അതിജയിക്കാം നമുക്കീ വെല്ലുവിളിയെയും


ലോക ജനതയിലെ നാലായിരത്തിലധികം ജീവനുകള്‍ കവര്‍ന്നെടുത്ത കൊറോണ വൈറസ് രോഗം (കോവിഡ്-19) ഇതിനകം കേരളത്തില്‍ പത്തിലധികം പേരിലേക്ക് പടര്‍ന്നതായാണ് തെളിഞ്ഞിരിക്കുന്നത്. രാജ്യത്ത് അറുപതോളം പേര്‍ക്ക് രോഗം കണ്ടെത്തിയിരിക്കുന്നു. പല കേസുകളിലും റിപ്പോര്‍ട്ട് കാത്തിരിക്കുന്നു. രോഗത്തെ അതീവ സൂക്ഷ്മതയോടെയും കര്‍ശനമായും നേരിടുന്നതിന് എല്ലാവിഭാഗം ജനങ്ങളും സര്‍വഭിന്നതകളും മാറ്റിവെച്ച് ഒറ്റ മനസ്സോടെ പെരുമാറുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സന്ദര്‍ഭമാണിതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. പലയാളുകളും സന്ദര്‍ഭത്തിന്റെയും രോഗത്തിന്റെയും ഗൗരവം മറന്നു പെരുമാറുന്നുവെന്ന പരാതികളുണ്ട്. ഇത്രയും സാക്ഷരതയും ഡിജിറ്റല്‍ സംവിധാന സൗകര്യങ്ങളുമുള്ള കേരളത്തില്‍ ഇത്തരത്തിലൊരു പരാതിക്ക് സാംഗത്യമേ വരാന്‍ പാടില്ലായിരുന്നു. പത്തനംതിട്ടയിലേക്ക് ഇറ്റലിയില്‍ നിന്നെത്തിയ സ്വദേശികളാണ് രണ്ടാം ഘട്ടത്തില്‍ രോഗം പടര്‍ത്തിയതെന്നതാണ് ഖേദകരമായ വസ്തുത. അവര്‍ വിദ്യാസമ്പന്നരും ലോക പരിചയമുള്ളവരുമായിട്ടും എന്തുകൊണ്ടിങ്ങനെ സംഭവിച്ചുവെന്നതിനെക്കുറിച്ച് ഏറെ ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്ന നിലക്ക് ഇപ്പോള്‍ പരസ്പരം കുറ്റപ്പെടുത്തലുകള്‍ ഒഴിവാക്കുകയാണ് കരണീയമായിട്ടുള്ളത്. കേരളത്തെപോലെ പ്രവാസികള്‍ അധികമുള്ളതും പലരും യാത്രാതല്‍പരരുമായിരിക്കവെ കൊറോണ രോഗം പെട്ടെന്ന് പടര്‍ന്നുപിടിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കേണ്ടത് വാസ്തവത്തില്‍ ഭരണകൂട സംവിധാനങ്ങളായിരുന്നു. ആദ്യ ഘട്ടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ കാര്യത്തിലുണ്ടായ രോഗബാധ അവിടംകൊണ്ട് അവസാനിച്ചുവെന്ന് കരുതിയെങ്കിലും ആഴ്ചകള്‍ക്കുശേഷം വീണ്ടുമുണ്ടാകാനിടയാക്കിയതില്‍ പ്രവാസികള്‍ക്കൊപ്പം സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ടെന്ന് മറയ്ക്കാനാവില്ല.
ഇന്നത്തെ സന്നിഗ്ധഘട്ടത്തില്‍ പരമാവധി പേരെ നിരീക്ഷിക്കുകയും ലക്ഷണങ്ങള്‍ കണ്ടവരെ ഒറ്റപ്പെട്ട ചികില്‍സാസംവിധാനത്തിലേക്ക് മാറ്റുകയുമാണ് ചെയ്തുവരുന്നത്. ഇതിനിടെ പലരും ഇവിടെനിന്ന് പുറത്തുപോകുന്നുവെന്ന വാര്‍ത്തയാണ് ഞെട്ടിപ്പിക്കുന്നത്. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ വീട്ടില്‍ നിരീക്ഷണത്തിലിരുന്ന വ്യക്തി ജില്ലാ കലക്ടറെ കാണാനെത്തിയെന്നത് ചില പോരായ്മകളും പഴുതുകളും ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതിന്റെ സൂചനയാണ്. പല വീടുകളിലും ആളുകള്‍ക്ക് പുറത്തുപോകാനാകാത്തതുമൂലം ഭക്ഷ്യദൗര്‍ലഭ്യം നേരിടുന്നുവെന്ന വാര്‍ത്തയുമുണ്ട്. ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിനോടൊപ്പംതന്നെ ഇതര സര്‍ക്കാര്‍ വകുപ്പുകളും ജാഗരൂകരായി പ്രവര്‍ത്തിക്കണം. കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗം പ്രതിസന്ധിയുടെ അഗാധത വിലയിരുത്തി കൈക്കൊണ്ട നടപടികള്‍ ആശാവഹമാണ്. സ്‌കൂളുകളും കോളജുകളും അടച്ചിട്ടത് രോഗം പടരുന്നതിന് തടയിടാന്‍ സഹായിക്കും. അതേസമയം എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ നടക്കുന്നത് കാരണം ഇതെത്രകണ്ട് ഫലപ്രദമാകുമെന്ന ആശങ്കയുമുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലും ബാങ്കുകളിലും വിവര സാങ്കേതിക കേന്ദ്രങ്ങളിലും ജാഗ്രത പാലിക്കുന്നതിന് മേല്‍നടപടികള്‍ പ്രയോജനകരമാകണം. പഞ്ചിങ്‌യന്ത്രം വഴി രോഗം പടരാതിരിക്കാന്‍ അവ പ്രവര്‍ത്തിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ ബാങ്ക് ജീവനക്കാരനും പൊലീസുകാരനും ഉണ്ടെന്ന വിവരം ആശങ്കയുണര്‍ത്തുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍, പാല്‍, മദ്യം, പച്ചക്കറി, പലവ്യഞ്ജന കടകള്‍, വിപണികള്‍ എന്നിവയിലും സമാനമായ ജാഗ്രത പുലര്‍ത്താന്‍ ബന്ധപ്പെട്ടവരും ശ്രദ്ധിക്കണം. എല്ലാവിഭാഗം ജനങ്ങളെയും ബോധവത്കരിക്കാന്‍ ടെലിവിഷന്‍, വാട്‌സ് ആപ്പ്, ഫെയ്‌സ്ബുക്ക് പോലുള്ള മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണെങ്കിലും പലതിലും ഇല്ലാത്തതും പെരുപ്പിച്ചതുമായ വാര്‍ത്തകളും വിവരങ്ങളും വരുന്നത് പരിഹാരം ദീര്‍ഘിപ്പിക്കും. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ജീവനക്കാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, തൂപ്പുജോലിക്കാര്‍ തുടങ്ങിയവരുടെ സേവനം തീര്‍ച്ചയായും ശ്ലാഘനീയമാണ്. നിപ കാലത്ത ലിനി എന്ന കോഴിക്കോട്ടുകാരി നഴ്‌സിന്റെ രോഗബാധയും തുടര്‍ന്നുണ്ടായ മരണവും കേരളത്തെയും ആരോഗ്യരംഗത്തെയും ഞെട്ടിച്ചതാണ്. ഇതുപോലുള്ള അവസ്ഥയുണ്ടായിക്കൂടാ. അവശ്യമായ പ്രതിരോധ സാമഗ്രികള്‍ ആസ്പത്രികളിലെത്തിക്കുന്നതിന് സമാന്തരമായ സംവിധാനം ഉണ്ടാകണം. മാസ്‌കാണ് ഇപ്പോള്‍ വ്യാപകമായി ആവശ്യം വരുന്ന വസ്തു. ഇതിന്റെ ഗുണനിലവാരം പരിശോധിക്കാതെയാണ് പലരും വാങ്ങി ഉപയോഗിക്കുന്നത്. ആരോഗ്യവകുപ്പ്തന്നെ ഇക്കാര്യത്തില്‍ കടക്കാരെ ജാഗ്രതപ്പെടുത്തണം. മരുന്നുവില്‍പനക്കാരും ഏജന്റുമാരും പറയുന്നത്, ആവശ്യത്തിന് മാസ്‌ക് കിട്ടുന്നില്ലെന്നും ഉള്ളതിന് കമ്പനികള്‍ അവസരം മുതലെടുത്ത് വില കൂട്ടിവാങ്ങുന്നുവെന്നുമാണ്. ചൈനയില്‍നിന്ന് വരുന്ന വസ്തുക്കളുടെ ലഭ്യതക്കുറവ് മുതലാക്കാന്‍ പല വ്യാപാരികളും ശ്രമിക്കുന്നുണ്ടെന്നത് വസ്തുതയാണ്. ഇവരുടെമേല്‍ കണ്ണുവേണം. അമിതവില ഈടാക്കുന്നതിനെതിരെ നടപടിയുണ്ടാകുകതന്നെ വേണം. വില കൂട്ടി രേഖപ്പെടുത്തിയാണ് പല വസ്തുക്കള്‍ക്കും ചില വ്യാപാരികള്‍ ഈടാക്കുന്നതെന്ന പരാതിയുണ്ട്. ചൈനയിലാണ് ഔഷധ ഉല്‍പാദനത്തിന്റെ അസംസ്‌കൃത വസ്തുതകള്‍ പലതും ഉല്‍പാദിപ്പിക്കുന്നതെന്നതിനാല്‍ അവശ്യ ജീവന്‍രക്ഷാമരുന്നുകളുടെ ദൗര്‍ലഭ്യം ഉണ്ടാകാനുള്ള സാധ്യത ഭയപ്പെടുത്തുന്നതാണ്. അതിനിടെ കഴിഞ്ഞദിവസം തൃശൂരില്‍ ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്തിയെന്നുകാട്ടി വനിതാഡോക്ടറെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായും അവര്‍ക്കെതിരെ കേസെടുത്തതായും വാര്‍ത്തയുണ്ടായി. ഇത് ഒരുകാരണവശാലും സ്വീകാര്യമാകുന്ന സമയമല്ല ഇത്. ഇത്തരം പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും നിരുല്‍സാഹപ്പെടുത്താന്‍ കേസ് സഹായകമാകുമെങ്കിലും ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവിശ്വാസം കെടുത്തുന്ന രീതിയിലാകരുത് നടപടികള്‍. തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്കും രോഗമെത്തിയെന്നത് ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന്റെ ആധിയേറ്റുന്നു. ലോറികളിലും ഇതര വാഹനങ്ങളിലും പരിശോധനയുണ്ടാകേണ്ടതുണ്ട്. സഹജീവനമായിരിക്കണം എല്ലാത്തിനും മേലുള്ള പ്രതിരോധായുധം. രാഷ്ട്രീയ കക്ഷികളും സംഘടനകളും പാലിക്കുന്ന ജാഗ്രതയെ സംയോജിപ്പിച്ച് നേതൃത്വം വഹിക്കുകയാണ് ഭരണകൂടം ചെയ്യേണ്ടത്. യോഗങ്ങള്‍ മാറ്റിവെച്ചെങ്കിലും നല്ല ആശയങ്ങളുടെ സംയോജനത്തിനായി സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. ബ്രിട്ടനില്‍ ആരോഗ്യമന്ത്രിക്കും ഇറാനില്‍ മന്ത്രിക്കുമൊക്കെ കോവിഡ് ബാധയുണ്ടായെന്ന വാര്‍ത്ത ലോകം എത്രമാത്രം ശ്രദ്ധിക്കേണ്ടതുണ്ടെന്ന വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇതിനകം 120 ഓളം രാജ്യങ്ങളില്‍ രോഗം പടര്‍ന്നെത്തിയെന്ന് വരുമ്പോള്‍ തീര്‍ച്ചയായും ഭൂമിയിലെ ഓരോ മനുഷ്യനും പാലിക്കേണ്ട ജാഗ്രതയെയാണ് അത് വിളംബരപ്പെടുത്തുന്നത്. രണ്ട് പ്രളയ കാലത്തെ തുടര്‍ച്ചയായി നേരിട്ട് പരിമിതികളെ ഒരുപരിധിവരെ അതിജീവിച്ച മാതൃകയുണ്ട് കേരളത്തിനും മലയാളിക്കും. അതിവിടെയും ഉണ്ടാകണം.

SHARE