ദ്രാവിഡ മണ്ണില്‍ അസ്വസ്ഥത പടര്‍ത്തരുത്


അസ്വസ്ഥമാണ് ദ്രാവിഡ മണ്ണ്. സിനിമയും രാഷ്ട്രീയവും കൂടിക്കുഴഞ്ഞ് പരസ്പര പൂരകമായ തമിഴകത്ത് അസാധാരണ സംഭവങ്ങളാണ് നടക്കുന്നത്. തമിഴ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക നിലപാടുകള്‍ സിനിമാ ലോകത്ത് നിന്നുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ തിരിച്ചൊരു ഇടപെടലോ, അതിനുള്ള ശ്രമങ്ങളോ ഉണ്ടായിട്ടില്ല. രാഷ്ട്രീയക്കാരേക്കാള്‍ വിശ്വാസ്വത സിനിമാക്കാര്‍ക്കുണ്ടെന്ന തമിഴ് ജനതയുടെ ഉറച്ച വിശ്വാസമാണ് ഇതിന് പ്രധാന കാരണം. എം.ജി രാമചന്ദ്രന്‍ എന്ന പാലക്കാടുകാരന്‍ തമിഴ് ഹൃദയങ്ങളിലുണ്ടാക്കിയ ആദരവ് തലമുറകളുടെ മതിലുകള്‍ തകര്‍ത്ത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നതും അതുകൊണ്ടാണ്. ദളപതിയെന്നും ചിന്ന ദളപതിയെന്നും രജനീകാന്തും വിജയും വിളിക്കപ്പെടുന്നത് സിനിമയെന്ന കറുപ്പിന്റെയും വെളുപ്പിന്റെയും ലോകത്തിലെ അമാനുഷിക പ്രകടനങ്ങള്‍ കൊണ്ടു മാത്രമല്ല, തമിഴകത്താട് ‘തൊട്ടു ചേരുന്ന ജീവിത രീതി കൊണ്ട് കൂടിയാണ്. ഇതിന് പിന്നില്‍ താരങ്ങള്‍ക്കുള്ള രാഷ്ട്രീയ മോഹങ്ങള്‍ അരമന രഹസ്യങ്ങളുമല്ല. രജനീകാന്ത് രാഷ്ട്രീയ ഗോദയില്‍ അങ്കത്തിനിറങ്ങുമെന്ന പ്രവചനത്തിന് രണ്ട് പതിറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്
മൂന്ന് വര്‍ഷം മുമ്പ് രാഷ്ട്രീയത്തിന്റെ പടിവാതില്‍ക്കലെത്തി തിരിച്ചു മടങ്ങിയ രജനി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നൊരുക്കം ആരംഭിച്ചെന്നാണ് തമിഴകത്ത് നിന്നുള്ള വാര്‍ത്തകള്‍. ഈ ഏപ്രില്‍ 14 ന് ശേഷം ഏത് ദിവസവും രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
ബി.ജെ.പി യോട് അടുത്തും അകന്നും ചാഞ്ചാടുന്ന രജനിയെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളാണ് സംഘ പരിവാര്‍ നടത്തുന്നത്. ആദായ നികുതിയിലുള്‍പ്പെടെ ഇളവുകള്‍ നല്‍കി പ്രലോഭന കെണിയൊരുക്കി കാത്തു നില്‍ക്കുകയാണ് ബി.ജെ.പി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് രജനിയുടെ പ്രസ്താവനയില്‍ ബി.ജെ.പി വലിയ പ്രതീക്ഷ വെക്കുന്നുണ്ട്. ദ്രാവിഡ മണ്ണില്‍ വേരുകളാഴ്ത്താന്‍ തമിഴകത്തിന്റെ സ്റ്റൈല്‍മന്നന്‍ വഴിയൊരുക്കുമെന്ന സംഘ്പരിവാര്‍ പ്രതീക്ഷകള്‍ ബി.ജെ.പി പാളയത്തില്‍ അകപ്പെട്ട് കഴിയുന്ന എ.ഐ.ഡി.എം.കെ ഉള്‍പ്പെടെ എല്ലാ കക്ഷികളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ജയലളിതയുടെ നിര്യാണത്തോടെ ആഭ്യന്തര കലഹം മൂര്‍ച്ഛിച്ച് തമ്മില്‍ തല്ലിപ്പിരിഞ്ഞ എ.ഐ.ഡി.എം.കെയെ അധികാരത്തില്‍ ഉറപ്പിച്ചു നിര്‍ത്തിയത് ബി.ജെ.പിയുടെ തന്ത്രങ്ങളും നീക്കങ്ങളുമായിരുന്നു. ഭീഷണിയും താക്കീതും കൊണ്ട് നേതാക്കളെ വരച്ചവരയില്‍ നിര്‍ത്തി ഒത്തിതീര്‍പ്പ് ഫോര്‍മുല എഴുതിയതും നടപ്പാക്കിയതും സംഘപരിവാര നേതാക്കളാണ്. കേന്ദ്ര ഭരണത്തിന്റെ അധികാര ദണ്ഡുപയോഗിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയാണ് ബി.ജെ.പി ചെയ്തത്. എ.ഐ.ഡി.എം.കെ ഭരണത്തെ പിന്നില്‍ നിന്ന് നയിക്കുകയാണ് ഇപ്പോള്‍ ബി.ജെ.പി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.ഡി.എം.കെയുടെ തിരിച്ചുവരവ് അസാധ്യമാണെന്ന തിരിച്ചറിവാണ് രജനീകാന്തിനെ മുന്നില്‍ നിര്‍ത്തി തമിഴ്‌നാട്ടില്‍ താമര വിരിയിക്കാനുള്ള ശ്രമത്തിന് പിന്നില്‍. ആളും അര്‍ത്ഥവുമില്ലാത്ത രജനീകാന്തിനെ തങ്ങളുടെ ഇംഗിതത്തിനൊപ്പിച്ച് കൊണ്ടുനടക്കാമെന്ന നേട്ടമാണ് സംഘപരിവാരം മുന്നില്‍ കാണുന്നത്.
ഇളയദളപതിയെന്ന വിജയിക്കെതിരെ ആദായ നികുതി വകുപ്പ് നീങ്ങുന്നതിന് പിന്നിലും ബി.ജെ.പിയുടെ തമിഴക മോഹങ്ങളാണ്. ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടു പോകുന്ന വിജയിയെ നിശബ്ദനാക്കുകയെന്ന ലക്ഷ്യത്തോടെ ആദായ നികുത്തി വകുപ്പിനെ കേന്ദ്ര ഭരണകൂടം ഉപയോഗിപ്പെടുത്തിയതാണെന്ന ആക്ഷേപം ശക്തമാണ്. 30 മില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള വിജയിയെ കുടുക്കാനുള്ള എളുപ്പവഴിയായി ബി.ജെ.പി കാണുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയാണ്. ഉത്തരേന്ത്യയില്‍ നന്നായി ഉപയോഗപ്പെടുത്തിയ ഇ.ഡിയെ ദക്ഷിണേന്ത്യയിലേക്കും തുറന്നുവിടുകയാണ് കേന്ദ്ര ഭരണകൂടം.
ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയാണ് സാധാരണഗതിയില്‍ ചോദ്യം ചെയ്യാന്‍ ആളുകളെ വിളിപ്പിക്കുന്നത്. എന്നാല്‍ സിനിമാ ലൊക്കേഷനില്‍ നിന്ന് കസ്റ്റഡിയിലെടുത്തെന്ന് തോന്നുംവിധം നിര്‍ബന്ധപൂര്‍വം കൂട്ടിക്കൊണ്ടു പോയി 30 മണിക്കൂര്‍ ചോദ്യം ചെയ്യുന്ന സാഹചര്യം എങ്ങനെയുണ്ടായെന്ന് വിശദമാക്കാന്‍ ആദായ നികുതി വകുപ്പിന് ഇനിയും കഴിഞ്ഞിട്ടില്ല. ഭരണകൂടത്തിനായി എന്തും ചെയ്യുന്ന ക്വട്ടേഷന്‍ ടീമായി ഒരു വകുപ്പിനെ മാറ്റിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കുറ്റക്കാരനാണെങ്കില്‍ നിയമപരമായി നടപടിയെടുക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഒരാളുടെ അവകാശങ്ങള്‍ ധ്വംസിച്ചു കൊണ്ടായിരിക്കരുത് നിയമം നടപ്പാക്കേണ്ടത്. തമിഴ്‌നാട്ടിലും പുറത്തും ഏറെ സ്വാധീനമുള്ള ഒരാളെ നിയമം ലംഘിച്ച് കൂട്ടിക്കൊണ്ടു പോയ നടപടി തീ കൊണ്ട് തല ചൊറിയുന്നതിന് തുല്യമായിരുന്നു. നേരത്തെ വിജയിയുടെ മതം പൊതു ചര്‍ച്ചയിലേക്ക് കൊണ്ടു വന്നപ്പോള്‍ തന്നെ ബി.ജെ.പി ഈ നടനെ ലക്ഷ്യം വെക്കുന്നുവെന്ന് വ്യക്തമായിരുന്നു.
ദ്രാവിഡ നിലപാടുകളില്‍ അടിയുറച്ച് നില്‍ക്കുന്ന ഒരു ജനതയെ തങ്ങളുടെ അനുസാരികളാക്കാനുള്ള കുതന്ത്രങ്ങളാണ് ബി.ജെ.പി പ്രയോഗിക്കുന്നത്. ദ്രാവിഡേതരമായ ഒരു രാഷ്ട്രീയ ശക്തിയാണ് ബി.ജെ.പി തമിഴ്‌നാട്ടില്‍ ആഗ്രഹിക്കുന്നത്. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ തട്ടകത്തില്‍ പയറ്റിത്തെളിഞ്ഞ് പിന്നീട് സ്വന്തം പാര്‍ട്ടിയുണ്ടാക്കി മുഖ്യമന്ത്രിയായ എം.ജി.ആറിന്റെ പാത പിന്തുടര്‍ന്ന ജയലളിത ദ്രാവിഡ വഴിയില്‍ നിന്ന് തെന്നിമാറാന്‍ ശ്രമം നടത്തിയിരുന്നു. ബി.ജെ.പി കൂടാരത്തില്‍ അകപ്പെട്ട സ്ഥിതിയിലായിരുന്നു അവരുടെ അവസാന വര്‍ഷങ്ങള്‍. ബി.ജെ.പിയുടെ ഒപ്പം കൂടിയ എ.ഐ.ഡി.എം.കെ ഇന്ന് നാഥനില്ലാ കളരിയാണ്. നടന്‍ അജിത്തിനെ പിന്‍ഗാമിയാക്കാന്‍ ജയലളിത ആഗ്രഹിച്ചിരുന്നെങ്കിലും ആഭ്യന്തര തര്‍ക്കങ്ങളിലും നേതാക്കളുടെ അധികാരക്കൊതിയിലും അത് നടന്നില്ല. 11 മാസത്തിനപ്പുറം തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ നേതാവില്ലാതുഴറുകയാണ് എം.ജി.ആറിന്റെ പാര്‍ട്ടി. എം.ജി ആറും ജയലളിതയും താരത്തിളക്കത്തില്‍ പിടിച്ചെടുത്ത ദ്രാവിഡ നാട്ടില്‍ കരുത്ത് വീണ്ടെടുത്ത് തിരിച്ചു വന്ന ഡി.എം.കെയാണ് ബി.ജെ.പിയുടെ മുഖ്യശത്രു. മതേതര നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഡി.എം.കെയെ തകര്‍ക്കാനുള്ള മുക്കൂട്ട് മുന്നണിക്ക് വേദി ഒരുക്കാനുള്ള തന്ത്രപ്പാടില്‍ ബി.ജെ.പി ഇപ്പോള്‍ സ്വന്തം കെണി ഒരുക്കിയിരിക്കുകയാണ്.
വിജയ് എന്ന താരത്തെ കേസില്‍ കുടുക്കി നിശബ്ദനാക്കാനുള്ള ശ്രമം തമിഴ്‌നാട്ടില്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ ഭൂമികുലുക്കും എന്തായിരിക്കുമെന്ന് പ്രവചിക്കാനാകില്ല. ദ്രാവിഡ മണ്ണില്‍ കാവിക്കൊടി പാറിക്കാന്‍ ഉത്തരേന്ത്യയില്‍ പയറ്റിയ അടവുകള്‍ പോരാതെ വരുമെന്നതാണ് തമിഴ്ജനത നല്‍കുന്ന സന്ദേശം. രജനീകാന്തെന്ന നടന്‍ ബി.ജെ.പിയുടെ കുട്ടയില്‍ ഒതുങ്ങില്ലെന്ന് വിശ്വസിക്കുന്ന ഒരു ജനതയാണ് തമിഴ്‌നാട്ടിലുള്ളത്. അവരെ കബളിപ്പിക്കാനുള്ള അധികാര ഗൂഢാലോചനകള്‍ വിപരീത ഫലമേ ഉണ്ടാക്കൂ. തലതിരിഞ്ഞ ആശയങ്ങള്‍ അതിന്റെ കെടുതികളില്‍ സ്വയം ഒടുങ്ങുക തന്നെ ചെയ്യും.

SHARE