പൊലീസ് കുംഭകോണം ഉന്നതര്‍ രക്ഷപ്പെടരുത്


കേരള പൊലീസില്‍ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ വന്‍ അഴിമതി-കോഴ ഇടപാടുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് മലയാളി. ഫെബ്രുവരി 12ന് സംസ്ഥാന നിയമസഭയില്‍വെച്ചതും അക്കൗണ്ടന്റ്ജനറല്‍ വാര്‍ത്താസമ്മേളനത്തിലൂടെ പരസ്യവെളിപ്പെടുത്തല്‍ നടത്തിയതുമായ വസ്തുതകളേക്കാള്‍ ഭീകരമാണ് സേനയില്‍ നടക്കുന്ന അഴിമതിയെന്നാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളോരോന്നും വെളിപ്പെടുത്തുന്നത്. പൊലീസിന്റെ ആധുനികവത്കരണത്തിനും സാദാപൊലീസുകാരുടെ താമസത്തിനുമായി സംസ്ഥാന ഖജനാവില്‍നിന്ന് അനുവദിച്ച കോടികളാണ് സംസ്ഥാനപൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ആര്‍ഭാടത്തിനും സ്വന്തം ആവശ്യങ്ങള്‍ക്കുമായി വകമാറ്റിയതെന്നായിരുന്നു സി.എ.ജിയുടെ ആരോപണങ്ങളിലൊന്ന്. 25 ‘ഇന്‍സാസ’് തോക്കുകളും 12,061 വെടിയുണ്ടകളും സേനയുടെ എസ്.എ.പി ക്യാമ്പില്‍നിന്ന് കാണാതായതായും സി.എ.ജി കുറ്റപ്പെടുത്തിയിരുന്നു. സ്വന്തം ആവശ്യത്തിനായി കാറുകള്‍ വാങ്ങുക മാത്രമല്ല, അഴിമതിക്ക് കൂട്ടായി സംസ്ഥാനത്തെ ഉദ്യോഗസ്ഥരില്‍ ഉന്നതനായ ചീഫ്‌സെക്രട്ടറിക്കുവരെ അത് നല്‍കിയെന്ന വാര്‍ത്തയും പുറത്തുവന്നു. ഇതിനുപുറമെയാണ് മാധ്യമങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായ പുതിയ വിവരങ്ങളോരോന്നും. ഇവയെല്ലാം സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും തന്നെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. പ്രതിപക്ഷം ഇക്കാര്യങ്ങളെല്ലാം രേഖകള്‍സഹിതം ചൂണ്ടിക്കാട്ടിയിട്ടും സാങ്കേതിതകത്വവും ഇതരകാര്യങ്ങളും പറഞ്ഞ് ശ്രദ്ധതിരിക്കാനാണ് സര്‍ക്കാരിന്റെയും സി.പി.എം നേതാക്കളുടെയും ശ്രമം. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തര വകുപ്പില്‍ ഒന്നരക്കൊല്ലമായി നടക്കുന്ന അഴിമതികള്‍ അദ്ദേഹത്തിന്റെ അറിവോടെയല്ലെന്ന് പറയുന്നത് കണ്ണില്‍ പൊടിയിടലും കുറ്റങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള കുടിലതന്ത്രവുമാണ്. സ്വന്തം പാര്‍ട്ടി നേതൃത്വംപോലും ലോക്‌നാഥ് ബെഹ്‌റയുടെ പങ്കാളിത്തം ശരിവെച്ചിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയന്‍ ബെഹ്‌റയെ സംരക്ഷിക്കാന്‍ കാട്ടുന്ന അമിതാഭിവാഞ്ഛ കള്ളന്‍കപ്പലിലാണെന്ന ബോധ്യത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്.
25 തോക്കുകള്‍ കാണാത്തതിനെക്കുറിച്ചുള്ള സി.എ.ജിയുടെ അന്വേഷണത്തിന് അവ മറ്റേതോ ക്യാമ്പിലുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ പൊലീസ് മേധാവികളെ അതിരൂക്ഷമായി വിമര്‍ശിച്ചാണ് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ക്രമക്കേടുകള്‍ക്ക് കാരണം പൊലീസ് മേധാവിയാണെന്ന് പേരെടുത്ത് പറഞ്ഞ് സംസ്ഥാന ചരിത്രത്തിലാദ്യമായി എ.ജി വാര്‍ത്താസമ്മേളനം നടത്തിയതും രാഷ്ട്രീയ താല്‍പര്യങ്ങളില്‍ കുരുങ്ങാതെ ജനങ്ങളുടെ മുന്നിലേക്ക് വസ്തുതകള്‍ എത്തണമെന്ന ഉറച്ച ബോധ്യത്തോടെയാകണം. എന്നാല്‍ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ആരോപണങ്ങളെയെല്ലാം പ്രതിപക്ഷത്തിനെതിരായി തിരിച്ചുവിടാന്‍ പാഴ്ശ്രമം നടത്തുകയാണ്. കോടികളുടെ അഴിമതി മറച്ചുവെക്കാനായി പ്രതിപക്ഷത്തെ മുന്‍മന്ത്രിമാരടക്കമുള്ളവര്‍ക്കെതിരെ കേസുകളുമായി രംഗത്തുവരുന്നതും ആരുടെ മടിയിലാണ് കനമെന്ന് ജനം തിരിച്ചറിയുന്നുണ്ട്. ചീഫ്‌സെക്രട്ടറി ടോംജോസിന് സംസ്ഥാന സര്‍ക്കാരിന്റെ പൊതുഭരണവകുപ്പില്‍നിന്നോ വിനോദ സഞ്ചാര വകുപ്പില്‍ നിന്നോ ആണ് സാധാരണയായി കാറുകള്‍ വാങ്ങി നല്‍കിയിട്ടുള്ളതും. ഡ്രൈവര്‍മാരും അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടവരായിരിക്കും. എന്നാല്‍ സംസ്ഥാന പൊലീസ് മേധാവിയുടെ പേരിലുള്ള ആഢംബര കാറാണ് ചീഫ്‌സെക്രട്ടറി കുറച്ചുകാലമായി ഉപയോഗിക്കുന്നതെന്ന വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. അതുമാത്രമല്ല, പൊലീസ് മേധാവിക്ക് സര്‍ക്കാര്‍ നല്‍കുന്ന പൊലീസ് ആധുനികവത്കരണത്തിനുള്ള രണ്ടു കോടി രൂപ അഞ്ചു കോടിയായി വര്‍ധിപ്പിച്ചതും ഒരു മാസം മുമ്പുമാത്രമാണ്. തുറന്ന ടെണ്ടര്‍ വിളിക്കാതെ വി.വി.ഐ.പി വാഹനങ്ങള്‍ വാങ്ങാന്‍ ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രിക്കെഴുതിയ കത്തുകളും അത് അനുവദിച്ചുകൊണ്ടുള്ള ഉത്തരവും ഇപ്പോള്‍ പുറത്തുവന്നുകഴിഞ്ഞു. കോടിക്കണക്കിന് രൂപ നക്‌സലൈറ്റ് വേട്ടക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതിലും അഴിമതി നടന്നതായി വാര്‍ത്തയുണ്ട്.
പൊലീസിന്റെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന് നല്‍കിയ കരാര്‍ തീരെ പരിചയ സമ്പത്തില്ലാത്ത തട്ടിക്കൂട്ട് സ്ഥാപനത്തിന് നല്‍കിയതും മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുകൊണ്ടല്ലെന്ന് പറയാനാകില്ല. ബെഹ്‌റയുടെയും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരുടെയും പങ്കാളിത്തത്തിലാണ് ഗാലക്‌സോണ്‍ എന്ന കരാര്‍ കമ്പനി പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടക്കുകതന്നെ വേണം. ഇക്കാര്യത്തില്‍ ആടിനെ പട്ടിയാക്കുന്ന നയമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടേത്. അഴിമതിയെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന് പറയുന്നത് രക്ഷപ്പെടലിനുള്ള വെപ്രാളത്തില്‍നിന്നുത്ഭവിച്ചതാണ്. അരിയെത്രയെന്ന് ചോദിച്ചാല്‍ പയറഞ്ഞാഴിയെന്ന് പറയുന്നത് അദ്ദേഹത്തിന് കാര്യങ്ങള്‍ അറിയാതെയാവില്ലെന്ന് തീര്‍ച്ച. റിപ്പോര്‍ട്ട് ചോര്‍ന്നുവെന്നുപോലും ഉറപ്പിച്ചുപറയാത്തയാളാണ് അതിലെ വസ്തുതകളെക്കുറിച്ച് മൗനം ഭജിക്കുന്നത്. മുമ്പ് യു.ഡി.എഫ് കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനെച്ചൊല്ലി സംസ്ഥാനത്താകമാനം സി.പി. എം കാട്ടിക്കൂട്ടിയ കോലാഹലങ്ങളൊന്നും കോടിയേരി മറന്നാലും ജനം മറക്കില്ല.
വെടിയുണ്ടകള്‍ കാണാതാകുന്നത് പൊലീസില്‍ സാധാരണയാണെന്ന് പറയുന്ന കോടിയേരി ബാലകൃഷ്ണന്‍ സ്വന്തം ഉത്തരവാദിത്തത്തെക്കുറിച്ച്‌പോലും ധാരണയില്ലാതെയാണ് സംസാരിക്കുന്നത്. വി.എസ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരവകുപ്പ് തര്‍ക്കിച്ച് വാങ്ങിയയാളാണ് കോടിയേരിയെന്ന് മറക്കാനാവില്ല. തോക്കുകള്‍ എവിടെയെന്ന ചോദ്യത്തിന് സി.എ.ജി ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ മറുപടി നല്‍കാതിരുന്ന പൊലീസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിനെക്കൊണ്ട് കേസെടുപ്പിച്ച് കൈ കഴുകാനാണ് ശ്രമിക്കുന്നത്. കൃത്യമായി 25 തോക്കുകള്‍ ഏതാണെന്നോ എവിടെയെന്നോ പറയാന്‍ ഇപ്പോഴും ക്രൈംബ്രാഞ്ച് മേധാവിക്കോ പൊലീസ് മേധാവിക്കോ കഴിയുന്നില്ല. ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഡി.ഐ.ജി ടോമിന്‍ തച്ചങ്കരി മണിപ്പൂരിലാണ് തോക്കുകള്‍ എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? യു.ഡി.എഫിന്റെ കാലത്തെ അഴിമതിയെന്ന് പറഞ്ഞ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വന്‍ കുംഭകോണത്തിന് മറയിടാന്‍ ശ്രമിക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ല. മുന്‍ ആഭ്യന്തര മന്ത്രികൂടിയായ രമേശ് ചെന്നിത്തല തന്റെ പങ്കും അന്വേഷിച്ചോട്ടെ എന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് ഇനിയത്തെ അന്വേഷണം നീളേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. അവിടെ പക്ഷേ കയറാന്‍ കേന്ദ്ര ഏജന്‍സികള്‍ക്കേ കഴിയൂ എന്നതിനാല്‍ കേന്ദ്ര ഇടപെടല്‍ അനിവാര്യാണ്; രേഖകള്‍ അപ്രത്യക്ഷമാകാതിരിക്കാന്‍ അടിയന്തിരവും.

SHARE