Connect with us

Video Stories

വേദനിക്കുന്ന കോടീശ്വരന്‍മാരും കണ്ണീര് വീണ കായലും-ശാരി പിവി

Published

on

എല്ലാം ശരിയാക്കല്‍ ടീം ഭരണം തുടങ്ങിയതില്‍ പിന്നെ സംസ്ഥാനത്ത് തഴച്ചു വളരുന്ന ഏക വ്യവസായം വിവാദം മാത്രമാണ്. സാധാരണക്കാരന്റെ നടുവൊടിയുമ്പോഴും വേദനിക്കുന്ന കോടീശ്വരന്‍മാരുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നതാണ് ആകെയൊരു ആശ്വാസം. അതിപ്പോ സ്വന്തം മന്ത്രിസഭയിലെ മന്ത്രിയും എം.എല്‍.എയുമൊക്കെയാവുമ്പോ അതാണല്ലോ അതിന്റെ ഒരു ഇത്. അല്ലെങ്കിലും ഈ പാപ്പരാസി മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും കൊടിയ അസൂയയാണ്. ഫോണ്‍ ട്രാപ്പില്‍ പെട്ട് എ.കെ ശശീന്ദ്രന്‍ രാജിവെച്ചതോടെ കിട്ടിയ ഗതാഗത മന്ത്രി സ്ഥാനം മുള്‍ക്കിരീടമാണെന്ന് മാസങ്ങള്‍ക്കകം മനസിലായെങ്കിലും, പാവങ്ങളുടെ കണ്ണീരൊപ്പാനായി മാത്രം 150 കോടി രൂപയുടെ റിസോര്‍ട്ട് ഹോട്ടല്‍ തുടങ്ങിയ ഒരു മന്ത്രിയെ കുറിച്ചാണ് ഇപ്പോള്‍ ഇല്ലാ വചനം പറഞ്ഞ് പരത്തുന്നത്. സംഗതി റിമോട്ട് ഭരണമാണെങ്കിലും ചാടാന്‍ പറയുമ്പോള്‍ ചാടാനും മിണ്ടാന്‍ പറയുമ്പോള്‍ മിണ്ടാനും തയാറാവുന്ന ഒരാളെ കുറിച്ചാണ് ഈ ഇല്ലാവചനങ്ങളെല്ലാം. ഒരു പാട് പാവങ്ങള്‍ക്ക് അങ്ങ് ഗള്‍ഫില്‍ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടെന്നാണ് ടിയാന്റെ സില്‍ബന്ധികള്‍ പറയുന്നത്.

എന്നിട്ടും കുവൈത്ത് ചാണ്ടിയെന്ന പേര് മാത്രമായതോടെയാണ് ഈനാട്ടില്‍ കണ്ണീരൊപ്പല്‍ കലാപരിപാടിക്ക് തുടക്കമിട്ടത്. കായല്‍ പരപ്പ് നികത്തിയെന്നും, പൈപ്പിട്ട് വെട്ടിപ്പിടിച്ചുവെന്നുമൊക്കെയാണ് ഇപ്പോള്‍ അസൂയാലുക്കള്‍ പറയുന്നത്. പക്ഷേ ബ്ലൂ വെയില്‍ ഗെയിം കളിച്ച് വല്ലവനും കായലില്‍ ചാടി ആത്മഹത്യ ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ഇതു കൊണ്ട് സാധിച്ചാല്‍ അത്രേം ആയില്ലേ എന്നു ചോദിക്കുന്നവരുമുണ്ട്. പോരാത്തതിന് റിസോര്‍ട്ടിലേക്ക് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് റോഡും വെട്ടിയത്രേ. കേട്ട പാതി കേള്‍ക്കാത്ത പാതി പ്രതിപക്ഷ പാര്‍ട്ടിയുടെ യുവജന വിഭാഗം മാര്‍ച്ച് നടത്തി കണ്ണില്‍ കണ്ടതെല്ലാം തല്ലിപ്പൊളിച്ചെങ്കിലും പാവങ്ങള്‍ക്കു വേണ്ടി വെമ്പുന്ന മന്ത്രിയുടെ മനസ് കുത്തിപ്പൊളിക്കാനാവാത്തത് ഭാഗ്യം. ഒരു കാര്യവുമില്ലാതെ വെറുതെ പാഴാകുമായിരുന്ന ഒരു കായലാണ് ടിയാന്‍ ഒന്നും രണ്ടുമല്ല 150 കോടി മുടക്കി പാവങ്ങള്‍ക്ക് വേണ്ടി കെട്ടിപ്പൊക്കിയത്. അതും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പോലും രേഖപ്പെടുത്താതെയാണെന്നത് മറക്കരുത്.
വെറും 92 കോടി രൂപയുടെ സ്വത്ത് മാത്രമം നാമനിര്‍ദേശ പത്രികയില്‍ കാണിച്ചിട്ടും 150 കോടി റിസോര്‍ട്ടിന് ചെലവിട്ടതായി നിയമസഭയില്‍ തുറന്ന് പറഞ്ഞ സത്യസന്ധത ആരും വിസ്മരിക്കരുത്. സ്വത്ത് വിവരം മറച്ചു വെക്കുന്നത് ഗുരുതര കുറ്റമായിട്ടു പോലും അത് വെളിപ്പെടുത്തിയ ആ മനസ് കാണാതിരിക്കരുത്, അതാണ് നമ്മുടെ മന്ത്രി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ പോലെ സ്വന്തം മണ്ഡലത്തിലെ ആസ്പത്രിയില്‍ ശിശുക്കള്‍ മരിച്ചപ്പോള്‍ ചികിത്സിച്ച ഡോക്ടറെ സസ്‌പെന്റ് ചെയ്യുകയല്ല ചാണ്ടി മന്ത്രി ചെയ്തത്.
ഗര്‍ഭിണികളും ഹൃദ്രോഗികളും എന്തിന് ജലദോശം വന്നവരെ പോലും ആസ്പത്രിയിലെത്തിക്കാനായി റിസോര്‍ട്ട് വക സ്പീഡ് ബോട്ട് സ്വന്തം കാശ് മുടക്കി വാങ്ങി, ഓടിച്ച് സഹായിച്ച മഹാനാണ് മന്ത്രിയെന്നത് ഈ വിവാദമുണ്ടാക്കുന്നവര്‍ക്ക് അറിയില്ലല്ലോ. പാവങ്ങളെ ചാണ്ടി സഹായിക്കുമ്പോള്‍ ചാണ്ടിയുടെ അസുഖം സര്‍ക്കാര്‍ ചികിത്സിക്കുമെന്നാണല്ലോ അതിന്റെ ഒരിത്. ദിവസം തോറും എണ്ണയുടെ വില കേന്ദ്രത്തിലെ ആശാന്‍മാര്‍ കൂട്ടുന്നത് കാരണം ഇനി ബോട്ട് ഓടിക്കുന്നത് പന്തിയല്ലെന്ന് കണ്ടാണ് പ്രദേശത്തെ പാവങ്ങള്‍ക്കു വേണ്ടി റോഡ് വെട്ടിയത്. അല്ലാതെ ഛേ..ഛെ. റിസോര്‍ട്ട് തുടങ്ങിയത് ലാഭക്കൊതിക്കൊണ്ടാണെന്നാണ് വേറെ ചില അസൂയാലുക്കള്‍ ഇപ്പോള്‍ തട്ടിവിടുന്നത്. എന്നാല്‍ കേരളത്തിന്റെ ടൂറിസം വ്യവസായത്തെ തന്നാലാവും വിധം സഹായിക്കുന്നതിനായി നഷ്ടം സഹിച്ച് പത്ത് മുന്നൂറ് ജീവനക്കാര്‍ക്ക് ജീവനോപാതി നല്‍കാനാണെന്ന് സാക്ഷാല്‍ ചാണ്ടി മന്ത്രി പറഞ്ഞപ്പോള്‍ മാത്രമാണ് അറിയുന്നത്. കേട്ടവര്‍ കേട്ടവര്‍ ആനന്താശ്രുവോ, അതോ സങ്കടം സഹിക്കവയ്യാതെയാണോ എന്നറിയില്ല. കണ്ണു തുടച്ചാണ് സീറ്റു വിട്ടത്.
മാലിന്യവും പോളയും തടയാന്‍ പ്ലാസ്റ്റിക്കിട്ടെന്നു വരെ പറഞ്ഞ് മുഖ്യമന്ത്രി പിന്തുണച്ചിട്ടും കിട്ടിയ ചാന്‍സില്‍ ടിയാനെ മന്ത്രിസ്ഥാനത്തു നിന്നും കുത്തിച്ചാടിക്കാനായി നടക്കുകയാണ് എന്‍.സി.പിയിലെ നേതാക്കള്‍. പക്ഷേ വിലപിക്കുന്ന കോടീശ്വരന്‍മാരെ കേന്ദ്രം നേതൃത്വം കൈവിടില്ലെന്ന പ്രപഞ്ച തത്വം ഈ നേതാക്കന്‍മാരുണ്ടോ അറിയുന്നു. അല്ലേലും എന്‍.സി.പി എന്ന ജനബാഹുല്യം കാരണം നിന്നു തിരിയാന്‍ ഇടമില്ലാത്ത പാര്‍ട്ടിയില്‍ നേതാക്കന്‍മാരാണല്ലോ എല്ലാമെല്ലാം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ പ്രധാന തൊഴില്‍ ന്യായീകരണമാക്കി നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി തോമസ് ചാണ്ടിക്കു വേണ്ടിയും രംഗത്തെത്തിയിട്ടുണ്ട്. ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ എല്ലാം രാഷ്ട്രീയ പ്രേരിതമെന്നാണ് കോടിയേരി സഖാവ് പറയുന്നത്. പണ്ട് ഏതോ സീസറെയും പൊക്കിപ്പിടിച്ച് സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതമാവണമെന്നൊക്കെ അലറി വിളിച്ചിരുന്നത് സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ഭരണ പക്ഷത്തിന് ഓര്‍മയില്ല അത്ര തന്നെ. അല്ലേലും മന്ത്രിയായ ശേഷമാണ് തോമസ് ചാണ്ടിക്കു നേരെ ആരോപണം ഉന്നയിക്കുന്നതെന്നാണ് ടിയാന്റെ വാദം. അപ്പോള്‍ മന്ത്രിയായാല്‍ എന്തുമാവാം, ആരോപണത്തിന് പ്രസക്തിയില്ലെന്ന് വ്യക്തം. ഇപ്പോള്‍ കൊണ്ടു വന്ന ആരോപണമെല്ലാം എന്തു കൊണ്ട് മുന്‍പ് ഉന്നയിച്ചില്ലെന്നാണ് കോടിയേരിയുടെ ചോദ്യം. അതായത് കായല്‍ നികത്തും മുമ്പ് വേണമായിരുന്നു നികത്തിയ പരാതി നല്‍കാനെന്ന് സാരം. എങ്ങനെയുണ്ട് കൊടിയേരിയുടെ ഫുദ്ധി. മന്ത്രിയുടെ സ്ഥിതി ഇതാണേല്‍ മല തുരന്നുവെന്നാണ് എം.എല്‍.എക്കെതിരായ ആരോപണം. പക്ഷേ ടിയാനും പാവങ്ങളുടെ കണ്ണീരൊപ്പാനായി മാത്രം ജനപ്രതിനിധിയായ ആളാണ്. അദ്ദേഹത്തിനെതിരെ ആരോപണമുന്നയിക്കുന്നത് പഴയ മന്ത്രിയുടെ ബിനാമിയാണ് പോലും. പക്ഷേ പാവങ്ങളുടെ കണ്ണീരൊപ്പാനെത്തിയതിനാല്‍ ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ ഒരു പഞ്ചായത്ത് മുഴുവന്‍ മേപ്പടിയാനൊപ്പം തുരന്നില്ലെന്ന വാദവുമായാണ് നിന്നത്. മന്ത്രിമാര്‍ക്കുള്ളതിനേക്കാളും സ്റ്റാഫിനെ സ്വന്തമായി വെച്ച് പാവങ്ങളുടെ കണ്ണീരൊപ്പാന്‍ എം.എല്‍.എ ഓഫീസ് നടത്തുന്നുണ്ടെന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞ് കരഞ്ഞ ആ സീന്‍ കണ്ടാല്‍ ഇന്‍ഹരിഹര്‍ നഗര്‍ സിനിമയിലെ അപ്പുക്കുട്ടന്‍ പോലും നടുങ്ങും ഏതാണ്ട് അതായിരുന്നു ലവല്‍.
വൃക്ക രോഗികളുടെ കാര്യത്തില്‍ മുട്ടാപ്പോക്ക് കൊണ്ടു വന്ന മന്ത്രിയുടെ ജില്ലക്കാരനായിട്ടും ഡയാലിസിസ് യന്ത്രമൊക്കെ വാങ്ങി നല്‍കി മാതൃക പുകുഷോത്തമനായ എം.എല്‍.എയുടെ ഈ കരച്ചിലൊക്കെ മാലോകര്‍ കേള്‍ക്കാന്‍ തയാറായി. എന്നിട്ടും കേള്‍ക്കാന്‍ തയാറാവാത്ത ഒരാളുണ്ട്. സാക്ഷാല്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ തന്നെ. ഇരുവര്‍ക്കുമെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് സഖാവിന്റെ ആവശ്യം. നഷ്ടം സഹിച്ച് പാവങ്ങളെ സഹായിക്കുന്ന ലേക്പാലസ് റിസോര്‍ട്ടും, മഞ്ഞളിപ്പ് തടയാന്‍ പാര്‍ക്ക് കൊണ്ടു വന്നതുമൊന്നും ടിയാന് മാത്രം ദഹിക്കുന്നില്ല.
ലാസ്റ്റ് ലീഫ്:
മിനിമം ബാലന്‍സ് പിഴയായി എസ്.ബി.ഐ പിഴിഞ്ഞെടുത്തത് 235 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. സബ്‌കെ സാത് സബ്‌കെ വികാസ് അത്ര തന്നെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending