എന്തിനുവേണ്ടിയാണ് ഈ നരഹത്യകള്‍


‘വലുതോ ചെറുതോ ആയിക്കൊള്ളട്ടെ, ഒരു ആരാധനാലയത്തിനുനേര്‍ക്ക്, യാതൊരു തരത്തിലുള്ള ആക്രമണമുണ്ടായാലും ഇന്ത്യയും പാക്കിസ്താനും അവരവരുടെ ഭൂരിപക്ഷത്തോട് അര്‍ത്ഥശങ്കക്കിടയില്ലാത്തവണ്ണം പ്രഖ്യാപിക്കണം, അത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന്. കലാപങ്ങളില്‍ അത്തരം സ്ഥലങ്ങള്‍ക്ക് കേടുപറ്റിയാല്‍ അവ നന്നാക്കിക്കൊടുക്കണം’. ഹിന്ദുത്വ തീവ്രവാദി നാഥുറാം ഗോദ്‌സെയാല്‍ വെടിയേറ്റു കൊല്ലപ്പെടുന്നതിന് കൃത്യം ഒന്‍പതു ദിവസം മുമ്പ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഡല്‍ഹിയിലെ ഭക്തിയാര്‍ കാക്കി ദര്‍ഗ സന്ദര്‍ശിച്ചശേഷം പറഞ്ഞ വാക്കുകളാണിത്. ഇന്ത്യാവിഭജനാനന്തരമുണ്ടായ വര്‍ഗീയ കലാപത്തിനിടയിലാണ് പ്രസ്തുത ദര്‍ഗ വര്‍ഗീയ വാദികളാല്‍ തകര്‍ക്കപ്പെട്ടത്. അത് ഗാന്ധിജിയില്‍ ചെലുത്തിയ വേദന മഹാത്മാവിന് താങ്ങാവുന്നതിലപ്പുറമായിരുന്നു. അതുകൊണ്ടുതന്നെയാണ് 744 ദിവസത്തെ ഡല്‍ഹി വാസക്കാലത്തിനിടെ ഗാന്ധിജി സന്ദര്‍ശിച്ച രണ്ടു മത കേന്ദ്രങ്ങളിലൊന്ന് ഭക്തിയാര്‍ ദര്‍ഗയായത്. അവസാന നിമിഷങ്ങള്‍ ചെലവഴിച്ച ബിര്‍ള മന്ദിറില്‍ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്നതിനിടെ എത്തിയ പ്രഥമ ആഭ്യന്തര വകുപ്പുമന്ത്രി സര്‍ദാര്‍ പട്ടേലിനോട് ഗാന്ധിജി പറഞ്ഞത,് ഡല്‍ഹിയിലെ കലാപം എത്രയുംവേഗം അവസാനിപ്പിക്കാന്‍ വേണ്ടതു ചെയ്യണമെന്നായിരുന്നു. അതിനുശേഷം നീണ്ട 36 വര്‍ഷത്തിനുശേഷമാണ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെതുടര്‍ന്ന് മറ്റൊരു വര്‍ഗീയകലാപം അരങ്ങേറിയത്. ഇന്നിതാ അതിനും മൂന്നര പതിറ്റാണ്ടിനുശേഷം രാജ്യ തലസ്ഥാനം മൂന്നാമതും കത്തിയാളുകളാണ്. കഴിഞ്ഞ നാലു ദിവസത്തെ വര്‍ഗീയ ആക്രമണത്തിനുശേഷവും ഡല്‍ഹിയില്‍നിന്ന് കേള്‍ക്കേണ്ടിവരുന്നത് നിര്‍ഭാഗ്യവശാല്‍ മരണത്തിന്റെ നിലവിളികളാണ്. ശ്വസിക്കുന്നത് കബന്ധങ്ങള്‍ കത്തിയാളുന്ന ഗന്ധവും. ഇതിനകം 23 പേര്‍ കൊല ചെയ്യപ്പെട്ടതായാണ് ഔദ്യോഗിക വിവരമെങ്കിലും മരണസംഖ്യ കൂടാനാണ് സാധ്യതയെന്ന് കേള്‍ക്കുന്നു. ഇരുട്ടിന്റെ മറവില്‍ സഹോദരങ്ങളെ കൊന്നുതള്ളുന്ന ഇരുകാലി ജീവികളുടെ ചെയ്തികള്‍കണ്ട് ഡല്‍ഹി മാത്രമല്ല, രാജ്യം വിറങ്ങലിച്ചുനില്‍ക്കുന്നു. എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടിയാണീ പേക്കൂത്തുകള്‍?
1948ല്‍ കലാപകാരികളെ വരച്ചവരയില്‍ നിര്‍ത്താനുള്ള ‘ആയുധം’ ഗാന്ധിജിക്കുണ്ടായിരുന്നു. അതനുസരിക്കാനുള്ള പ്രവിശാല മനസ്സുള്ള രാഷ്ട്രനേതൃത്വം ഇന്ത്യക്കും. ഇപ്പോഴത്തെ ഡല്‍ഹി കലാപത്തിന് ഗാന്ധിജിയെപോലൊരു മഹാപുരുഷന്റെ അഭാവം പോലെതന്നെ വേദനാജനകമാണ്, അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റുവിന്റെ കസേരയില്‍ ഇന്ന് ഇരിക്കുന്നയാളെക്കുറിച്ചോര്‍ത്തുള്ള രാജ്യത്തിന്റെ സങ്കടവും ഈര്‍ഷ്യയും. ഡല്‍ഹി ജനതയുടെ ക്രമസമാധാനവും സ്വത്തും സംരക്ഷിക്കേണ്ടത് അവിടുത്തെ സര്‍ക്കാരിന്റെ ഉത്തരവാദിത്വമല്ല. മറിച്ച്, അത് നിറവേറ്റിക്കൊടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരിലെ ആഭ്യന്തരവകുപ്പും അതിന്റെ തലവനായ മുന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുമാണ് എന്നിടത്താണ് രാജ്യം ലജ്ജയും ഹൃദയവേദനയും ഉള്ളിലൊതുക്കാന്‍ പാടുപെടുന്നത്. രാഷ്ട്ര ഭരണ സിരാകേന്ദ്രങ്ങളിലിന്നിരിക്കുന്നവരുടെ ജീവിതനാള്‍വഴികള്‍ തിരയുമ്പോള്‍ ചെന്നെത്തുന്നത് ഗാന്ധിജിയുടെ ഘാതകനിലേക്കാണെന്നതും അതിനുംമുകളില്‍ പ്രതിഷ്ഠിക്കപ്പെടുന്നു. അപ്പോള്‍ കബന്ധങ്ങളുടെ എണ്ണം കുറഞ്ഞതില്‍ മാത്രമേ ചിലര്‍ക്ക് വേദനയുണ്ടാവൂ. 2002ലെ ഗുജറാത്ത് വംശീയ ഉന്മൂലനത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാണ് ഇന്ന് ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരകുഞ്ചികങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് എന്നതിനാല്‍ 2002നും 2020നും തമ്മില്‍ അക്കങ്ങളുടെ വ്യത്യാസം മാത്രമേ സംഭവിക്കുന്നുള്ളൂ. ഡിസംബറിനുശേഷം രാജ്യത്തുനടന്ന അക്രമങ്ങളും വെടിവെപ്പും മരണങ്ങളുമെല്ലാം പൊലീസിനെ ബി.ജെ.പി നിയന്ത്രിക്കുന്ന സംസ്ഥാനങ്ങളിലായതെന്തുകൊണ്ടാണ്? ഡിസംബറിനുശേഷം രാജ്യത്ത് മതത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നവരുടെ സംഖ്യ അറുപതിനോടടുത്തെത്തിയിരിക്കുന്നു.
2019 ഡിസംബര്‍ 9നും 11നും 12നുമായി രാജ്യത്തെ നിയമമാക്കിയ പൗരത്വഭേദഗതിബില്‍ മുതലങ്ങോട്ട് ഓരോ നിയമനിര്‍മാണവും ഭരണ നടപടികളുമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധതയും വംശീയ വിദ്വേഷവും ഉത്തരോത്തരം വിളിച്ചുപറയുന്നത്. അതിന്റെ പ്രതിരോധമായി പൊന്തിവന്ന ദേശസ്‌നേഹത്തില്‍നിന്നാണ് രാജ്യത്തെ ജനകോടികള്‍ പൗരത്വ നിയമത്തിനെതിരായി പ്രക്ഷോഭ പാതയിലിറങ്ങിയത്. അതില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അനുപമമായ സമരമുറയാണ് ഡല്‍ഹിയിലെ മൂക്കിന്‍തുമ്പത്ത് ഷാഹിന്‍ബാഗില്‍ മോദി സര്‍ക്കാരിന്റെ നാണംകെടുത്തിച്ചത്. സ്ത്രീകള്‍ക്കെതിരായ ബലപ്രയോഗം ലോക സമൂഹത്തിനിടയില്‍ കാര്യങ്ങള്‍ വഷളാക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് മുസ്്‌ലിംകള്‍ക്കെതിരായ ആക്രമണത്തിന് പദ്ധതിയിടാന്‍ ഹിന്ദുത്വ കാപാലികരെ പ്രേരിപ്പിച്ചത്. മൗജ്പൂരില്‍ പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള കപില്‍മിശ്രയുടെ പ്രസംഗത്തിലാണ് അക്രമത്തിന് പ്രേരിപ്പിക്കുന്ന ഗുരുതര പരാമര്‍ശങ്ങളുണ്ടായത്. എന്നിട്ടും അക്രമത്തിനും വര്‍ഗീയ വിദ്വേഷ പ്രചാരണത്തിനും ഇയാളെ രായ്ക്കുരാമാനം പൂട്ടിയിടുന്നതിനുപകരം അവരെപോലുള്ളവരെ താലോലിക്കുന്ന നിലപാടാണ് മോദിയും അമിത്ഷായും സ്വീകരിച്ചത്. ഡല്‍ഹി പൊലീസിനെപോലെ ലോകത്തെ ഏറ്റവും അംഗ സംഖ്യയുള്ളൊരു മെട്രോ സേനക്ക് കൈകാര്യംചെയ്യാന്‍ കഴിയാത്തവിധത്തിലുള്ള ആളൊന്നുമല്ല കപില്‍മിശ്രയും കലാപകാരികളും. എന്നിട്ടും കലാപമുണ്ടാകാനും കുറെപേരുടെ ജീവനെടുക്കുന്നതിനുംവരെ കേന്ദ്ര ഭരണകൂടം കാത്തിരുന്നു, കാവലിരുന്നു. ഗുജറാത്തില്‍ പൊലീസുദ്യോഗസ്ഥരോട് കലാപം കഴിയുന്നതുവരെ അനങ്ങരുതെന്നുപറഞ്ഞ മോദിയുടെ വാക്കുകള്‍തന്നെയാവണം ഇവിടെയും ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ടാകുക. അതാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനും പൊലീസുകാരനും നിരപരാധികളും കൊല്ലപ്പെടുന്നതിനും മാധ്യമ പ്രവര്‍ത്തകരടക്കം ഇരുന്നൂറിലധികംപേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായത്. പരിക്കേറ്റവരെ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സുകള്‍ കടത്തിവിടാതെയും ആസ്പത്രികളില്‍ ചികില്‍സ ലഭിക്കാതെയും കുറെപേര്‍ക്ക് ജീവന്‍ നഷ്ടമായി. പെട്രോള്‍ നിറച്ച കുപ്പികള്‍ തീവെക്കുന്നതിന് ഉപയോഗിച്ചതും അക്രമികള്‍ തോക്കുകള്‍ യഥേഷ്ടം ഉപയോഗിച്ചതും ട്രക്കുകളില്‍ കല്ല് കൊണ്ടുവന്നതും ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ്സുകളില്‍ അക്രമികള്‍ വന്നിറങ്ങിയതും പള്ളികളും മദ്രസകളും ആക്രമിക്കപ്പെട്ടതും ആളുകളുടെ മതം ചോദിച്ചതും പാന്റ്‌സ് അഴിച്ചുകാണിക്കാനാവശ്യപ്പെട്ടതും ജയ്ശ്രീറാം വിളിപ്പിച്ചതുമെല്ലാം അക്രമികളാരെന്ന ചോദ്യത്തിന് തെളിവുകളായി മല പോലെ നില്‍ക്കുന്നു. സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതുപോലെ നേരത്തെതന്നെ പൊലീസ് നിയമം പാലിച്ചിരുന്നെങ്കില്‍ 23 ജീവന്‍ ബാക്കിയാകുമായിരുന്നു. പക്ഷേ കള്ളന്റെ കയ്യിലാണ് താക്കോലെന്നതിനാല്‍ അക്രമികളെ ശിക്ഷിക്കാന്‍ ആര് തയ്യാറാകുമെന്നതാണ് വലിയ ചോദ്യം.

SHARE