Connect with us

Video Stories

നിയമം മോദിക്കും മുകളിലാണ്

Published

on

പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പില്‍ നാലു ഘട്ടങ്ങളിലായി രാജ്യത്തെ 70 ശതമാനം വോട്ടര്‍മാരും ഇതിനകം അവരുടെ സമ്മതിദാനം രേഖപ്പെടുത്തിക്കഴിഞ്ഞു. മെയ് 6, 12, 19 ഘട്ടങ്ങളിലായി 169 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് അവശേഷിക്കുന്നത്. ഇതാകട്ടെ യു.പിയിലടക്കം ബി.ജെ.പിയെ സംബന്ധിച്ച് നിര്‍ണായകമാണ്. എന്നാല്‍ ഇതിനകംതന്നെ സാമുദായിക ധ്രുവീകരണത്തിലൂടെ പരമാവധി വോട്ടു തട്ടാമെന്ന നിലപാടാണ് ബി.ജെ.പിയും സംഘ്പരിവാരവും സ്വീകരിച്ചുവരുന്നത്. വിദ്വേഷ പ്രസംഗങ്ങളിലൂടെ അവരുടെ ഈ കുതന്ത്രത്തിന് നേതൃത്വം നല്‍കിയത് നിര്‍ഭാഗ്യവശാല്‍ നാടിന്റെ പ്രധാനമന്ത്രിയും ഭരണപ്പാര്‍ട്ടിയുടെ അഖിലേന്ത്യാഅധ്യക്ഷനുമാണ്. ഇതിനെതിരായ അതിശക്തമായ പ്രഹരമാണ് ഇന്നലെ രാജ്യത്തിന്റെ ഉന്നതനീതിപീഠം ഇരു നേതാക്കള്‍ക്കും എതിരായി നടത്തിയിരിക്കുന്ന പരാമര്‍ശം. ഇരു നേതാക്കള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ മടിച്ചിരുന്ന തെരഞ്ഞെടുപ്പു കമ്മീഷനെതിരെ കൂടിയാണ് കോടതി ചാട്ടവാറെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിക്കും അമിത്ഷാക്കുമെതിരെ ഒന്‍പത് പരാതികളില്‍ വരുന്നതിങ്കളാഴ്ചക്കകം നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്.
കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ ഇന്നലത്തെ അസാധാരണമായ പരാമര്‍ശം. മോദിയും അമിത്ഷായും നിരന്തരമായി മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചിട്ടും തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്നും 24 മണിക്കൂറിനകം ഇതിന് ഉത്തരവിടണമെന്നുമായിരുന്നു കോണ്‍ഗ്രസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. തിങ്കളാഴ്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച കോടതിയില്‍ പാര്‍ട്ടി അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വിയില്‍നിന്ന് ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വാദം കേള്‍ക്കുകയും തുടര്‍ന്ന് ഇന്നലെ ഇരുവര്‍ക്കുമെതിരെ തീരുമാനത്തിന് ശിപാര്‍ശ ചെയ്യുകയുമായിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷന്‍ മറ്റു നേതാക്കള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമെതിരെ നടപടിയെടുത്തെങ്കിലും, പ്രധാനമന്ത്രിയും ഭരണകക്ഷി അധ്യക്ഷനും എന്ന നിലക്ക് മോദിക്കും ഷാക്കുമെതിരെ നടപടിയെടുക്കാന്‍ കമ്മീഷന്‍ മടിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി. കമ്മീഷന്റെ മുന്നറിയിപ്പുണ്ടായിട്ടും സായുധ സേനകളെപ്പറ്റിയുള്ള പരാമര്‍ശങ്ങളിലൂടെയും വിദ്വേഷപ്രസംഗങ്ങളിലൂടെയും ഇരു നേതാക്കളും തുടര്‍ച്ചയായി തെരഞ്ഞെടുപ്പു ചട്ടം ലംഘിക്കുകയാണെന്ന് കോണ്‍ഗ്രസ് എം.പി സുഷ്മിതദേവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. ആരോപണങ്ങള്‍ ശരിവെക്കുന്ന രീതിയില്‍ തന്നെയായിരുന്നു കഴിഞ്ഞദിനങ്ങളിലെ കമ്മീഷന്റെ നിലപാടുകളെല്ലാം. കോണ്‍ഗ്രസ് നല്‍കിയ പതിനൊന്നില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് കമ്മീഷന്‍ ഇതിനകം തീര്‍പ്പുകല്‍പിച്ചത്; രണ്ടിലും ഇരുവരും കുറ്റക്കാരല്ലെന്നും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് ലോക്‌സഭാമണ്ഡലത്തില്‍ മല്‍സരിക്കാന്‍ ചെന്നതിനെതിരെ ന്യൂനപക്ഷങ്ങളുടെ മണ്ഡലത്തിലേക്ക് രാഹുല്‍ ഒളിച്ചോടി എന്ന പദവിക്ക് നിരക്കാത്ത പരാമര്‍ശമാണ് പ്രധാനമന്ത്രി നടത്തിയത്. രാജസ്ഥാനിലെ മറ്റൊരുപാര്‍ട്ടി പൊതുയോഗത്തില്‍ മോദി പറഞ്ഞത്, പുതിയ വോട്ടര്‍മാര്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യേണ്ടത് ബാലക്കോട്ടില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് പ്രത്യുപകരാമായായിട്ടാവണമെന്നായിരുന്നു. അമിത്ഷായും സമാനരീതിയില്‍ രാഹുല്‍ഗാന്ധിക്കെതിരെയും രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും പരസ്യമായി വിദ്വേഷ പ്രസംഗം നടത്തുകയുണ്ടായി. 1951ലെ ജനപ്രാതിനിധ്യ നിയമവും 61ലെ പൊതുപെരുമാറ്റച്ചട്ടവും ഇരുവരും ലംഘിച്ചു. 14, 21 (തുല്യത, ജീവിക്കാനുള്ള അവകാശം) എന്നീ വകുപ്പുകളുടെ ലംഘനമുണ്ടായെന്നും കോണ്‍ഗ്രസ് പരാതിപ്പെട്ടു. വളരെ മുമ്പുതന്നെ തെരഞ്ഞെടുപ്പു കമ്മീഷന് നല്‍കിയ പരാതികളെല്ലാം മോദിയെ ഭയന്നും പ്രീണിപ്പെടുത്തിയും അട്ടത്ത് വെച്ചിരിക്കുകയായിരുന്നു കമ്മീഷന്‍. സി.പി.എം അടക്കമുള്ള കക്ഷികളും മോദിക്കും ഷാക്കുമെതിരെ സമാനമായ പരാതികള്‍ നല്‍കിയെങ്കിലും ഒരു ഘട്ടത്തില്‍ അവയൊന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍പോലും ഉണ്ടായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് അവ വീണ്ടും പ്രത്യക്ഷപ്പെട്ടത്. സാങ്കേതികത്തകരാര്‍മൂലമാണ് പരാതികള്‍ കാണാതായതെന്നായിരുന്നു കമ്മീഷന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇന്നലെ കോടതിയുടെ ചോദ്യങ്ങള്‍ക്ക് കമ്മീഷന്‍ അഭിഭാഷകന്‍ ഉരുണ്ടുകളിക്കുകയായിരുന്നു. തങ്ങള്‍ ഓരോ പരാതികളെക്കുറിച്ചും ഓരോ യോഗം ചേര്‍ന്ന് പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ഇത് തീര്‍ത്തും പരിഹാസ്യവുമായി. വിദ്വേഷ പ്രസംഗത്തിന് ബി.ജെ.പിയുടെ ഗുജറാത്ത് അധ്യക്ഷന്‍ ജിത്തുഭായ് വേഗാനിക്ക് കഴിഞ്ഞ ദിവസം മെയ് രണ്ടുമുതല്‍ 72 മണിക്കൂര്‍ വിലക്ക് കമ്മീഷന്‍ ഏര്‍പ്പെടുത്തുകയുണ്ടായി. ഗുജറാത്തിലെ തെരഞ്ഞെടുപ്പെല്ലാം ഏപ്രില്‍ 23ന് കഴിഞ്ഞെന്ന് അറിയുമ്പോഴാണ് കമ്മീഷന്റെ കള്ളത്തരം മറനീക്കി വരിക. ബി.എസ്.പി നേതാവ് മായാവതി, യു.പി മുഖ്യമമന്ത്രി യോഗി ആദിത്യനാഥ്, ഭോപ്പാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുപ്രസിദ്ധ മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞാസിംഗ്താക്കൂര്‍ തുടങ്ങിയവര്‍ക്കെതിരെ പ്രചാരണത്തില്‍നിന്ന് 48 മണിക്കൂര്‍ മുതല്‍ 72 മണിക്കൂര്‍വരെ വിട്ടുനില്‍ക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത് ഏറെ ശ്ലാഘിക്കപ്പെട്ടതാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെയും ബി.ജെ.പി അധ്യക്ഷന്റെയും കാര്യത്തോടടുത്തപ്പോള്‍ കമ്മീഷന്റെ മുട്ടുവിറയ്ക്കുന്നത് ഭരണഘടനാപരമായ ഒരു സ്ഥാപനത്തിന്റെ അധികാരത്തിനും കീര്‍ത്തിക്കും പാരമ്പര്യത്തിനും ഒട്ടും അനുഗുണമായില്ല. ഇതിനെതിരായാണ് കമ്മീഷനെതിരെ വാളുമായി സുപ്രീംകോടതിക്ക് രംഗത്തിറങ്ങേണ്ടിവന്നിരിക്കുന്നത്.
സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയെ പോലുള്ളൊരു മഹത്തായ ജനാധിപത്യ രാജ്യത്ത് അനിവാര്യമാണെന്നിരിക്കെ ഇവിടെയുണ്ടായ ഉന്നത അധികാര സ്ഥാനങ്ങളിലുള്ളവരുടെ അഭൂതപൂര്‍വമായ നിലപാടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ മുള്‍മുനയില്‍നിര്‍ത്തുന്നതായി. നിയമത്തിനുമുന്നില്‍ പ്രധാനമന്ത്രിയെന്നോ സാദാ പൗരനെന്നോ യാതൊരു വ്യത്യാസവുമില്ല. നിയമം ഒരു മോദിക്കും കീഴെയാകരുത്. ഇരിക്കുന്ന പദവിയുടെ അന്തസ്സിനും പാരമ്പര്യത്തിനും അനുപൂരകമായി പ്രവര്‍ത്തിക്കാന്‍ തനിക്കാവില്ലെന്ന് ഇതിനകം നിരവധി നടപടികളിലൂടെയും വാക്കുകളിലൂടെയും തെളിയിച്ചിട്ടുള്ള വ്യക്തിയാണ് നമ്മുടെ സമകാല പ്രധാനമന്ത്രി. കൊലപാതകക്കേസില്‍ പ്രതിയായയാള്‍ ഭരണത്തെ നിയന്ത്രിക്കുന്നയാളും. ഇവരിരുവരില്‍നിന്ന് നീതി ലഭിക്കില്ലെന്ന് അറിയാമായിരുന്നിട്ടും കമ്മീഷന്‍ എന്തിന് ഇവരോട് പക്ഷപാതിത്വം കാട്ടിയെന്നതിനുള്ള മറുപടിയാണ് ഉന്നത കോടതിയുടെ ഇന്നലത്തെ വിധി. ബന്ധപ്പെട്ട എല്ലാവര്‍ക്കുമിതൊരു പാഠമാകട്ടെ.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending