ട്രംപ് വരുമ്പോള്‍


അമേരിക്കന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ജോണ്‍ ട്രംപ് ഇന്ന് ആദ്യമായി ഇന്ത്യയിലെത്തുന്നതിനെ കൗതുകത്തോടെയും അതേസമയം ഉല്‍കണ്ഠയോടെയുമാണ് ലോകജനത ഉറ്റുനോക്കുന്നത്. പത്‌നി മെലാനിയയുമൊത്ത് ഇന്ന് ഉച്ചയോടെ അഹമ്മദാബാദ് വിമാനത്താവളത്തിലിറങ്ങുന്ന ട്രംപ് നടത്തുന്ന റോഡ്‌ഷോയും ഇന്ത്യയുമായി ഏര്‍പെട്ടേക്കാവുന്ന കരാറുകളും ഇതിനകം വാര്‍ത്താതലക്കെട്ടുകള്‍ പിടിച്ചെടുത്തുകഴിഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂരം ട്രംപും മെലാനിയയും കാറില്‍ നഗരംചുറ്റി റോഡ്‌ഷോ നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ട്രംപ്തന്നെ ഇക്കാര്യം വലിയനേട്ടമായി സ്വന്തം തിരഞ്ഞെടുപ്പുയോഗത്തില്‍ പ്രചരിപ്പിക്കുകയുമുണ്ടായി. 80 ലക്ഷംപേര്‍ പുതിയ സ്റ്റേഡിയത്തിലെ തന്റെ പൊതുയോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞതായി ആദ്യം അവകാശപ്പെട്ട ട്രംപ് പിന്നീടത് ഒരുകോടിയായി ഉയര്‍ത്തി. ഇത് വെറും ബഡായി മാത്രമാണെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അഹമ്മദാബാദ് നഗരത്തിലെ ജനങ്ങള്‍ മൊത്തം വന്നാല്‍പോലും ഈ സംഖ്യക്കടുത്തെത്തില്ല. പിന്നെന്തിനാണ് അമേരിക്കയുടെ പ്രസിഡന്റ് ഇത്തരമൊരു വിടുവായിത്തം വിളമ്പുന്നതെന്ന ചോദ്യത്തിനുത്തരം ഇന്ത്യക്കാരായ അമേരിക്കന്‍ വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള അടവാണെന്നാണ്. 22 കിലോമീറ്റര്‍ റോഡ് ഷോ നടക്കുമോ എന്ന് ഇനിയും വ്യക്തമല്ല. ഇതിനായി ഇത്രയുംദൂരത്തില്‍ ഏഴടി ഉയരത്തില്‍ മതില്‍കെട്ടി ചേരികള്‍ മറച്ചിരിക്കുകയാണ്. 100 കോടിരൂപയാണത്രെ മോദിയുടെ സ്വന്തംസംസ്ഥാനത്ത് ഇതിനായി ചെലവിട്ടത്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷനാണ് റോഡ്‌ഷോക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് പറയുന്നുണ്ടെങ്കിലും വി.വി.ഐ.പി പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍പണം ടെന്‍ഡറില്ലാതെ ചെലവഴിക്കാമെന്നതാണ് വസ്തുത. റോഡ്‌ഷോ ചുരുക്കി 6 കിലോമീറ്ററാക്കിയെന്നും പുതിയ വാര്‍ത്തകളുണ്ട്. ഗാന്ധിജിയുടെ സബര്‍മതി ആശ്രമവും സന്ദര്‍ശനപ്പട്ടികയില്‍നിന്ന് അവസാനം ഒഴിവാക്കിയെന്നും, വിമാനത്താവളത്തില്‍നിന്ന് നേരെ ട്രംപ് പുതിയ മോട്ടോറ സ്‌റ്റേഡിയത്തിലേക്ക് പോകുമെന്നാണ് പുതിയവവിരം. അങ്ങനെയെങ്കില്‍ പാവങ്ങളുടെ നികുതിപ്പണമെടുത്ത് ഇത്രയും തുക ചെലവഴിച്ചത് എന്തിനെന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. 200ഓളം കല്‍പണിക്കാരാണ് രണ്ടായിരത്തോളം അതിദരിദ്രര്‍ താമസിക്കുന്ന ചേരികള്‍ മറയ്ക്കാനായി മതില്‍പണിയിലേര്‍പെട്ടത.് വലിയവീതിയില്‍ ഫുട്പാത്തും ഇതോടൊപ്പം പണിതീര്‍ത്തിട്ടുണ്ട്. മാധ്യമങ്ങളിലൂടെ മതില്‍വിവരം പുറത്തറിഞ്ഞ ജാള്യതയില്‍ ട്രംപിന്റെ സന്ദര്‍ശനത്തിനായല്ല, നേരത്തെ തീരുമാനിച്ചതനുസരിച്ച് നഗരം മോടികൂട്ടുകയാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമമുണ്ടായി. ഏതായാലും ഒരുഅഹമ്മദാബാദുകാരന്‍ പറഞ്ഞതുപോലെ അമേരിക്കന്‍പ്രസിഡന്റുമാര്‍ ആറുമാസത്തിലൊരിക്കലെങ്കിലും ഗുജറാത്ത് സന്ദര്‍ശിച്ചാല്‍ സംസ്ഥാനം വികസിക്കുമെന്ന് തീര്‍ച്ച!
ട്രംപ് മുമ്പ് പലതവണ ഇന്ത്യയിലേക്ക് വരുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും അവയെല്ലാം മാറ്റിവെച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തര്‍ക്കം കാരണമായിരുന്നു. 130 കോടി ജനസംഖ്യയുള്ള ഇന്ത്യ ഇറക്കുമതിത്തീരുവകള്‍ ഗണ്യമായി വെട്ടിക്കുറച്ച് അമേരിക്കന്‍ഉല്‍പന്നങ്ങള്‍ക്ക് യഥേഷ്ടം വിപണി തുറന്നിടണമെന്നാണ് തുടര്‍ച്ചയായി ട്രംപ് ‘രണകൂടം ആവശ്യപ്പെട്ടുവരുന്നത്. ഇതിന് മോദി ‘രണകൂടം തയ്യാറായെങ്കിലും രാജ്യത്തെ വ്യാപാരികളും വ്യവസായികളും കര്‍ഷകരും ഒറ്റക്കെട്ടായി ചെറുത്തുനിന്നതിനെതുടര്‍ന്ന് ഗത്യന്തരമില്ലാതെ സര്‍ക്കാരിന് പിന്തിരിയേണ്ടിവന്നു. ഇതിന് വഴങ്ങിയാല്‍ ഇന്ത്യയുടെ നിലവിലെ സാമ്പത്തികവ്യാപാര-കാര്‍ഷികമേഖല തകര്‍ന്നടിയുകയായിരിക്കും ഫലം. ഇതിന് പ്രതികാരമായി എച്ച് 1 ബി വിസ റദ്ദുചെയ്യാനും അതുവഴി നിരവധി ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ ജോലി നഷ്ടപ്പെടാനും ഇടയായി. ഇന്ത്യക്ക് അമേരിക്ക നല്‍കിയിരുന്ന പ്രത്യേക സൗഹൃദപദവി (ജി.എസ്.പി) പുന:സ്ഥാപിക്കാനും അവര്‍ തയ്യാറായിട്ടില്ല. പുതിയ കാലാവസ്ഥയില്‍ ഇന്ത്യയുമായി കൂടുതല്‍ശക്തമായ ബന്ധം തങ്ങള്‍ക്കുണ്ടാകണമെന്ന് ട്രംപ് ‘രണകൂടം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുകാരണം അവരുടെമേലുള്ള ഇറക്കുമതി ചുങ്കം എങ്ങനെയെങ്കിലും മോദിയെ പാട്ടിലാക്കി നേടിയെടുക്കുക മാത്രമാണ്. മറ്റൊന്ന് ചൈനയുമായി രൂക്ഷമായ അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്ന ഇന്ത്യയെ അമേരിക്കയുടെ മിത്രപാളയത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും.
കഴിഞ്ഞവര്‍ഷം അമേരിക്ക സന്ദര്‍ശിച്ച നരേന്ദ്രമോദി ട്രംപുമായും ഇന്ത്യന്‍സമൂഹവുമായും നടത്തിയകൂടിക്കാഴ്ച വേണ്ടത്ര ക്ലച്ച് പിടിച്ചില്ല. മോദിയെക്കാള്‍ ട്രംപിനാണ് ഇന്ത്യയുമായി താന്‍ വളരെനല്ല ബന്ധത്തിലാണെന്ന് ഇപ്പോള്‍ അമേരിക്കയിലെ ഇന്ത്യന്‍വോട്ടര്‍മാരെ ബോധ്യപ്പെടുത്തേണ്ട അനിവാര്യത. അത് അദ്ദേഹം ഈ സന്ദര്‍ശനത്തിലൂടെ സാധിച്ചെടുക്കുമെന്നതാണ് ഈവരവിന്റെ വിജയവും. എന്നാല്‍ ലോകത്തും ഇന്ത്യയിലും ഇന്ന് മുഖ്യചര്‍ച്ചാവിഷയമായിട്ടുള്ള ഇന്ത്യന്‍മുസ്്‌ലിംകള്‍ക്കെതിരായ പൗരത്വനിഷേധത്തെ കണ്ടില്ലെന്നുനടിച്ചുകൊണ്ട് ട്രംപിനും അമേരിക്കക്കും തന്റെ സന്ദര്‍ശനം അവസാനിപ്പിക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും ജനാധിപത്യപൗരാവകാശങ്ങളുടെ വക്താക്കളാണ് തങ്ങളെന്ന് മേനിനടിക്കുകയും ലോകപൊലീസ് ചമയുകയും ചെയ്യുന്ന അമേരിക്കയെ സംബന്ധിച്ച്. യൂറോപ്യന്‍യൂണിയനും മറ്റും ഇതിനകം മോദിസര്‍ക്കാരിന്റെ മുസ്്‌ലിംവിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചുകഴിഞ്ഞു. ഐക്യരാഷ്ട്രസ’ാ സെക്രട്ടറിജനറല്‍ ഗുട്ടറസും കഴിഞ്ഞദിവസം നടത്തിയ കശ്മീരിലെ പൗരാവകാശലംഘനത്തെക്കുറിച്ചുള്ള പരാമര്‍ശവും വലിയ സമ്മര്‍ദമാണ് മോദിസര്‍ക്കാരിന് മേലുണ്ടാക്കിയിരിക്കുന്നത്. ഇതിനുപിന്നാലെയാണ് ‘യു.എസ് കമ്മീഷന്‍ ഫോര്‍ റിലീജിയസ് ഫ്രീഡം’ മുസ്‌ലിംകള്‍ക്കെതിരായ പൗരത്വനിഷേധത്തെ കടുത്തരീതിയില്‍ വിമര്‍ശിച്ചുകൊണ്ട് റിപ്പോര്‍ട്ട് പുറത്തുവിട്ടതും. ഇതൊക്കെ കൊണ്ടുതന്നെയാണ് കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരോട് സംവദിച്ച വൈറ്റ്ഹൗസ്‌വക്താവ് ട്രംപ് പൗരത്വപ്രശ്‌നം ഉന്നയിച്ചേക്കുമെന്ന് സൂചിപ്പിച്ചത്. കശ്മീര്‍വിഷയം ട്രംപ് ഉന്നയിക്കുമെന്ന് കരുതുന്നുണ്ടെങ്കിലും ഫലസ്തീന്‍വിഷയത്തിലെ ട്രംപിന്റെനയം പരിഗണിക്കുമ്പോള്‍ പാക്കിസ്താനെ അലോസരപ്പെടുത്താത്ത രീതിയിലാകും ട്രംപിന്റെ വാക്കുകളെന്നും നിരീക്ഷണമുണ്ട്.നേരത്തെ പ്രതീക്ഷിച്ചിരുന്ന സമഗ്രവ്യാപാരകരാര്‍ ഉണ്ടാകില്ലെന്നുതന്നെയാണ് ഒടുവിലത്തെ വിവരം. അങ്ങനെയെങ്കില്‍ മിനികരാറിനാവും അമേരിക്കയുടെ ശ്രമം.യുദ്ധാവശ്യത്തിനുള്ള 30 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാര്‍ മാത്രമായി സന്ദര്‍ശനം ചുരുങ്ങും. ബൗദ്ധികസ്വത്തവകാശം, ഇ-വ്യാപാരനയം, ആരോഗ്യസെസ് തുടങ്ങിയവയും 24ന് ചര്‍ച്ചയാകാം. ചുരുക്കത്തില്‍ മല എലിയെ പ്രസവിച്ചതുപോലെയാകാനാണ് എല്ലാസാധ്യതയും.

SHARE