കന്നഡിഗരുടെ ഡി.കെ

തെക്കേഇന്ത്യ എന്ന ബാലികേറാമല പിടിച്ചടക്കാന്‍ ബി.ജെ.പിക്ക് ആരാണ് തടസ്സമെന്ന ചോദ്യത്തിനുള്ള ഒരുത്തരമാണ് കന്നഡിഗരുടെ ഡി.കെ. ചിന്തകനായ ജിദ്ദു കൃഷ്ണമൂര്‍ത്തിയെയാണ് സമാനമായ ചുരുക്കപ്പേരില്‍ -ജി.കെ- എന്ന് ആളുകള്‍ വിളിച്ചിരുന്നത്. ഇന്നിപ്പോള്‍ കര്‍ണാടകയിലെ മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും മതേതര വിശ്വാസികളുടെയും പ്രതീക്ഷയാണ് ഡി.കെ എന്ന ദൊഡ്ഡലഹള്ളി കെമ്പെഗൗഡ ശിവകുമാര്‍. ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നിനാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡി.കെ ശിവകുമാറിനെ അറസ്റ്റ്‌ചെയ്യുന്നത്.

ആഗസ്ത് 31ന് ഡല്‍ഹിയിലേക്ക് ചോദ്യം ചെയ്യാനെന്നുപറഞ്ഞ് വിളിപ്പിച്ച് നാലാം ദിവസമാണ് അറസ്റ്റ്. നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തങ്ങളുടെ ഊര്‍ജസ്രോതസ്സായ ഡി.കെയുടെ അറസ്റ്റിനെതിരെ ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്തേക്ക് ഇരച്ചുകയറിയത്. മറ്റൊരു കോണ്‍ഗ്രസ് നേതാവിനും അടുത്തകാലത്ത് കിട്ടാത്ത പ്രതികരണമായി അത്. കാരണം മോദി-അമിത്ഷാ കാലത്ത് കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ പിടിച്ചുനിര്‍ത്തുന്ന മുഖ്യശാഖയാണ് ഡി.കെ എന്ന അമ്പത്തേഴുകാരന്‍. കുര്‍ത്തയും പൈജാമയുമാണ് സാധാരണ വേഷം. ധനാഢ്യനെന്ന വിശേഷണമുണ്ടെങ്കില്‍ ആ ധനം മുഴുക്കെ ചെലവിടുന്നത് കോണ്‍ഗ്രസ് എന്ന എക്കാലത്തെയും ഇഷ്ടഭാജനമായ പാര്‍ട്ടിക്കുവേണ്ടിയാണെന്നതാണ് ഡി.കെയെ വ്യത്യസ്തനാക്കുന്നത്.

2017ല്‍ കള്ളപ്പണക്കാര്‍ക്കെതിരെ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നിലാണ് മോദി സര്‍ക്കാരിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ശിവകുമാറിനെയും പ്രതിചേര്‍ത്ത് കേസെടുക്കുന്നത്. 2018 ജൂലൈയില്‍ കോടതിയില്‍ ഇ.ഡിയിലെ ഒരു ഡെപ്യൂട്ടി സൂപ്രണ്ടിനെകൊണ്ട് സ്വകാര്യ ഹര്‍ജി കൊടുപ്പിച്ചു. അന്ന് തുടങ്ങിയതാണ് മോദിയുടെ വേട്ടയാടല്‍. കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന പി. ചിദംബരത്തെ കുടുക്കിയ അമിത്ഷാക്ക് ശിവകുമാര്‍ വലിയ ഇരയൊന്നുമല്ലെന്ന് ബി.ജെ.പിക്കാര്‍ പറയുന്നു. പതിനാലു ദിവത്തേക്ക് ജയിലിലേക്ക് വിടാന്‍ കഴിഞ്ഞെങ്കിലും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ പോലെയല്ല, ഡി.കെയെ തൊടുന്നതെന്നത് മോദിക്കും ഷാക്കും അറിയില്ലെങ്കിലും കര്‍ണാടകയിലെ ബി.ജെ.പി നേതാക്കള്‍ക്കറിയാം. വൊക്കലിഗസമുദായാംഗമായ ശിവുകമാറിന്റെ അണികളുടെയും അനുഭാവികളുടെയും ജാതിക്കാരുടെയും വോട്ട് കര്‍ണാടക രാഷ്ട്രീയത്തില്‍ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി യെദിയൂരപ്പക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ ശിവകുമാറിന്റെ അറസ്റ്റില്‍ വലുതായി സന്തോഷിച്ച് കുളമാക്കാനൊന്നും ബി.ജെ.പി നേതാക്കളെ കിട്ടില്ല.

1989 മുതല്‍ സന്താനൂരിലും കനകപുരയില്‍നിന്നുള്‍പ്പെടെ സംസ്ഥാന നിയമസഭാംഗം. വെറും ഇരുപത്തേഴാം വയസ്സില്‍. മൈസൂരിനടുത്ത ദൊഡ്ഡലഹള്ളിയിലെ ധനാഢ്യനായ കെമ്പെഗൗഡയുടെയും ഗൗരമ്മയുടെയും പുത്രന് രാഷ്ട്രീയവും ബിസിനസുമൊക്കെ കൈവെള്ളയിലെത്തിയതില്‍ അല്‍ഭുതമില്ല. 840.02 കോടിയുടെ ആസ്തി. ഖനനം, ഹൗസിംഗ് സഹകരണ സംഘം എന്നിവയില്‍ മറ്റ് കര്‍ണാടക രാഷ്ട്രീയ നേതാക്കളെ പോലെ ആരോപണപ്പെരുമഴക്ക് ഇരയായിട്ടുണ്ട്. എങ്കിലും വോട്ടിനും അധികാരത്തിനുംവേണ്ടി അവസരവാദം കാട്ടിയിട്ടില്ല.

2017 ആഗസ്തില്‍ ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ദേശീയ ട്രഷററുമായ അഹമ്മദ് പട്ടേലിന്റെ രാജ്യസഭാമല്‍സരത്തിനു മുന്നോടിയായി കോണ്‍ഗ്രസ് എം.എല്‍.എമാരെ മോദിയുംകൂട്ടരും കൂട്ടത്തോടെ കൂറുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ക്ക് ഇങ്ങ് ബംഗളൂരുവില്‍ ദിവസങ്ങളോളം അഭയംകൊടുത്തതിന് മുന്‍കൈ എടുത്തയാളാണ് ശിവകുമാര്‍. ഡി.കെയെ സോണിയയും ഇന്ത്യയിലെ കോണ്‍ഗ്രസുകാരും ശരിക്കും മനസ്സിലാക്കിയത് അന്നാണ്. കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം രൂപപ്പെടുത്തിയതിലും കഴിഞ്ഞമാസം സഖ്യം ഭരണത്തില്‍നിന്ന് വീഴാതിരിക്കാന്‍ എം.എല്‍.എമാരെ മറുകണ്ടംചാടാതെ പിടിച്ചുനിര്‍ത്തിയതിലും മുഖ്യപങ്ക് ഡി.കെക്കാണ്. മോദി-ഷാമാര്‍ പണച്ചാക്കുകെട്ടുകളുമായി ഇറങ്ങിയപ്പോള്‍ എം.എല്‍.എമാര്‍ക്ക് തുണയായി പാറപോലെനിന്നതും ഡി.കെ.

ബംഗളൂര്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി നേരെയെത്തിയതാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍. കലാലയത്തില്‍ സ്‌പോര്‍ട്‌സിനൊപ്പം ത്രിവര്‍ണ പതാകയുടെ രാഷ്ട്രീയമായിരുന്നു ശിവകുമാറിന്. ആറടി അഞ്ചിഞ്ച് ഉയരം. പുഞ്ചിരിയിലും ഗൗരവം തുടിക്കുന്ന പ്രകൃതം. ദക്ഷിണേന്ത്യയിലെ പൊന്നാപുരംകോട്ടയെ കാവിക്കോട്ടയാക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റുന്ന ബി.ജെ.പിക്കും ആര്‍.എസ്.എസ്സിനും ഡി.കെ എന്ന രണ്ടക്ഷരങ്ങള്‍ കരടായതില്‍ അല്‍ഭുതമില്ല. കള്ളപ്പണമെന്നല്ല, ഏതുകേസും അവര്‍ക്ക് പിടിവള്ളിയാകും. കാശെറിഞ്ഞും ഭീഷണിപ്പെടുത്തിയും എം.എല്‍.എമാരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയുമൊക്കെ തങ്ങളുടെ ആലയിലേക്ക് ആക്കുന്ന കേന്ദ്രപ്പാര്‍ട്ടിക്ക് ഡി.കെയുടെ മുന്നില്‍ പലപ്പോഴും അടിയറവ് പറയേണ്ടിവരുന്നുവെന്നത് സഹിക്കുമോ. വിദ്യാഭ്യാസ വിചക്ഷകന്‍കൂടിയായ ഡി.കെ രണ്ടു തവണ മന്ത്രിയായത് ആഭ്യന്തരം, മെഡിക്കല്‍ വിദ്യാഭ്യാസം, ഊര്‍ജം തുടങ്ങിയ വകുപ്പുകളില്‍. ഉഷയാണ് ഭാര്യ. മൂന്ന് മക്കള്‍.

SHARE