നല്ല ശിക്ഷതന്നെ; പക്ഷേ വിധിക്കേണ്ടത് പൊലീസല്ല

സ്ത്രീകള്‍ക്കും ന്യൂനപക്ഷദലിത്പിന്നാക്ക സമൂഹങ്ങള്‍ക്കുമെതിരെ രാജ്യത്ത് നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളും അവയെനേരിടുന്ന നവഭരണകൂടരീതിയും ഈനാടൊരു വെള്ളരിക്കാപട്ടണമായിരിക്കുകയാണോ എന്ന സന്ദേഹമാണ് പൊതുസമൂഹത്തിനുമുന്നില്‍ ഇപ്പോള്‍ ഉയര്‍ത്തിവിട്ടിരിക്കുന്നത്. രാജ്യം കടുത്തസാമ്പത്തികപ്രയാസത്തിലകപ്പെടുകയും നിത്യോപയോഗവസ്തുക്കള്‍ക്ക് കനത്തവിലനല്‍കി ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെടുകയുംചെയ്യുന്ന പാവപ്പെട്ട ജനതതിയുടെ നേര്‍ക്കാണ് സമൂഹത്തിലെ ക്രിമിനലുകളുടെ തേര്‍വാഴ്ചയത്രയും. കഴിഞ്ഞമാര്‍ച്ചില്‍ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാല്‍സംഗംചെയ്യപ്പെട്ട യുവതിയെ കോടതിയിലേക്ക്‌പോകുംവഴി അതേകേസിലെ പ്രതികള്‍ തീവെച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന വാര്‍ത്ത അതീവഞെട്ടലോടെയാണ് കഴിഞ്ഞദിവസം രാജ്യം ശ്രവിച്ചത്.

ഇതിന് കൃത്യംഒന്‍പതുദിവസം മുമ്പായിരുന്നു രാജ്യത്തെഞെട്ടിച്ച മറ്റൊരു കൂട്ടബലാല്‍സംഗസംഭവം തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദില്‍നിന്ന് കേള്‍ക്കേണ്ടിവന്നത്. 2012ല്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കൂട്ടുകാരനുമൊത്ത് യാത്രചെയ്യവെ യുവതിയെ ഇരുട്ടിന്റെമറവില്‍ അവര്‍ യാത്രചെയ്ത ബസ്സിനകത്തുവെച്ച് ബലാല്‍സംഗത്തിനിരയാക്കിയശേഷം കാടന്‍രീതിയില്‍ കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിന്റെയും തല്‍സംബന്ധിയായ പ്രക്ഷോഭങ്ങളുടെയും പ്രതലത്തിലാണ് 2014ല്‍ രാജ്യത്ത് ഭരണമാറ്റംതന്നെ സംഭവിക്കാനിടയായത്. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ബലാല്‍സംഗത്തിനെതിരെയും സ്ത്രീ-ബാലസുരക്ഷക്കായും നിരവധിനിയമങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടും രാജ്യത്ത് ബലാല്‍സംഗത്തിന്റെയും അനുബന്ധകൊലപാതകങ്ങളുടെയും സംഖ്യ വര്‍ധിച്ചുവരുന്നത് നാമേവരെയും അമ്പരപ്പിക്കുന്നവിധത്തിലാണ്.

കഴിഞ്ഞ നവംബര്‍ 28ന് രാത്രിയാണ് ഹൈദരാബാദില്‍നിന്ന് 50 കി.മീ.അകലെയുള്ള രംഗറെഡ്ഡി ജില്ലയിലെ ഷാദ്‌നഗറിലെ സൈബരാബാദ് ഇലക്ട്രോണിക്‌സിറ്റിയില്‍ രാത്രി ഒമ്പതുമണിയോടെ 26കാരിയായ വെറ്ററിനറി ഡോക്ടര്‍ ലോറിജീവനക്കാരാല്‍ ക്രൂരമായി ബലാല്‍സംഗത്തിനിരയായതും അഗ്നിക്കിരയായതും. കേസില്‍ ബുധനാഴ്ചയാണ് പ്രതികളെ കോടതി തെളിവെടുക്കാനായി പൊലീസിന്‌വിട്ടുനല്‍കിയത്. ഒരുവശത്ത് പൗരന്മാരുടെ ജീവനും ശരീരവും സ്വത്തും സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഭരണകൂടങ്ങള്‍ പരാജയപ്പെടുമ്പോള്‍ മറുവശത്ത് പ്രതികള്‍തന്നെ വീണ്ടുംവീണ്ടും ഇരകള്‍ക്കെതിരെ രംഗത്തുവരുന്ന കാഴ്ച അനിതരസാധാരണമായിരിക്കുന്നു.

ഇതുപോലൊന്നാണ് ബി.ജെ.പി എം.എല്‍.എ പ്രതിയായ ഉന്നാവിലെതന്നെ മറ്റൊരു ബലാല്‍സംഗക്കേസിലെ ഇരയുടെ പിതാവിനെയും അടുത്തബന്ധുക്കളെയും കൊലപ്പെടുത്തിയ സംഭവം. രാജ്യത്ത് പ്രത്യേകിച്ചും ബി.ജെ.പി ഭരിക്കുന്ന യു.പി പോലുള്ളസംസ്ഥാനങ്ങള്‍ ദേശീയക്രൈംറിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കില്‍ ബലാല്‍സംഗങ്ങളുടെയും അക്രമത്തിന്റെയും തലസ്ഥാനമാണ്. പ്രതിവര്‍ഷം രാജ്യത്ത് ബലാല്‍സംഗത്തിനിരയാകുന്നവരുടെ സംഖ്യ അരലക്ഷത്തിനടുത്താണ്. ഇതില്‍ കുട്ടികളുടെമാത്രം സംഖ്യ 7200 ആണെന്ന് ‘ഹ്യൂമണ്‍റൈറ്റ്‌സ് വാച്ച’ പറയുന്നു. വെറും 30ശതമാനം പ്രതികള്‍ മാത്രമാണ് ഇതില്‍ ശിക്ഷിക്കപ്പെടുന്നത്. സാക്ഷരകേരളത്തില്‍നിന്നുപോലും നിത്യേനയെന്നോണം ബലാല്‍സംഗത്തിന്റെയും മാനഭംഗത്തിന്റെയും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഷൊര്‍ണൂരിലെ സൗമ്യക്കും പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷക്കും നേരിടേണ്ടിവന്ന ദാരുണമായദുരന്തം നാം ഏറെചര്‍ച്ചചെയ്തതാണ്. ശേഷവും അടുത്തിടെ വീട്ടമ്മക്കും പ്രമുഖനടിക്കുനേരെപോലും ലൈംഗികാതിക്രമം നേരിടേണ്ടിവന്നു.

 ക്രമസമാധാനപാലനത്തിലെ പഴുത് മുതലെടുത്ത് കയ്യില്‍കിട്ടുന്നവരെ കാമപൂര്‍ത്തിക്കിരയാക്കുന്ന സംഭവങ്ങളില്‍ തുടര്‍ന്നെങ്കിലും മതിയായ ശിക്ഷകള്‍ വാങ്ങിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തമാണ് ഭരണകൂടങ്ങള്‍ക്കും പ്രത്യേകിച്ച് പൊലീസ്‌സേനക്കുള്ളത്. എന്നാല്‍ ഇന്നലെ ഹൈദരാബാദില്‍നടന്ന സംഭവം നീതിനിര്‍വഹണത്തിന് നേര്‍ക്കുള്ള മറ്റൊരു കൊടുംവീഴ്ചയാണ്. വെറ്ററിനറി ഡോക്ടറുടെ മരണത്തിനുത്തരവാദികളെന്ന് സംശയിക്കപ്പെടുന്ന നാലുചെറുപ്പക്കാരെ പൊലീസ് വെടിവെച്ചുകൊന്നതാണ് ഈഅധ്യായത്തിലെ മറ്റൊരു ഡിസംബര്‍ 6. സ്ത്രീപീഡകര്‍ക്ക് വധശിക്ഷ ലഭിക്കണമെന്ന ആവശ്യം ഉയരുമ്പോള്‍തന്നെയാണ് കോടതിയുടെയും നീതിന്യായസംവിധാനങ്ങളുടെയും സഹായമില്ലാതെ പൊലീസ് നേരിട്ട് പ്രതികളെ വെടിവെച്ചുകൊന്നിരിക്കുന്നത്.

പ്രതികള്‍ ഇവര്‍തന്നെയാണെന്നതിന് ഇനിയും തെളിവെടുക്കലും തലനാരിഴകീറിയുള്ള ഫോറന്‍സിക്-ലാബ്പരിശോധനകളും വേണമെന്നിരിക്കെയാണ് ഹൈദരാബാദ് പൊലീസിന്റെ ‘ഷൂട്ട് അറ്റ് സൈറ്റ്’ നടപടി. ഇത് വ്യാജഏറ്റുമുട്ടലല്ലാതെ മറ്റൊന്നുമല്ലെന്ന് സാഹചര്യത്തെളിവുകള്‍ വീക്ഷിക്കുമ്പോള്‍ എളുപ്പത്തില്‍ മനസ്സിലാകും. സായുധരായി ഇരുപതോളം പൊലീസുദ്യോഗസ്ഥര്‍ ഉണ്ടായിരുന്നസ്ഥലത്ത് പുലര്‍ച്ചെ 24നും 20നുംതാഴെ മാത്രം പ്രായമുള്ള പ്രതികള്‍ ഇവരെ ആക്രമിച്ച് രക്ഷപ്പെടാന്‍ശ്രമിച്ചെന്ന് പറയുന്നത് സാമാന്യമായി വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. മുമ്പ് മധ്യപ്രദേശില്‍ നിരോധിത ‘സിമി’ അംഗങ്ങളായ ജയില്‍പുള്ളികളെ പുലര്‍ച്ചെ ജയിലിനുപുറത്തുകൊണ്ടുപോയി നിറയൊഴിച്ചുകൊന്നതും അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതുമായ രീതിതന്നെയാണ് ഹൈദരാബാദ് പൊലീസും ഭരണകൂടവും പരീക്ഷിച്ചത്.

ഇത് നീതിയാണെങ്കില്‍ ഈവിധി എന്തുകൊണ്ട് ജീവിക്കാനായി നാല്‍കാലികളെ കച്ചവടംചെയ്യുന്നതിനിടെ കൊലചെയ്യപ്പെടുന്ന മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും ലഭിക്കുന്നില്ല? ദാദ്രിയിലും ഝാര്‍ഖണ്ഡിലും പശുവിന്റെപേരില്‍ നിരപരാധികളെ കൊലചെയ്ത കാവിക്കാപാലികര്‍ക്ക് ദേശീയപതാകയും പൂമാലയുമിട്ട് സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിമാര്‍വരെ എത്തിയതും ഗുജറാത്തിലെ നരാധമന്മാര്‍ ഇപ്പോഴും ഭരണകുഞ്ചികകേന്ദ്രങ്ങളില്‍ വാഴുന്നതും ഓര്‍ത്തുപോകുന്നത് സ്വാഭവികം. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാക്‌സ്വദേശി അജ്മല്‍കസബിനുവേണ്ടിപോലും പ്രയോഗിക്കപ്പെട്ട ഇന്ത്യന്‍ശിക്ഷാനിയമം, തെളിവുനിയമം തുടങ്ങിയവ എന്തുകൊണ്ട് ഹൈദരാബാദിലെ ചെറുപ്പക്കാര്‍ക്ക് തുണയായില്ലെന്ന മനുഷ്യാവകാശപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഭരണകൂടം മറുപടി പറഞ്ഞേതീരു. പൊലീസ്‌വെടിവെപ്പിനെ ന്യായീകരിക്കുന്നവര്‍ പരോക്ഷമായി പറയുന്നത് നീതിന്യായവ്യവസ്ഥയില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നാണ്.

ഭരണകൂടം ഗാലറിക്കുവേണ്ടി കളിക്കരുത്. അങ്ങനെവന്നാല്‍ തകരുന്നത് ജനാധിപത്യവും രാജ്യവും തന്നെയായിരിക്കുമെന്ന് എല്ലാവരുംഓര്‍ക്കുക. ആയിരം അപരാധികള്‍ ശിക്ഷിക്കപ്പെട്ടാലും ഒരുനിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന നീതിന്യായവ്യവസ്ഥിതിയുടെ അന്തഃസത്ത വെറുതെ വായിച്ചുതള്ളാനുള്ളതല്ല. ഹൈദരാബാദ് സംഭവത്തിലെ പ്രതികളായ പൊലീസുദ്യോഗസ്ഥര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ മനുഷ്യാവകാശകമ്മീഷനുള്‍പ്പെടെ തയ്യാറായേതീരൂ. അല്ലെങ്കില്‍ ഇതൊരു കീഴ്‌വഴക്കമാകും. അത് നാളെ താങ്കള്‍ക്കെതിരെയും തിരിഞ്ഞെന്നുവരും.

SHARE