പുള്ളിപ്പുലിയുടെ പുള്ളി മായില്ല

മഹാരാഷ്ട്ര നിയമസഭയിലേക്ക് ഒക്ടോബര്‍ 21ന് നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. വര്‍ഗീയ കക്ഷികളായ ബി.ജെ.പിക്കും ശിവസേനക്കും കനത്ത തിരിച്ചടിയാണ് ഫലം സമ്മാനിച്ചത്. ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധവികാരം ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടാക്കിയിരിക്കുന്നു. കോണ്‍ഗ്രസിനും സഖ്യകക്ഷിയായ എന്‍.സി.പിക്കും കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ ലഭിച്ചത് മതേതര ചേരിയിലേക്ക് സംസ്ഥാന ജനത മടങ്ങിവരുന്നതിന്റെ സൂചനയാണ്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന, സഖ്യസര്‍ക്കാര്‍ തുടരണമെങ്കില്‍ തങ്ങള്‍ക്കായിരിക്കണം മുഖ്യമന്ത്രി പദമെന്ന് ആവശ്യപ്പെട്ടതാണ് രാഷ്ട്രീയ-ഭരണ പ്രതിസന്ധി സൃഷ്ടിച്ചത്. ബി.ജെ.പിക്ക് മുഖ്യമന്ത്രിപദം നല്‍കുകയാണെങ്കില്‍ രണ്ടര വര്‍ഷത്തിനുശേഷം പദവി തങ്ങള്‍ക്ക് പങ്കിട്ടു നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേന്ദ്ര തലത്തിലടക്കം വാദപ്രതിവാദങ്ങളും ചര്‍ച്ചകളും നടന്നെങ്കിലും തീരുമാനത്തിലെത്താന്‍ ഇരുനേതൃത്വത്തിനും കഴിഞ്ഞില്ല. തുടര്‍ന്ന് നിയമസഭയുടെ കാലാവധിതികഞ്ഞ ശനിയാഴ്ച ഫട്‌നാവിസ് രാജിസമര്‍പ്പിച്ചു.

രാജി പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ ശിവസേനക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഫട്‌നാവിസ് ഉന്നയിച്ചത്. പ്രതിപക്ഷത്തെ കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും ശിവസേനാനേതാക്കള്‍ രഹസ്യചര്‍ച്ച നടത്തിയെന്നും തെരഞ്ഞെടുപ്പില്‍ കൂടെനിന്ന് ഫലംവന്നശേഷം തങ്ങളെയും ജനങ്ങളെയും വഞ്ചിച്ചിരിക്കുകയുമാണെന്നുമാണ് ഫട്‌നാവിസിന്റെ വിമര്‍ശനം. ഇതിന് ശിവസേനാതലവന്‍ ഉദ്ദവ്താക്കറെ അതേനാണയത്തില്‍ തിരിച്ചടിനല്‍കി. പ്രധാനമന്ത്രിയെ തങ്ങള്‍ കുറ്റപ്പെടുത്തിയെന്ന ഫട്‌നാവിസിന്റെ ആരോപണത്തെയും താക്കറെ തള്ളി. തങ്ങളെ നുണയന്മാരെന്ന് ഫട്‌നാവിസ് വിളിച്ചെന്നായിരുന്നു താക്കറെയുടെ മറുപടി. വികസനം നടക്കാത്തതിനുത്തരവാദി ബി.ജെ.പിയാണെന്നും വിവരങ്ങള്‍ തങ്ങളെ യഥാസമയം ബോധ്യപ്പെടുത്തിയില്ലെന്നുമൊക്കെ ശിവസേനാതലവന്‍ ആരോപിച്ചു. അല്‍പകാലത്തെ തര്‍ക്കത്തിനൊടുവില്‍ ശിവസേനയും ബി.ജെ.പിയും പരസ്പരം വഴങ്ങി സര്‍ക്കാര്‍ രൂപവല്‍കരിക്കുമെന്നുതന്നെയാണ് പലരും കരുതിയിരുന്നത്. ഏതാണ്ട് ഒരേ ആശയത്തിനുവേണ്ടി നിലകൊള്ളുന്ന രണ്ടുകക്ഷികള്‍ക്ക്, അതും തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍പോലും ഒരുമിച്ചു മല്‍സരിച്ചിട്ടും പിണങ്ങിപ്പിരിയേണ്ടിവരുമെന്ന് പെട്ടെന്നാര്‍ക്കും കരുതേണ്ടിവരില്ലല്ലോ.

ഏതായാലും 288 അംഗ സംസ്ഥാനനിയമസഭയിലെ ഏറ്റവും വലിയകക്ഷിയായി 105 സീറ്റോടെ ബി.ജെ.പി നിലവില്‍വന്നപ്പോള്‍ ശിവസേനക്ക് വെറും 56 സീറ്റുകളേ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞതവണ 122 സീറ്റുകളാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. ഇരുവരും ചേര്‍ന്നാല്‍ മാത്രമേ കേവല ഭൂരിപക്ഷത്തിനുവേണ്ട 145 സീറ്റുകള്‍ തികക്കാനാകൂ. 13 സ്വതന്ത്രരെ കൂട്ടിയാലും ബി.ജെ.പിക്ക് കേവല ഭൂരിപക്ഷമാകില്ല. മൂന്നാമത്തെ വലിയകക്ഷിയായ എന്‍.സി.പിക്ക് 54ഉം കോണ്‍ഗ്രസിന് 44ഉം സീറ്റുമാണുള്ളത്. പ്രതിപക്ഷത്തെ ഇരുകക്ഷികള്‍ ചേര്‍ന്നാലും 98 സീറ്റുകളേ ആകുന്നുള്ളൂ. അതേസമയം മൂന്നുകക്ഷികളുംകൂടിചേര്‍ന്നാല്‍ 154 സീറ്റുകളോടെ സര്‍ക്കാര്‍ രൂപീകരിക്കാനാകും. കേവല ഭൂരിപക്ഷത്തേക്കാള്‍ 9 അധികം. ഈ അവസരമാണ് ശിവസേനയെ ബി.ജെ.പി ബന്ധം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. ബി.ജെ.പിയെ ഒഴിവാക്കിയാല്‍ പിന്നെയുള്ള വലിയ കക്ഷിയായി തങ്ങള്‍ക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. അവരുടെ കേന്ദ്ര സര്‍ക്കാരിലെ ഏകമന്ത്രിയും രാജിസമര്‍പ്പിച്ചതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം തീര്‍ത്തും അവസാനിച്ചുകഴിഞ്ഞു.

ഈയൊരു സാഹചര്യം ഉണ്ടായതില്‍ എന്‍.സി.പിക്കും കോണ്‍ഗ്രസിനും യാതൊരു പങ്കുമില്ല. ശിവസേന ബന്ധപ്പെട്ടപ്പോള്‍ ബി.ജെ.പിയുമായുള്ള ബന്ധം വിട്ടുവന്നാല്‍ സര്‍ക്കാരുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് എന്‍.സി.പി നേതൃത്വം അറിയിച്ചിരുന്നത്. ഇന്നലെ ഗവര്‍ണര്‍ ശിവസേനാനേതാക്കളെ കണ്ട് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമോ എന്നാരാഞ്ഞത് ഇതിന്റെ അടിസ്ഥാനത്താലാണ്. ബി.ജെ.പിയെ നിയമപ്രകാരം ആദ്യം സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചെങ്കിലും അവരതിനില്ലെന്ന് അറിയിക്കുകയായിരുന്നു. കുതികാല്‍വെട്ടും ചാക്കിട്ടുപിടിത്തവും പതിവായ ‘ആയാറാം ഗയാറാം’ രാഷ്ട്രീയത്തില്‍ ബി.ജെ.പി അതിന് ഇത്തവണ മുതിരാതിരുന്നത് അവര്‍ക്ക് നേരിയ പ്രതീക്ഷപോലും ഇല്ലെന്നതിന്റെ തെളിവാണ്. കര്‍ണാടകയില്‍ ഭൂരിപക്ഷം ഉണ്ടാക്കാന്‍ കഴിയാതെ വന്നതിനെതുടര്‍ന്ന് കോണ്‍ഗ്രസ്, ജനതാദള്‍ (എസ്) അംഗങ്ങളെ കോടികള്‍ കൊടുത്ത് ചാക്കിലാക്കിയാണ് അവരിപ്പോള്‍ അവിടെ ഭരണം നടത്തുന്നത്.

രണ്ടാം സ്ഥാനത്തായ ഗോവയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂറുമാറ്റി ഭരണത്തിലേറുകയായിരുന്നു ബി.ജെ.പി. ഇതിനെല്ലാം സഹായിക്കുന്നത് കേന്ദ്ര ഭരണവും അതിസമ്പന്നരും വ്യവസായ കുത്തകകളുമായുള്ള ഗാഢ ബന്ധമാണ്.എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന ശിവസേനയുടെ രാഷ്ട്രീയ-സാമൂഹിക നിലപാടുകള്‍ ഈയവസരത്തില്‍ മതേതര വിശ്വാസികളെ സംബന്ധിച്ച് കാണാതിരിക്കാനാകില്ല. ബി.ജെ.പിയേക്കാള്‍ ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയം കൊണ്ടുനടക്കുന്ന പാര്‍ട്ടിയാണ് ബാല്‍താക്കറെയുടെ ശിവസേന. വെറുപ്പിന്റെ മണ്ണിന്റെമക്കള്‍ വാദവും തീവ്ര വര്‍ഗീയതയുംകൊണ്ട് ഇവര്‍ സംസ്ഥാനത്ത് കൊന്നൊടുക്കിയത് ആയിരങ്ങളെയാണ്. ആ സങ്കുചിത നയംതന്നെയാണ് ആ പാര്‍ട്ടിയുടെ ഇപ്പോഴത്തെയും എപ്പോഴത്തെയും മുഖമുദ്ര. തെരഞ്ഞെടുപ്പില്‍ നഖശിഖാന്തം എതിര്‍ത്ത കക്ഷിയുമായി ചേര്‍ന്ന് ഭരിക്കാന്‍ ശിവസേനാനേതാക്കള്‍ക്ക് ഒരുളുപ്പുമില്ലെങ്കിലും അത്പക്ഷേ മതേതര പാര്‍ട്ടി നേതാക്കള്‍ക്കുണ്ടാകുക തന്നെ വേണം.

ബി.ജെ.പിയെ അകറ്റിനിര്‍ത്താനാണ് സേനയെ പിന്തുണക്കുന്നതെന്ന് പറഞ്ഞാല്‍തന്നെയും, അതേ തീവ്ര വര്‍ഗീയ ആശയങ്ങളുള്ള കക്ഷിയെ എങ്ങനെപിന്തുണക്കുമെന്ന ചോദ്യം ജനമനസ്സില്‍ ബാക്കിനില്‍ക്കും. ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് വംശീയാക്രമണത്തില്‍ മഹാരാഷ്ട്രയില്‍ ആയിരത്തോളം മുസ്്‌ലിംകളുടെ ജീവഹാനിക്കും രണ്ടായിരത്തിലധികംപേരുടെ പരിക്കിനും കാരണമായത് ‘മുസ്്‌ലിംകള്‍ക്കെതിരായ ബാല്‍താക്കറെയുടെ മുതിര്‍ന്ന പട്ടാള ജനറലിനെപോലുള്ള കലാപ നേതൃത്വമായിരുന്നു’ എന്ന് കോണ്‍ഗ്രസ ്‌നിയോഗിച്ച ജസ്റ്റിസ് ബി.എന്‍ ശ്രീകൃഷ്ണ കമ്മീഷന്‍ 1998ല്‍ രേഖപ്പെടുത്തിയത് ഇന്നും ചരിത്രത്താളില്‍ മായാതെ കിടപ്പുണ്ടെന്നത് ആരും മറന്നുപോകരുത്. നൂറ്റാണ്ടുകഴിഞ്ഞാലും പുള്ളിപ്പുലിയുടെ പുള്ളി മായില്ല. അധികാരത്തിനുവേണ്ടിയുള്ള വിലപേശല്‍ രാഷ്ട്രീയം വര്‍ഗീയ കക്ഷികള്‍ക്ക് ഭൂഷണമായേക്കാം. മതനിരപേക്ഷ കക്ഷികള്‍ക്ക് അതൊട്ടുംചേരില്ലതന്നെ.

SHARE