ഞെട്ടിപ്പിക്കുന്ന മറ്റൊരു കോടതിവിധി കൂടി

രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനം തീര്‍ത്തും അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന പരാതിക്ക് ഒരിക്കല്‍കൂടി അടിവരയിടുകയാണ് സുപ്രീംകോടതിയുടെ വെള്ളിയാഴ്ചത്തെ മറ്റൊരു വിധിപ്രസ്താവം. സംവരണം അനുവദിക്കുന്നതിന് സര്‍ക്കാരുകളെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നാണ് രാജ്യത്തെ ഉന്നത നീതിപീഠം വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സ്ഥാനക്കയറ്റത്തിന് സംവരണം മാനദണ്ഡമാക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും ഇതിനെ മൗലികാവകാശമായി കാണാനാവില്ലെന്നുമാണ് രണ്ടംഗബെഞ്ചിന്റെ വിധി. ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസുമാരായ എല്‍. നാഗേശ്വരറാവു, ഹേമന്ത്ഗുപ്ത എന്നിവരാണ് ദൂരവ്യാപക പ്രത്യാഘാതങ്ങളുളവാക്കാവുന്ന വിധി പ്രസ്താവിച്ചിരിക്കുന്നത്. സംവരണം സംബന്ധിച്ച ഭരണഘടനയുടെ അന്തസ്സത്തയെതന്നെ ചോദ്യംചെയ്യുന്നതാണ് വിധിയെന്ന ആരോപണം രാജ്യത്താകെ ഉയര്‍ന്നുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍.എസ്.എസ്സിന്റെയും ആശയമാണ് കോടതിയിലൂടെ പുറത്തുവന്നതെന്ന വിമര്‍ശനവും മുഖവിലക്കെടുക്കണം. ഇക്കാര്യത്തില്‍ ഏറ്റവുംകൂടുതല്‍ സന്തോഷിക്കുന്നത് ആര്‍.എസ്.എസ്സും ബി.ജെ.പിയുമായിരിക്കുമെന്നതില്‍ സംശയമുണ്ടാകുകയുമില്ല.

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ എഞ്ചിനീയര്‍മാരുടെ സ്ഥാനക്കയറ്റത്തിന് പട്ടികജാതി-പട്ടികവര്‍ഗ സംവരണം പാലിക്കാത്തതിനെതിരെ സംസ്ഥാന ഹൈക്കോടതിയില്‍ ഹര്‍ജി വരികയും അതിന്മേല്‍ സര്‍ക്കാരിനോട് സംവരണം പാലിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തതിനെതിരായ അപ്പീലിന്മേലാണ് സുപ്രീംകോടതിയുടെ വിധി. ‘സംവരണം പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഒരുവിധ നിര്‍ബന്ധവുമില്ലെന്നത് സംശയരഹിതമാണ്. ഒരാള്‍ക്ക് സംവരണം ആവശ്യപ്പെടാനുള്ള മൗലികാവകാശമില്ല. സംവരണം പാലിക്കണമെന്ന് സര്‍ക്കാരിനോട് കല്‍പിക്കാന്‍ കോടതിക്ക് കഴിയില്ല’. ഇങ്ങനെയാണ് സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ വിധിയിലെ വരികള്‍. സംവരണം പാലിക്കുന്നതിന് മതിയായ പരിശോധനകള്‍ നടത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്ന് പറഞ്ഞ കോടതി, ആ വിവരങ്ങള്‍ ശരിയാണോയെന്ന് കോടതിക്ക് പരിശോധിക്കേണ്ട കാര്യമില്ലെന്നുകൂടി വ്യക്തമാക്കി. ചുരുക്കത്തില്‍ സംവരണ കാര്യത്തില്‍ സര്‍ക്കാരുകള്‍ക്ക് എന്തുമാകാമെന്നര്‍ത്ഥം വരുന്ന വിധി. ഉത്തരാഖണ്ഡ് പൊതുമരാമത്തുവകുപ്പില്‍ അസി.സിവില്‍ എഞ്ചിനീയര്‍മാരുടെ സ്ഥാനക്കയറ്റത്തില്‍ സംവരണം പാലിച്ചില്ലെന്ന പരാതിയിലാണ് ഹൈക്കോടതിയും ഇപ്പോള്‍ സുപ്രീംകോടതിയും വിധി പറഞ്ഞിരിക്കുന്നത്. ഹൈക്കോടതി 2012 ല്‍ നല്‍കിയ വിധി റദ്ദാക്കുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്.

പരാതിക്കാര്‍ക്കുവേണ്ടി ഹാജരായ കപില്‍സിബല്‍, ദുഷ്യന്ത് ദാവെ തുടങ്ങിയവര്‍ കോടതിയുടെ നിലപാടിനെതിരെ തല്‍സമയംതന്നെ പ്രതികൂലമായി പ്രതികരിച്ചെങ്കിലും അവ ചെവിക്കൊള്ളാന്‍ ജഡ്ജിമാര്‍ തയ്യാറായില്ല. ഭരണഘടനയുടെ 16(4), 16 (4 എ) വകുപ്പുകളാണ് അഭിഭാഷകര്‍ സംവരണത്തിന് അനുകൂലമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ചില സമുദായങ്ങള്‍ക്ക് മതിയായ സംവരണം ലഭിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തോന്നുമ്പോള്‍മാത്രം നടപ്പാക്കേണ്ടതാണ് ആ വകുപ്പുകളെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. സംവരണം നിര്‍ബന്ധമല്ലെന്ന തരത്തില്‍ വ്യാഖ്യാനിക്കാവുന്നതാണ് കോടതിയുടെ വിധി. ഭരണഘടന ഉറപ്പുവരുത്തുന്ന അവകാശത്തെയും ആനുകൂല്യത്തെയും സാമൂഹിക നീതിയെയും സംരക്ഷിക്കുന്നതിന് പൊതുജനങ്ങളൊന്നാകെ ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ട വിധിയാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. വിധി കണക്കിലെടുക്കുകയാണെങ്കില്‍ സംവരണ വിരുദ്ധരായ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സംവരണ വ്യവസ്ഥതന്നെ നടപ്പാക്കാതിരിക്കാനാകും. അത് രാജ്യം ഇതുവരെ പിന്തുടര്‍ന്നുവന്ന ഭരണഘടനാദത്തമായ ഒരവകാശത്തിനുമേല്‍ കത്തിപായിക്കലുമാകും. കോടതിയുടെ ഈ വാക്കുകള്‍ സവിശേഷ പ്രാധാന്യമുള്ളതാണ്. അതിങ്ങനെയാണ്: ‘പൊതുനിയമനങ്ങളില്‍ സംവരണം പാലിക്കണമെന്ന് ഭരണകൂടത്തോട് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നത് നിയതമായ നിയമമാണ്’

സമൂഹത്തിന്റെ താഴേക്കിടയില്‍കിടക്കുന്ന പൗരന്മാരെ മറ്റുള്ളവര്‍ക്ക് സമാനമായ ഉന്നതിയിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ്യമാണ് യഥാര്‍ത്ഥത്തില്‍ സംവരണം എന്നതുകൊണ്ട് പൂര്‍വസൂരികളായ ഭരണഘടനാശില്‍പികള്‍ ലക്ഷ്യമിട്ടത്. കാലങ്ങളായി സമ്പത്തിന്റെയും ജാതീയതയുടെയും അധികാര മുഷ്‌കിന്റെയും കനത്ത നുകങ്ങളില്‍ കഴിഞ്ഞിരുന്ന ജനസമൂഹങ്ങളെ സംബന്ധിച്ച് മരുഭൂമിയിലെ തെളിനീരുറവയായിരുന്നു സംവരണം എന്ന ഭരണഘടനാവകുപ്പ്. എന്നാല്‍ അന്നുമുതല്‍തന്നെ ഇതിനെതിരെ ഹിന്ദുത്വ സവര്‍ണആശയക്കാര്‍ സജീവമായി രംഗത്തുവരികയും മാര്‍ക്കിന്റെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍മാത്രം തൊഴിലും സ്ഥാനക്കയറ്റവും നല്‍കിയാല്‍ മതിയെന്ന് വാദിക്കുകയുമായിരുന്നു. സാമൂഹികനീതി ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍ എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കാവുന്നതാണെന്നുകൂടി ഭരണഘടന നിര്‍ദേശിച്ചിരുന്നെങ്കിലും ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും രാജ്യത്തിന് അങ്ങനെയൊന്ന് ചിന്തിക്കാന്‍കൂടിവയ്യാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. രാജ്യത്തിന്റെ 80 ശതമാനത്തോളം ജനത ഇന്നും ഗ്രാമീണ-കാര്‍ഷിക മേഖലയിലാണ് ഉപജീവനം തേടുന്നത്. 45 ശതമാനത്തോളം പേര്‍ ദാരിദ്ര്യരേഖക്ക് കീഴെയും. അതിശയകരമെന്ന് പറയട്ടെ, സാമൂഹ്യനീതിക്കുപകരം രാജ്യത്ത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാകട്ടെ, സമ്പന്നരും സമൂഹത്തിലെ ഉന്നതിയിലുള്ളവരും കൂടുതല്‍ കൂടുതല്‍ സമ്പത്തും അധികാരവും സംഭരിച്ചുകൊണ്ടിരിക്കലാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തെ ജനതയുടെ അവശേഷിക്കുന്ന പ്രത്യാശാബിന്ദുകൂടിയായ ഇന്ത്യന്‍ നീതിപീഠം ഈ പതിത ജനസഞ്ചയത്തെ അവശേഷിക്കുന്ന ഭരണമേഖലകളില്‍നിന്ന്കൂടി കയ്യൊഴിയാന്‍ ശ്രമിക്കുന്നത്. എയ്ഡഡ് മേഖലയില്‍കൂടി പട്ടികവിഭാഗക്കാര്‍ക്ക് സംവരണം വേണമെന്ന സുപ്രീംകോടതി വിധി നിലനിലനില്‍ക്കേയാണിത്.

നിയമമുണ്ടായിട്ടുപോലും സംവരണം നിഷേധിച്ചതിന്റെ കഥ ജസ്റ്റിസ് നരേന്ദ്രന്‍കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നിട്ടുണ്ട്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) നിയമനത്തിലും ഇതിനാണ് ചിലര്‍ ശ്രമിച്ചത്. സാമ്പത്തിക സംവരണം നടപ്പാക്കിയതിലും ഇത്തരക്കാരുടെ ബുദ്ധിയുണ്ട്. മുസ്‌ലിംകളെ പൗരത്വ നിര്‍ണയത്തില്‍നിന്ന് ഒഴിവാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകെ വന്‍പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കവെയാണ് സംവരണ നിഷേധത്തിന്റേതായ കോടതിവിധി. 2018 മാര്‍ച്ചില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ പീഡനക്കേസുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ജാമ്യം നിഷേധിക്കുന്ന നിയമം റദ്ദു ചെയ്തവിധിയും സമാനസ്വഭാവമുള്ളതായിരുന്നു. അതിനെതിരെ ബി.ജെ. പി ഒഴികെയുള്ള കക്ഷികള്‍ രംഗത്തിറങ്ങിയതോടെ നില്‍ക്കക്കള്ളിയില്ലാതെ സര്‍ക്കാരിന് പകരംനിയമം നിര്‍മിക്കേണ്ടിവന്നു. പുതിയ കോടതിവിധിയും സമാനമായ പ്രക്ഷോഭങ്ങളാണ് പൊതുസമൂഹത്തോടും വിശിഷ്യാ സംവരണസമുദായങ്ങളോടും നാടും കാലവും ആവശ്യപ്പെടുന്നത്.

SHARE