രാജ്യതാല്‍പര്യം അജണ്ടകള്‍ക്ക് അതീതമാകണം


പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യമെമ്പാടും ശക്തമായ പ്രതിഷേധങ്ങളും സമാധാനപരമായ പ്രക്ഷോഭങ്ങളും നടക്കുന്നതിനിടെയാണ് നിയമത്തില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുമെന്ന മോദിയുടെ പ്രഖ്യാപനം. പൗരത്വ ഭേദഗതി നിയമവും ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതും രാജ്യ താല്‍പര്യത്തിന് വേണ്ടിയാണെന്നാണ് പ്രധാനമന്ത്രി വാദിക്കുന്നത്. വലിയ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടു പോകുന്നത് വലിയ നേട്ടമായും മോദി പറയുന്നു.
രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളുടെ ഗതി തിരിച്ചുവിടാന്‍ ലക്ഷ്യം വെച്ചുള്ളതാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. സമ്മര്‍ദ്ദങ്ങള്‍, രാജ്യ താല്‍പര്യം തുടങ്ങിയ വാക്കുകള്‍ക്ക് കൃത്യമായ ലക്ഷ്യവും അജണ്ടയുമുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്ക് മതത്തിന്റെ ഭാഷയും വേഷവും നിറവും നല്‍കാനുള്ള പ്രധാനമന്ത്രിയുടെ തുടക്കത്തിലെ ശ്രമങ്ങള്‍ പാളിയിരൂന്നു. പിന്നീട് മൗനം കൊണ്ട് സമരത്തേയും പാര്‍ലമെന്റിനേയും നേരിട്ട ശേഷം നീണ്ട ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രസ്താവന.
അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങള്‍, പ്രത്യേകിച്ച് ഗുജറാത്തില്‍ ഉയരുന്ന മതില്‍ വലിയ തോതില്‍ ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും മാനഹാനി ഉണ്ടാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രസ്താവനയിലെ രാജ്യതാല്‍പര്യം വിവാദങ്ങളുടെ നടുത്തളത്തില്‍ ഇറങ്ങിനില്‍ക്കുന്ന കേന്ദ്ര ഭരണകൂടത്തിനും ഭരണകക്ഷിക്കും പ്രതിരോധ മതില്‍ തീര്‍ക്കും. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ലക്ഷ്യം താല്‍ക്കാലിക നേട്ടങ്ങളിലൊതുങ്ങുന്നതല്ല. ഇന്ത്യാ മഹാരാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ സമ്പൂര്‍ണമായി വിഭജിക്കാനുള്ള വെടിമരുന്ന് നിറച്ചിട്ടുണ്ട് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍. രാജ്യത്താകെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്ന സന്ദേശവും പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള ചര്‍ച്ചക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുക്കമല്ലെന്നും എല്ലാ എതിര്‍പ്പുകളേയും അവഗണിച്ച് നിയമവുമായി മുന്നോട്ടുപോകുമെന്നുമുള്ള പ്രഖ്യാപനമാണ് മോദി നടത്തിയിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന് ഡല്‍ഹി പൊലീസ് നടത്തിയ ക്രൂരനടപടികള്‍ തെളിവ് സഹിതം പുറത്തുവന്ന ദിവസത്തെ പ്രധാനമന്ത്രിയുടെ പ്രസ്താവന ഭരണകൂടത്തിന്റെ രാഷ്ട്രീയം വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് പ്രതിഷധങ്ങളുമായി ബന്ധപ്പെട്ട് മുംബൈ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് മറ്റൊരു സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഭരണഘടന സംരക്ഷിക്കുന്നതിന് രാജ്യത്ത് സമരവീഥിയില്‍ നിലയുറപ്പിച്ച് കോടിക്കണക്കിന് മനുഷ്യസ്‌നേഹികള്‍ക്ക് ആശ്വാസം പകരുന്നതാണ് മുംബൈ ഹൈക്കോടതിയുടെ വിധി. ഒരു പ്രത്യേക നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്നും ദേശവിരുദ്ധരെന്നും വിളിക്കാനാകില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. പ്രതിഷേധിക്കാന്‍ അനുമതി നിഷേധിച്ച പൊലീസിനും മജിസ്‌ട്രേറ്റിനുമെതിരെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ മജല്‍ഗാവില്‍ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരത്തിന് ആദ്യം പൊലീസും പിന്നീട് മജിസ്‌ട്രേറ്റും അനുമതി നിഷേധിച്ചു. എന്നാല്‍ ഹൈക്കോടതി മജിസ്‌ട്രേറ്റിന്റേയും പൊലീസിന്റേയും ഉത്തരവുകള്‍ റദ്ദാക്കി. ഹൈക്കോടതി വിധി രാജ്യത്തെ ജനാധിപത്യ വിശ്വാസികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. എന്നാല്‍ കേന്ദ്ര ഭരണകൂടത്തിന് വലിയ താക്കീതും തിരുത്തുമാണ് കോടതി നല്‍കിയിരിക്കുന്നത്. എന്നാല്‍ കോടതി വിധികളോ, പ്രതിഷേധങ്ങളോ തങ്ങളെ അലട്ടുന്നില്ലെന്നും ഇതൊന്നും തങ്ങളുടെ പരിഗണനാ വിഷയങ്ങളെ അല്ലെന്ന മട്ടിലുമാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നത്.
പൗരത്വ ഭേദഗതിക്കെതിരായ സമരം പതിയെ കെട്ടടങ്ങുമെന്ന ധാരണകള്‍ തിരുത്തപ്പെട്ടുകഴിഞ്ഞു. നാള്‍ക്കുനാള്‍ ശക്തിയാര്‍ജിക്കുന്ന സി.എ.എ വിരുദ്ധ സമരത്തെ ഭരണകൂട ഭീകരത കൊണ്ട് അടിച്ചൊതുക്കാമെന്ന കണക്കുകൂട്ടലുകളും അസ്ഥാനത്തായി. രാജ്യത്തെമ്പാടും അനിശ്ചിത കാല സമരങ്ങള്‍ ഷഹിന്‍ ബാഗ് മാതൃകയില്‍ വര്‍ധിക്കുന്നു. സര്‍ക്കാരും സംഘ്പരിവാറും സി.എ.എ അനുകൂല കാമ്പയിനുമായി രംഗത്തെത്തിയെങ്കിലും രാജ്യത്തെ മതേതര ജനത അവരെ അടുപ്പിച്ചില്ല. ഗോ ബാക്ക് വിളികള്‍ കൊണ്ട് മുഖരിതമായ തെരുവുകളില്‍ നിന്ന് സംഘപരിവാരങ്ങള്‍ക്ക് മടങ്ങേണ്ടി വന്നു. സമരം ശക്തമായ ഡല്‍ഹിയില്‍ ആം ആത്മി പാര്‍ട്ടിക്കുണ്ടായ വിജയം സംഘ്പരിവാറിനും കേന്ദ്ര സര്‍ക്കാരിനും വലിയ തിരിച്ചടിയുമായി. പാര്‍ലമെന്റിലെ ഭൂരിപക്ഷത്തിന്റെ മറവില്‍ ദോശ ചുടുന്ന ലാഘവത്തോടെ ഭരണഘടനയുടെ മതേതര സങ്കല്‍പങ്ങളെ തിരത്താന്‍ തുനിഞ്ഞവര്‍ക്കെതിരായി രാജ്യത്തെ ബഹുഭൂരപക്ഷവും ഒരു വശത്ത് അണിനിരന്നിരിക്കുകയാണ്.
എന്നാല്‍ ജനങ്ങളാകെ എതിര്‍ക്കുന്ന കരിനിയമം തിരുത്താന്‍ തയാറല്ലെന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയിലുള്ളത്. ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിക്കുന്നവരോട് ജനാധിപത്യ രാജ്യത്തിന്റെ ഭരണാധിപനുള്ള നീരസവും അസന്തുഷ്ടിയും മോദിയുടെ വാക്കുകളിലുണ്ട്. അധികാരം മുഴുവന്‍ രണ്ട് പേരിലേക്ക് കേന്ദ്രീകരിക്കപ്പെട്ട, ഒരു ഭരണകൂടം ജനാധിപത്യത്തോട് ഈ നിലയ്ക്കല്ലാതെ പ്രതികരിക്കുമെന്ന് കരുതാനാകില്ല. ജനകീയ പ്രതിരോധത്തെ വര്‍ഗീയ കാര്‍ഡ് കൊണ്ടും സംഘ്പരിവാറിന്റെ ദേശ സ്‌നേഹ മാനദണ്ഡങ്ങള്‍ കൊണ്ട് എതിരിടാനുള്ള ആഹ്വാനമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ഒളിഞ്ഞിരിക്കുന്ന്. പരാജയപ്പെട്ട സി.എ.എ അനുകൂല കാമ്പയിനിങ് പുതിയ ഭാവത്തില്‍ പുനരവതരിപ്പിക്കാനുള്ള നീക്കങ്ങളും മോദിയുടെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കേണ്ടതുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിജയം ഏറെ അകലെയാണ്. ഭരണകൂടത്തിന്റെ നെറികെട്ട എതിര്‍പ്പുകളേയും വ്യാജ പ്രചരണങ്ങളേയും അതിജീവിച്ചു കൊണ്ടേ പ്രക്ഷോഭങ്ങളെ മുന്നോട്ടു കൊണ്ടു പോകാനാകൂ. ഇതിന് ആത്മസമര്‍പ്പണവും ജനാധിപത്യ ബോധവും ഇച്ഛാശക്തിയുമുണ്ടാകണം. കരിനിയമം നടപ്പാക്കാനുള്ള പ്രധാനമന്ത്രിയുടേയും കേന്ദ്ര ഭരണകൂടത്തിന്റെ താല്‍പര്യങ്ങളെ ആശയപരമായി എതിരിടാനും ജനാധിപത്യപരമായി പ്രതിരോധിക്കാനും പ്രതിഷേധങ്ങളും പ്രക്ഷോഭണങ്ങളും കൊണ്ടേ സാധ്യമാകൂ. മതേതര ജനതയുടെ കൂട്ടായ്മയെ ശക്തിപ്പെടുത്തി കരുത്താര്‍ജ്ജിച്ചാല്‍ മാത്രമേ, ഭരണഘടനാ വിരുദ്ധ കരിനിയമങ്ങളില്‍ നിന്ന് കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തെ പിന്തിരിപ്പിക്കാനാകൂ.

SHARE