ഈ ദുരിതക്കടലിന് അറുതിയില്ലേ

ബിഹാറിലെ മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചേതനയറ്റുകിടക്കുന്ന യുവതി. തൊട്ടടുത്ത് അമ്മ ഉറങ്ങുകയാണെന്ന് കരുതി ഉണര്‍ത്താന്‍ ശ്രമിക്കുന്ന പിഞ്ചുപൈതല്‍. സ്‌നേഹ ലാളനകള്‍ നിറഞ്ഞ ആ മടിത്തട്ട് എന്നേക്കുമായി നഷ്ടപ്പെട്ട വിവരം കുഞ്ഞുഹൃദയം അറിഞ്ഞിരുന്നില്ല. നീറ്റലോടെയാണ് ഈ ദൃശ്യങ്ങള്‍ ഇന്ത്യന്‍ ജനത കണ്ടത്. ലോകത്തിനുമുമ്പില്‍ രാജ്യത്തെ നാണം കെടുത്തുന്ന നൊമ്പരക്കാഴ്ച ആകസ്മികമായി കാണരുത്. രണ്ട് മാസത്തോളമായി ഒരു രാജ്യത്തെ ജനങ്ങള്‍ നീന്തിക്കൊണ്ടിരിക്കുന്ന ദുരിതക്കടലില്‍നിന്നുള്ള നേര്‍ക്കാഴ്ചകളിലൊന്ന് മാത്രം. ഇന്ത്യയെന്നാല്‍ ഇതാണെന്ന് ലോകം തെറ്റിദ്ധരിക്കുന്ന രൂപത്തില്‍ രാജ്യത്തിന്റെ മുഖമുദ്രയായി ഇത്തരം ദയനീയ ദൃശ്യങ്ങള്‍ മാറിയിരിക്കുന്നു.

ലോക്ക്ഡൗണിനെത്തുടര്‍ന്ന് ഗുജറാത്തില്‍ കുടുങ്ങിപ്പോയ യുവതിയും കുടുംബവും നീണ്ട കാത്തിരിപ്പിനുശേഷമാണ് നാട്ടിലേക്ക് ട്രെയിന്‍ കയറിയത്. കോവിഡ് വ്യാപനത്തോടെ ജോലിയില്ലാതായ അവര്‍ക്ക് ദിവസങ്ങളോളം പട്ടിണിയായിരുന്നു. ഉഷ്ണക്കാറ്റ് ശക്തമായ ഉത്തരേന്ത്യയിലൂടെ അതികഠിനമായ ചൂടില്‍ കുടിവെള്ളംപോലുമില്ലാതെ മണിക്കൂറുകളോളം ട്രെയിനില്‍ യാത്ര ചെയ്ത യുവതി മുസാഫര്‍പൂരിലെ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമിലേക്ക് തളര്‍ന്നുവീഴുകയായിരുന്നു. നിമിഷങ്ങള്‍ക്കകം മരണം സംഭവിക്കുകയും ചെയ്തു. ഭക്ഷണം കിട്ടാതെ അവശയായ യുവതിക്ക് ട്രെയിനില്‍ വെച്ച് തന്നെ തളര്‍ച്ച അനുഭവപ്പെട്ടിരുന്നു. പാവപ്പെട്ട ആ സ്ത്രീക്ക് ഒരു തുള്ളി വെള്ളം നല്‍കാനും ആശ്വാസമൊരുക്കാനും ആരും തന്നെ ഉണ്ടായില്ല.

സാധാരണക്കാരനില്‍നിന്ന് മുഖംതിരിക്കുന്ന ഭരണകൂടവും ഉദ്യോഗസ്ഥരും വാഴുന്ന ഒരു രാജ്യത്ത് ഇതിനപ്പുറം ആര്‍ക്കും പ്രതീക്ഷ വേണ്ട. ഡല്‍ഹിയില്‍നിന്നുള്ള മറ്റൊരു ട്രെയിനിലെത്തിയ രണ്ടു വയസുള്ള പിഞ്ചുകുഞ്ഞും അന്നേ ദിവസം ഇതേ റെയില്‍വേ സ്റ്റേഷനില്‍ പട്ടിണിയും നിര്‍ജ്ജലീകരണവും കാരണം മരണപ്പെട്ടിരുന്നു.
ദീര്‍ഘദൃഷ്ടിയില്ലാതെയും ജനങ്ങളെ അവഗണിച്ചും പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ഇരകളാണ് ഇവരെല്ലാം. മുന്‍കരുതലില്ലാതെ ഭരണകൂടം നടത്തിയ അടച്ചിടല്‍ ഉണ്ടാക്കിയ ദുരന്തങ്ങള്‍ അനവധിയാണ്. ലോക്ക്ഡൗണിന് ശേഷം വലിയൊരു കൂട്ടപ്പലായനത്തിനാണ് രാജ്യം വേദിയായത്. മുന്നൊരുക്കങ്ങള്‍ക്ക് ഒട്ടും സമയം നല്‍കിയിരുന്നില്ല. നാല് മണിക്കൂര്‍ മുമ്പ് മാത്രമാണ് ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്ന വിവരം കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ അറിയിച്ചത്. പാവപ്പെട്ട കുടിയേറ്റ തൊഴിളാലികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടിലേക്ക് തിരിക്കാന്‍ അല്‍പം പോലും സമയം അനുവദിച്ചില്ല. ഗതാഗതം സ്തംഭിച്ചതോടെ ലക്ഷണക്കിന് ആളുകള്‍ അന്യനാടുകളില്‍ കുടുങ്ങി. സമ്പദ്ഘടന മുഴുവന്‍ സ്തംഭിപ്പിച്ച അടച്ചുപൂട്ടലിന്റെ ഭാഗമായി ജോലി കൂടി നഷ്ടപ്പെട്ടതോടെ അവര്‍ മുഴുപ്പട്ടിണിയിലായി. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. ശേഷം ലോക്ക്ഡൗണുകള്‍ നീട്ടുന്ന പ്രഖ്യാപനങ്ങളാണ് കേട്ടത്. അപ്പോഴും രാജ്യത്തെ ജനങ്ങള്‍ എവിടെയാണെന്നോ, അവര്‍ എന്തു ചെയ്യുന്നുവെന്നോ ഭരണകൂടം ആലോചിച്ചതേയില്ല.

ജീവിതം വഴിമുട്ടിയെന്ന് ഉറപ്പായതോടെ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ചായി അവരുടെ ചിന്ത. ബസുകളും ട്രെയിനുകളുമെല്ലാം സര്‍വീസ് നിര്‍ത്തിയിരുന്നു. ഗത്യന്തരമില്ലാതെ അവര്‍ കാല്‍നടയായി നാട്ടിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ചു. ഹൈവേകളിലൂടെ അനന്തമായ യാത്ര. എങ്ങനെ, ഏതു വഴിക്ക് നീങ്ങണമെന്ന് പോലും അറിയാതെ കുട്ടികളെയും രോഗികളെയും തോളിലേറ്റി അവര്‍ നടന്നുനീങ്ങി. ബാരിക്കേഡുകള്‍ ഒഴിവാക്കി പൊലീസിന്റെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ രാത്രിയായിരുന്നു യാത്ര ഏറെയും. ഒരു രാജ്യത്തിന്റെ പൗരന്മാര്‍ക്ക് സ്വന്തം മണ്ണില്‍ കള്ളന്മാരെപ്പോലെ സഞ്ചരിക്കേണ്ട ഗതികേട്. കണ്ടിടത്തുവെച്ച് പൊലീസുകാര്‍ അവരെ ആട്ടിയോടിച്ചു. കൂട്ടം കൂടിയതിന്റെ പേരില്‍ പൊതിരേ തല്ലുകൊള്ളേണ്ടിവന്നു. ഭക്ഷണവും വെള്ളവും കിട്ടാതെ വഴിയരികില്‍ തളര്‍ന്നുകിടന്നപ്പോഴും ആരും തിരിഞ്ഞുനോക്കിയില്ല. ചിലര്‍ ഒഴിഞ്ഞ ട്രക്കുകളിലും സിമന്റ് ചാക്കുകള്‍ക്കുമുകളിലും കയറിപ്പറ്റാന്‍ ശ്രമിച്ചു. രാത്രി ആകാശത്തിനു താഴെ കടത്തിണ്ണകളിലും റോഡരികിലും റെയില്‍വേ ട്രാക്കുകളിലും കിടന്നുറങ്ങിയ അവര്‍ തങ്ങളെയും പ്രിയപ്പെട്ടവരെയും പിടിക്കാന്‍ പൊലീസ് വരുമോ എന്ന് ഭയപ്പെട്ടു. ഭരണകൂടത്തില്‍നിന്ന് സഹായഹസ്തങ്ങള്‍ക്കു പകരം പീഡനങ്ങളാണ് അവര്‍ക്ക് ലഭിക്കുന്നത്.

സാഹസികമായ പലായനത്തിനിടെ അവര്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. റെയില്‍വേ ട്രാക്കില്‍ ഉറങ്ങിപ്പോയ സംഘത്തിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി 14 പേര്‍ മരണപ്പെട്ടു. ലോക്ക്ഡൗണ്‍ കാലത്ത് ട്രെയിനുകളെല്ലാം സ്തംഭിച്ചിരിക്കുമ്പോള്‍ മരണവുമായി ചരക്ക് വണ്ടി എത്തുമെന്ന് അവര്‍ പ്രതീക്ഷിച്ചില്ല. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് പറഞ്ഞ് ഭരണകൂടത്തിന് ആശ്വസിക്കാനാവില്ല. മാധ്യമങ്ങളുടെ കണ്ണെത്തിയതുകൊണ്ട് മാത്രമാണ് ഇത്രയെങ്കിലും പുറംലോകം അറിഞ്ഞത്. ആരുടെയും കണ്ണില്‍പ്പെടാതെ മരിച്ചുവീഴുകയും ദുരിതംപേറുകയും ചെയ്യുന്ന അനേകം മനുഷ്യ ജന്മങ്ങള്‍ അപ്പുറത്തുണ്ട്. രോഗികളെയും വൃദ്ധരെയും കുട്ടികളെയും ചുമന്ന് അറ്റമില്ലാതെ നടന്നുനീങ്ങുന്ന ആള്‍ക്കൂട്ടങ്ങള്‍ നിത്യ കാഴ്ചകളായി മാറിയിരിക്കുന്നു. ട്രക്കുകളില്‍ കയറി വീടെത്താന്‍ ശ്രമിക്കുന്നതിനിടെയും മരണങ്ങള്‍ സംഭവിച്ചു. കോവിഡിനെക്കാള്‍ വലിയ ദുരന്തമായി ഈ കൂട്ടപ്പലായനം മാറിയിരിക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും ദയനീമായ മുഖങ്ങളിലൊന്ന്. മനുഷ്യനും അവന്റെ ജീവനും ഒട്ടും വിലയില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണിപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.

സമ്പന്ന വര്‍ഗത്തെക്കൂടി കടന്നാക്രമിച്ചതുകൊണ്ട് മാത്രമാണ് കോവിഡിനെ ഭരണകൂടം ഒരു പ്രശ്‌നമായി ഏറ്റെടുത്തിരിക്കുന്നത്. പകലന്തിയോളം പണിയെടുക്കുന്നവനെയും എച്ചില്‍ തിന്ന് വിശപ്പടക്കുന്നവനെയും മാത്രം ബാധിക്കുന്ന രോഗമായിരുന്നു ഇതെങ്കില്‍ അധികൃതര്‍ അവിടേക്ക് തിരിഞ്ഞുനോക്കുമായിരുന്നില്ല. അവരെ അറപ്പോടെ മാറ്റിനിര്‍ത്തി മരണത്തിന് വിട്ടുകൊടുത്ത് മാറിനില്‍ക്കുമായിരുന്നു. ലോക്ക്ഡൗണ്‍ ദുരിതത്തില്‍നിന്ന് അല്‍പമെങ്കിലും ആശ്വാസം തേടി സ്വന്തം വീടുകളിലേക്ക് മടങ്ങുന്ന സാധാരണക്കാരെ വിരട്ടിയോടിക്കുന്നതിന് പകരം പൊലീസുകാരെ രക്ഷകരായാണ് നിയോഗിക്കേണ്ടിവരുന്നത്. പ്രതിഷേധങ്ങളെത്തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക്് ട്രെയിനുകള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കനിവു കാട്ടിയെങ്കിലും യാത്രാ കൂലിയുടെ പേരില്‍ സംസ്ഥാനങ്ങളുമായി തര്‍ക്കിക്കുന്നതാണ് പിന്നീട് കണ്ടത്. അവരുടെ യാത്രാക്കൂലി ആര് വഹിക്കുമെന്നതിനെ ചൊല്ലി കേന്ദ്രവും സംസ്ഥാനങ്ങളും തര്‍ക്കിച്ചുനിന്നു. ഈ വിലപേശലിനിടയിലും വലഞ്ഞത് സാധാരണക്കാരാണ്. യാത്രാക്കൂലി വഹിക്കാന്‍ മടിക്കുന്ന ഭരണകൂടം എങ്ങനെ ട്രെയിനില്‍ ദാഹിച്ചു വലയുന്നവന് വെള്ളം കൊടുക്കും. പലായനത്തിനിടെ സംഭവിക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്തവും സംസ്ഥാനങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

ലോകവ്യാപകമായി രോഗവ്യാപ്തി കൂടുമ്പോള്‍ അഭയം തേടി തിരിച്ചെത്തുന്ന സാധാരണക്കാരോട് കേരളത്തിന്റെ നിലപാടും മനുഷ്യത്വരഹിതമാണ്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളോട് ക്വാറന്റീനില്‍ കഴിയുന്നതിനുള്ള ചെലവ് ചോദിച്ച മുഖ്യമന്ത്രി പിണറായി വിജയനും കുടിയേറ്റത്തൊഴിലാളികളോട് യാത്രാക്കൂലി ചോദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. രണ്ടുപേരും നാണയത്തിന്റെ ഇരുവശങ്ങള്‍ മാത്രം. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലായി ജോലിനോക്കുന്നത്. അവിദഗ്ധ തൊഴിലാളികളാണ് അവരില്‍ ഏറെയും. കൂലിവേല മാത്രമാണ് അവന് ആശ്രയം. അവന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു.

SHARE