മതേതര മൂല്യങ്ങളെ കശാപ്പ് ചെയ്യുമ്പോള്‍

ഇന്ത്യയിലിപ്പോള്‍ വിപരീതങ്ങള്‍ ആദര്‍ശവല്‍ക്കരിക്കപ്പെടുകയാണ്. പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയുടെ മതേതര സങ്കല്‍പങ്ങള്‍ക്ക് നേര്‍വിപരീത ദിശയിലുള്ള എന്‍.ഡി.എ സര്‍ക്കാരിന്റെ മുന്നേറ്റമാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ അവഗണിക്കുപ്പെട്ടുവെന്ന് മാത്രമല്ല, രാജ്യത്തെ വലതുവല്‍ക്കരണം ധൃതഗതിയിലായി എന്ന് വ്യക്തമാക്കപ്പെടുകയും ചെയ്തു ഇന്നലെ ലോക്‌സഭയില്‍. പ്രതീക്ഷകള്‍ക്ക് ഇപ്പോള്‍ മിന്നാമിനുങ്ങിന്റെ നറുങ്ങുവെട്ടം പോലും അവശേഷിക്കുന്നില്ല. പ്രദേശിക പ്രതിപക്ഷ കക്ഷികളില്‍ ചിലതെങ്കിലും ഹിന്ദുത്വ വര്‍ഗീയതയുടെ കൂടാരത്തിലേക്ക് ഒളിച്ചുകടന്നിരിക്കുന്നു. ദ്രാവിഡ മുന്നേറ്റത്തിന്റെ ചരിത്രം പേറുന്ന എ.ഐ.ഡി.എം.കെ വിഭാഗീയ രാഷ്ട്രീയത്തിന് ചുവപ്പു പരവതാനി വിരിക്കുന്ന നിര്‍ഭാഗ്യകരമായ കാഴ്ച ഇന്ത്യയില്‍ എന്ത് രാഷ്ട്രീയ മറിമായവും സംഭവിക്കാമെന്നതിന്റെ സൂചനയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നിര ഉയര്‍ത്തി. എതിര്‍സ്വരത്തിന്റെ കാഠിന്യത്തില്‍ ബില്‍ അവതരിപ്പിക്കണമോ എന്ന് വോട്ടിനിട്ട് തീരുമാനിക്കാന്‍ സര്‍ക്കാര്‍ തയാറായി. അമിത്ഷായുടെ രാഷ്ട്രീയ നാടകം ഈ വോട്ടെടുപ്പിലുണ്ടായിരുന്നു. ഇന്ത്യയുടെ മതേതര ലൈനില്‍ നിന്ന് വഴിമാറുന്ന വിവാദ ബില്‍ അവതരിപ്പിക്കുന്നതിന് മുന്നേ ജനാധിപത്യ വാദിയുടെ കപടവേഷം അണിയുകയായിരുന്നു അമിത്ഷാ. ലോകരാഷ്ട്രങ്ങള്‍ സാകൂതം ഉറ്റുനോക്കുന്നുണ്ടെന്ന നല്ല ധാരണയില്‍ നടത്തിയ നാടകത്തിന് അമിത് ഷാ പ്രതീക്ഷിച്ചതിനേക്കാള്‍ നേട്ടമുണ്ടായി.

ബില്ലിനെ പിന്തുണക്കാന്‍ ആരൊക്കെ ഒപ്പമുണ്ടാകുമെന്ന ലിറ്റ്മസ് ടെസ്റ്റ് കൂടിയായി അത്. 293 അംഗങ്ങള്‍ ബില്ല് അവതരിപ്പിക്കുന്നതിനെ അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 82 പേര്‍ മാത്രം. എ.ഐ.ഡി.എം.കെ മാത്രമല്ല, തെക്ക് നിന്ന് ടി.ഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും ബില്ലവതരണത്തെ അനുകൂലിച്ചു. പ്രതിപക്ഷ നിരയിലേക്ക് സ്ഥാനം മാറിയ ശിവസേനയും സര്‍ക്കാരിനൊപ്പം ചേര്‍ന്നു. ബി.ജെ.പി അവകാശപ്പെട്ട പിന്തുണ ബില്ല് അവതരിപ്പിക്കാന്‍ സര്‍ക്കാരിന് കിട്ടി. ഇവരൊക്കെ ബില്ലിനെ പിന്തുണക്കുമെങ്കില്‍ ലോക്‌സഭയില്‍ മാത്രമല്ല, രാജ്യസഭയിലും ബി.ജെ.പിക്ക് മുന്നില്‍ വലിയ കടമ്പയില്ല. മതേതരത്വ ചേരിയില്‍ നിന്ന് ജനവിധി തേടിയവര്‍ ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടക്കൊപ്പം ഒരു മറയുമില്ലാതെ കൈകോര്‍ക്കുന്ന രാഷ്ട്രീയം തെളിമയാര്‍ന്ന് മിഴിവോടെ നില്‍ക്കുന്നു.

പൗരത്വ ഭേദഗതി ബില്‍ മത ഇന്ത്യയിലേക്കുള്ള വാതില്‍ തുറക്കാനുള്ള ബി.ജെ.പിയുടെ ഉദ്യമമാണെന്ന് എ.ഐ.ഡി.എം.കെ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൃത്യമായ ധാരണയുണ്ട്. എന്നിട്ടും അവര്‍ മതേതരത്വത്തെ തള്ളിപ്പറയാന്‍ ഒരുമടിയും പുലര്‍ത്തിയില്ല. രാഷ്ട്രീയ വിജയങ്ങള്‍ക്ക് ഹിന്ദുത്വ അജണ്ട അനിവാര്യമാണെന്ന ധാരണയില്‍ ഈ പാര്‍ട്ടികള്‍ എത്തിയിരിക്കുന്നു. കേവലമായ നിലപാട് മാറ്റമല്ല ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം ആരോപണങ്ങളല്ല ഇന്നലെ ലോകസഭയില്‍ ഉന്നയിച്ചത്. യാഥാര്‍ത്ഥ്യത്തെ ഉച്ചത്തില്‍ വിളിച്ചുപറയുകയാണ് പ്രതിപക്ഷം ചെയ്തത്. ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളെ ലംഘിക്കുന്ന ഭരണഘടനാ വിരുദ്ധമായ നിയമനിര്‍മാണ് ഇതെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്.

ഒരു മതത്തോടും പ്രത്യേക മമതയോ വിദ്വേഷമോ ഇന്ത്യാ രാജ്യത്തിന് ഉണ്ടാകില്ലെന്ന മതേതരത്വ മൂല്യം തകര്‍ക്കുകയാണ് ബില്ലിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. ഒരു ജനതയെ വിഭജിക്കാനും അതില്‍ ഒരു സമൂഹത്തെ പാര്‍ശ്വവല്‍ക്കരിക്കാനും സംഘപരിവാരം കണ്ടെത്തിയ കുറുക്കുവഴിയാണിത്. ജനാധിപത്യത്തിന്റേയും പൗരാവകാശത്തിന്റേയും തകര്‍ച്ച വേഗത്തിലാക്കുന്ന ബില്ലിന്റെ ഗുണഭോക്താക്കള്‍ സംഘപരിവാര്‍ ശക്തികള്‍ മാത്രമാണ്. എന്നിട്ടും എന്തുകൊണ്ടാണ് എ.ഐ.ഡി.എം.കെയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും അടക്കമുള്ള പ്രാദേശിക കക്ഷികള്‍ ബില്ലിനെ പിന്തുണക്കുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ജനകീയപോരാട്ടത്തില്‍ എതിര്‍ത്ത് തോല്‍പിച്ചവര്‍, ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ അവരെ അണച്ചുപിടിക്കുന്നതിന് കാരണം ഹിന്ദുത്വ രാഷ്ട്രീയത്തിനോടുള്ള മമതക്കപ്പുറം കാര്യകാരണങ്ങളുണ്ടാകാനിടയുണ്ട്. സംസ്ഥാന ഭരണകൂടങ്ങളെ വരുതിയിലാക്കാന്‍ ഉപയോഗിച്ച തന്ത്രങ്ങള്‍, ഭീഷണികള്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായ നികുതി വകുപ്പും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എല്ലാം മതേതര ഇന്ത്യയെ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള നീക്കത്തിനും അവര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന സൂചന വന്നു കഴിഞ്ഞു.

അടുത്തു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളൊന്നുമല്ല ബി.ജെ.പിയുടെയും സംഘപരിവാറിന്റേയും ലക്ഷ്യം. ഹിന്ദുത്വത്തിന്റെ അജണ്ട അതിന്റെ ആചാര്യന്മാര്‍ ലക്ഷ്യമിട്ട രീതിയില്‍ നടപ്പാക്കുകയെന്ന അസന്നിഗ്ധമായ ഉദ്ദേശ്യത്തോടെയാണ് മോദിയും അമിത്ഷായും മുന്നോട്ടു പോകുന്നത്. അസമില്‍ നടപ്പാക്കിയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമാക്കുമെന്ന മുന്നറിയിപ്പ് പൗരത്വ ഭേദഗതി ബില്ലിന്റെ തുടര്‍ച്ചയാണ്. പൗരത്വ ഭേദഗതി ബില്‍ പാസ്സാകുന്നതോടെ പൗരത്വ രജിസ്റ്റര്‍ ന്യൂനപക്ഷങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള വര്‍ഗീയ അജണ്ടയായി പരിണമിക്കും. ഇന്ത്യയിലെ മുസ്‌ലിംകള്‍ തങ്ങളുടെ പൗരത്വം ഉറപ്പാക്കാന്‍ രേഖകള്‍ തപ്പി നടക്കേണ്ട അപമാനകരമായ ദുസ്ഥിതിയാണ് വരാനിരിക്കുന്ന നാളുകളില്‍ ഉണ്ടാകാന്‍പോകുന്നത്. 2024 ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊന്നുമറിയാത്തവരല്ല പ്രതിപക്ഷത്ത് നിന്നും ബില്ലിനെ പിന്തുണക്ക് മതേതരത്വക്കാര്‍.

മതേതര ഇന്ത്യയുടെ നിലപാട് സുവ്യക്തമാണ്. കോണ്‍ഗ്രസും മുസ്‌ലിം ലീഗും അത് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ മത വിഭാഗങ്ങള്‍ക്കും പൗരത്വം നല്‍കുന്നതാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ ഞങ്ങളത് അംഗീകരിക്കും. എന്നാല്‍ ഏതെങ്കിലും ഒരു മതത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ബില്‍ നടപ്പാക്കുന്നതെങ്കില്‍ ശക്തമായി എതിര്‍ക്കും. രണ്ട് ദിവസം മുമ്പ് മമതാ ബാനര്‍ജി കൃത്യമായി സര്‍ക്കാരിന് ഒരു സന്ദേശം നല്‍കി. പൗരത്വ ബില്ലിനെതിരായ പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കും.

പൗരത്വ ഭേദഗതി ബില്‍ സര്‍ക്കാരിന് എളുപ്പത്തില്‍ പാസ്സാക്കി എടുക്കാന്‍ കഴിയുന്ന സാഹചര്യം ഇപ്പോള്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. ഭീഷണി കൊണ്ടും ഹിന്ദുത്വ അജണ്ടയോട് ഉള്‍ച്ചേര്‍ത്തും പ്രാദേശിക പാര്‍ട്ടികളെ വരുതിക്ക് നിര്‍ത്താന്‍ സംഘപരിവാരത്തിന് സാധിച്ചിരിക്കുന്നു. എന്നാല്‍ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ മതേതര മൂല്യങ്ങള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നവരാണ്. മത സൗഹാര്‍ദ്ദവും മതേതര മൂല്യങ്ങളും നെഞ്ചോട് ചേര്‍ത്ത് വെച്ചാണ് സ്വാതന്ത്ര്യ സമരത്തിന്റെ കനല്‍പാതകളില്‍ ഒരു ജനത ആവേശം കൊണ്ടത്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് ഇന്ത്യയുടെ മതേതര ബോധ്യങ്ങള്‍ക്ക്. വിഭാഗീയതയുടെ അക്ഷരത്തെറ്റുകള്‍ കൊണ്ട് പുതിയ ചരിത്രം രചിക്കുന്നവരെ പാര്‍ലമെന്റിന് അകത്തെന്നത് പോലെ പുറത്തും പോരാട്ടത്തിന്റെ സമരഭൂമിക തീര്‍ത്ത് മാത്രമേ പ്രതിരോധിക്കാനാകൂ.

SHARE