Connect with us

Video Stories

കര്‍ണാടകമാണപ്പാ

Published

on

കര്‍ണാടകയില്‍ നിയമസഭാവോട്ടെടുപ്പ് കഴിഞ്ഞ ദിവസം തന്നെ ബി.എസ് യെദിയൂരപ്പ സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിച്ചത് കേട്ട് സിദ്ധരാമയ്യ പറഞ്ഞത് അയാള്‍ക്ക് ഭ്രാന്താണെന്നാണ്. ഏത് വിധേനയായാലും യെദിയൂരപ്പയാണ് ജയിച്ചത്. തോറ്റാലും ജയിപ്പിക്കാനുള്ള യന്ത്രം കൈവശമുള്ള അമിത്ഷാ എന്ന കോര്‍പറേറ്ററേക്കാള്‍ യെദിയൂരപ്പക്ക് വിശ്വാസം സ്വന്തം കഴിവില്‍ തന്നെ. കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്തുകള്‍ക്കിടയിലെ ഏറ്റവും പ്രബലനായ നേതാവ്. ഇതറിഞ്ഞായിരിക്കണമല്ലോ ലിംഗായത്തുകള്‍ക്കിടയില്‍ ഭിന്നതക്ക് ഇടം നല്‍കുന്ന ലിംഗായത്ത് കേസ് സിദ്ധരാമയ്യ എടുത്തു പയറ്റിയത്.
ബുകങ്കരെ സിദ്ധലിംഗപ്പ തന്റെ മകന് യെദിയൂരപ്പ എന്ന് പേരിട്ടത് തുങ്കൂരിലെ യെദിയൂരില്‍ പുതിയ ശൈവപ്രതിഷ്ഠ നടന്നതുമായി ബന്ധപ്പെട്ടാണ്. പതിനഞ്ചാമത്തെ വയസ്സില്‍ ആര്‍.എസ്.എസില്‍ ചേര്‍ന്ന യെദിയൂരപ്പ താഴെ തട്ടു മുതല്‍ ജനങ്ങള്‍ക്കൊപ്പം നിന്നാണ് കര്‍ണാടകത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവായി വളര്‍ന്നത്. 1970ല്‍ ശികാരിപൂരില്‍ ആര്‍.എസ്.എസ് കാര്യവാഹക് ആയ ഇദ്ദേഹം ജനസംഘം താലൂക്ക് പ്രസിഡന്റും ബി.ജെ.പി വന്നപ്പോള്‍ അതിന്റെ ജില്ലാ പ്രസിഡന്റും പിന്നീട് സംസ്ഥാന പ്രസിഡന്റുമായി. ശികാരിപൂര്‍ മുനിസിപ്പാലിറ്റി അംഗവും ചെയര്‍മാനുമായി തുടങ്ങിയ അധികാര പങ്കാളിത്തം മൂന്നാം തവണ മുഖ്യമന്ത്രി എന്നിടത്ത് നില്‍ക്കുന്നു. ഇതിനിടയില്‍ ബി.ജെ.പി നേതൃത്വവുമായി ഒന്നു പിണങ്ങിയത് ഇരുവര്‍ക്കും നഷ്ടമെന്ന് ബോധ്യപ്പെട്ടപ്പോള്‍ തിരിച്ചു ചെല്ലാനും ചെങ്കോലേന്താനും മടിച്ചില്ല.
1983 മുതല്‍ ശികാരിപൂരിലെ നിയമസഭാംഗമായ യെദിയൂരപ്പ 1999ല്‍ മാത്രം തോറ്റു. അന്നും അദ്ദേഹത്തെ വീട്ടിലിരുത്താതെ കര്‍ണാടക ഉപരിസഭയില്‍ അംഗമാക്കാതെ വയ്യായിരുന്നു പാര്‍ട്ടിക്ക്. അടിയന്തിരാവസ്ഥയില്‍ ബെല്ലാരി, ഷിമോഗ ജയിലുകളില്‍ കഴിയേണ്ടിവന്നുവെങ്കിലും പിന്നീട് അതിനിടയുണ്ടായത് മുഖ്യമന്ത്രിയായിരിക്കെ മക്കള്‍ക്കും മരുമക്കള്‍ക്കും കോടികള്‍ ലാഭമുണ്ടാക്കിക്കൊടുക്കുന്ന ഭൂമിയിടപാട് നടത്തിയതിനുള്ള പൊലീസ് നടപടിയെ തുടര്‍ന്നാണ്. ബെല്ലാരി ഖനന മാഫിയയെ സഹായിച്ചതിന് വേറെയും കേസുണ്ടായി. ഇന്നും ബെല്ലാരി മാഫിയ എന്തുവിലയും യെദിയൂരപ്പക്ക് വേണ്ടി ചെയ്യാന്‍ തയ്യാറാണ്. ബെല്ലാരി സംഘത്തില്‍ നിന്ന് കോണ്‍ഗ്രസിലെത്തി ജയിച്ച ആനന്ദ് സിങാണ് കൂറ് യെദിയൂരപ്പയോടാണെന്ന് ആദ്യം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിലെ ധരംസിങ് മുഖ്യമന്ത്രിയും ദേവഗൗഡ പുത്രന്‍ കുമാരസ്വാമി ഉപമുഖ്യമന്ത്രിയുമായി കോണ്‍ഗ്രസ്- ദള്‍ ഭരണം കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കെയാണ് ധരംസിങിനെ താഴെയിട്ട് കുമാരസ്വാമി ബി.ജെ.പിയുമായി ചേരാന്‍ തയ്യാറായത്. പ്രതിപക്ഷ നേതാവായിരുന്ന യെദിയൂരപ്പ ഉപമുഖ്യനും കുമാരസ്വാമി മുഖ്യനുമായി. സഖ്യകരാറു പ്രകാരം മുഖ്യമന്ത്രി സ്ഥാനം യെദിയൂരപ്പക്ക് കൈമാറേണ്ട 20 മാസം പിന്നിട്ടതോടെ കുമാരസ്വാമി സ്വരം മാറ്റി. അതോടെ കുമാരസ്വാമിക്ക് നല്‍കിയ പിന്തുണ ബി.ജെ.പി പിന്‍വലിക്കുകയും കര്‍ണാടക രാഷ്ട്രപതി ഭരണത്തിന് കീഴിലാകുകയും ചെയ്തു. ഇതിനിടെ കുമാരസ്വാമിക്ക് വീണ്ടും മനംമാറ്റം. യെദിയൂരപ്പ മുഖ്യമന്ത്രിയാക്കി. 2007 നവ. ഏഴിനായിരുന്നു സത്യപ്രതിജ്ഞ. മന്ത്രിമാരെ വീതംവെക്കുന്നത് സംബന്ധിച്ച തര്‍ക്കത്തില്‍ കുമാരസ്വാമി വീണ്ടും ഇടഞ്ഞതോടെ യെദിയൂരപ്പക്ക് രാജിവെക്കേണ്ടിവന്നു. 2008ല്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് കര്‍ണാടക പോയപ്പോള്‍ ശികാരിപുരയില്‍ യെദിയൂരപ്പയെ എതിരിട്ടത് എസ്. ബംഗാരപ്പയാണ്. കോണ്‍ഗ്രസും ദളും പിന്തുണച്ച ബംഗാരപ്പയെ 45000 വോട്ടിന് തോല്‍പിച്ച യെദിയൂരപ്പ ബി.ജെ.പിയെ ഒറ്റക്ക് അധികാരത്തില്‍ കൊണ്ടുവരികയുമുണ്ടായി. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ലക്ഷണമൊത്ത മുഖ്യമന്ത്രി. അങ്ങനെ പോകെയാണ് അഴിമതിക്കേസുകള്‍ വന്നലച്ചത്.
വ്യതിരിക്തമായ പാര്‍ട്ടിയെന്ന പ്രചാരണം ബി.ജെ.പി ആരംഭിച്ച ഘട്ടത്തിലായിരുന്നു മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെ അഴിമതിക്കേസ് ഉണ്ടായെന്നതിനാല്‍ കേന്ദ്ര നേതൃത്വം അതൃപ്തിയിലായി. 2011 ജൂലൈയില്‍ മുഖ്യമന്ത്രി പദത്തോടൊപ്പം നിയമസഭാംഗത്വവും ബി.ജെ.പി അംഗത്വവും രാജിവെച്ച് കര്‍ണാടക ജനതാപക്ഷം എന്ന പാര്‍ട്ടിക്ക് രൂപം നല്‍കി. അഴിമതിക്കേസില്‍ 23 ദിവസം ജയിലില്‍ കഴിയേണ്ടിവരികയും ചെയ്തു.
2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റും 10 ശതമാനം വോട്ടും കരസ്ഥമാക്കിയ കെ.ജെ.പി പക്ഷെ ബി.ജെ.പിക്ക് വലിയ ആഘാതം സൃഷ്ടിച്ചു. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നത് ഈ വിടവിലടെയാണ്. 2014 ആയപ്പോഴേക്കും ബി.ജെ.പി നേതൃത്വത്തിനും യെദിയൂരപ്പക്കും കാര്യങ്ങള്‍ ബോധ്യമായി. ജനുവരിയില്‍ പാര്‍ട്ടിയെ ബി.ജെ.പിയില്‍ ലയിപ്പിച്ചു. തൊട്ടു പിന്നാലെയായി അഴിമതിക്കേസുകള്‍ ചീട്ടുകൊട്ടാരം പോലെ തള്ളിപ്പോയി. 40 കോടി രൂപയുടെ അഴിമതിക്കേസില്‍ സി.ബി.ഐ കോടതി കുറ്റവിമുക്തനാക്കിയപ്പോള്‍ ബാക്കി കേസുകളിലെ എഫ്.ഐ.ആര്‍ തന്നെ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. യെദിയൂരപ്പയെ തിരിച്ചുവിളിച്ചതിന്റെ ഗുണം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പിക്ക് ലഭിച്ചതാണ്. 29 സീറ്റില്‍ 19 ഇടത്ത് ബി.ജെ.പിയാണ് ജയിച്ചത്. ശിവമോഗ സീറ്റില്‍ മുന്നേകാല്‍ ലക്ഷം വോട്ടിന്നായിരുന്നു യെദിയൂരപ്പയുടെ ജയം.
ബി.ജെ.പിയില്‍ നരേന്ദ്രമോദിയുടെ പാതയാണ് യെദിയൂരപ്പയുടെത്. കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയില്‍ പഠിച്ച ക്ലാസുകളേത്, ഇതില്‍ ജയിച്ചതേത് തോറ്റതേത്, യൂണിവേഴ്‌സിറ്റിയേത് എന്നൊക്കെയൊരു കണ്‍ഫ്യൂഷ്യന്‍. ബിരുദാനന്തര ബിരുദ ധാരിയെന്ന് അവകാശപ്പെട്ട നരേന്ദ്രമോദിയുടെ ബിരുദ ബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ സര്‍വകലാശാല രേഖകളില്‍ പോലും ലഭ്യമല്ല. കേന്ദ്രത്തിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനിയുടെ യോഗ്യതയും ഇതുതന്നെ. യെദിയൂരപ്പ ബംഗളൂരു സര്‍വകലാശാലയില്‍ നിന്ന് ബി.എ പാസായെന്നായിരുന്നു 2014ലെ തെരഞ്ഞെടുപ്പില്‍ വരെ നല്‍കിയ സത്യാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. 2018ലെത്തിയപ്പോള്‍ ഇത് പ്രീ യൂണിവേഴ്‌സിറ്റി (മൈസൂര്‍ യൂണിവേഴ്‌സിറ്റി) എന്നായി. തോറ്റാലും ജയിപ്പിക്കാനറിയാവുന്നയാള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending