ഇസ്‌ലാമോഫോബിയ കേരളത്തിലേക്കും?

അകാരണമായ ഭയം എന്നാണ് ഫോബിയ എന്ന ആംഗലേയ പദത്തിന് അര്‍ത്ഥം. ജലത്തോട്, കീടങ്ങളോട്, പ്രത്യേകജീവികളോട് തുടങ്ങി ഉപദ്രവമില്ലാത്ത എന്തിനോടും തോന്നാവുന്ന ഭീതിയാണത്. ഇതൊരുതരം രോഗമാണെന്നാണ് മന:ശാസ്ത്രമതം. 2001ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ്‌സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ടാണ് ഇസ്്‌ലാമോഫോബിയ അഥവാ ഇസ്്‌ലാമികഭീതി എന്ന സങ്കല്‍പത്തിന് പ്രചുര പ്രചാരം ലഭിക്കുന്നത്.

ഇന്ത്യയിലും പ്രത്യേകിച്ച് വടക്കന്‍മേഖലകളില്‍, ഇതിന് അടുത്ത കാലത്തായി വലിയ വേരോട്ടം ലഭിക്കുകയുണ്ടായി. എ.ഡി ആദ്യ നൂറ്റാണ്ടുകളിലെ അസാംസ്‌കാരികമായ അറേബ്യന്‍ സാമൂഹിക പശ്ചാത്തലത്തില്‍ നിലനിന്ന അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായ പടവാളായിരുന്നു ഇസ്്‌ലാമും അതിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനും നബിചര്യകളും തല്‍സംബന്ധിയായ ശരീഅത്ത് നിയമവ്യവസ്ഥിതിയും. ഏറ്റവും ആധുനികമതമെന്ന നിലക്ക് ലോകത്താകെ ചിന്തിക്കുന്ന ജനതകള്‍ക്കിടയില്‍ ഇതിന് വലിയ പ്രചാരം ലഭിച്ചതിന് കാരണം ഭൂഗോളത്തിന്റെ പലഭാഗത്തും നിലനിന്ന സാമൂഹികമായ ഉച്ചനീചത്വങ്ങളായിരുന്നു.

ഇങ്ങ് കേരളത്തിലും, അടുത്ത കാലത്ത് തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്തുമൊക്കെ സമൂഹത്തില്‍ താഴേകിടക്കുന്ന ജനങ്ങള്‍ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് മതം മാറിയതിന്റെ കാരണം ഇനിയും പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ല. ഇന്ന് ആര്‍.എസ്.എസ്സും ഇതര ഹിന്ദുത്വ വര്‍ഗീയ സംഘടനകളും പ്രചരിപ്പിക്കുന്ന ഇസ്്‌ലാമിക വിരുദ്ധതക്കും ഇസ്്‌ലാമോഫോബിയയുടേതായ മാനങ്ങളുണ്ട്. അത് പ്രയോഗിച്ചാണ് ബി.ജെ.പി രാജ്യത്ത് അധികാരം സ്ഥാപിച്ചതും അത് തുടരാന്‍ പുനരുല്‍സാഹിക്കുന്നതും. എന്നാല്‍ കേരളം പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകത്തിലൊഴികെ, ഈ ഫോബിയ വേരുപിടിക്കാത്തതിന് കാരണം ഇവിടങ്ങളില്‍ പണ്ടുകാലം മുതല്‍തന്നെ നിലനിന്ന ബ്രാഹ്മണ്യവിരുദ്ധമായ ദ്രാവിഡ ചിന്തകളും പോരാട്ടങ്ങളുമാണെന്നു കാണാം.

അതേസമയം കേരളത്തിലും ഇസ്്‌ലാമിക ഭീതി പടര്‍ത്താന്‍ കാര്യമായ പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നതിന് നിരവധിതെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അവയിലൊന്നാണ് മുസ്്‌ലിം യുവാക്കള്‍ ഇതര മതക്കാരായ യുവതികളെ പ്രണയ വിവാഹം ചെയ്ത് മതം മാറ്റുന്നുവെന്ന (ലൗ ജിഹാദ്) പ്രചാരണം. ഈയൊരു ആരോപണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍തന്നെ അത് കേരള പൊലീസും ദേശീയ ഏജന്‍സിയുമൊക്കെ അന്വേഷിച്ച് അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെട്ടതും ഹൈക്കോടതിയില്‍ പൊലീസ് മേധാവിതന്നെ റിപ്പോര്‍ട്ട് നല്‍കിയതുമാണ്.

എന്നിട്ടും ഈ ദുഷ്പ്രചാരണം കൊഴുപ്പിക്കാന്‍ പല കോണുകളില്‍നിന്നും നിരന്തരമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ പാവക്കുളം ക്ഷേത്ര ഹാളില്‍ നടന്ന പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള ബി.ജെ.പിയുടെ പരിപാടിയിലുണ്ടായ അത്യന്തം ഹീനവും ദുരുപദിഷ്ടവുമായ സംഭവങ്ങള്‍. മുസ്‌ലിംകളെ മാത്രം പൗരത്വനിര്‍ണയത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്ന ഭരണഘടനാവിരുദ്ധമായ നിയമത്തിനെതിരെ രാജ്യത്താകെ വന്‍ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ തന്നെയാണ് മുസ്‌ലിം ഭയക്കേണ്ടവനാണെന്ന രീതിയിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെന്നത് സ്വച്്ഛസുന്ദരമായ കേരളത്തിലും കുളംകലക്കി മീന്‍പിടിക്കാന്‍ ചില കുബുദ്ധികള്‍ ശ്രമിക്കുന്നുവെന്നതിന് തെളിവാണ്.

ഒരുഭാഗത്ത് മുസ്്‌ലിമിനെ ബാധിക്കുന്നതല്ല നിയമമെന്ന് പറയുകയും അക്കൂട്ടര്‍ തന്നെ മുസ്‌ലിംകളെ വിരോധിക്കണമെന്ന് കല്‍പിക്കുകയും ചെയ്യുക. എന്തുതരം ആഭാസമാണിത്? പ്രസ്തുത യോഗത്തിലേക്ക് സമീപത്തെ ഹോസ്റ്റലില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതി കയറിച്ചെന്ന് ‘നാണമില്ലേ നിങ്ങള്‍ക്ക് മതവിവേചനപരമായ നിയമത്തെ അനുകൂലിക്കാ’നെന്ന് പറഞ്ഞതിനെതിരെ അവിടെ തിങ്ങിക്കൂടിയ വനിതകളൊന്നാകെ അവരോട് കയര്‍ക്കുകയും ഹാളില്‍നിന്ന് ഭീഷണിപ്പെടുത്തി ഇറക്കിവിടുകയുമായിരുന്നു. ഇതിനിടെ വനിതകളിലൊരാള്‍ പറഞ്ഞ വാചകമാണ് ഏറെ വിവാദവിധേയമായത്. ‘ഞാന്‍ സിന്ദൂരം തൊട്ടിരിക്കുന്നത് എന്റെ രണ്ടു പെണ്‍മക്കളെ കാക്കാമാര്‍ കൊത്തിക്കൊണ്ടുപോകാതിരിക്കാന്‍ വേണ്ടിയാണ്’ എന്നായിരുന്നു അവരുടെ പരാമര്‍ശം.

ഇത് തെളിയിക്കുന്നത് എന്തു മാത്രം വിചിത്രമായാണ് കേരളീയ ഹൈന്ദവ സ്ത്രീകളുടെ മനസ്സുകളില്‍ വര്‍ഗീയത കുത്തിക്കയറ്റിവെച്ചിരിക്കുന്നതെന്നാണ്. പരിപാടി സംഘടിപ്പിച്ച ബി.ജെ.പിയുടെ നേതാക്കളിലൊരാളായ വനിത മതേതരത്വം ഉപദേശിച്ച വനിതക്കെതിരെ പൊലീസില്‍ പരാതി കൊടുക്കുകയും പൊലീസ് യുവതിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുംചെയ്തു.

പിണറായിയുടെ ഇതേ പൊലീസ് തന്നെയാണ് രണ്ടു മാസം മുമ്പ് കോഴിക്കോട്ട് രണ്ട് സി.പി.എമ്മുകാരായ മുസ്‌ലിം ചെറുപ്പക്കാരെ യു.എ.പി.എ ചുമത്തി എന്‍.ഐ.എക്ക് പിടിച്ചുകൊടുത്തിരിക്കുന്നതെന്നതും ലജ്ജയോടെയല്ലാതെ കാണാനാവില്ല. മാവോയിസ്റ്റുകളാണ് ഇവരെന്നാണ് പൊലീസ് ഭാഷ്യം. എന്തുതെറ്റാണ് ഇവര്‍ ചെയ്തതെന്ന് പൊലീസിനോ ഭരണകൂടത്തിനോ അവരുടെ പാര്‍ട്ടിക്കുതന്നെയോ വ്യക്തമാക്കാനാവുന്നുമില്ല. മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് സ്ഥാപിച്ച ആര്‍.എസ്.എസ് അനുഭാവിയെ ഹിന്ദു നാമധാരിയെന്നതുകൊണ്ട് മാനസിക രോഗിയാക്കുമ്പോഴാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ ഇടതുപക്ഷത്തിന്റെ പൊലീസ് ജാമ്യം പോലും നല്‍കാതെ കാരാഗൃഹത്തിലടച്ചിരിക്കുന്നത്. ഇന്ത്യയിലെ ജയിലുകളില്‍ യു.എ.പി.എ കരിനിയമം ചാര്‍ത്തപ്പെട്ട് വിചാരണ നേരിടാതെ കഴിയുന്നവരില്‍ 90 ശതമാനവും മുസ്്‌ലിംകളാണെന്നതുമതി ഇസ്്‌ലാമോഫോബിയയുടെ വ്യാപ്തി ജനാധിപത്യ മതേതര ഇന്ത്യയിലെത്രയുണ്ടെന്നറിയാന്‍.

ഇനി സാധാരണക്കാര്‍ മാത്രമല്ല, കേരളത്തിലെ പ്രധാന ക്രിസ്തീയ സഭകളിലൊന്നായ സിറോമലബാര്‍ സിനഡും ലൗ ജിഹാദിനെതിരെ പള്ളികളില്‍ പ്രമേയം വായിക്കാന്‍ നിര്‍ദേശിച്ചത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. ഭാഗ്യവശാല്‍ പലപള്ളികളും അതനുസരിക്കാന്‍ കൂട്ടാക്കിയില്ല എന്നത് കേരളത്തിലെ മതേതതരത്വത്തിന്റെ തിരുശേഷിപ്പായി കരുതാം. യുവാക്കള്‍ തമ്മില്‍ മതഭേദം നോക്കാതെ പ്രണയിക്കുന്നതും വിവാഹം ചെയ്യുന്നതുമൊന്നും പുതുമയുള്ള കാര്യമല്ല. അതെല്ലാം വ്യക്തിഗതാനിഷ്ടാനിഷ്ടങ്ങള്‍ മാത്രം. എന്നാലതിനെ ഒരു പ്രത്യേക മതത്തിനെതിരായി വക്രീകരിച്ച് പ്രചരിപ്പിക്കാനുള്ള നീക്കത്തെ എതിരിടേണ്ടത് പൊതുസമൂഹം തന്നെയാണ്. അതിന് മുന്‍കയ്യെടുക്കേണ്ടവര്‍ തന്നെയാണ്’ഏഴാംനൂറ്റാണ്ടിലെ പ്രാകൃതബോധ’മെന്ന മുറവിളിയുമായി വര്‍ഗീയക്കോമരങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്നതെന്നതാണ് ആധുനികകേരളത്തിന്റെ മഹാവൈരുധ്യങ്ങളിലൊന്ന്.

SHARE