കലാപമിശ്ര


രണ്ടു വര്‍ഷംമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഐ.എസ്.ഐ ഏജന്റ് എന്ന് വിളിച്ചയാളാണ് ഡല്‍ഹി മുന്‍മന്ത്രി കപില്‍മിശ്ര. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌കെജ്‌രിവാളിനെതിരെ രണ്ട് കോടി രൂപയുടെ അഴിമതി ആരോപിച്ചതും ഇതേയാള്‍തന്നെ. അത് ആം ആദ്മി പാര്‍ട്ടിയിലെ കാലത്ത്. ഇന്ന് ബി.ജെ.പിയിലാണ് കക്ഷി. 1984നുശേഷം ഡല്‍ഹികണ്ട വംശീയ കലാപത്തിന് കാരണക്കാരായവരിലൊരാള്‍. ചരിത്രത്തില്‍ ‘ഡല്‍ഹി കലാപം-2020′ വിലയിരുത്തുന്നയാള്‍ 39കാരനായ കപില്‍മിശ്രയുടെ പേരുകൂടി ചേര്‍ത്തുവായിക്കാം. ഫെബ്രുവരി 25 മുതല്‍ 27 വരെ നാലു ദിവസമാണ് രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച നാല്‍പതിലധികം പേരുടെ മരണത്തിനിടയാക്കിയ അക്രമ പരമ്പര അരങ്ങേറിയത്. 2002ല്‍ ഗുജറാത്തിലെയും 2017ല്‍ യു.പി മുസഫര്‍നഗറിലെയും കലാപങ്ങള്‍ക്കുശേഷമാണ് ഡല്‍ഹിയിലേക്ക് വീണ്ടും ഹിന്ദുത്വ കലാപകാരികള്‍ എത്തുന്നത്. ഫെബ്രുവരി 26ന് വൈകീട്ട് കപില്‍മിശ്ര വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടത്തിയ പ്രസംഗമാണ് കലാപത്തിന് കാരണമായതെന്ന് ബി.ജെ.പിക്കാര്‍ പോലും സമ്മതിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് ഇന്ത്യാസന്ദര്‍ശനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഇരിക്കവെതന്നെയായിരുന്നു ബി.ജെ.പി നേതാവിന്റെ തീപ്പൊരി പ്രസംഗം.’ട്രംപ് പോയിക്കോട്ടേ. വെറും മൂന്നു ദിവസം കഴിഞ്ഞാല്‍ നിങ്ങളെ കാണിച്ചുതരാമെ’ ന്നായിരുന്നു അസി.പൊലീസ് കമ്മീഷണര്‍ നോക്കിനില്‍ക്കെ കപില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗം. ആസൂത്രണം ചെയ്തതാണെങ്കിലും ഇതാണ് പെട്ടെന്ന് തീക്കളിയായത്. പ്രസംഗംകേട്ട ബി.ജെ.പി-സംഘ്പരിവാര്‍ അണികള്‍ കൂട്ടത്തോടെ ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ മേഖലയിലേക്ക് ഇറങ്ങി, വാളും കുറുവടികളും തോക്കുകളുമായി. അന്ന് വൈകീട്ട് ആരംഭിച്ച നരവേട്ട 27ന് വൈകീട്ടാണ് ഏതാണ്ട് ശമിച്ചത്. അപ്പോഴേക്കും നിരവധി മുസ്്‌ലിംകളുടെ ജീവനും കടകളും പള്ളികളുമെല്ലാം അഗ്നിക്കിരയാക്കപ്പെട്ടുകഴിഞ്ഞിരുന്നു. അപ്പോഴും കപില്‍മിശ്ര യാതൊരു പോറലുമില്ലാതെ വിലസിനടന്നു.
ജാഫറാബാദിലായിരുന്നു ഞായറാഴ്ചത്തെ ബി.ജെ.പിയുടെ പൗരത്വനിയമ അനുകൂല റാലി. അവിടെയടക്കം ചില സ്ഥലങ്ങളില്‍ ഷാഹിന്‍ബാഗ് മോഡലില്‍ മുസ്്‌ലിം സ്ത്രീകളും കുട്ടികളും പ്രതിഷേധ യോഗങ്ങള്‍ നടത്തിയിരുന്നു. സമാധാനപരമായ ഈ യോഗങ്ങള്‍ തങ്ങളെ അപമാനിക്കുന്നതാണെന്നായിരുന്നു കപില്‍ മിശ്രയെ പോലുള്ളവരുടെ നിലപാട്. ഫെബ്രുവരി ഒന്‍പതിലെ നിയമസഭാതെരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും ബി.ജെ.പിയുടെ തോല്‍വിക്ക് കാരണം മുസ്്‌ലിംകള്‍ കൂട്ടത്തോടെ ആം ആദ്മിക്ക് വോട്ടു ചെയ്തതാണെന്നും ബി.ജെ.പി വിലയിരുത്തി. ഇതില്‍ അമ്പേ പരാജയപ്പെട്ടവരിലൊരാളായിരുന്നു കപില്‍മിശ്ര. അയാള്‍ കരുതിവെച്ചതുതന്നെ നടത്തിച്ചു. നൂറുകണക്കിനുപേര്‍ കിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദ്, മൗജ്പൂര്‍, ചാന്ദ്ബാഗ് മുസ്തഫാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്്‌ലിം വീടുകളിലേക്ക് അതിക്രമിച്ചുകയറി. റോഡില്‍ മുസ്്‌ലിം പേരും വേഷവും തിരിച്ചറിഞ്ഞവരെയെല്ലാം വെട്ടിയും വെടിവെച്ചും അടിച്ചും കൊലപ്പെടുത്തി. യമുനവിഹാറിലും മറ്റും വലിയ അക്രമങ്ങള്‍ അരങ്ങേറി. പ്രസംഗത്തിനുപുറമെ ട്വിറ്ററിലും കപില്‍മിശ്ര ഇങ്ങനെ പറഞ്ഞു: ഇനിയൊരു ഷാഹിന്‍ബാഗ് കൂടി ഇവിടെയുണ്ടാകാന്‍ പാടില്ല. ട്വിറ്റര്‍ പിന്നീട് ആ പോസ്റ്റ് സ്വയം നീക്കി.
ഡല്‍ഹിയിലെ കാരവല്‍നഗറില്‍ ബി.ജെ.പിയുടെ മേയറായിരുന്നു അമ്മ അന്നപൂര്‍ണ. ചെറുപ്പത്തില്‍ ഇവിടെയാണ് രാഷ്ട്രീയം കളിച്ചുവളര്‍ന്നത്. യൂത്ത്‌ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയും ഉണ്ടാക്കി. ഡല്‍ഹി സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍നിന്ന് ബിരുദം നേടിയശേഷം 2011ല്‍ അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലൂടെയാണ് കക്ഷി കെജ്‌രിവാളിന്റെ കൂടെ ആംആദ്മിയിലെത്തുന്നത്. 2013ല്‍ ആദ്യമായി ആപ് ടിക്കറ്റില്‍ മല്‍സരിച്ചെങ്കിലും വിജയിച്ചില്ല. 2015ല്‍ കാരവാല്‍നഗറില്‍നിന്ന് നാല്‍പത്തിനാലായിരത്തിലധികം വോട്ടിന് വിജയിച്ച് കെജ്‌രിവാളിന്റെ മന്ത്രിയായി. ടൂറിസം, ജല വിതരണം, സാംസ്‌കാരികം വകുപ്പുകളാണ് കൈകാര്യംചെയ്തത്. യമുനാ ശുചീകരണത്തിന് ചെയ്ത നടപടികള്‍ ജനശ്രദ്ധ പിടിച്ചുപറ്റി. പക്ഷേ വൈകാതെ കെജ്‌രിവാളിനെതിരെ ഗൂഢാലോചന നടത്തിയതിന് മന്ത്രിപ്പണി പോയി. കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഷീലാദീക്ഷിത്തിനെതിരെ അഴിമതിക്കഥകള്‍ മെനയുന്നതിലും കപില്‍ പാടവം കാട്ടി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രചാരണത്തിനാണ് എം.എല്‍.എ പദവി നഷ്ടമായത്. പൊതുപ്രവര്‍ത്തനമെന്നാല്‍ ജനക്ഷേമമല്ല, നാല് വിവാദം ഉണ്ടാക്കലാണ് നയം. മുസ്്‌ലിംകളെ ദേശദ്രോഹികളെന്നേ വിളിക്കൂ. ഏതായാലും ഹൈക്കോടതി കപിലിന്റെ പ്രകോപന പ്രസംഗം കേട്ട് പറഞ്ഞത് ഇയാളുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉടന്‍ കേസെടുക്കണമെന്നാണ്. അതിന് പക്ഷേ സമയമായിട്ടില്ലെന്ന് കേന്ദ്രവും. പിന്നെന്ത് പേടിക്കാന്‍!

SHARE