ബി.ജെ.പിക്കുള്ള രാഷ്ട്രീയപാഠം


രാജ്യം സ്വാതന്ത്ര്യാനന്തരം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ജനകീയപ്രക്ഷോഭത്തിന്റെ നടുക്കടലില്‍നില്‍ക്കവെ പൗരത്വഭേദഗതിനിയമത്തിനുശേഷമുള്ള രണ്ടാമതൊരു ജനകീയവിധി കൂടി ഇന്ത്യയിലുണ്ടായിരിക്കുന്നു. വെറുംമൂന്നുമാസം മുമ്പുമാത്രം ഉണ്ടായ ഝാര്‍ഖണ്ഡിലെ പരാജയത്തിന് ശേഷമുള്ള കേന്ദ്രഭരണകക്ഷിയായ ബി.ജെ.പിയുടെ രണ്ടാമത്തെ തോല്‍വി. അതും രാജ്യം അത്യപൂര്‍വമായിമാത്രം കാണാറുള്ള കനത്തപരാജയം. അതാണ് ഇന്നലെ നിയമസഭാവോട്ടെടുപ്പുഫലം പുറത്തുവന്ന ഡല്‍ഹിയിലുണ്ടായിരിക്കുന്നത്. ജനങ്ങളെ വര്‍ഗീയമായും വംശീയമായും ഭിന്നിപ്പിച്ചും സാമ്പത്തികമായി പാപ്പരാക്കിയും ഭരണാധികാരത്തിന്റെ കച്ചിത്തുറുമ്പുകളില്‍ പിടിച്ചുകിടക്കാമെന്ന് കരുതുന്നവര്‍ക്കുള്ള ഹഠപ്രയോഗമാണ് തലസ്ഥാനനഗരിയിലുണ്ടായിരിക്കുന്നത്. മൊത്തമുള്ള 70ല്‍ 62 സീറ്റുകളില്‍ ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടി വിജയിച്ചുവെന്നത് രാജ്യത്തെ ജനാധിപത്യമതേതരവിശ്വാസികളുടെ ആത്മവിശ്വാസം ചെറുതായൊന്നുമല്ല വര്‍ധിപ്പിക്കുന്നത്. വര്‍ഗീയതയുടെയും അപര-അരികുവല്‍കരണത്തിന്റെയും പൗരത്വനിഷേധത്തിന്റെയും കാപാലികതയുടെയും വക്താക്കള്‍ക്ക് ഇതില്‍കൂടുതലെന്താണ് ജനാധിപത്യഇന്ത്യയില്‍ സ്വാഭാവികമായും വന്നുഭവിക്കാനുള്ളത്. 60 സീറ്റുവരെ നേടി അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ടവര്‍ക്കുള്ള മധുരപ്രതികാരം. മുഖ്യധാരാപാര്‍ട്ടികള്‍ക്ക് കെജ്‌രിവാള്‍ നല്‍കിയ രാഷ്്ട്രീയപാഠം കൂടിയാണ് ഡല്‍ഹിയിലേത്. ഹിന്ദുത്വവര്‍ഗീയതയുടെ ധ്രുവീകരണരാഷ്ട്രീയത്തിനെതിരായ പ്രതീക്ഷയാണിതില്‍.
ഡല്‍ഹിയിലെ സ്ത്രീപീഡനങ്ങള്‍ക്കും രാജ്യത്തെ അഴിമതിക്കുമെതിരെ ജനകീയപ്രക്ഷോഭവുമായി രംഗത്തുവന്ന 2012ലെ പുതുയുഗ രാഷ്ട്രീയക്കാരനില്‍നിന്ന് രാഷ്ട്രതന്ത്രജ്ഞതയുടെ മെയ്‌വഴക്കമുള്ള രാഷ്ട്രീയനേതാവായി അരവിന്ദ്‌കെജ്‌രിവാളെന്ന എഞ്ചിനീയര്‍ മാറിയിരിക്കുകയാണ് ഡല്‍ഹിയിലെ ഈ മൂന്നാം തുടര്‍വിജയത്തിലൂടെ. 2013ലെയും 2015ലെയും വിജയം നിലവിലെ ഭരണകക്ഷിക്ക് നേടാനാകുക എന്നത് രാജ്യത്തുതന്നെ അത്യപൂര്‍വമാണ്. ഗുജറാത്തില്‍ വര്‍ഗീയകാപാലികതയുടെ കെട്ടഴിച്ചുവിട്ടുകൊണ്ട് നരേന്ദ്രമോദി നേടിയ തുടര്‍വിജയങ്ങളുമായി ഇതിനെ കൂട്ടിവായിക്കാമെങ്കിലും, ഗുജറാത്തില്‍നിന്ന് വ്യത്യസ്തമായി ഡല്‍ഹിയില്‍ മതേതരത്വത്തിനും രാജ്യസമാധാനത്തിനും വേണ്ടിയായിരുന്നു തിരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതിയത് എന്നതാണ് സവിശേഷമായ വസ്തുത. രാജ്യത്താകമാനം പൗരത്വനിയമത്തിനെതിരായി കഴിഞ്ഞ ഏതാനുംമാസങ്ങളായി നടക്കുന്ന പ്രക്ഷോഭങ്ങളെ അടിച്ചൊതുക്കാന്‍ കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടം പരിശ്രമിക്കുമ്പോള്‍ അതിനെതിരായ ഊര്‍ജംപകരുകയാണ് ഡല്‍ഹിയിലെ ഒന്നരക്കോടിയോളം വരുന്ന വോട്ടര്‍മാര്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ആംആദ്മി പാര്‍ട്ടി മുന്നോട്ടുവെച്ച വികസനരാഷ്ട്രീയവും കോണ്‍ഗ്രസ് അടക്കമുള്ളവര്‍ കളത്തിലിറക്കിയ മതേതരത്വസാകല്യതയുമാണ് ഡല്‍ഹിജനത നെഞ്ചേറ്റിയിരിക്കുന്നതെന്ന് ഫലം വിളിച്ചുപറയുന്നു. വെറുതെയല്ല, വെറും പത്തുമാസം മുമ്പുമാത്രം ഏഴില്‍ ഏഴുസീറ്റും നേടിയ ലോക്‌സഭാതിരഞ്ഞെടുപ്പില്‍നിന്ന് നിയമസഭയിലെ ഏഴ് സീറ്റിലേക്കുള്ള ബി.ജെ.പിയുടെ തകര്‍ച്ച. ഇത്് അവരുടെ എതിരാളികളെ പോലും ഞെട്ടിക്കുന്നുണ്ടാകും. പൗരത്വപ്രക്ഷോഭത്തെയും അവകാശങ്ങള്‍ക്കുവേണ്ടിയുള്ള യുവജനവിദ്യാര്‍ത്ഥിപ്രക്ഷോഭങ്ങളെയും അടിച്ചൊതുക്കിയ മോദിക്കും അമിത്ഷാക്കും ഇനി അധികനാള്‍ കേന്ദ്രഭരണം കൊണ്ടുനടക്കാനാകില്ലെന്നാണ് ഡല്‍ഹിയിലെ ജനവിധി തുറന്നുപറയുന്നത്.
ആയിരംലിറ്റര്‍ വെള്ളം, 200 യൂണിറ്റ് വൈദ്യുതി, സ്ത്രീയാത്രക്കാര്‍ക്ക് മെട്രോയാത്ര എന്നിവ സൗജന്യമാക്കുകയും സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തുകയും തലസ്ഥാനനഗരിയുടെ അന്തരീക്ഷമലിനീകരണത്തിനെതിരെ പ്രായോഗികമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത ആം ആദ്മി പാര്‍ട്ടിസര്‍ക്കാര്‍ മുന്നോട്ടുവെച്ച വികസനരാഷ്ട്രീയമാണ് ഈ ഫലത്തിന്റെ സൂചകങ്ങളില്‍ പ്രധാനം. ഡല്‍ഹിയിലെ 50 ശതമാനത്തിലധികം വരുന്ന ചേരിനിവാസികള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും ഇതരപ്രദേശങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്കുമൊക്കെ വിശ്വാസമായിരുന്നു കെജ്‌രിവാളിനെയും അദ്ദേഹത്തിന്റെ സര്‍ക്കാരിനെയും. അത്രകണ്ട് ജനപ്രിയനടപടികളായിരുന്നു കഴിഞ്ഞ പത്തുവര്‍ഷമായി അദ്ദേഹം കൈക്കൊണ്ടത്. 2013ല്‍ കോണ്‍ഗ്രസുമായിചേര്‍ന്ന് അധികാരത്തിലെത്തിയ ആംആദ്മി പാര്‍ട്ടി പിന്നീട് അതില്‍നിന്ന് പിണങ്ങി രാജിവെച്ചെങ്കിലും തെറ്റേറ്റുപറഞ്ഞ അദ്ദേഹത്തിന് വീണ്ടും വന്‍ഭൂരിപക്ഷത്തോടെ അധികാരം തിരികെനല്‍കിയത് ഡല്‍ഹി ജനതയുടെ ഹൃയനഭസ്സുകളെവിടെയൊക്കെയോ കെജ്് രിവാളിന് ചെറിയൊരു ഇടം ഉള്ളതുകൊണ്ടായിരുന്നു. ഇവിടെ കോണ്‍ഗ്രസ് എന്ന മൂന്നുതവണ തുടര്‍ച്ചയായി ഡല്‍ഹിഭരിച്ച കക്ഷിക്ക് വിയര്‍ക്കാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞതവണത്തെ പൂജ്യത്തില്‍നിന്നും (9.65 ശതമാനം) 5 ശതമാനത്തിലുംതാഴേക്ക് പോകേണ്ടിവന്നതും ഇതുകൊണ്ടാണ്. അതേസമയം മുഖ്യശത്രുവിനെ നേരിടാനുള്ള ശേഷി ആം ആദ്മിപാര്‍ട്ടിക്കേ ഉള്ളൂവെന്നും ജനം കരുതിക്കാണണം. അതേസമയംതന്നെ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളും മതനിരപേക്ഷരായ ജനങ്ങളും തുടങ്ങിവെച്ചതും തുടര്‍ന്നുവരുന്നതുമായ ദേശീയതലത്തിലുള്ള പൗരത്വപ്രക്ഷോഭത്തിന്റെ ഗുണഭോക്താവ് കൂടിയാണ് ആംആദ്മിപാര്‍ട്ടിയും മുഖ്യമന്ത്രി കെജ്‌രിവാളടക്കമുള്ള അതിന്റെ നേതാക്കളും. മോദിക്കും അമിത്ഷാക്കും ബദലായി ഉയര്‍ന്നുവരുന്ന നേതാവായാണ് ഡല്‍ഹിയിലെ ജനത കെജ്‌രിവാളിനെ കാണുന്നത്. അദ്ദേഹം നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളില്‍ കഴിഞ്ഞതവണ മൂന്നും ഇത്തവണ ഏഴുംപേരും മാത്രമാണ് പരാജയപ്പെട്ടത് എന്നതും ആ കുശാഗ്രബുദ്ധിയുടെ തെളിവാണ്.
അതേസമയം,വികസനരാഷ്ട്രീയത്തിനപ്പുറം ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തിനെതിരെ അര്‍ത്ഥഗര്‍ഭമായ മൗനമാണ് കെജ്‌രിവാള്‍ പലപ്പോഴും കൈക്കൊണ്ടതെന്നതും കാണാതിരിക്കാനാവില്ല. ബാബരി മസ്ജിദ്, കശ്മീരിലെ 370-ാം വകുപ്പ് തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം വ്യക്തിപരമായി കൈക്കൊള്ളുന്ന നിലപാടുകള്‍ സംശയം ഇരട്ടിപ്പിക്കുന്നു. കിട്ടാവുന്ന ഹിന്ദുത്വവര്‍ഗീയവോട്ടുകള്‍ പോരട്ടെ എന്ന ചിന്തയും തന്ത്രവുമാണ് കെജ്‌രിവാളിനെ ഇതിന് പ്രേരിപ്പിച്ചിട്ടുണ്ടാകുക. അതിന് അദ്ദേഹം പറയുന്നത്, വികസനത്തെക്കുറിച്ചുമാത്രമാണ് താന്‍ സംസാരിക്കുന്നതെന്നാണ്. ജനത്തിന് പ്രത്യേകിച്ചും, സവിശേഷമായൊരു അസ്തിത്വം അവകാശപ്പെടാനില്ലാത്ത ഡല്‍ഹിജനതക്ക് മറ്റെന്തിനേക്കാള്‍ വേണ്ടത് അന്നവും കിടപ്പാടവുമാണെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ടാണ് വിദ്യാഭ്യാസത്തിലും ഗതാഗതത്തിലും സ്ത്രീസുരക്ഷയിലും അദ്ദേഹം കൈവെച്ചതും. പക്ഷേ ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നതിന് അടുത്തിടെയായി നടന്ന പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് തിരഞ്ഞെടുപ്പുകള്‍ നമുക്ക് തെളിവ് തരുന്നുണ്ടെന്നതുകൂടി കെജ്‌രിവാളിലെ രാഷ്രീയക്കാരന്‍ ഓര്‍ക്കണം. അതാണ് ഷഹീന്‍ബാഗിലെയും നിരവധിയായ വിദ്യാര്‍ത്ഥി-യുവജന-സ്ത്രീപ്രക്ഷോഭങ്ങളിലൂടെയുമൊക്കെ വെളിപ്പെട്ടിട്ടുള്ളത്. ഡല്‍ഹിവിധിയുടെ സൂചനകള്‍ തിരിച്ചറിഞ്ഞ് മതേതരത്വ-ജനദ്രോഹനടപടികളില്‍നിന്ന് എത്രയും പെട്ടെന്ന് പിന്തിരിയുകയാണ് ബി.ജെ.പി ചെയ്യേണ്ടത്.

SHARE