നീതിപീഠത്തിന്റെ മാധ്യസ്ഥ്യം

ഒന്നരനൂറ്റാണ്ടുനീണ്ട തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും നിയമവ്യവഹാരങ്ങള്‍ക്കുമൊടുവില്‍ അയോധ്യയിലെ ബാബരിമസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടസ്ഥത ആര്‍ക്കാണെന്ന് ഇന്ത്യയിലെ അത്യുന്നത നീതിപീഠം അന്തിമതീര്‍പ്പ് കല്‍പിച്ചിരിക്കുന്നു. ശനി രാവിലെ പത്തരയോടെ സുപ്രീംകോടതിയില്‍ മുഖ്യന്യായാധിപന്‍ ജസ്റ്റിസ് രഞ്ജന്‍ഗോഗോയ് നടത്തിയ വിധിപ്രസ്താവം രാജ്യത്തിന്റെ മഹത്തായ പാരമ്പര്യവും മതേതരപൈതൃകവും ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാണോ എന്ന സംശയം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിരിക്കുന്നു. എങ്കിലും ഇതര സംവിധാനങ്ങളെല്ലാം പലഘട്ടങ്ങളായി പരിഗണിച്ചും പരിശോധിച്ചും പരാജയപ്പെട്ട വിശ്വാസസംബന്ധിയായ ഒരു വിഷയത്തില്‍ പല വിഭാഗങ്ങളിലും അതൃപ്തിയുളവാക്കിയതാണെങ്കിലും ഒരു തീര്‍പ്പിലേക്ക് കോടതി എത്തിച്ചേര്‍ന്നുവെന്നതില്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തോടാണ് ആദരം രേഖപ്പെടുത്തേണ്ടത്. 1992 ഡിസംബര്‍ ആറിന് ഹിന്ദുത്വതീവ്രവാദികള്‍ പൊളിച്ച മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രം പണിയുന്നതിന് കോടതി കേന്ദ്രസര്‍ക്കാരിനോട് ട്രസ്റ്റ് രൂപവല്‍കരിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. മുസ്‌ലിംകള്‍ക്ക് തര്‍ക്കസ്ഥലത്തിനു പുറത്തെ കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള 69 ഏക്കര്‍ ഭൂമിയിലെ അഞ്ചേക്കര്‍ പളളി നിര്‍മിക്കാന്‍ നല്‍കണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നു.

ഒറ്റനോട്ടത്തില്‍ ഈ നിര്‍ദേശങ്ങളടങ്ങുന്ന കോടതിവിധി തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്ന വിഭാഗങ്ങളിലെ ഇരുകൂട്ടര്‍ക്കും ആശ്വാസകരമാണെന്ന രീതിയിലാണ് പലരും വിധിയെ സ്വാഗതം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ആര്‍.എസ്.എസ് തലവന്‍, കോടതി മാധ്യസ്ഥത ഏല്‍പിച്ചിരുന്ന ശ്രീശ്രീരവിശങ്കര്‍ തുടങ്ങിയവര്‍ വിധി ചരിത്രപരവും അംഗീകരിക്കപ്പെടേണ്ടതുമാണെന്ന് പറയുന്നു. അവരുടെ അണികള്‍ ഇന്നലെ തന്നെ പലയിടത്തും വിധിയില്‍ ആഹ്ലാദം പങ്കുവെച്ച് മധുരം വിതരണം ചെയ്തു. ചീഫ്ജസ്റ്റിസ് 17ന് വിരമിക്കാനിരിക്കെ അടുത്ത ദിവസങ്ങളില്‍ വിധിയുണ്ടാകുമെന്ന് കരുതിയെങ്കിലും വെള്ളിയാഴ്ച രാത്രിയാണ് പൊടുന്നനെ വിധിയുടെ സമയത്തെക്കുറിച്ച് രാജ്യം അറിയുന്നത്. അതനുസരിച്ചുള്ള മുന്നൊരുക്കങ്ങള്‍ പൊലീസും മറ്റും എമ്പാടും സ്വീകരിക്കുകയുണ്ടായി. ഇതുകൊണ്ടുതന്നെയാകണം, രാജ്യത്ത് ഒരിടത്തു നിന്നും കാര്യമായ അനിഷ്ടസംഭവങ്ങള്‍ ഇതേച്ചൊല്ലി ഉയര്‍ന്നുകേട്ടിട്ടില്ല. ആവിധം തുടരുകതന്നെ വേണമെന്നാണ് മനുഷ്യസ്‌നേഹികളെല്ലാം പ്രത്യാശിക്കുന്നതും. കേരളത്തിലും തെക്കേ ഇന്ത്യയില്‍ പൊതുവെയും ബി.ജെ.പിയാദി ഹിന്ദുത്വതീവ്രശക്തികള്‍ക്ക് കാര്യമായ വേരോട്ടം ഇല്ലാത്തതിനാല്‍ ബാബരിമസ്ജിദ് തകര്‍ത്ത സന്ദര്‍ഭത്തിലെ പോലെ സംയമനമാണ് ജനത പൊതുവെ പ്രകടിപ്പിക്കുന്നത്. കേരളത്തില്‍ മുസ്‌ലിംലീഗും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സമാധാനത്തിനും ആത്മസംയമനത്തിനുമാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. വിധിയെ മാനിക്കുന്നുവെന്ന് പറഞ്ഞ പാര്‍ട്ടിനേതൃത്വം പൊടുന്നനെയുള്ള പ്രതികരണങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും മുതിരേണ്ടതില്ലെന്ന് അറിയിച്ചിരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഇതേച്ചൊല്ലി യാതൊരു തരത്തിലുള്ള അനിഷ്ടങ്ങളും ഉടലെടുക്കരുതെന്ന സദ്‌വിചാരത്തില്‍ കൂടിയാണ്.

അതേസമയം, കോടതിവിധിയുടെ അന്തസ്സത്തയേക്കാള്‍ അത് മുന്നോട്ടുവെച്ചിരിക്കുന്ന പല വാദഗതികളും വൈരുദ്ധ്യങ്ങളാല്‍ നിറഞ്ഞിരിക്കുന്നുവെന്ന് പറയാതെവയ്യ. അതിലൊന്നാണ്, പള്ളി പൊളിച്ചതിനെ എതിര്‍ക്കുകയും പള്ളി മാറ്റിപ്പണിയണമെന്ന് പറയുകയും ചെയ്യുന്നത്. 1949ല്‍ പള്ളിക്കകത്ത് വിഗ്രഹങ്ങള്‍ കൊണ്ടുവെച്ചതിനെയും കോടതി ശക്തിയായി എതിര്‍ക്കുന്നു. പള്ളിപൊളിച്ചത് ക്ഷേത്രം തകര്‍ത്താണെന്ന പരാതിയെയും വിധി തള്ളിക്കളയുകയാണ്. പള്ളിക്ക് മുമ്പ് സ്ഥലത്ത് കെട്ടിടം ഉണ്ടായിരുന്നുവെന്ന പുരാവസ്തുവകുപ്പിന്റെ രേഖ തെളിവായി സ്വീകരിച്ച കോടതി പക്ഷേ അത് ക്ഷേത്രമാണെന്ന വാദം സ്വീകരിച്ചിട്ടുമില്ല. തര്‍ക്കസ്ഥലത്തിന്റെ ഓരോഭാഗം സുന്നിവഖഫ് കേന്ദ്രബോര്‍ഡിനും നിര്‍മോഹഅഖോഡക്കും വിട്ടുനല്‍കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിയെയും ഉന്നത കോടതി തള്ളി. ഈ വസ്തുതകളെല്ലാം ന്യായമായും മുസ്‌ലിംകള്‍ക്കാണ് അനുകൂലമാകേണ്ടിയിരുന്നതെങ്കില്‍ വിധിയുടെ ഒടുവില്‍ പക്ഷേ കാര്യങ്ങള്‍ എതിരായതിലാണ് അത്ഭുതം. ആരാധനക്ക് പള്ളി അനിവാര്യമല്ലെന്ന സുപ്രീംകോടതിയുടെ തന്നെ മുമ്പത്തെ വിധിയായിരിക്കണം മറ്റൊരിടത്ത് പള്ളിക്ക് അനുമതി നല്‍കണമെന്ന നിര്‍ദേശത്തിന് അടിസ്ഥാനം. പക്ഷേ വഖഫ് സ്വത്ത് ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം അചഞ്ചലവും അമൂല്യവുമാണെന്ന വാദത്തിന് കോടതി പറയുന്നത്, ഇസ്‌ലാമിക നിയമങ്ങള്‍ തങ്ങള്‍ പരിശോധിച്ചില്ലെന്നും!

ഇതെല്ലാം തെളിയിക്കുന്നത് തെളിവുകളുടെയും നിയമങ്ങളുടെയും ഭരണഘടനയുടെയും മതേതരത്വത്തിന്റെയും വിശ്വാസത്തിന്റെയുമെല്ലാം പരിധികളേക്കാള്‍ ഭരണഘടനാബെഞ്ച് ഊന്നല്‍ നല്‍കിയിരിക്കുന്നത് തര്‍ക്കപരിഹാരത്തിനാണെന്നാണ്. തീര്‍ച്ചയായും വര്‍ഗീയശക്തികള്‍ക്ക് ചൂഷണംചെയ്യപ്പെടാന്‍ മതവിശ്വാസികള്‍ നിന്നുകൊടുക്കേണ്ടതില്ല. കഴിഞ്ഞ മുപ്പതു വര്‍ഷത്തിലധികം ബി.ജെ.പി ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. അവരെസംബന്ധിച്ച് അയോധ്യ ഒത്തുതീര്‍പ്പ് വര്‍ഗീയരാഷ്ട്രീയത്തിന്റെ അക്ഷയഖനിയുടെ നെല്ലിപ്പടിയാണ്. അതുകൊണ്ട് ഇതല്ലെങ്കില്‍ മഥുര, കാശി, ചാര്‍മിനാര്‍, കുത്തബ്മിനാര്‍ തുടങ്ങി രാജ്യത്തിന്റെ മത-സാംസ്‌കാരിക മന്ദിരങ്ങളെയെല്ലാം ഇനിയും ഇരകളാക്കാന്‍ അവര്‍ ശ്രമിക്കും. അവിടെയും ഒരുവിഭാഗത്തിന് മാത്രംഅനുകൂലമാകുമോ ഈവിധി എന്ന ആധിയാണ് ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്കുണ്ടായിട്ടുള്ളത്. ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിച്ചുപോകണമെന്ന കോടതിയുടെ ഉപദേശം നല്ലതുതന്നെ. പക്ഷേ അതിനുള്ള അന്തരീക്ഷം ഭരണകൂടം തന്നെ അട്ടിമറിക്കുന്നതാണ് ആസാമിലെയും രാജ്യത്താകെയും പൗരത്വപ്പട്ടികയുടെ കാര്യത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. കോടതിവിധിയെയും അതിന്റെ ഉദ്ദേശ്യശുദ്ധിയെയും മാനിക്കുന്നു. മതേതരത്വ മൂല്യങ്ങളുടെ നിഷേധത്തിനും നിരാസത്തിനും കച്ചകെട്ടിയിറങ്ങുന്നവര്‍ ഭരണാധികാരത്തിന്റെ തണലില്‍ നാട്ടിലുണ്ടാക്കിക്കൊണ്ടിരിക്കുന്ന സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ അസ്വസ്ഥതകളുടെ ഫലമായുള്ള ഒരുജനവിഭാഗത്തിന്റെ അപരവല്‍കരണത്തിന് പുതിയവിധി ഒരുനിലക്കും കാരണമാകരുത്. അയോധ്യകേസ് വിധിയിലെ അഞ്ചംഗബെഞ്ചിനെ പോലെ രാജ്യമൊന്നടങ്കം ഒറ്റക്കെട്ടാകട്ടെ. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, മതന്യൂനപക്ഷങ്ങളാദി മതേതരവിശ്വാസികളില്‍ ഉടലെടുത്തിരിക്കുന്ന ആശങ്കകള്‍ ദൂരീകരിക്കാന്‍ അദ്ദേഹം ഈഅവസരം വിനിയോഗിക്കട്ടെ.

SHARE