Connect with us

Video Stories

ഗോ വധവും പാര്‍ട്ടിയുടെ തള്ളും

Published

on

ശാരി പിവി

കുറ്റാരോപിതനായ ആളുടെ ഇമേജ് നന്നാക്കാന്‍ സിംപതി മേമ്പൊടിയാക്കി വാരി വിതറുന്ന പി.ആര്‍ പണി മുതല്‍, ആക്രമണം വരെ ക്വട്ടേഷന്‍ നല്‍കുന്നതാണല്ലോ നമ്മുടെ നാട്ടില്‍ മാധ്യമ കേസരികള്‍ മുതല്‍ സമൂഹ മാധ്യമമെന്ന പൊതു കക്കൂസ് ചുമരിന് തുല്യമായ എന്തും ഏതും വാരി ഒട്ടിക്കുന്ന ഇടങ്ങളില്‍ വരെ പ്രധാന ചര്‍ച്ച. എന്നാല്‍ ഈ അന്തിച്ചര്‍ച്ചക്കാര്‍ക്കും …..ആ ഏട്ടന്‍ പാവമാണെന്ന് പറഞ്ഞ് സിംപതി വാരി വിതറുന്നവര്‍ക്കും നാടായ നാടു മുഴുവന്‍ പശുവിന്റെ പേരില്‍ ചില സമുദായങ്ങളില്‍ പെട്ടവരെ തെരഞ്ഞിട്ട് പിടിച്ച് ചവുട്ടിക്കൂട്ടി കാലപുരിയിലേക്ക് അയക്കുന്നത് അത്ര വലിയ പ്രശ്‌നമൊന്നുമല്ല താനും. എങ്കിലും ഇതില്‍ അല്‍ഭുതം കാണാന്‍ ഒഴിവില്ലാത്തവര്‍ ഇവിടെ പ്രമുഖ നടന്റെ പീഡനവും പൂരപ്പാട്ടു പരുവത്തിലെ ചര്‍ച്ചകളും അപസര്‍പ്പകഥകളെ വെല്ലുന്ന ഗൂഡാലോചന തിയറിയുമൊക്കെയായി അഡ്ജസ്റ്റ് ചെയ്യുക തന്നെ.
പക്ഷേ രാജ്യ തലസ്ഥാനത്ത് കോടതി വിധി പ്രസ്താവം നടത്തവെ നാട്ടില്‍ പശുവിനെ കൊന്നാല്‍ 14 വര്‍ഷം തടവും മനുഷ്യനെ കൊന്നാല്‍ രണ്ടു വര്‍ഷവുമെന്ന ജഡ്ജി നടത്തിയ നിരീക്ഷണം അരിയാഹാരം കഴിക്കുന്നവര്‍ കേള്‍ക്കേണ്ടതു തന്നെയാണ്. മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ വ്യവസായിയുടെ മകന് ശിക്ഷ വിധിക്കവെയാണ് ഡല്‍ഹി ജഡ്ജി സഞ്ചീവ് കുമാര്‍ ഇക്കാര്യം ആശ്ചര്യപൂര്‍വം പറഞ്ഞത്. പശുവിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് മനുഷ്യജീവനെടുക്കുന്നവരെക്കാള്‍ വലിയ ശിക്ഷയാണ് ലഭിക്കുന്നതെന്ന് വിധിപ്രസ്താവത്തില്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷം തടവാണ് പശുവിനെ കൊന്നതിന് ശിക്ഷയായി ചില സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതെങ്കില്‍, ഏഴ് വര്‍ഷവും, പതിനാല് വര്‍ഷവും മറ്റ് ചില സംസ്ഥാനങ്ങളില്‍ ശിക്ഷയായി നല്‍കുന്നു. പക്ഷെ അശ്രദ്ധയോടെ വണ്ടിയോടിച്ച് ഒരാളുടെ ജീവന്‍ എടുത്താല്‍ കിട്ടാവുന്ന ശിക്ഷ രണ്ട് വര്‍ഷമാണ്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഞ്ചീവ് കുമാര്‍ വിധിയില്‍ പറയുന്നു. ഗോ മാതാവിന്റെ പേരില്‍ രാജ്യത്തുടനീളം ന്യൂനപക്ഷങ്ങളെ തെര്യൂഞ്ഞിട്ട് ആക്രമിക്കുന്നത് പതിവ് കലാപരിപാടിയായിരിക്കുന്ന സന്ദര്‍ഭത്തില്‍ കൂടിയാണ് ജഡ്ജിയുടെ ഈ നിരീക്ഷണമെന്നത് പ്രസക്തവുമാണ്. ഗോ സംരക്ഷണത്തിന്റെ മൊത്തക്കച്ചവടക്കാരായ സംഘികള്‍ക്ക് കടലേതാണ് കടല ഏതാണെന്ന് തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയാണിപ്പോള്‍. മുസ്്‌ലിംകളെ പ്രീതിപ്പെടുത്താനായി ആരംഭിച്ച താമരക്കാരുടെ ന്യൂനപക്ഷ സെല്ലിന്റെ ഭാരവാഹികള്‍ക്കു പോലും രക്ഷയില്ലാതായിരിക്കുകയാണിപ്പോള്‍.
രാജ്യസ്‌നേഹത്തിന്റെ അപ്പോസ്തലന്‍മാരായ സംഘികളുടെ ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്പൂരില്‍ നിന്നുതന്നെയാണ് ന്യൂനപക്ഷ സെല്‍ താലൂക്ക് സെക്രട്ടറിക്ക് ചൂടോടെ മര്‍ദ്ദനം കിട്ടിയത്. ആട്ടിറച്ചി വാങ്ങി വണ്ടിയില്‍ പോയ മോര്‍ച്ചക്കാരനെ ബാക്കി മോര്‍ച്ചക്കാര്‍ ചേര്‍ന്ന് ചെറുതായൊന്നു തടവിയാണ് സംഘടനാ സ്‌നേഹം പ്രകടമാക്കിയത്. ഇതിനു പിന്നാലെ യു.പിയില്‍ തീവണ്ടിയില്‍ കവര്‍ച്ചക്കെത്തിയ കള്ളന്‍മാരെ തടഞ്ഞ കുടുംബത്തിനും ജനക്കൂട്ടം വക മര്‍ദ്ദനം. കാരണം സിംപിള്‍ ന്യൂനപക്ഷ വിഭാഗക്കാരാണ്. അപ്പോള്‍ പിന്നെ കള്ളന്‍മാരോടൊപ്പം നിന്നിട്ടാണേലും തങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യണമല്ലോ.
…………………………………………
വീണിടം വിഷ്ണു ലോകമാക്കാന്‍ സി.പി.എമ്മിനോളം കഴിവുള്ള പാര്‍ട്ടികള്‍ ഉണ്ടാകുമോ എന്ന് സംശയമാണ്. നടിയെ ആക്രമിച്ച കേസില്‍ ‘പ്രമുഖ’ നടനെ ഗൂഡാലോചന കേസില്‍ പൊലീസ് പിടികൂടിയതിനു പിന്നാലെ സര്‍വ ക്രെഡിറ്റും നുമ്മക്കെന്ന വാദവുമായി പാര്‍ട്ടി സെക്രട്ടറി തന്നെ രംഗത്തെത്തി. നടന്‍ ദിലീപിന് ‘വെല്‍കം ടു സബ് ജയില്‍’ പറഞ്ഞ സര്‍ക്കാരാണ് കേരളത്തിലേതെന്നാണ് ടിയാന്റെ അവകാശ വാദം. ഇതു കേട്ടാല്‍ തോന്നും കേരളത്തിലെ ജനം ആകെ നേരിടുന്ന പ്രശ്‌നം ഇതുമാത്രമായിരുന്നെന്ന്. ജി.എസ്.ടിയില്‍ ജനം നട്ടം തിരിയുമ്പോഴും പനിമരണം ദിനം പ്രതി വര്‍ധിക്കുമ്പോഴും നഴ്‌സുമാരുടെ സമരം നേരിടാന്‍ പിള്ളാരെ ആസ്പത്രിയിലിറക്കുമെന്ന് പറയുന്ന സര്‍ക്കാറാണിതെന്ന് പാര്‍ട്ടി സെക്രട്ടറി സൗകര്യപൂര്‍വം മറക്കുന്നു. കയറു പിരി ശാസ്ത്രജ്ഞനായ മന്ത്രി കോഴിക്ക് 87 രൂപ ബോര്‍ഡും തൂക്കി പോയിട്ട് നാളുകുറച്ചായി പക്ഷേ ഇപ്പോ കോഴിയെ കിട്ടണമെങ്കില്‍ തൂക്കു കൂലി, അറവ് കൂലി വെട്ടു കൂലി തുടങ്ങി എണ്ണമറ്റ കൂലികള്‍ വേറെയും കൊടുക്കണമെന്ന് മാത്രം. എന്നാലും വേണ്ടില്ല ദിലീപിന്റെ അറസ്റ്റ് സര്‍ക്കാറിന്റെ യശസ് ഉയര്‍ത്തിയെന്നാണ് സെക്രട്ടറി അവകാശപ്പെടുന്നത്. നടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കരുതലോടെയുള്ളതായിരുന്നത്രേ!. ഈ കരുതലിന്റെ അടിസ്ഥാനത്തിലാണു പോലും കേരളാ പൊലീസിന് തെളിവുകള്‍ കണ്ടെത്താന്‍ സഹായകരമായത്. തള്ളുകയാണെങ്കില്‍ ഇങ്ങനെ തള്ളണം. അത് കൊടിയേരിക്കു മാത്രമേ പറ്റൂ. ഇനി ഈ കരുതല്‍ കേട്ടിട്ടാണ് നടന്‍ തന്നെ തട്ടിക്കൂട്ടിയ നിര്‍മാതാക്കളുടെ സംഘടനയും ഫെഫ്ക, മാക്ട, അമ്മ തുടങ്ങിയ സംഘടനകള്‍ നടനെ പിരിച്ചു വിട്ടതെന്നു കൂടി കാച്ചാമായിരുന്നു. എന്തോ അത് മിസ്സായിപ്പോയി. സ്ത്രീ സംരക്ഷണത്തിനാണ് ഇടതു സര്‍ക്കാറിന്റെ മുന്‍ഗണനയത്രേ. യു.ഡി.എഫ് കാലത്ത് സ്ത്രീ വിഷയങ്ങളില്‍ അലംഭാവം കാട്ടി. ഇടതു സര്‍ക്കാര്‍ സ്ത്രീ സംരക്ഷണത്തിന് സുപ്രധാന നടപടികള്‍ സ്വീകരിച്ചതായും ടിയാന്‍ അഭിമാനം കൊള്ളുന്നു. പക്ഷേ പ്രമുഖ നടനെ പിടിച്ചുവെന്ന് വങ്കത്തം പറയുമ്പോഴും നടി പീഡിപ്പിക്കപ്പെട്ടതും ഇതേ സര്‍ക്കാറിന്റെ കാലത്തു തന്നെയാണെന്നത് സൗകര്യ പൂര്‍വം അങ്ങു മുക്കുന്നു. അതാണല്ലോ അതിന്റെ ഒരിത്. മാത്രമല്ല. ഇപ്പോ ഗൂഡാലോചന ആരോപിച്ച് അകത്തായ ദിലീപിനെ പിന്തുണച്ച് ആദ്യം രംഗത്തു വന്നിരുന്നത് രണ്ട് ഇടത് എം.എല്‍.എമാരും ഒരു എം.പിയുമായിരുന്നു. അതും അങ്ങ് വിസ്മരിക്കുന്നു. നടന്‍ ഗൂഡാലോചന കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. ശിക്ഷിക്കപ്പെടുന്നത് വരെ നിരപരാധിയാണെന്നുള്ള നിയമസങ്കല്‍പ്പത്തെ പാടെ തള്ളിക്കളയുന്ന തരത്തിലാണ് ഇപ്പോള്‍ അന്തിച്ചര്‍ച്ചകളും കഥകളും ഇതു കേട്ടാണ് ഈ തള്ളല്‍. എന്നാലും തള്ളാന്‍ കിട്ടുന്ന അവസരമല്ലേ തള്ളിയല്ലേ പറ്റൂ. കേസന്വേഷണം ഒരു മഹാസംഭവമാക്കി മാറ്റിക്കൊണ്ട് പരാജയപ്പെട്ട ഒരു ഭരണകൂടത്തിന്റെയും വ്യവസ്ഥയുടെയും പൊള്ളത്തരം മറക്കാനുള്ള പരവേശമാണ് ഇപ്പോള്‍ കാണുന്നതെന്ന് മാത്രം.

ലാസ്റ്റ്‌ലീഫ്:
ജ്യോത്സ്യന്‍മാര്‍ക്ക് രോഗികളെ ചികിത്സിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാറിന്റെ അനുമതി. ഭരണകൂട രോഗത്തിന് കൂടി ചികിത്സ ലഭ്യമാക്കിയാല്‍ മതിയായിരുന്നു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending