ആള്‍ദൈവങ്ങളുടെ വിശ്വാസ വ്യാപാരം-ഡോ. രാംപുനിയാനി

ആഢംബര സ്വാമി ഗുര്‍മീത് റാം റഹീമിന്റെ അറസ്റ്റ് ചെറിയ ഭൂമി കുലുക്കമാണ് പ്രദേശത്ത് സൃഷ്ടിച്ചത്. ആള്‍ദൈവവും രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും തമ്മിലുള്ള കൂട്ടുകെട്ടാണ് അതിന്റെ മുഴുവന്‍ എപ്പിസോഡും കാണിക്കുന്നത്. ഗുര്‍മീതിനെ ശിക്ഷിച്ചതിലൂടെ നേരും നെറിയുമുള്ള ഏതാനും വ്യക്തിത്വങ്ങളും സത്യസന്ധമായ നീതിന്യായ വ്യവസ്ഥയും ഇപ്പോഴും നമ്മോടൊപ്പമുണ്ടെന്ന തോന്നല്‍ നമുക്ക് നല്‍കുന്നു. രാഷ്ട്രീയത്തിലും ബിസിനസിലും സാമൂഹ്യ കാര്യങ്ങളിലും മതത്തിന്റെ ആധിപത്യം നിലവിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിലെ പ്രധാന സവിശേഷതയാണ്. അഹങ്കാരികളായ ആള്‍ദൈവങ്ങള്‍ നിയമങ്ങള്‍ നിഷേധിക്കുന്നതിനു ഇന്ത്യ സാക്ഷ്യം വഹിക്കുന്ന സാഹചര്യമാണ് പലപ്പോഴുമുള്ളത്. ആത്മീയ പരിവേഷം കാരണം അവരുടെ നിയമലംഘനങ്ങള്‍ അവഗണിക്കുകയും അവരെ വേണ്ട വിധത്തില്‍ പരിഗണിക്കുകയും ചെയ്യുന്നു. വിധിന്യായ ദിവസത്തിനു മുമ്പു പോലും ബാബയുടെ അനുയായികള്‍ പാഞ്ച്കുലയിലേക്ക് വന്നുകൊണ്ടിരുന്നു. വോട്ട് ബാങ്കില്‍ കണ്ണുനട്ട സംസ്ഥാന ഭരണാധികാരി ബി.ജെ.പിയുടെ മനോഹര്‍ ലാല്‍ ഖട്ടര്‍ അവരെ ഒത്തുകൂടാന്‍ സഹായിക്കുകയായിരുന്നു. ബാബയുടെ ഹെഡ്ഓഫീസ് സിര്‍സയിലാണെങ്കിലും വന്‍തോതില്‍ ഭക്തര്‍ (അതില്‍ അധിക പേരും ആയുധമേന്തിയവരായിരുന്നു) വിവിധ വഴികളിലൂടെ പാഞ്ച്കുലയില്‍ ഒത്തുകൂടിയിരുന്നു. കോടതി ശക്തമായി ശാസിക്കുകകൂടി ചെയ്തതോടെ ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ണമായും പതറി. വന്‍ തോതിലുള്ള അക്രമങ്ങള്‍ക്ക് അറുതിയായെങ്കിലും വിധിക്കു ശേഷവും കലാപം തുടര്‍ന്നു. 36 പേരാണ് സംഭവത്തില്‍ മരിച്ചുവീണത്.

ദീര്‍ഘകാലമായി ഗുര്‍മീതിന്റെ കേസ് കോടതിയില്‍ കെട്ടിക്കിടക്കുകയായിരുന്നു. ബാബയുടെ ക്രൂരകൃത്യങ്ങള്‍ പ്രസിദ്ധീകരിച്ച ഒരു മാധ്യമ പ്രവര്‍ത്തകന്‍ നേരത്തെ കൊല്ലപ്പെട്ടിരുന്നു. കൊടിയ പീഢനങ്ങള്‍ അനുഭവിച്ച കാലത്ത് രണ്ട് സന്യാസിനികള്‍ ബാബക്കെതിരെ തെളിവു നല്‍കുന്നതില്‍ പാറ പോലെ ഉറച്ചുനിന്നിരുന്നു. എന്നാല്‍ അവരുടെ കുടുംബാംഗങ്ങളും നല്ല ശമര്യക്കാരും സദയം അവരെ പിന്തിരിപ്പിച്ചു. ബാബയുടെ വലിപ്പവും അദ്ദേഹത്തെ തീറ്റിപ്പോറ്റുന്ന രാഷ്ട്രീയക്കാരെയും കണ്ട് അയാള്‍ ചെയ്ത വൃത്തികെട്ട പ്രവൃത്തികളുടെ തെളിവു നല്‍കുന്നതില്‍ നിന്ന് അവര്‍ പിന്തിരിയുകയായിരുന്നു. ബി.ജെ.പി മാത്രമായിരുന്നില്ല, നേരത്തെ പ്രാദേശിക പാര്‍ട്ടികളും അയാളെ നല്ലൊരു വോട്ട് ബാങ്കായാണ് കണക്കാക്കിയിരുന്നത്. ഇപ്പോഴും ബി.ജെ.പി അയാള്‍ക്കൊപ്പമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷവും മുഖ്യമന്ത്രിയും മന്ത്രിമാരും ഗുര്‍മീതിന്റെ ദേര സന്ദര്‍ശിച്ച് അദ്ദേഹത്തിന് നന്ദി അറിയിച്ചിരുന്നു. മന്ത്രിമാരിലൊരാള്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ 51 ലക്ഷം രൂപ സംഭാവന നല്‍കുകയുണ്ടായി. അറസ്റ്റിനു ശേഷം ബാബക്കൊപ്പം ഒരു സ്ത്രീ അനുഗമിക്കുന്നുണ്ടായിരുന്നു. അയാളുടെ ദത്തുപുത്രിയാണതെന്നായിരുന്നു അനുമാനം. ബലാത്സംഗ കേസില്‍ അനുകൂല വിധിയുണ്ടാക്കുന്നതിന് ബി.ജെ.പിയും ബാബയും തമ്മില്‍ കരാറുണ്ടായിരുന്നുവെന്നാണ് ബി.ജെ.പി വിശ്വാസ വഞ്ചന കാണിച്ചതായി ആ സ്ത്രീ കുറ്റപ്പെടുത്തിയതില്‍ നിന്ന് വ്യക്തമാകുന്നത്. മുഖ്യധാരാ മാധ്യമങ്ങളൊന്നും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതാണ് ഇപ്പോള്‍ ഭൂരിഭാഗം ആളുകളും ഇത് അറിയാന്‍ കാരണം.
ഗുര്‍മീതിന് 20 വര്‍ഷം തടവ് ശിക്ഷ ലഭിച്ചുവെന്ന കോടതി വിധിയുടെ അനന്തര ഫലം വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി ടീറ്റ് ചെയ്തില്ല എന്നതാണ്. യഥാര്‍ത്ഥ കുറ്റവാളിയെ പറയാതെ മുഴുവന്‍ അഴിമതിക്കും കുറ്റകൃത്യങ്ങള്‍ക്കും പിന്നിലുള്ള അക്രമത്തെ പൊതുവായി അപലപിക്കുന്ന സമീപനമാണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്.
ഗുര്‍മീത് ഒരു വര്‍ണാഭ പ്രതീകമാണ്. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കുറ്റാരോപിതനാകുന്ന ആദ്യത്തെയാളൊന്നുമല്ല ഗുര്‍മീത്. ആശാറാം ബാപു, അദ്ദേഹത്തിന്റെ മകന്‍ നാരായണ്‍ സായ്, രാംപാല്‍, സ്വാമി നിത്യാനന്ദ… അങ്ങനെ പലരുമുണ്ട്. പല സ്വാമിമാരും സന്യാസിനികളോട് പ്രത്യക്ഷമായി തന്നെ അതിക്രമം കാണിക്കുന്നുണ്ട്. മതത്തിന്റെയും ഗോപികമാരുമാരുടെയുമെല്ലാം പേരില്‍ പ്രലോഭിപ്പിക്കുമ്പോള്‍ സേവികമാരും ഭക്തരായ സ്ത്രീകളും നിസ്സഹായരാവുകയാണ്. ഇപ്പോഴും, ഉപരിതലത്തില്‍ വരുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്ന് തോന്നുന്നു. ഗുരുക്കന്മാരുടെ ദിവ്യശക്തികളുടെ പരിധിയില്‍ എന്താണ് സംഭവിക്കുന്നത്. ബാബയും സ്വാമിമാരുമെല്ലാം ഊഹിച്ചെടുക്കേണ്ട കാര്യങ്ങളാണ്. മിക്കവരും ഗുഹകളിലും കുടില്‍ത്താവളങ്ങളിലുമാണ് വസിക്കുന്നത്. അവിടെ സ്ത്രീ ഭക്തര്‍ക്കു മാത്രമായി ഭദ്രമായ കാവല്‍ ഏര്‍പ്പെടുത്തിയ കേന്ദ്രങ്ങളുണ്ടാകും. തീര്‍ച്ചയായും ബാബയുടെ ലോകം പാണ്ഡോറയുടെ പെട്ടിപോലെയാണ്. പുറം ലോകത്തു നിന്ന് അവിടെയെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. പുതിയ ജനുസില്‍പെട്ട ഈ വിശുദ്ധ പുരുഷന്‍ വന്‍തോതിലുള്ള അദ്ദേഹത്തിന്റെ സമ്പത്ത് രാഷ്ട്രീയക്കാരുടെ പരിലാളനയാല്‍ സംരക്ഷിച്ചിരിക്കുകയാണ്. കെണിയിലൂടെയോ വക്ര ബുദ്ധിയോടെയോ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്കാണ് ഇത്തരക്കാരുടെ അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളുമെന്നത് സ്ഥിരമായി അരങ്ങേറുന്ന ബിസിനസാണ്.
കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി ഇന്ത്യന്‍ സമൂഹം നിരവധി പ്രധാന പരിവര്‍ത്തനങ്ങള്‍ക്കിടയായിട്ടുണ്ട്. വിശുദ്ധന്മാരുടെ മഹത്തായ പാരമ്പര്യമുണ്ടായിരുന്നു നമുക്ക്. കബീര്‍, നിസാമുദ്ദീന്‍ ഔലിയ തുടങ്ങിയവര്‍ ഉദാഹരണം. ഇപ്പോഴത്തെ പട്ടിക അത്തരത്തിലല്ല, അവര്‍ ആത്മീയത ബിസിനസിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ദുഷിച്ചതിന്റെ അരക്ഷിതത്വം ചൂഷണം ചെയ്യുകയാണ്. മതത്തെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ക്ക് നിരവധി വശങ്ങളുണ്ട്. അത് മനുഷ്യ സമൂഹത്തില്‍ ധാര്‍മ്മികത വളര്‍ത്തുന്നുവെന്നതാണ് അതിലൊന്ന്. ജനങ്ങളുടെ ഉത്കണ്ഠകള്‍ക്ക് വികാരപരമായ പിന്തുണ നല്‍കുന്നതിന് ആചാരങ്ങളും വിശ്വാസങ്ങളും പ്രധാന പങ്ക് വഹിക്കുന്നുവെന്നതാണ് മറ്റൊന്ന്. ഇത്തരത്തിലുള്ള ഉത്കണ്ഠകള്‍ ആളുകളെ ഇത്തരം ദര്‍ഗകളിലേക്കോ ആശ്രമങ്ങളിലേക്കോ കൊണ്ടു ചെന്നെത്തിക്കുന്നു. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ഇത്തരം കേന്ദ്രങ്ങള്‍ ഡസന്‍ കണക്കിനാണ് മുളച്ചുപൊന്തിയത്. വളര്‍ന്നുവരുന്ന അരക്ഷിതാവസ്ഥയും ജീവിതത്തില്‍ സ്ഥിരതക്കായുള്ള വാഞ്ഛയും തമ്മിലുള്ള പരസ്പര ബന്ധം ജനങ്ങളെ ഇത്തരം വക്ര ബുദ്ധിമാന്മാരുടെ അടുക്കലേക്കെത്തിക്കുന്നു. ഒരു പക്ഷേ വിദ്യാഭ്യാസപരമായി പിന്നാക്കമായിരിക്കാമെങ്കിലും സാധാരണക്കാരന്റെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിലൂടെ എങ്ങനെ ആത്മീയ പരിവേശം കൈവരുത്താന്‍ കഴിയുമെന്നതില്‍ അവര്‍ക്ക് സമര്‍ത്ഥമായ സാമൂഹ്യ ബുദ്ധിയുണ്ടാകും.
യമുനാ തീരത്തെ ദുര്‍ബലമായ പാരിസ്ഥിതിക സന്തുലിതാവസ്ഥ നശിപ്പിക്കുന്ന അപക്വമായ ഉപദേശങ്ങള്‍ നല്‍കുന്ന ശ്രീശ്രീ രവിശങ്കറിനെ പോലുള്ള സങ്കീര്‍ണമായ പതിപ്പുകളുമുണ്ട്. ബുദ്ധിമാനായ സംരംഭകന്‍ രാംദേവിനെ പോലുള്ളവര്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാന്‍ സര്‍ക്കാറിനെ തന്നെ പങ്കാളിയാക്കിയവരാണ്. ലൗകികമായി സമാധാനം തേടുന്ന ശരാശരി വ്യക്തിയെ ആകര്‍ഷിക്കുന്ന ആത്മീയ ഭാഷാ രീതിയില്‍ സംസാരിച്ച് വ്യത്യസ്ത വസ്ത്രങ്ങളിലാണ് അവര്‍ വരുന്നത്. ചില പ്രത്യേക ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സ്വത്വ പ്രശ്‌നങ്ങളുടെ രാഷ്ട്രീയ കൂട്ടുകെട്ടും ആളുകളെ ആകര്‍ഷിക്കുന്ന ഇത്തരം ആള്‍ദൈവങ്ങളും അപകടകരമായ മിശ്രിതമാണ്. ഇത് നൂറുകണക്കിന് ബാബമാരെ നെയ്‌തെടുക്കുക മാത്രമല്ല, രാംപാല്‍ അല്ലെങ്കില്‍ റാം റഹീമിനെ പോലെ സമൂഹത്തില്‍ അക്രമങ്ങള്‍ക്കുള്ള സാധ്യതകളുമാണ് കണക്കിലെടുക്കേണ്ടത്. ഇത്തരം ആള്‍ദൈവങ്ങളുടെ ചുറ്റുമുള്ള ഹിസ്റ്റീരിയ ബാധിച്ച ആള്‍ക്കൂട്ടങ്ങളും ബാബയുടെ വിളിയില്‍ കലാപം വിതയ്ക്കുന്ന അനുയായികളും വിശ്വാസത്തിന്റെ സംസ്‌കരണമാണോ എന്നതാണ് ആഴമേറിയ ചോദ്യം.