Connect with us

Video Stories

കേരളത്തെ കേള്‍ക്കാന്‍ രാഹുല്‍

Published

on

മുല്ലപ്പള്ളി രാമചന്ദ്രന്‍
(കെ.പി.സി.സി പ്രസിഡന്റ്)

രാജ്യം സുപ്രധാന പൊതുതെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. ഇന്ത്യയെ ഇനി ആരു ഭരിക്കണം? മോദിയോ, രാഹുലോ? രാജ്യത്തെ വിഭജനത്തിലേക്കും അഴിമതിയിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കും തള്ളിയിട്ട, വാഗ്ദാനങ്ങളെല്ലാം ലംഘിച്ച, തികഞ്ഞ പരാജയമായ മോദി ഒരു വശത്ത്. നിര്‍ഭയനും വിനയാന്വിതനും ഭാവനാസമ്പന്നനുമായ യുവാവായ രാഹുല്‍ ഗാന്ധി മറുവശത്ത്.

ലോകത്തിലെതന്നെ ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള ഇന്ത്യയെ നയിക്കാന്‍ 48 കാരനായ രാഹുല്‍ ഏറ്റവും അനുയോജ്യന്‍. ഇംഗ്ലണ്ടിലെ വിഖ്യാതമായ കേംബ്രിഡ്ജ് ട്രിനിറ്റി കോളജില്‍ നിന്നും ഡവലപ്‌മെന്റ് സ്റ്റഡീസില്‍ എംഎഫില്‍ നേടിയ രാഹുലിന് ഇന്ത്യയെപ്പോലെ അതിവേഗം വളരേണ്ട ഒരു രാജ്യത്തെ നയിക്കാനുള്ള ബൗദ്ധികമായ പിന്‍ബലമുണ്ട്. ലോകമെമ്പാടും യുവനേതാക്കള്‍ വിജയകരമായി രാജ്യം ഭരിച്ചവരാണ്. ഫാന്‍സില്‍ ഇമ്മാനുവല്‍ മാക്രോണ്‍ (39), ഇന്ത്യയില്‍ രാജീവ് ഗാന്ധി (40), ബ്രിട്ടനില്‍ ടോണി ബ്ലയറും (43), ഡേവിഡ് കാമറണും (43), കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോ (43), അമേരിക്കയില്‍ ബറാക് ഒബാമ (47) തുടങ്ങിയ ചെറുപ്പക്കാര്‍ രാജ്യം നയിച്ചവരാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മഹത്തായ പാരമ്പര്യം പേറുന്ന കുടുംബത്തില്‍നിന്നു കടന്നുവരുന്ന രാഹുല്‍ ഗാന്ധി, തികഞ്ഞ മതേതരവാദിയും ജനാധിപത്യവാദിയും സഹിഷ്ണതയുടെ വക്താവുമാണ്. വിനയമാണ് ഈ ചെറുപ്പക്കാരന്റെ മുഖമുദ്ര. ഗാന്ധിജിയേയും നെഹ്‌റുവിനേയും നെഞ്ചിലേറ്റിയ ഭാരതത്തില്‍ വിനയമില്ലാത്ത ഒരാള്‍ക്ക് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്നു രാഹുല്‍ പറയുന്നു. രാജ്യത്തെ വ്യക്തമായി മനസിലാക്കാനും മുന്നോട്ടുകൊണ്ടുപോകാനുമുള്ള കരുത്താണ് വിനയം. രാജ്യത്തെ അസഹിഷ്ണുതയിലേക്കും കലാപത്തിലേക്കും നയിക്കുന്നവരില്‍നിന്നു വ്യത്യസ്തമായി എല്ലാവരെയും കേള്‍ക്കാനും ഉള്‍ക്കൊള്ളാനും രാഹുല്‍ തയാറാണ്. ഞാന്‍ മരിക്കുന്ന നിമിഷംവരെ എന്റെ കാതും ഹൃദയവും തുറന്നുവച്ചിരിക്കും. നിങ്ങള്‍ ഏതു രാഷ്രട്രീയ ചിന്താഗതിക്കാരും ഭാഷ സംസാരിക്കുന്നവരും മതത്തില്‍ വിശ്വസിക്കുന്നവരുമാകട്ടെ, നിങ്ങളെ കേള്‍ക്കാന്‍ ഞാന്‍ സന്നദ്ധനാണ്. ദുബൈയില്‍ മുഴങ്ങിയ ഈ ശബ്ദം വിദ്യുത്തരംഗം പോലെയാണ് രാജ്യത്തും വിദേശത്തും കത്തിപ്പടര്‍ന്നത്. സമകാലിക ഇന്ത്യ കാത്തിരുന്ന ഒരു പ്രഖ്യാപനമായിരുന്നു അത്

2004ലും 2009ലും അമേത്തിയില്‍നിന്ന് എം.പിയായ രാഹുലിന് യു.പി.എ സര്‍ക്കാരില്‍ ഏതു താക്കോല്‍ സ്ഥാനവും ലഭ്യമായിരുന്നെങ്കിലും അദ്ദേഹം അധികാരത്തില്‍നിന്നു മാറിനിന്നു. 2007ല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ രാഹുല്‍ പിന്നെയും 10 വര്‍ഷം കഴിഞ്ഞാണ് പ്രസിഡന്റായത്. അതും ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ. ഒരു സംവത്സരക്കാലം അദ്ദേഹം ഇന്ത്യയെ അടുത്തറിയാന്‍ ശ്രമിച്ചു. ഗ്രാമീണ വീടുകളില്‍ അന്തിയുറങ്ങിയും തട്ടുകടകളില്‍നിന്നു ഭക്ഷണം കഴിച്ചും സെക്കന്‍ഡ് ക്ലാസ് ട്രെയിനില്‍ യാത്ര ചെയ്തും ഇന്ത്യയുടെ ആത്മാവിനെ കണ്ടെത്തി. ആഴത്തിലുള്ള ആദര്‍ശങ്ങളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനെ അടുത്തറിയാന്‍ സാവകാശം വേണമെന്നായിരുന്നു കാത്തിരിപ്പിനു രാഹുല്‍ നല്‍കിയ ന്യായീകരണം.
കോണ്‍ഗ്രസ് മുക്തഭാരതമാണു ബി.ജെ.പിയുടെ ലക്ഷ്യമെന്നു വ്യക്തമാക്കിയപ്പോള്‍, അവര്‍ കൂടി ഉള്‍പ്പെട്ട ഒരു ഭാരതമാണ് തന്റെ മനസിലുള്ളതെന്ന് രാഹുല്‍. അദ്ദേഹത്തെ അടക്കി ആക്ഷേപിച്ചവരുണ്ട്. ആയിരങ്ങളെ അണിനിരത്തി നുണഫാക്ടറികളിലൂടെ സംഘ്പരിവാറിന്റെ സോഷ്യല്‍ മീഡിയ രാഹുലിനെതിരേ ആര്‍ത്തലച്ചു. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരേ മോദി സര്‍ക്കാര്‍ കള്ളക്കേസുകള്‍ പടച്ചുണ്ടാക്കി. ഒരു വശത്ത് വ്യക്തിഹത്യ. മറുവശത്ത് കല്‍പ്പിത കഥകള്‍ സൃഷ്ടിച്ച് മോദി കരുത്തനെന്ന വ്യാജ ഇമേജ് നിര്‍മിക്കുകയായിരുന്നു. സൂര്യനെയും സത്യത്തെയും അധികനാള്‍ ഇരുട്ടില്‍ നിര്‍ത്താന്‍ കഴിയില്ലല്ലോ. രാഹുല്‍ അവയെ എല്ലാം അതിജീവിച്ച് ഇന്ന് മോദിയെക്കാള്‍ വലിയ ജനപ്രീതിയുള്ള നേതാവായി മാറി. ദുബൈ സന്ദര്‍ശനവേളയില്‍ വന്‍ ജനാവലിയെയാണ് രാഹുല്‍ ആകര്‍ഷിച്ചത്. കുറിക്കുകൊള്ളുന്ന ഉപമകളോടെ രാഹുല്‍ സംസാരിച്ചപ്പോള്‍ ജനം ഇളകി മറിഞ്ഞെങ്കിലും പ്രതിപക്ഷ ബഹുമാനം തെല്ലും കൈവിട്ടില്ല.

രാജ്യത്തെ കര്‍ഷരുടെ വേദനയാണ് രാഹുല്‍ ഏറ്റെടുത്ത പ്രധാന വിഷയം. മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള ഭ്രാന്തന്‍ നയങ്ങള്‍മൂലം അസംഖ്യം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം ലാഭം നല്‍കുമെന്നായിരുന്നു മോദിയുടെ പൊള്ളയായ വാഗ്ദാനം. എന്നാല്‍, ലക്ഷക്കണക്കിനു കര്‍ഷകര്‍ കടക്കെണിയിലായി. രാജ്യമെമ്പാടും കര്‍ഷക പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. രാഹുല്‍ അവരോടൊപ്പം അണിചേര്‍ന്നു. കര്‍ഷകരുടെ കടം എഴുതിത്തള്ളണം എന്നാവശ്യപ്പെടുക മാത്രമല്ല, കോണ്‍ഗ്രസ് അധികാരത്തിലേറിയ സംസ്ഥാനങ്ങളില്‍ അത് നടപ്പാക്കുകയും ചെയ്തു. വാക്കിനു വിലയുള്ള നേതാവായി രാഹുലിനെ ഇന്നു ജനങ്ങള്‍ കാണുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാന്‍ തന്റെ പേര് നരേന്ദ്രമോദിയല്ല എന്ന് രാഹുല്‍ പരിഹസിച്ചു. കുതിച്ചുയരുന്ന തൊഴിലില്ലായ്മയാണ് രാഹുലിനെ അസ്വസ്ഥനാക്കുന്ന മറ്റൊരു വിഷയം. പ്രതിവര്‍ഷം രണ്ടു കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നു വ്യാമോഹിപ്പിച്ച് അധികാരത്തിലേറിയ മോദി സര്‍ക്കാര്‍, ഒരു ദിവസം തൊഴില്‍ നല്‍കുന്നത് 450 പേര്‍ക്കുമാത്രം. പ്രതിവിവര്‍ഷം 1.64 ലക്ഷം തൊഴില്‍ മാത്രം. ചൈനയില്‍ ദിനംപ്രതി അര ലക്ഷം പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നതെന്നു രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.

2012ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് അന്തര്‍ദേശീയ ലേലപ്രകാരം ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത ഫ്രഞ്ച് റഫാല്‍ വിമാന നിര്‍മാതാക്കളായ ഡാസോ ഏവിയേഷനുമായി സര്‍ക്കാര്‍ ചര്‍ച്ചനടത്തുകയും 126 റഫാല്‍ യുദ്ധവിമാനങ്ങള്‍ സേനക്ക് വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. ഒരു റഫാല്‍ വിമാനത്തിന്റെ വില 526.10 കോടി രൂപയായി നിശ്ചയിച്ചു. മോദി സര്‍ക്കാര്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നു. ഒരു വിമാനത്തിന് 1670.0 കോടി രൂപ. യു.പി.എ സര്‍ക്കാരിന്റെ നിരക്കനുസരിച്ച് 36 യുദ്ധ വിമാനങ്ങള്‍ക്ക് 18,940 കോടിയും മോദി സര്‍ക്കാരിന്റെ നിരക്കനുസരിച്ച് 60,145 കോടി രൂപയുമാകും. അതായത് 41,205 കോടി രൂപയാണ് അധികം നല്‍കുന്നത്. ഇതാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി.
പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനു പകരം 30,000 കോടി രൂപയുടെ റഫാല്‍ കരാര്‍ നല്‍കിയത് വെറും 13 ദിവസം മുമ്പ് രൂപീകരിച്ച റിലയന്‍സിന്റെ കമ്പനിക്ക്. റഫാല്‍ ഇടപാട് നടന്ന ഫ്രാന്‍സ് സന്ദര്‍ശനവേളയില്‍ പ്രതിരോധമന്ത്രിയെ ഒഴിവാക്കി പ്രധാനമന്ത്രി കൊണ്ടുപോയത് അനില്‍ അംബാനിയെയാണ്. റിലയന്‍സിനു കരാര്‍ നല്‍കിയത് മോദി സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമെന്ന് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലോന്‍ദ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിരോധ സംഭരണ ചട്ടങ്ങള്‍ പാടേ ലംഘിച്ച ഇടപാടില്‍ റഫാല്‍ കരാറിലെ വ്യവസ്ഥകളും വിമാനത്തിന്റെ യഥാര്‍ത്ഥ വിലയും കേന്ദ്രം പുറത്തുവിടുന്നില്ല. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനെന്നു മോദിയുടെ മുഖത്തുനോക്കി രാഹുല്‍ വിളിച്ചിട്ടും അദ്ദേഹം പ്രതികരിച്ചില്ല.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കൈവരിച്ച 10 ശതമാനത്തോളം സാമ്പത്തിക വളര്‍ച്ച നോട്ട് നിരോധനം, അശാസ്ത്രീയമായി നടപ്പാക്കിയ ജി.എസ്.ടി തുടങ്ങിയ ഭീമാബദ്ധങ്ങള്‍മൂലം കുത്തനെ നിലംപൊത്തി. നോട്ടു മാറ്റിയെടുക്കാന്‍ ജനലക്ഷങ്ങള്‍ ക്യൂ നിന്നപ്പോള്‍ രാഹുല്‍ ഗാന്ധിയും അവരോടൊപ്പം ക്യൂവില്‍ ഉണ്ടായിരുന്നു. നിരോധിച്ച 99.30 ശതമാനം നോട്ടുകള്‍ തിരികെ എത്തിയതോടെ കള്ളപ്പണവേട്ട വെറും വീണ്‍വാക്കായി. ജി.എസ്.ടിയെ ഗബ്ബാര്‍ സിങ് കൊള്ള എന്നാണു രാഹുല്‍ വിശേഷിപ്പിച്ചത്. പെട്രോളിനും ഡീസലിനും ലോകത്തൊരിടത്തും ഇല്ലാത്ത വില ഏര്‍പ്പെടുത്തിയപ്പോള്‍ ജനജീവിതം ദു:സഹമായി. പെട്രോള്‍ വില 87.39 രൂപയും ഡീസല്‍ വില 80.74 രൂപയുമായി സര്‍വകാല റിക്കാര്‍ഡിട്ടു.

പ്രശസ്ത എഴുത്തുകാരന്‍ ഗോവിന്ദ് പന്‍സാരെ, മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ്, സാമൂഹിക പ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍ക്കര്‍, മുന്‍ വൈസ് ചാന്‍സലര്‍ എം.എം കല്‍ബുര്‍ഗി തുടങ്ങിയവരെ ഫാസിസ്റ്റ് ശക്തികള്‍ കൊന്നൊടുക്കിയപ്പോള്‍ രാഹുല്‍ ആഞ്ഞടിച്ചു. ഗോ സംരക്ഷണത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കശാപ്പുനിയന്ത്രണ വിജ്ഞാപനം സംഘ്പരിവാരങ്ങള്‍ നടപ്പാക്കിയപ്പോള്‍ നൂറുകണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു. എന്തു കഴിക്കണം, ധരിക്കണം, കാണണം, കേള്‍ക്കണം, ചിന്തിക്കണം, വിശ്വസിക്കണം എന്നൊക്കെ ഭരണകൂടം നിശ്ചയിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ ബഹുസ്വരത കത്തിച്ചാമ്പലായി. അസഹിഷ്ണുതമൂലം വിഭജിക്കപ്പെട്ട ഇന്ത്യയെ വീണ്ടെടുക്കുമെന്ന് രാഹുല്‍ ഉറപ്പുനല്‍കുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 44 സീറ്റായി ചുരുങ്ങിയ കോണ്‍ഗ്രസിനെ പോരാട്ടപാതയിലേക്കു നയിക്കാന്‍ രാഹുല്‍ ഗാന്ധിക്കു സാധിച്ചത് സമീപകാല രാഷ്ട്രീയത്തിലെ വിസ്മയകരമായ ഏടാണ്. ഇക്കഴിഞ്ഞ രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നേരിട്ടുള്ള പോരാട്ടത്തിലാണ് ബി.ജെ.പിയെ മലര്‍ത്തിയടിച്ചത്. കര്‍ണാടകയില്‍ തന്ത്രപരമായ നീക്കത്തിലൂടെ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി. ഗുജറാത്തില്‍ ബി.ജെ.പിയെ വിറപ്പിച്ചുവിട്ടു. പഞ്ചാബ് കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍, ഗോവ, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തെരഞ്ഞെടുപ്പു പരാജയങ്ങളെ അതിജീവിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. അതിശക്തമായ തിരിച്ചുവരവ് 2019ല്‍ ആവര്‍ത്തിക്കും.
ബി.ജെ.പിക്കെതിരേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ മതേതകര, ജനാധിപത്യ പ്രതിപക്ഷനിര രൂപപ്പെട്ടു കഴിഞ്ഞു. ചന്ദ്രബാബു നായിഡു (തെലുങ്കുദേശം), ശരത്പവാര്‍ (എന്‍.സി.പി), എം.കെ. സ്റ്റാലിന്‍ (ഡി.എം.കെ), സീതാറാം യെച്ചൂരി (സി.പി.എം), അഖിലേഷ് യാദവ് (സമാജ്‌വാദി പാര്‍ട്ടി), തേജസ്വിനി യാദവ് (രാഷ്ട്രീയജനതാദള്‍), എച്ച്.ഡി ദേവഗൗഡ (ജെ.ഡി.എസ്), ഉമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്) പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദലിത് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയ നിരവധി നേതാക്കള്‍ പ്രതിപക്ഷ നിരയിലുണ്ട്. കൂടുതല്‍ പാര്‍ട്ടികളെ ഈ നിരയില്‍ ഉടന്‍ പ്രതീക്ഷിക്കാം. കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ സംഗമത്തില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ഡല്‍ഹിയിലും ആന്ധ്രയിലും നടക്കാന്‍ പോകുന്ന സംഗമത്തില്‍ കൂടുതല്‍ പാര്‍ട്ടികള്‍ അണിനിരക്കും.

തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കിയാണ് രാഹുല്‍ എ.ഐ.സി.സി അധ്യക്ഷനായത്. സീനിയര്‍ നേതാക്കളെയും യുവാക്കളെയും ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പുന:സംഘടിപ്പിച്ചു. അനുഭവസമ്പത്തിനേയും ചെറുപ്പത്തേയും കോര്‍ത്തിണക്കിയാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികളും പോഷക സംഘടനകളും പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തി ചലനോത്മകമാക്കി. സോഷ്യല്‍ മീഡിയയില്‍ അച്ചടക്കത്തോടെ വലിയ മുന്നേറ്റം കൈവരിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നേരിട്ടു ബന്ധപ്പെടുന്ന ശക്തി ഡിജിറ്റല്‍ പദ്ധതി വന്‍ വിജയമായി. കോണ്‍ഗ്രസ് വലിയ ആത്മവിശ്വാസവും പോരാട്ട വീര്യവും കൈവരിച്ചിരിക്കുന്നു.

രാഹുല്‍ ഗാന്ധി ജനങ്ങളില്‍ നിന്നോ, മീഡിയയില്‍ നിന്നോ ഒളിച്ചോടുന്നില്ല. മീഡിയയുടെ എല്ലാ ചോദ്യങ്ങളെയും അദ്ദേഹം പുഞ്ചിരിയോടെ നേരിടുന്നു. എല്ലാ വിഭാഗം ജനങ്ങളുമായും തുടര്‍ച്ചയായി സംവദിക്കുന്നു. ഭരണഘടനയേയും ഭരണഘടനാവകാശങ്ങളെയും ബഹുമാനിക്കുന്നു. എല്ലാവരേയും കേള്‍ക്കുന്നു. ട്രാന്‍സ്ജണ്ടറിനെ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാക്കിയ വിശാലമായ കാഴ്ചപ്പാട്. സമകാലിക ഇന്ത്യയുടെ സമസ്യകള്‍ക്ക് രാഹുല്‍ ഗാന്ധിയാണ് ഉത്തരം. ഇനി രാജ്യത്തെ രാഹുല്‍ നയിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending