എഴുപതില്‍ നിന്ന് നാം എങ്ങോട്ട്

വ്യക്തിയെ സംബന്ധിച്ച് എഴുപത് എന്നത് ജീവിതത്തിന്റെ സായാഹ്നമാണ്. ലോക ജനാധിപത്യത്തിന് അതൊരുനീണ്ട കാലയളവൊന്നുമല്ല. സമസ്ത സുന്ദരവും സംഭവബഹുലവുമായ എഴുപതു സംവല്‍സരങ്ങള്‍ പിന്നിട്ടിരിക്കുകയാണ് ഇന്ത്യാറിപ്പബ്ലിക്. ബ്രിട്ടന്‍, അമേരിക്ക, കാനഡ, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ മിക്കവയും നൂറ്റാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞു. ജനങ്ങളുടെ മൗലികാവകാശ സംരക്ഷണത്തിലും വികസനത്തിലും അവയിന്നും പരിലസിച്ചുനില്‍ക്കുന്നു. ബ്രിട്ടീഷുകാരില്‍നിന്നുള്ള സ്വാതന്ത്ര്യലബ്ധിക്ക് എഴുപത്തിമൂന്നു വര്‍ഷം പിന്നിട്ടെങ്കിലും 1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തിലായതോടെയാണ് ഔദ്യോഗികമായി റിപ്പബ്ലിക് എന്ന് ഇന്ത്യ നാമകരണം ചെയ്യപ്പെടുന്നത്. പബ്ലിക് എന്ന വാക്കില്‍നിന്നാണ് റിപ്പബ്ലിക് ഉണ്ടായത്. ഇവിടെ ജീവിക്കുന്ന ഓരോവ്യക്തിയുടേതുമാണ് ഈ രാഷ്ട്രം എന്നാണതിനര്‍ത്ഥം. ദേശീയപതാക ഉയര്‍ത്തിയും ചൂടിയും മധുരം വിളമ്പിയും ഞായറാഴ്ച നാം ഒന്നടങ്കം റിപ്പബ്ലിക്കിന്റെ എഴുപത്തൊന്നാം വാര്‍ഷികം സഹര്‍ഷം ആഘോഷിച്ചു. രാജ്യതലസ്ഥാനത്തും സംസ്ഥാനങ്ങളിലെമ്പാടും ഭരണഘടനാസ്ഥാപനങ്ങളും അതിന്റെ മേധാവികളും ജനനേതാക്കളുമെല്ലാം ആഘോഷത്തിന് സജീവമായി നേതൃത്വംനല്‍കി. തലേദിവസം രാഷ്ട്രപതി നടത്തിയ പ്രഭാഷണത്തില്‍, ഇന്ത്യ എന്നെന്നും നിലനില്‍ക്കേണ്ട ആവശ്യകതയെയും, രാഷ്ട്രപിതാവ് വഴിചൂണ്ടിത്തന്ന അഹിംസാസിദ്ധാന്തം ജനതയൊന്നാകെ മുറുകെപിടിക്കേണ്ടതിനെയുംകുറിച്ച് സഗൗരവം നമ്മെ ഉണര്‍ത്തുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ ഇതിനെല്ലാമിടയിലും സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്ന നമ്മുടെ ഓരോരുത്തരുടെയും മനോമുകുരങ്ങളിലെവിടെയൊക്കെയോ ചെറുതരിയെങ്കിലും ഭാവിയെപ്പറ്റിയുള്ള ആശങ്കയും ആകുലതയും അപ്പോഴും അവശേഷിച്ചില്ലേ? ഇല്ലെന്നുപറയുന്നത് സത്യനിരാസവും ആത്മനിന്ദയുമാകും.

284 വിജ്ഞാന നിയമപടുക്കള്‍ രണ്ടു സംവല്‍സരത്തിനപ്പുറമെടുത്ത് കൂലങ്കഷമായ സംവാദങ്ങളിലൂടെ ഇഴപിരിച്ചെടുത്ത ലോകത്തെ ഏറ്റവും വലുതും സവിശേഷ അധികാരാവകാശങ്ങള്‍ ഉള്‍ച്ചേര്‍ത്തതുമായ നമ്മുടെ ഭരണഘടന ആയിരം വര്‍ഷമെങ്കിലും നിലനില്‍ക്കണമെന്നാണ് അവര്‍ വിഭാവനം ചെയ്തത്. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ മഹത്തായ ഈ മാഗ്നാകാര്‍ട്ടക്ക് ആയിരംകൊല്ലം നിലനില്‍ക്കുന്ന കടലാസ് ഉപയോഗിക്കപ്പെട്ടത്. പക്ഷേ, എന്തുകൊണ്ട് ഇപ്പോള്‍തന്നെ റിപ്പബ്ലിക്ദിനത്തിലെ ആഹ്ലാദത്തിനിടയിലും നമുക്ക് പരസ്പരം വേവലാതികള്‍ പങ്കിടേണ്ടിവരുന്നു? ധര്‍മത്തിനും നീതിക്കുമപ്പുറം കലികാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സത്യാനന്തരകാലം (പോസ്റ്റ് ട്രൂത്ത്) ലോകത്ത് എല്ലായിടത്തും സംഭവിക്കുന്നു എന്നാണ് സാമൂഹിക ശാസ്ത്രജ്ഞരുടെ ഇതുസംബന്ധമായ വിലയിരുത്തല്‍. അങ്ങനെ എളുപ്പത്തില്‍ എഴുതിവായിച്ച് വിടാവുന്നതാണോ ഇന്ത്യയുടെ ബൃഹത്തായ സാകല്യതയും ജനാധിപത്യ മതേരത്വ പാരമ്പര്യവും. ‘ലോകം മുഴുവന്‍ ഉറങ്ങുമ്പോള്‍ വിധിയോട് സന്ധിചെയ്തുകൊണ്ട് സ്വപ്‌നസമാനമായ പുലര്‍ കാലത്തേക്ക് നാം കണ്ണുനട്ടിരിക്കുകയാണെ’ന്നാണ് രാഷ്ട്രശില്‍പി പണ്ഡിറ്റ് ജവഹര്‍ലാല്‍നെഹ്‌റു 1947 ആഗസ്ത് 14 അര്‍ധരാത്രിയില്‍ രാഷ്ട്രത്തോട് നടത്തിയ ഐതിഹാസമായ സ്വാതന്ത്ര്യദിന പ്രസ്താവം. ആ പ്രത്യാശകള്‍ ഇന്ന് അന്യമാകുകയാണോ?
സ്വാതന്ത്ര്യാനന്തരം ഏതാണ്ടിന്നുവരെയും ഉണ്ടാകാത്ത തരത്തിലുള്ള വലിയ ഭീഷണികളാണ് രാജ്യമിപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് സമ്മതിക്കാത്തവര്‍ തുച്ഛമായിരിക്കും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നിരിക്കുന്നു. ജനതയില്‍ നല്ലൊരു ശതമാനവും ഗതകാലത്തെ പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും പിന്തിരിഞ്ഞ് നടക്കുകയാണ്. തൊഴിലില്ലായ്മ 40 കൊല്ലം മുമ്പത്തേതിലേക്ക് തിരിച്ചുപോയി. വളര്‍ച്ച ആറു വര്‍ഷത്തെ നിലയിലേക്ക് കൂപ്പുകുത്തി.

വെറും 63 പേര്‍ രാജ്യത്തിന്റെ വാര്‍ഷിക ബജറ്റിനേക്കാള്‍ സമ്പത്ത് സ്വരുക്കൂട്ടിയിരിക്കുന്നു. ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് മറുവശത്ത് ജനതയുടെ അര്‍ഹതപ്പെട്ട അവകാശങ്ങളോരോന്നും ഓരോനിമിഷവും ഭരണകൂടങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നു. മതത്തിന്റെയും ജാതിയുടെയും പേരിലും, എവിടെയൊക്കെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താമോ അവിടെയെല്ലാം ബ്രിട്ടീഷ് കാലത്തെന്നപോലെ സ്വന്തം രാജ്യക്കാര്‍തന്നെ അത് ചെയ്തുകൊണ്ടിരിക്കുന്നു. ബാബരി മസ്ജിദ് തകര്‍ത്തതിലും ഗുജറാത്തിലടക്കമുള്ള കലാപങ്ങളിലൂം തുടങ്ങി മതത്തിന്റെ പേരില്‍ വിവേചനം ഏര്‍പെടുത്തുന്ന പൗരത്വംവരെ നടപ്പാക്കിത്തുടങ്ങി. സ്വാതന്ത്ര്യസമരത്തിലൊന്നും പങ്കു വഹിക്കാത്തവരും അതിന്റെ അനിഷേധ്യ നേതാവിനെ മതാന്ധതയാല്‍ വെടിവെച്ചുകൊന്നവരുമാണ് ഇന്ന് ഇതിനെല്ലാം ചുക്കാനേന്തുന്നത് എന്നത് ആരെയും അത്ഭുതപ്പെടുത്തുന്നില്ലെങ്കിലും വേദനാജനകമായ യാഥാര്‍ത്ഥ്യമാണത്. വിശിഷ്ട ചിന്തക്കും അവകാശാധികാരങ്ങള്‍ക്കും സ്ഥാനമില്ലാത്തവിധം തിന്മയുടെ മൂര്‍ത്തരൂപങ്ങളായ അസുരരാവണന്മാര്‍ അരങ്ങുവാഴുന്ന ദയനീയകാഴ്ച. നാസിസത്തിന്റെ ലക്ഷണങ്ങള്‍ ഇന്ത്യയുടെ അധികാരാസനങ്ങളില്‍നിന്ന് പൊന്തിപ്പൊന്തിവരുന്നു. നിറത്തിന്റെയും വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഇടങ്ങളെല്ലാം വംശീയ ഹിന്ദുത്വത്തിന്റെ ഏകശിലയിലേക്ക് പുനര്‍നിര്‍വചിക്കപ്പെടുന്നു. അതിനുപയോഗിക്കുന്നതാകട്ടെ രാഷ്ട്രസൂരികള്‍ വിഭാവനംചെയ്ത അതേ ഭരണഘടനയെയും. ചോദ്യം ചെയ്യേണ്ട നീതിപീഠങ്ങള്‍ ഉറക്കം നടിക്കുന്നു. എത്ര വിചിത്രമാണ് ഫാസിസത്തിന്റെ വഴിത്താരകള്‍!

ഈ ചരിത്രദശാസന്ധിയില്‍ പോരാടുക, പോരാടുക, പോരാടുക എന്നല്ലാതെ വേറെ യാതൊന്നുമില്ലെന്ന് നിസ്വരായ മനുഷ്യരെനോക്കി ലോകത്തെ ചിന്തിക്കുന്നവരോരോരുത്തരും വിളിച്ചുപറയുകയാണിന്ന്. നികൃഷ്ടരും ജനാധിപത്യ വിരുദ്ധരുമായ സ്വന്തം നേതൃത്വങ്ങളെ ഒറ്റക്കെട്ടായ പോരാട്ടങ്ങളിലൂടെ മാത്രമേ ഓരോ സമൂഹവും തൂത്തെറിഞ്ഞിട്ടുള്ളൂ. ഒരര്‍ത്ഥത്തില്‍ രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടവും അതുതന്നെയാണ് നമ്മോട് പരോക്ഷമായി ആരായുന്നത്. ഞങ്ങളെ തിരുത്താന്‍ നിങ്ങള്‍ക്കും ഗാന്ധിജിയുടെ ഇന്ത്യക്കും കഴിയുമോ? അതെയെന്ന് മറുപടി നല്‍കാന്‍ നമുക്കാവുമോ എന്നതാണ് ഇന്നിന്റെ നിര്‍ണായകമായ ചോദ്യം. സാമ്രാജ്യത്വ കിങ്കരന്മാരെപോലെ ഈ ജനതയെയും നാടിനെയും വെട്ടിമുറിക്കാന്‍ ഇനിയൊരു തവണപോലും അനുവദിക്കില്ലെന്ന ഉറച്ചശബ്ദം അധികാര ദിഗന്തങ്ങളില്‍ പ്രതിധ്വനിക്കേണ്ട സന്ദര്‍ഭം. അതു മാത്രമാണ് കാലം നമ്മോടിപ്പോള്‍ ആവശ്യപ്പെടുന്നതും.

SHARE