മസ്റ്ററിങിന്റെ പേരിലെ മഹാപാതകം

ഇക്കഴിഞ്ഞ നവംബര്‍ 20ന് ധനമന്ത്രി ഡോ. തോമസ്‌ഐസക് തന്റെ ഫെയ്‌സ്ബുക് കുറിപ്പില്‍ കേരളമടക്കം പല സംസ്ഥാനങ്ങളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തുകയുണ്ടായി. ‘മറ്റു പല സംസ്ഥാനങ്ങളും ഈ വര്‍ഷത്തെ അനുവദനീയ വായ്പ എടുത്തുകൊണ്ടാണ് ഈ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ കേരളത്തിനതിന് കഴിയില്ല. കാരണം കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വായ്പയില്‍നിന്ന് 6500 കോടി രൂപ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. നമ്മുടെ സംസ്ഥാനത്തിന് ഈ ഘട്ടത്തില്‍ ചെലവ് വെട്ടിച്ചുരുക്കുകയല്ലാതെ വേറൊരുമാര്‍ഗവുമില്ല’. ഇതിന് അഞ്ചു ദിവസം മുമ്പ് മന്ത്രി മറ്റൊരു എഫ്.ബി കുറിപ്പില്‍ പറഞ്ഞു: കേരളത്തില്‍ 46.9 ലക്ഷം പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ക്ഷേമ പെന്‍ഷന്‍ നല്‍കുന്നുണ്ട്.

ഇതിനുപുറമെയാണ് ക്ഷേമനിധിയില്‍നിന്ന് പെന്‍ഷന്‍വാങ്ങുന്ന 10.38 ലക്ഷംപേര്‍. ഇതില്‍ പത്തു ലക്ഷത്തോളംപേര്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യമായാണ് ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. അര്‍ഹരായ മുഴുവന്‍പേര്‍ക്കും കുടിശികയില്ലാതെ പെന്‍ഷന്‍ നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്’. എന്നാല്‍ മറ്റൊന്നുകൂടി മന്ത്രി പറഞ്ഞു: ഒരു പഞ്ചായത്തില്‍ സര്‍വേ നടത്തിയതില്‍ 15 ശതമാനം പേര്‍ അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരെയെല്ലാം ഉള്‍പ്പെടുത്തി മസ്റ്ററിങ് (രേഖയിലാക്കല്‍) നടത്താന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ ചെലവ് വെട്ടിച്ചുരുക്കാനായി ആരംഭിച്ച മസ്റ്ററിങ് കേരളത്തിലെ ലക്ഷക്കണക്കിന് വയോധികരെയും രോഗികളെയും വലിയ കെണിയിലാണ് പെടുത്തിയിരിക്കുന്നത്. കിട്ടുന്ന പെന്‍ഷന്‍ എങ്ങനെ നിഷേധിക്കാമെന്ന് കണ്ടെത്താനുള്ള ഉപാധിയെന്ന ആധിയേക്കാള്‍ മസ്റ്ററിങിന്റെ പേരില്‍ എത്രയധികം വയോധികരാണ് അക്ഷയ കേന്ദ്രങ്ങളിലും മറ്റും വലിയ പ്രയാസത്തിലകപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാകാന്‍ ബുദ്ധിമുട്ടില്ല.

മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങള്‍വഴി സൗജന്യമായി നടത്തുമെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളതെങ്കിലും വയോധികരും ബന്ധുക്കളും ഈ കേന്ദ്രങ്ങളില്‍ എത്തുന്നതിനുള്ള ചെലവും പ്രയാസവും സര്‍ക്കാരിന്റെ ശ്രദ്ധയിലില്ല. അക്ഷയ കേന്ദ്രങ്ങളില്‍ മിക്കതിലും മൂന്നോ നാലോ പേര്‍ക്ക് നിന്നുതിരിയാന്‍പോലും സൗകര്യമില്ലെന്നും പലതും മുകള്‍ നിലയിലാണെന്നും അറിയാഞ്ഞിട്ടാണോ നൂറുകണക്കിന് വയോധികരെയും മറ്റും ഇവിടങ്ങളിലേക്ക് വിളിച്ചുവരുത്തുന്നത്. പകലിരുളുവോളം വരിനിന്നാണ് പെന്‍ഷന്‍ വാങ്ങുന്നവര്‍ അക്ഷയകേന്ദ്രങ്ങളില്‍ തങ്ങളുടെ മസറ്ററിങ് പൂര്‍ത്തിയാക്കുന്നത്. സെര്‍വര്‍ തകരാറും ഇന്റര്‍നെറ്റിന്റെ മെല്ലെപ്പോക്കുമൊക്കെ കാരണം വീണ്ടും സേവനം നീളുന്നു.

ബന്ധുക്കളടക്കമുള്ളവര്‍ക്ക് തൊഴില്‍ കളഞ്ഞാണ് ഇത് ആവര്‍ത്തിക്കേണ്ടിവരുന്നത്. അക്ഷയകേന്ദ്രം ജീവനക്കാരുടെ പെരുമാറ്റമാകട്ടെ, ജനങ്ങളുടെ ക്ഷമ പരീക്ഷിക്കലുമാണ്. ഇതൊക്കെകൊണ്ട് മസ്റ്ററിങ് നടത്തേണ്ടവരുടെ പത്തിലൊന്നുപേര്‍ക്കുപോലും നടപടി പൂര്‍ത്തിയാക്കാനായിട്ടില്ല. 47.2 ലക്ഷം പേരില്‍ 8.6 ലക്ഷംപേര്‍ക്കു മാത്രമാണ് ശനിയാഴ്ചയോടെ മസ്റ്ററിങ് പൂര്‍ത്തിയാക്കാനായിട്ടുള്ളത്. തിരക്ക് വര്‍ധിച്ചതോടെ നേരത്തെ നിശ്ചയിച്ചിരുന്ന നവംബര്‍ 30 ഡിസംബര്‍ 15ലേക്ക് നീട്ടിയിട്ടുണ്ടെങ്കിലും അപ്പോഴും ഈ ഹിമാലയന്‍ യജ്ഞം പൂര്‍ണമാകുമോ എന്ന് വ്യക്തമല്ല. ചെലവ് ചുരുക്കാനും അനര്‍ഹരെ ഒഴിവാക്കാനും ഇന്നത്തെ കാലത്ത് എന്തെല്ലാം ശാസ്ത്രീയ സംവിധാനങ്ങള്‍ കൈവെള്ളയിലുള്ളപ്പോഴാണ് സര്‍ക്കാര്‍ വയോധികരെ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്നതെന്നാണ് ചോദിക്കാനുള്ളത്. റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കമെന്നും അല്ലെങ്കില്‍ റേഷന്‍ നിഷേധിക്കുമെന്നും ഭീഷണിപ്പെടുത്തി ഏതാനും മാസം മുമ്പാണ് ലക്ഷക്കണക്കിന് കുടുംബങ്ങളെ വരിനിര്‍ത്തി പീഡിപ്പിച്ചത്. അത് കഴിഞ്ഞപ്പോഴാണ് മസ്റ്ററിങ് എന്ന മറ്റൊരു പാതകം.

സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ആധാറുള്ളവര്‍ക്കു മാത്രമേ ഇനി പെന്‍ഷനും അനുവദിക്കൂവത്രെ. ഇതില്ലാത്തവരുടെ കാര്യത്തില്‍ തദ്ദേശഭരണ സെക്രട്ടറി കനിയണം. വിധവാപെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍ അറുപതു വയസ്സിന് താഴെയാണെങ്കില്‍ വില്ലേജധികാരികളില്‍നിന്ന് പുനര്‍വിവാഹം ചെയ്തിട്ടില്ലെന്നുള്ള രേഖയും ഹാജരാക്കണം. കടുത്ത പ്രതിഷേധത്തെതുടര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളില്‍ ഓരോ ജില്ലയിലുള്ളവര്‍ക്ക് മസ്റ്ററിങ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇവിടെയും പ്രശ്‌നം തീരുന്നില്ല. സത്യത്തില്‍ ഓരോ വാര്‍ഡിലും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് തദ്ദേശ സ്ഥാപന അധികാരികളുടെയും ജനപ്രതിനിധികളുടെയും മുന്‍കൈയില്‍ മസ്റ്ററിങ് നടത്താന്‍ തീരുമാനമെടുത്തിരുന്നെങ്കില്‍ അതാകും ഏറ്റവും പ്രായോഗികമാകുമായിരുന്നത്. വാര്‍ധക്യാവശതകള്‍ കാരണം പലരുടെയും വിരലടയാളങ്ങളും ബയോമെട്രിക് തെളിവുകളും തെളിയുന്നില്ലെന്ന പരാതിയുണ്ട്.

ഇതും പെന്‍ഷന് അര്‍ഹാരയവരുടെ ബുദ്ധിമുട്ട് ഇരട്ടിയാക്കുന്നു. കിടപ്പുരോഗികള്‍ക്കായി ഡിസംബര്‍11 മുതല്‍ അഞ്ചുദിവസം അവരവരുടെ വീട്ടിലെത്തി മസ്റ്ററിങ് നടത്തുമെന്ന് അറിയിച്ച സാഹചര്യത്തില്‍ മറ്റുള്ള വയോധികരുടെ കാര്യത്തിലും എന്തുകൊണ്ട് ഈ സംവിധാനം നടപ്പിലാക്കിക്കൂടാ? വയോധികരോടുള്ള കാരുണ്യത്തെക്കുറിച്ചും അവരുടെ പ്രയാസങ്ങളെക്കുറിച്ചുമൊക്കെ വാചാടോപം നടത്തുന്ന അധികാരികള്‍ക്ക് എന്തുകൊണ്ട് ഇത്രയുംവൈകാരികത നിറഞ്ഞ ഒരു പ്രശ്‌നത്തില്‍ തലതിരിഞ്ഞ തീരുമാനമെടുക്കാന്‍ കഴിഞ്ഞു?

അനര്‍ഹരായവരെയും മരണപ്പെട്ടവരെയും ഒഴിവാക്കാനാണ് മസ്റ്ററിങ് എന്ന് മന്ത്രി പറയുന്നതെങ്കിലും ലക്ഷക്കണക്കിനുപേരെ പട്ടികയില്‍നിന്ന് നീക്കംചെയ്യല്‍ തന്നെയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജൂലൈയിലെ ഉത്തരവനുസരിച്ച് 1200 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടുകളില്‍ കഴിയുന്നവരെയും കാറുള്ളവരെയും പട്ടികയില്‍നിന്ന് നീക്കം ചെയ്യും. കഴിഞ്ഞയാഴ്ചത്തെ ഉത്തരവനുസരിച്ച് വീട്ടിലെ എ.സിയും തറയുടെ നിലവാരവും മാനദണ്ഡമാക്കും. മന്ത്രിയുടെ കണക്കനുസരിച്ച്, ഈ സര്‍ക്കാര്‍ വര്‍ധിപ്പിച്ച പത്തു ലക്ഷം ഗുണഭോക്താക്കളുടെ ജീവിത നിലവാരം എന്തുകൊണ്ട് തുടക്കത്തില്‍തന്നെ കണ്ടുപിടിക്കാനായില്ല. 600 രൂപ ഉണ്ടായിരുന്ന പെന്‍ഷന്‍ 1200 രൂപ വരെയായി വര്‍ധിപ്പിച്ചതും ഈ സര്‍ക്കാരത്രേ. ദൂരക്കാഴ്ചയില്ലാതെ രാഷ്ട്രീയ നേട്ടത്തിനായി ചെയ്തു കൂട്ടിയതെല്ലാം തിരിഞ്ഞുകൊത്തുന്നുവെന്നര്‍ത്ഥം. വിളിച്ചുണര്‍ത്തിയിട്ട് ഊണില്ലെന്ന് പറയലാണിത്. മക്കളും അടുത്ത ബന്ധുക്കളും വൃദ്ധ മാതാപിതാക്കളുടെ വരുമാനം തട്ടിയെടുത്തുവെന്ന പരാതിയുയരുന്ന നാടാണിത്. പെന്‍ഷന്‍ കിട്ടുന്നുവെന്ന കാരണത്താല്‍ നിലവില്‍ ചെലവിനു നല്‍കാത്ത സ്ഥിതിയുണ്ടെങ്കില്‍ സര്‍ക്കാര്‍കൂടി ഒറ്റയടിക്ക് അത് നിഷേധിച്ചാലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞേതീരൂ.

SHARE