുത്തി എന്നറിയാന്‍ ഇന്ത്യയിലെ ബി.ജെ.പിയുടെ വളര്‍ച്ച മാത്രം നിരീക്ഷിച്ചാല്‍ മതിയാകും.
പി.ഇ.ഡബ്ലിയു എന്ന ആഗോള സ്വതന്ത്ര ഗവേഷണ സ്ഥാപനം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 2015ല്‍ തന്നെ നാലാം സ്ഥാനം കൈവരിച്ചിരുന്നു. 2014 മുതല്‍ തന്നെ ഈ പ്രക്രിയക്ക് ചലന വേഗം വര്‍ധിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ആഭ്യന്തര സംഘര്‍ഷങ്ങളാല്‍ അരക്ഷിതമായ സിറിയ, ഇറാഖ്, നൈജീരിയ എന്നീ രാഷ്ട്രങ്ങളാണ് ഇന്ത്യക്കുമുന്നില്‍. വര്‍ഗീയ കലാപങ്ങളുടെ വളര്‍ച്ച പരിശോധിച്ചാല്‍ 2014 മുതല്‍ 28 ശതമാനത്തോളം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയതായി കാണാം. 832 വര്‍ഗീയ സംഘര്‍ഷങ്ങള്‍ 2014നും 2017 നും ഇടക്ക് ഇന്ത്യയില്‍ ഉണ്ടായി. കൂടുതലും ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ (40 %). മഹാരാഷ്ട്രയും കര്‍ണാടകയും മധ്യപ്രദേശും ഗുജറാത്തും പിന്നിലുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ മിനിസ്റ്റര്‍ ഹന്‍സ്രാജ് അഹിര്‍ പാര്‍ലമെന്റില്‍വെച്ച കണക്കനുസരിച്ച് 2017ല്‍ മാത്രം 822 വര്‍ഗീയ സംഘര്‍ഷങ്ങളിലായി 111 പേര്‍ കൊല്ലപ്പെടുകയും 2500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2016ല്‍ 751 സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത് 97 ഇന്ത്യക്കാരും 2015 ല്‍ 703 സംഭവങ്ങളില്‍ കൊല്ലപ്പെട്ടത് 86 പേരുമായിരുന്നു.
പശു സംരക്ഷണം തൊട്ടിങ്ങ് ശബരിമല വരെ എത്തിനില്‍ക്കുമ്പോഴും മതവികാരം ചൂഷണം ചെയ്യാനുള്ള അവസരത്തിനായി നിന്നനില്‍പില്‍ മലക്കം മറിയുന്ന ബി.ജെ.പി, സംഘ് നേതാക്കളെയാണ് കാണാന്‍ കഴിയുക. റാണി പദ്മാവതിയുടെ പേരില്‍ വിവാദമുണ്ടാക്കിയതും അലിഗഡിലെ ജിന്നാ ചിത്രത്തിന്റെ പേരിലുള്ള വിവാദവും യാദൃച്ഛികമല്ല. മുസ്‌ലിം ജനതയുടെ വൈദേശിക വേരുകള്‍ തിരയലും പാകിസ്താന്‍ ഏജന്റ് പട്ടം പതിച്ചുനല്‍കലും തന്നെയായിരുന്നു ലക്ഷ്യം. പൊതുസ്ഥലത്തെ ജുമാനമസ്‌കാരം തടസ്സപ്പെടുത്തിയതിനെ ന്യായീകരിച്ചുള്ള മനോഹര്‍ ഖട്ടറിന്റെ പ്രസംഗം സൂചിപ്പിക്കുന്നത് വര്‍ഗീയക്കോമരങ്ങള്‍ വിശ്രമിക്കാന്‍ തയ്യാറല്ലെന്ന് തന്നെയാണ്. നുണപ്രചാരണത്തിലൂടെ മുസ്‌ലിം ഭീതി കുത്തിവെക്കുന്നതിന്റെ പുതിയ വേര്‍ഷനാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന മുസ്‌ലിം ജനസംഖ്യാ വിസ്‌ഫോടനത്തെ കുറിച്ചുള്ള കള്ളകണക്കുകള്‍. 2040 ഓടെ ഹിന്ദുക്കള്‍ ഇന്ത്യയില്‍ ന്യൂനപക്ഷമാകുമെന്ന മുന്നറിയിപ്പാണ് അതില്‍ ഏറ്റവും പ്രചാരത്തിലുള്ളത്. മുസ്‌ലിം ജനസംഖ്യ എത്ര ഉയര്‍ന്ന നിരക്കാണെങ്കിലും ആകെ ഇന്ത്യന്‍ ജനസംഖ്യയുടെ പതിനെട്ട് ശതമാനമേ അന്നും ഉണ്ടാകൂ എന്ന് കണക്കുകള്‍ ആധികാരികമായി പറയുമ്പോഴാണ് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് പച്ചക്കള്ളങ്ങള്‍ തൊടുത്തുവിടുന്നത്. ഹിന്ദുവാണെങ്കില്‍ ബി.ജെ.പിക്കും മുസ്‌ലിമാണെങ്കില്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്യൂ എന്ന പരസ്യ മുദ്രാവാക്യവും ലക്ഷ്യംവെക്കുന്നത് ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ചുനിര്‍ത്തി അധികാരം നിലനിര്‍ത്തലാണ്. സബ്കെ സാഥ് സബ്കെ വികാസ് മുദ്രാവാക്യം കോര്‍പറേറ്റുകളെ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ എന്ന് തിരിച്ചറിഞ്ഞ ജനതയെ മയക്കാന്‍ ഇനിയും മതം തന്നെ ശരണം എന്ന് തിരിച്ചറിഞ്ഞുള്ള കളികളാണ് മോദിയും അമിത്ഷായും കളിക്കുന്നത്. ദേശീയ പൗരത്വ പട്ടിക വെച്ചുള്ള അമിത്ഷായുടെ പ്രകടനവും വര്‍ഗീയ ധ്രുവീകരണം ലാക്കാക്കിയാണ്.
രാജ്യസ്നേഹത്തിന്റെയും രാജ്യത്തോടുള്ള കൂറിന്റെയും അവകാശികളായി സ്വയം പ്രഖ്യാപിച്ച് മത ന്യൂനപക്ഷത്തെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും അവരെ ഹിന്ദുത്വക്കു ഭീഷണിയായി ഉയര്‍ത്തിക്കാട്ടി ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുകയുമാണ് എക്കാലത്തെയും ഇവരുടെ അടവ് നയം. ശബരിമലയിലെ പൊലീസുകാരന്റെ മതം പറഞ്ഞു പോലും കലാപത്തിന് കോപ്പു കൂട്ടുന്നത് ഈ ഫാഷിസ്റ്റ് തന്ത്രത്തിന്റെ കേരളമോഡലാണ്. വര്‍ഗീയ ലഹളകള്‍ മനഃപൂര്‍വം സൃഷ്ടിച്ചെടുത്ത് വര്‍ഗീയ ചേരിതിരിവ് വലുതാക്കുക എന്ന തന്ത്രമാണ് ഇപ്പോള്‍ നടപ്പിലാക്കുന്നത്.
വിവിധ വാര്‍ത്താഏജന്‍സികള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കഴിഞ്ഞ എട്ടു വര്‍ഷത്തില്‍ പശു വിഷയത്തില്‍ ഉണ്ടായ അതിക്രമങ്ങളില്‍ ഇരയാക്കപ്പെട്ടവരില്‍ 51 ശതമാനം മുസ്‌ലിംകളായിരുന്നു. ഈ വിഷയത്തില്‍ ആകെ കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ 84 ശതമാനം മുസ്‌ലിം മത വിഭാഗത്തില്‍ പെട്ടവര്‍ തന്നെ. അതില്‍ 97 ശതമാനം അക്രമം റിപ്പോര്‍ട്ട് ചെയ്തത് 2014 മുതലാണ്. ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ച് മോദി ഭരണത്തിന്‍കീഴില്‍ പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യത്ത് ഇരട്ടിയോളം വര്‍ധിച്ചു. 2013 ല്‍ 6793 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടെങ്കില്‍ 2014 ല്‍ അത് 11451 ആയി. പട്ടിക ജാതിക്കാര്‍ക്കെതിരെ 2012 ല്‍ 33655 അക്രമങ്ങളും 2013 ല്‍ 39408 അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കില്‍ 2014 ല്‍ അത് 47064 ആയി. ഇതില്‍ കൂടുതലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.
ഓരോ ദിവസവും ശരാശരി രണ്ട് ദലിതുകള്‍ ഇന്ത്യയില്‍ കൊല്ലപ്പെടുന്നുണ്ട്. 2014ല്‍ നിന്ന് 2015 ലേക്ക് എത്തുമ്പോള്‍ മാനത്തിന്റെ പേരിലുള്ള കൊലകളില്‍ ഉണ്ടായത് 800 ശതമാനം വര്‍ധനവ്. 2014ല്‍ 28 ആയിരുന്നെങ്കില്‍ 2015 ല്‍ 251 ലെത്തി. വേട്ടയാടപ്പെടുന്നു എന്ന മിഥ്യാബോധം പരുവപ്പെടുത്തിയെടുത്ത് സൈനിക മുന്നേറ്റങ്ങള്‍ക്ക് സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതില്‍ എത്രത്തോളം വിജയിക്കാന്‍ കഴിയുമെന്ന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും തുടര്‍ന്നുള്ള ഭീകര വിരുദ്ധ യജ്ഞങ്ങളും തെളിയിച്ചിട്ടുണ്ട്.
വ്യാജ ഏറ്റുമുട്ടലുകളും ഗവണ്മെന്റ് സ്പോണ്‍സേര്‍ഡ് കൊലപാതകങ്ങളുംവരെ സാധാരണ ജനങ്ങളുടെ എതിര്‍പ്പുകള്‍ക്കു പാത്രീഭവിക്കാത്തതിന്റെ കാരണവും കപടമായി സൃഷ്ടിച്ചെടുക്കുന്ന ഇത്തരം ഭീതിജനകമായ അന്തരീക്ഷം തന്നെ. മരിയ ഹെലേന മൊറെയ്റ ആല്‍വേസ് എന്ന എഴുത്തുകാരി ‘സ്റ്റേറ്റ് ആന്റ്ഓപോസിഷന്‍ ഇന്‍ മിലിറ്ററി ബ്രസീല്‍’ എന്ന പുസ്തകത്തില്‍ ഭീതിയുടെ സംസ്‌കാരം എങ്ങിനെ രാഷ്ട്രീയ അടിച്ചമര്‍ത്തലുകള്‍ക്ക് ബലമേകി എന്ന് വിശദമായി വ്യക്തമാക്കുന്നുണ്ട്. അറസ്റ്റും കസ്റ്റഡി മര്‍ദ്ദനവും രാജ്യദ്രോഹകുറ്റം ചുമത്തലും ഒരു വശത്തു എതിര്‍പ്പുകള്‍ ക്ഷണിച്ചുവരുത്തുമ്പോഴും മറുവശത്ത് നിശബ്ദതയെ പുല്‍കാന്‍ സാധാരണക്കാരെ പ്രേരിപ്പിക്കുന്നുണ്ട്. ബ്രസീലിനെ ഉദാഹരിച്ച് അവര്‍ സമര്‍ത്ഥിക്കുന്നത് എങ്ങിനെയാണ് സാമ്പത്തിക നിയന്ത്രണം, ശാരീരിക അടിച്ചമര്‍ത്തല്‍, രാഷ്ട്രീയ നിയന്ത്രണം, കടുത്ത ആവിഷ്‌കാര സ്വാതന്ത്ര്യ വിലക്കുകള്‍ തുടങ്ങിയവയിലൂടെ ജനങ്ങളില്‍ മാനസിക അടിമത്തം ഉറപ്പുവരുത്തിയെടുക്കാനും അവരെ ബൗദ്ധികമായി ഷണ്ഡീകരിക്കാനും കഴിയുക എന്നതാണ്. എതിര്‍പ്പിന്റെ വഴികള്‍ ഓരോന്നായി അടച്ച് നിരന്തരമായി അടിച്ചേല്‍പ്പിക്കുന്ന ഉപരോധങ്ങളും വരിഞ്ഞുമുറുക്കലുകളും നിരാശയും നിസ്സഹായതയും ഉളവാക്കും. കുടില തന്ത്രജ്ഞര്‍ വിജയിക്കുന്നതും പ്രതികരിക്കുന്നവര്‍ ഒറ്റപ്പെടുന്നതും അത്തരം സന്ദര്‍ഭങ്ങളിലാണ്. പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഒറ്റപ്പെട്ട കോണുകളില്‍നിന്ന് ഉയരുമ്പോഴും ഭൂരിഭാഗം പ്രജകളും അടിച്ചേല്‍പ്പിക്കുന്ന പരിഷ്‌കാരങ്ങളോട് സമരസപെട്ട ് ജഡാവസ്ഥയെ പുല്‍കും. വര്‍ത്തമാന ഇന്ത്യ കടന്നു പോകുന്നത് അത്തരം ഭയപ്പെടുത്തലുകളുടെ നാളുകളിലൂടെയാണ്.
ഈ പശ്ചാത്തലത്തിലാണ് വര്‍ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം, ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരെ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന ഒരുമാസക്കാലം തുടരുന്ന യുവജന യാത്ര. മോദി മന്ത്രിസഭയുടെയും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെയും ജനദ്രോഹ നടപടിക്കള്‍ക്കെതിരെയുള്ള യുവജനങ്ങളുടെ ശക്തമായ താക്കീതായാണ് യൂത്ത് ലീഗ് ഈ സമരരീതി തെരഞ്ഞെടുത്തത്.
പ്രത്യയശാസ്ത്രപരമായി വിരുദ്ധചേരികളില്‍ എന്ന് അവകാശപ്പെടുമ്പോഴും ഭരണരീതികളിലും നയ രൂപീകരണത്തിലും ജനാധിപത്യ രീതികളെ അട്ടിമറിക്കുന്നതിലും എതിര്‍ക്കുന്നവരെ നിശബ്ദരാക്കുന്നതിലും ഈ ഭരണകേന്ദ്രങ്ങള്‍ അതിശയിപ്പിക്കുന്ന സമാനത പുലര്‍ത്തുന്നുവെന്നു കാണാം. അതിനെ പൊതുജനമധ്യത്തില്‍ തുറന്നു കാണിക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രതിജ്ഞാബദ്ധരാണ്. (തുടരും)

( മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍ )

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending