ഇരകള്‍ക്കായി ഇന്ത്യ ഉണരണം


രാജ്യതലസ്ഥാനം കത്തുകയാണ്. ചോര തെരുവുകളിലൂടെ ഒഴുകുന്നു. പള്ളി മിനാരങ്ങളില്‍ നിന്നും തീനാളങ്ങള്‍ ഉയരുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷമെന്നാണ് ഏകപക്ഷീയമായ ഈ അക്രമങ്ങളെ ദേശീയ മാധ്യമങ്ങള്‍ സാമാന്യവത്കരിക്കുന്നത്. സംഘ്പരിവാര്‍ ആസൂത്രണ വൈഭവത്തോടെ നടപ്പാക്കുന്ന വംശഹത്യയുടെ ചിഹ്നങ്ങളും അടയാളങ്ങളും വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഓരോ തെരുവിലും അവശേഷിപ്പിച്ച് അക്രമിക്കൂട്ടം സംഹാരതാണ്ഡവമാടുമ്പോള്‍ മൗനത്തിന്റെ വാത്മീകത്തില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും പുറത്തുവന്നിട്ടില്ല.
പ്രതിഷേധക്കാരുടെ വേഷം നോക്കി പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തെ വിലയിരുത്തിയ മോദിയുടെ മൂക്കിന്താഴെ മതം ചോദിച്ചു അക്രമിക്കൂട്ടം മനുഷ്യരെ വേട്ടനായ്ക്കളെ പോലെ കടന്നാക്രമിക്കുമ്പോള്‍ നോക്കിനില്‍ക്കുകയാണ് ഡല്‍ഹി പൊലീസ്. പള്ളികളും വീടുകളും വാഹനങ്ങളും പെട്രോളൊഴിച്ച് കത്തിച്ച് ആര്‍ത്തുവിളിക്കുന്ന സംഘ്പരിവാര്‍ പടയ്ക്ക് കലാപത്തിന് സമയം നിശ്ചയിച്ച് നല്‍കിയതുപോലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഡല്‍ഹി പൊലീസും പ്രതികരിക്കുന്നത്. ജെ.എന്‍.യുവിലും ജാമിഅ മില്ലിയ്യയിലും വിദ്യാര്‍ത്ഥികളെ ക്രൂരമായി വേട്ടയാടി പൊലീസ്, അക്രമിക്കൂട്ടത്തിന്റെ കൊലവിളികള്‍ക്ക് മൂകസാക്ഷികളായി കാവല്‍ നില്‍ക്കുന്ന ഭീതിദമായ കാഴ്ചയാണ് വടക്കന്‍ ഡല്‍ഹിയില്‍. ഗുജറാത്തിലെ വംശഹത്യാനാളുകളെ അനുസ്മരിപ്പിക്കുന്നു ഡല്‍ഹിയിലെ ദൃശ്യങ്ങള്‍.
കാവിക്കൊടികള്‍ കെട്ടി വീടുകളുടെ മതം പരസ്യപ്പെടുത്തി ഒരു വിഭാഗം സുരക്ഷിതത്വത്തിന്റെ ഗേഹങ്ങളിലിരിക്കുമ്പോള്‍, ഒരു വിഭാഗത്തിന്റെ അടയാളങ്ങളെയാകെ ഇല്ലാതാക്കാനുള്ള നിഗൂഢ പദ്ധതികള്‍ നിര്‍ബാധം, ഏറ്റവും ക്രൂരമായി നടപ്പാക്കപ്പെടുന്നു. നിലവിളികള്‍ക്കുപോലും ഇടമില്ലാതെ നിസ്സംഗമായി ഒരു ജനത ഏത് നിമിഷവും അക്രമിക്കപ്പെടുമെന്ന ഭീതിയില്‍ നിരാലംബരായി കഴിയേണ്ടിവരുന്നു. സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പൊലീസ് എല്ലാ അക്രമങ്ങള്‍ക്കും കൊള്ളിവെപ്പുകള്‍ക്കും കൊലകള്‍ക്കും മൂകസാക്ഷിയായി, സംഘ്പരിവാരത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നു. പൊലീസിന് മുന്നിലൂടെ തോക്കുകളും കത്തികളുമായി സംഘ്പരിവാര്‍ കൊലവിളികളുമായി കവാത്ത് നടത്തുകയാണ് ഡല്‍ഹിയില്‍. പള്ളികള്‍ അഗ്നിക്കിരയാക്കുമ്പോഴും പൊലീസ് നോക്കിനില്‍ക്കുന്നു. നാടന്‍ തോക്കുകളില്‍ നിന്നുള്ള വെടിയൊച്ചകളാണെങ്ങും. ഗുജറാത്തില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ദൂരം മാഞ്ഞില്ലാതായി കഴിഞ്ഞിരിക്കുന്നു.
ഏകപക്ഷീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടക്കമായി. പരിക്കേറ്റ് ആസ്പത്രിയില്‍ എത്തിയവര്‍ ഇരുനൂറിലേറെ. പരിക്കേറ്റവരുമായി പോകുന്ന ആംബുലന്‍സുകള്‍ പോലും അക്രമിച്ച് തിരിച്ചയക്കുന്നു. ജീവനുവേണ്ടി പിടയുന്ന മനുഷ്യര്‍ക്ക് വൈദ്യസഹായം നിഷേധിച്ച് മരണം ആസ്വദിക്കുന്ന സൈക്കോകളുടെ കൂട്ടമാണ് ഡല്‍ഹിയെ വളഞ്ഞിരിക്കുന്നത്. ട്രാക്ടറുകളില്‍ കല്ലുകളും ആയുധങ്ങളുമായി ഡല്‍ഹിയുടെ അതിര്‍ത്തികള്‍ കടന്നെത്തിയ അക്രമിക്കൂട്ടം വടക്ക് കിഴക്കന്‍ ഡല്‍ഹിയെ വളഞ്ഞിരിക്കുകയാണ്. അക്രമികളുടെ ഡല്‍ഹിയുടെ അതിര്‍ത്തിയില്‍തന്നെ തടയാമായിരുന്നു പൊലീസിന്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ ഈ ആവശ്യം ഉന്നയിച്ചിട്ടും അക്രമത്തിന് എല്ലാ വാതിലുകളും തുറന്നിട്ട് കാവല്‍നില്‍ക്കുകയാണ് ഡല്‍ഹി പൊലീസ് ചെയ്തത്. വ്യക്തമായ ആസൂത്രണവും നിര്‍ദ്ദേശവും കലാപത്തിന് പിന്നിലുണ്ട്. മുസ്‌ലിം പേരുകളുള്ള സ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ച് ഗുജറാത്ത് മോഡലില്‍ അഗ്നിക്കിരയാക്കുമ്പോള്‍ ഒരു ജനതയെ പൂര്‍ണമായു നിരാലംബരാക്കണമെന്ന സാമ്പത്തിക സിദ്ധാന്തംകൂടി നടപ്പാക്കുകയാണ് അക്രമികള്‍.
കലാപ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ അക്രമണമാണുണ്ടായത്. ഒരു മാധ്യമ പ്രവര്‍ത്തകന്റെ നെഞ്ചില്‍ വെടിയേറ്റു. ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മാധ്യമ പ്രവര്‍ത്തകരെ തടയുന്നു. ഭീഷണിപ്പെടുത്തുന്നു. വസ്ത്രമഴിച്ച് മതമേതെന്ന് പരിശോധിക്കാന്‍ തുനിയുന്നു. മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന എന്‍.ഡി.ടി.വിയുടെ നാല് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റു. അക്രമ വാര്‍ത്തകള്‍ ജനങ്ങളിലെത്തുന്നതിലെ ഭീതിയല്ല, മാധ്യമ പ്രവര്‍ത്തകരെ അക്രമിക്കുന്നതിലേക്ക് നയിക്കുന്നത്. അക്രമികള്‍ തന്നെ അക്രമ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങള്‍വഴി പ്രചരിപ്പിക്കുന്നുണ്ട്. തങ്ങളിഷ്ടപ്പെടുന്ന രീതിയില്‍ അക്രമ രംഗങ്ങള്‍ ജനങ്ങളിലെത്തിയാല്‍ മതിയെന്നതാണ് അക്രമികളുടെ നിലപാട്. മാധ്യമ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെടുമ്പോഴും പൊലീസ് നോക്കിനില്‍ക്കുന്നു.
ഡല്‍ഹി പൊലീസിനെ നിയന്ത്രിക്കുന്നത് സംഘ്പരിവാറാണെന്ന് പലകുറി അവര്‍ തെളിയിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസിന്റെ കടിഞ്ഞാണ്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കൈകളിലാണ്. നീതിയുടെയും നിക്ഷ്പക്ഷതയുേടയും ഇടപെടലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയില്‍ നിന്നുണ്ടാകുമെന്ന് നിക്ഷ്പക്ഷമതികള്‍ പോലും പ്രതീക്ഷിക്കുന്നില്ല. ഭരണകൂട ഉപകരണങ്ങളെ വര്‍ഗീയ കലാപത്തിന് ആയുധമാക്കുന്ന, നെറികെട്ട രാജ നീതിക്ക് സാക്ഷ്യംവഹിക്കുകയാണ് ഇന്ദ്രപ്രസ്ഥം. കാവലാളുകളായി എത്തുമെന്ന് കരുതപ്പെട്ടവരുടെ മൗനം വേട്ടക്കാരുടെ കൊലവാളുകള്‍ക്ക് മൂര്‍ച്ച നല്‍കുന്നുണ്ട്.
ഭീതിയുടെ മുള്‍മുനയില്‍ ഒരു വിഭാഗത്തെ തളിച്ചിട്ട്, അവകാശങ്ങള്‍ നിഷേധിക്കാനുള്ള കൗടില്യങ്ങളുണ്ട് ഈ കലാപത്തിന്റെ ആസൂത്രകരുടെ മനസ്സില്‍. ഇന്ത്യയിലെ പൗരന്മാരെ മതംകൊണ്ട് കള്ളികളിലാക്കാന്‍ ശ്രമിക്കുന്നവരുടെ ആസൂത്രണ വൈഭവം കലാപത്തിന്റെ ഓരോ ഘട്ടത്തിലുമുണ്ട്. പൗരത്വത്തിന് മതം മാനദണ്ഡമാക്കാനുള്ള, ഇന്ത്യന്‍ ഭരണഘടനയുടെ ജനാധിപത്യ, മതേതര സങ്കല്‍പങ്ങളെ അസാധുവാക്കാനുള്ള ഭരണകൂടത്തിന്റെ ഗൂഢ പദ്ധതികള്‍ക്ക് നിസ്സംഗ മനുഷ്യരുടെ ജീവരക്തംകൊണ്ട് പിന്തുണ നല്‍കുകയാണ് ഈ അക്രമികള്‍. ഡല്‍ഹിയില്‍ നടക്കുന്ന ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല. ഒരു വിഭാഗം നടത്തുന്ന ആസൂത്രിത കൊലപാതകങ്ങളും അക്രമങ്ങളുമാണ്. സാമാന്യവത്കരണങ്ങളിലൂടെ അക്രമികള്‍ക്കും കൊലപാതകികള്‍ക്കും പ്രക്ഷോഭകരുടെ മേലാപ്പ് ധരിപ്പിക്കുകയാണ് ചില ദേശീയ മാധ്യമങ്ങള്‍.
മതേതര ജനാധിപത്യ സമരങ്ങളെ ചോരയില്‍ മുക്കി ഇല്ലാതാക്കാനുള്ള ഈ കലാപകാരികളുടെ കൊലവിളികളെ എതിര്‍ത്ത് തോല്‍പ്പിക്കാനുള്ള ബാധ്യത ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ക്കുണ്ട്. പ്രതിഷേധത്തിന്റെ പെരുമഴ കൊണ്ട് ജനാധിപത്യത്തിന്റെ ശക്തി എന്തെന്ന് ഈ അക്രമിക്കൂട്ടത്തെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ ഡല്‍ഹി രാജ്യത്തിന്റെ എല്ലായിടത്തും ആവര്‍ത്തിക്കപ്പെടും-ഭരണകൂട പിന്തുണയോടെ തന്നെ. മൗനംകൊണ്ട് വേട്ടക്കാര്‍ക്കൊപ്പമല്ല, പ്രതിഷേധംകൊണ്ട് ഇരകള്‍ക്കൊപ്പം ഇന്ത്യ ഉണരണം.

SHARE