വലിയ ചരിത്രമുണ്ട് കേരള യൂണിവേഴ്സിറ്റി കോളജിന്. സ്വാതി തിരുനാള്‍ തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്ത സംഗീതത്തിന്റെ സപ്തസ്വരങ്ങള്‍ യൂണിവേഴ്സിറ്റി കോളജിന്റെ മണല്‍ത്തരികളില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഇന്ന് പക്ഷേ ഒറ്റ സ്വരം മാത്രം മതിയെന്ന പിടിവാശിയിലാണ് ഒരു സംഘടന. സ്വാതന്ത്ര്യവും സമത്വവും സോഷ്യലിസവും കൊടിയില്‍ തുന്നിച്ചേര്‍ത്ത ഈ സംഘടന ഇന്ന് ഏകസ്വരം മാത്രം മീട്ടുന്ന വീണയാക്കി മാറ്റിയിരിക്കുന്നു ഈ കലാലയത്തെ. ചോദ്യം ചെയ്യാന്‍ കഴിയാത്ത, വിമര്‍ശനങ്ങളെ ഭയപ്പെടുന്ന, വിദ്യയുടെ വിളക്കുമരങ്ങളെ തല്ലിത്തകര്‍ക്കുന്ന, യുവത്വത്തിന്റെ വര്‍ണങ്ങളെ തല്ലിക്കൊഴിക്കുന്ന സ്റ്റാലിനിസ്റ്റ് വിചാരധാരയുടെ ജീവിക്കുന്ന അസ്ഥിമാടമായി കേരള സര്‍വകലാശാല കോളജിലെ വിദ്യാര്‍്ത്ഥി പ്രസ്ഥാനം മാറിയിരിക്കുന്നു.
ഇവിടെയാണ് പാട്ടു പാടിയതിന് സ്വന്തം സഹപ്രവര്‍ത്തകനെ കത്തിമുന കൊണ്ട് എതിരിട്ടത്. സ്വന്തം സഹാപാഠികള്‍ സ്വാതന്ത്ര്യം കവര്‍ന്നപ്പോള്‍ ഒരു പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഒന്നര നൂറ്റാണ്ട് പ്രകാശം വിതറി നിന്ന ഒരു കലാലയത്തിന്റെ ചരിത്രത്തെ ഇരുട്ട് നിറഞ്ഞ കരാഗ്രഹത്തിലേക്ക് ഒരു സംഘടന നയിക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ രണ്ട് സംഭവങ്ങള്‍ മാത്രമാണിത്. പുറത്തു വരാത്ത അനേകം അതിക്രമങ്ങള്‍ രാജകീയ പ്രൗഡിയുടെ പുറംകാഴ്ചകള്ക്കുള്ളില് ആരുമറിയാതെ ഒടുങ്ങിപ്പോകുന്നുണ്ട്.
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ചൂടും ചൂരും തലസ്ഥാന നഗരിക്ക് തീപിടിപ്പിക്കുമ്പോള്‍, അതിന് പിന്നില്‍ സര്‍വകലാശാല കോളജിന്റെ അഗ്നി സ്ഫുരിക്കുന്ന യുവത്വമുണ്ടെന്ന് പറഞ്ഞവര്‍ക്ക്, ഇന്ന് തിരുത്തി പറയേണ്ടി വന്നിരിക്കുന്നു. കുറച്ചപ്പുറമുള്ള രാഷ്ട്രീയ യജമാനന്മാരുടെ ആജ്ഞക്കനുസരിച്ച് തുള്ളുന്നവര് മാത്രമാണ് ഈ വിദ്യാര്‍ത്ഥി കൂട്ടമെന്ന് കഴിഞ്ഞ മൂന്നര വര്‍ഷമായി പേര്‍ത്തും പേര്‍ത്തും ഇവര്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു. ഉള്ളില്‍ തീയാളുന്ന യുവത്വത്തെ, ആള്‍ക്കൂട്ട മാനസികാവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കാനും ആജ്ഞകളനുസരിക്കുന്ന യന്ത്രപ്പാവകളാക്കി മാറ്റാനും കഴിയുമെന്ന് എത്രയോ അനുഭവങ്ങളിലൂടെ ഈ രാഷ്ട്രീയ നേതൃത്വം തെളിയിച്ചിട്ടുണ്ട്. ഹിറ്റ്ലറുടെ ജര്‍മ്മനിയിലേക്കും മുസ്സോളനിയുടെ ഇറ്റലിയിലേക്കും യൂണിവേഴ്സ്റ്റി കോളജിന്റെ കവാടങ്ങളില്‍ നിന്ന് എത്ര ദൂരമുണ്ടെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. വിദ്യാര്‍ത്ഥികളില്‍ അരാഷ്ട്രീയവാദത്തിന്റെ വിത്തുകള്‍ മുളപ്പിക്കുന്നത് എങ്ങനെയെന്ന് പഠിക്കണമെങ്കില്‍ കേരള യൂണിവേഴ്സിറ്റി കോളജിലെത്തിയാല്‍ മതി. ഒരു പൂ മാത്രം വിടരുന്ന പൂന്തോട്ടമായി മാറിയ കലാലയത്തില്‍ ഒരു സ്വനം മാത്രം ഉയര്‍ന്നാല്‍ മതിയെന്ന അധികാരം ധാര്‍ഷ്ട്യം കൊലവാളുകളുയര്ത്തുകയാണ്. സ്വന്തം സഹപ്രവര്‍ത്തകന്റെ നെഞ്ഞിന് നേരെയും മിന്നായം പോലെ കൊലക്കത്തികള്‍ ആഴുന്നു.
തലസ്ഥാന നഗരിയിലെ ഗൂണ്ടാപടകളിലേക്കുള്ള റിക്രൂട്ടിങ് എജന്‍സിയായി സര്‍വകലാശാല കോളജ് മാറിയിട്ട് എത്രയോ വര്‍ഷങ്ങളായി. ഗുണ്ടാസംഘങ്ങളിലെ എണ്ണം പറഞ്ഞവര്‍ യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്നവരാണെന്ന യാഥാര്‍ത്ഥ്യം എന്തുകൊണ്ട് ആരെയും നൊമ്പരപ്പെടുത്തുന്നില്ലെന്നത് അത്ഭുതമാണ്. സാംസ്കാരിക നായകന്മാരുടെ പ്രതികരണങ്ങളില്‍ കേരളയീ യൂവത്വത്തെ ഇത്രമേല്‍ വഴിപിഴപ്പിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിനെതിരായി വിമര്‍ശനം ഉയരാത്തതെന്തുകൊണ്ടെന്നത് അതിലും അത്ഭതകരമായ കാര്യമാണ്. തലവിധിയെന്ന മട്ടില്‍ ഇക്കൂട്ടരെ എഴുതിതള്ളുന്നവര്‍ യൂണിവേഴ്സിറ്റി കോളജിന്റെ ചരിത്രത്തെ നിരാകരിക്കുന്നവരാണ്.
സ്വാതി തിരുനാള്‍ ആരംഭിച്ച രാജാസ് ഫ്രീ സ്കൂള്‍ 1866ല്‍ ആയില്യം തിരുനാളിന്റെ കാലത്ത് യൂണിവേഴ്സിറ്റി കോളജ് ആയി മാറിയപ്പോള്‍ ഒരു നാടിന്റെ ചരിത്രമാണ് മാറ്റിയെഴുതിയത്. എ.ആര് രാജരാജവര്‍മയും എന്‍ കൃഷ്ണപിള്ളയും തുടങ്ങി എസ് ഗുപ്തന് നായരും സുഗതകുമാരിയും ഒ.എന്‍.വിയും ഉള്‍പ്പെടെ ഈ കലാലയത്തിന് തിളക്കമേറ്റിയ അധ്യാപക പ്രതിഭകളുടെ പട്ടിക നീണ്ടതാണ്. എന്നാല്‍ ഇന്ന് രാഷ്ട്രീയ യജമാനന്മാരുടെ ആജ്ഞകള്‍ക്ക് കാവല്നില്ക്കുന്ന ഭൃത്യവേലയായി പ്രിന്‍സിപ്പല്‍ പദവി പോലും മാറിയിരിക്കുന്നു.
മൂന്ന് ദിവസം മുമ്പാണ് ഒരു വിദ്യാര്ത്ഥി് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ യൂണിവേഴ്സ്റ്റി കോളജ് ഹോസ്റ്റലില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റേയും അതിലും ക്രൂരമായ മാനസിക പീഡനത്തിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠനം പൂര്‍ത്തിയാക്കിയ, നേതാവ് അനധികൃതമായി ഹോസ്റ്റലില്‍ തങ്ങിയാണ് രാഷ്ട്രീയ യജമാനന്മാര്‍ക്കായി ഗുണ്ടാപണിയെടുത്തത്. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ യൂണിവേഴ്സിറ്റി കോളജിനെ ഭീഷണി കൊണ്ട് സ്വന്തം ഇച്ഛയില്‍ നിര്‍ത്തുന്ന സംഘടന പോലും നേതാവിനെ തള്ളിപ്പറഞ്ഞു. എന്നാല്‍ അക്രമം സംബന്ധിച്ച് പരാതി പറഞ്ഞ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ പുറത്താക്കി. പ്രിന്‍സിപ്പല്‍ എന്ന പദവിക്ക് മാത്രമല്ല, അധ്യാപകനെന്ന് പറയാന്‍ പോലും അര്‍ഹനല്ല താനെന്ന് തെളിയിക്കുകയായിരുന്നു ഈ പ്രിന്‍സിപ്പല്‍.
രാഷ്ട്രീയദാസ്യപ്പണിക്കായി പ്രിന്‍സിപ്പല്‍ പദവിയെ ദുരുപയോഗിക്കുമ്പോള്‍ സര്‍വകലാശാല കോളജില്‍ നടക്കുന്ന അക്രമങ്ങളെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്. പരാതി പറയാനെത്തിയ ഒരു വിദ്യാര്‍ത്ഥി പ്രസിത്ഥാനത്തിന്റെ സംസ്ഥാന പ്രസിഡണ്ടിനെ എറിഞ്ഞു വീഴ്ത്തി ക്രൂരമായി മര്‍ദ്ദിക്കുമ്പോള്‍ നോക്കിനിന്ന പൊലിസും കോളജിലെ ഗുണ്ടാപടക്ക് ദാസ്യവേല ചെയ്യുന്ന പ്രിന്‍സിപ്പലും ഒരേ തൂവല്‍ പക്ഷികളാണ്. പി.എസ്.സി പരീക്ഷയുടെ ചോദ്യം ചോര്‍ത്തി റാങ്ക് ലിസ്റ്റില്‍ ആദ്യസ്ഥാനങ്ങളില്‍ ഇടംപിടിക്കുന്ന നസീമുമാരുടെയും രഞ്ജിത്തുമാരുടെയും ആജ്ഞകള്‍ക്ക് അനുസരണയോടെ കാവല്നില്ക്കുന്നവരായി അധ്യാപക സമൂഹം മാറരുത്. സര്‍വകലാശാല കോളജിന്റെ മഹത്തായ പാരമ്പര്യവും ചരിത്രവും മറവിയിലേക്ക് ആണ്ടുപോയിട്ടില്ലെന്ന് രാഷ്ട്രീയ അടിമത്വം കൊണ്ട് കാഴ്ച നഷ്ടപ്പെട്ടവര്‍ വിസ്മരിക്കരുത്.
ഇടതു പാര്‍ട്ടികള്‍ ഏകാധിപതിയെന്ന് വിശേഷിപ്പിക്കുന്ന സര് സി.പി രാമസ്വാമി അയ്യരായിരുന്നു ഒരിക്കല്‍ കേരള സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ സര്‍വകലാശാലയുടെ വി.സി ആകാന്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം ക്ഷണം നിരസിച്ചതോടെയാണ് സര് സി.പി വി.സി ആയത്. ഒരു ഏകാധിപതിയുടെ ദീര്‍ഘവീക്ഷണം പോലും ഇന്നത്തെ ജനകീയ സര്‍ക്കാരിന് ഇല്ലാതെ പോയിരിക്കുന്നു. അധികാരത്തിന്റെ ഹുങ്കില്‍ അക്രമവും ഭീഷണിയും കൊണ്ടും ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങളുടെ വിത്ത് മുളപ്പിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ലെനിന്റേയും സ്റ്റാലിന്റേയും റഷ്യ തകര്‍ന്ന് തരിപ്പണമാകില്ലായിരുന്നു. ബംഗാളും ത്രിപുരയും ചെറുമഴയില്‍ കുതിര്ന്നില്ലാതാവുമായിരുന്നില്ല.
സര്‍വകലാശാല കോളജില്‍ ജനാധിപത്യത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും രാഷ്ട്രീയത്തിന് വാതില്‍ തുറന്നില്ലെങ്കില്‍ കാത്തിരിക്കുന്ന ദുരന്തത്തിന് ചെവിയോര്‍ക്കുക എന്നല്ലാതെ എന്ത് പറയാന്‍. കൊടിയില്‍ തുന്നിച്ചേര്‍ക്കുന്ന അക്ഷരങ്ങള്‍ക്ക് അര്ത്ഥമുണ്ടായില്ലെങ്കില് കൊടി തന്നെ അപ്രസക്തമാകുന്ന സമീപഭാവിയെ നിങ്ങള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു.