ജനപ്രിയ

സൗന്ദര്യം പ്രസരിക്കുന്നത് ഒരാളുടെ ആകാരസൗഷ്ടവത്തില്‍ മാത്രമല്ല; അയാളുടെ പ്രവൃത്തിയിലൂടെയും പെരുമാറ്റത്തിലൂടെയുമായിരിക്കും. അപ്പോള്‍ ലോകത്തെ ഏറ്റവും സുന്ദരമായ രാഷ്ട്രനേതാവാരായിരിക്കും? ആ പദവിക്കര്‍ഹ ഇന്ന് എന്തുകൊണ്ടും ന്യൂസീലാന്‍ഡ് പ്രധാനമന്ത്രി ജസീന്തആര്‍ഡന്‍ തന്നെയാണെന്ന് ഭൂരിപക്ഷംപേരും സമ്മതിക്കും. സദാമന്ദഹാസംകൊണ്ട് ഉന്തിയ ദന്തനിരകളെ നിഷ്പ്രഭമാക്കുന്ന ജനപ്രിയതയാണ് ജസീന്ത ആര്‍ഡന്‍. സഹാനുഭൂതിയുടെ പര്യായമാണ് ലോകത്തെ നാലാമത്തെ പ്രായംകുറഞ്ഞ ഈ രാഷ്ട്രനേതാവ്. തന്റെ ജനതയെ ഈകലികാലത്തും ഒരുമിപ്പിക്കുന്നതിന് വിലപ്പെട്ട സമയവും ഉത്തരവാദിത്തവും വിനിയോഗിക്കുകയാണ് ഈ മഹത്‌യുവതി. കോവിഡ്-19 മഹാമാരി ലോകമാകെ വീശിയടിക്കുമ്പോള്‍ തന്റെ ജനതയെ ഒറ്റകുടക്കീഴില്‍ ഒരുമിപ്പിച്ചുനിര്‍ത്തിയിരിക്കുകയാണ് ജസീന്ത കേറ്റ്‌ലോറല്‍ ആര്‍ഡന്‍ എന്ന 39കാരി. സത്യക്രിസ്ത്യാനിയായിട്ടും തന്റെ നാട്ടിലെ മുസ്‌ലിംകള്‍ ഭീഷണിയിലായപ്പോള്‍ അവരെ വിശുദ്ധഖുര്‍ആന്‍ പാരായണംചെയ്ത് സ്വന്തം കൈക്കുഞ്ഞിനെ പോലെ കൂടെനിര്‍ത്തിയ ജസീന്ത താനൊരു ഉത്തമയായ രാഷ്ട്രനേതാവാണെന്ന് തെളിയിക്കുകയായിരുന്നു. ഈ മഹാമാരികാലത്ത് സ്വാഭാവികമായും ഈ ജനസ്‌നേഹിക്ക് അത് തുണയായി. ലോകരാഷ്ട്രങ്ങളില്‍ ഏറ്റവുംകുറഞ്ഞ കോവിഡ്-19 മരണസംഖ്യ രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്നാണിന്ന് ന്യൂസീലാന്‍ഡ്.

‘യഥാരാജാ തഥാ പ്രജാ’ എന്നാണല്ലോ ചൊല്ല്. അത് അക്ഷരാര്‍ത്ഥത്തില്‍ ന്യൂസീലാന്‍ഡില്‍ പ്രതിഫലിച്ചതാണ് കോവിഡിനെ തുരത്തുന്നതില്‍ വിജയഹേതു. ബലംപിടുത്തമോ ജാഢകളോ ആഢംബരങ്ങളോ ഇല്ലാതെ സ്വന്തം കുടുംബാംഗത്തെപോലെ ജനങ്ങളോട് പ്രതിവചിക്കുന്നപ്രധാനമന്ത്രി. ചിലപ്പോഴിവര്‍ ഗൗരവക്കാരിയാകും. ആഗോളമുതലാളിത്തത്തിനെതിരെ ചീറ്റുന്നപുലിയാകും. മറ്റുപലപ്പോഴും വീട്ടിലിരുന്ന് ഫെയ്‌സ്ബുക്ക്‌ലൈവിലൂടെ ആളുകളോട് സംവദിച്ചുകൊണ്ടിരിക്കുകയായിരിക്കും. ഇതിനിടെ കാണാം കയ്യിലോ ഒക്കത്തോ ഒരു വയസ്സുള്ള കുഞ്ഞിനെ. ധരിച്ചിരിക്കുന്നത് ടീഷര്‍ട്ടും. മനസ്സുതുറന്നുള്ള ഈ പെരുമാറ്റവും വാക്കുകളുംമതി ജനത്തിന്. തദനുസൃതമായ ഭരണനിര്‍വഹണശേഷിയാണ് ജസീന്തയെ ഇന്ന് ലോകശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം മാര്‍ച്ച്15ന് രാജ്യത്തെ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് മുസ്‌ലിംപള്ളികളില്‍ ആസ്‌ത്രേലിയക്കാരനായ വെള്ളവംശീയവാദി നടത്തിയ വെടിവെപ്പില്‍ 51 പേരാണ് മരിച്ചുവീണത്. രാജ്യചരിത്രത്തിലെ കറുത്തഏടെന്നാണ് പ്രധാനമന്ത്രി ജസീന്ത ഇതിനെ വിശേഷിപ്പിച്ചത്. തൊട്ടുമുമ്പ് ശ്രീലങ്കയിലെ ക്രിസ്ത്യന്‍പള്ളിയില്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തിന് പ്രതികാരമായിട്ടായിരുന്നു ഇതെന്ന് പ്രതി സമ്മതിച്ചു. എന്നാല്‍ ഭീകരതക്കും വെറുപ്പിനും മതമില്ലെന്നും എല്ലാമതവും ഒരേസഹാനുഭാവമാണ് പ്രബോധിപ്പിക്കുന്നതുമെന്ന ആശയമാണ് ജസീന്ത പരസ്യമായി വിളിച്ചുപറഞ്ഞത്. വെറും അമ്പതുലക്ഷം ജനസംഖ്യയുള്ള ന്യൂസിലാന്‍ഡിലെ ന്യൂനപക്ഷമായ മുസ്്‌ലിംകളില്‍ മാത്രമല്ല, യൂറോപ്പിലെതന്നെ വലിയൊരുവിഭാഗം മുസ്്‌ലിംജനതയില്‍ ജസീന്തയുടെ ഈ നടപടി ഉണ്ടാക്കിയ സുരക്ഷിതബോധം ഒട്ടും ലഘുവായിരുന്നില്ല. ട്രംപിന്റെയും നെതന്യാഹുവിന്റെയും മോദിയുടെയും വിദ്വേഷാധിഷ്ഠിത രാഷ്ട്രീയത്തിന്റെ ഈ സത്യാനന്തരകാലത്തും ഇങ്ങനെയും ഒരു രാഷ്ട്രനേതാവോ. പലരും മൂക്കത്തുവിരല്‍വെച്ചു. ചിലരിപ്പോഴും പക്ഷേ ഇവരെ വാക്കുകള്‍കൊണ്ട് കല്ലെറിഞ്ഞുകൊണ്ടിരിക്കുന്നു.

സോഷ്യല്‍ ഡെമോക്രാറ്റാണെന്നാണ് ജസീന്ത സ്വയംവിശേഷിപ്പിക്കാറ്. 2017ല്‍ ലോബര്‍പാര്‍ട്ടിയുടെ തലവയായാണ് പ്രധാനമന്ത്രിപദത്തിലെത്തിയത്. ഈയിടെ നടന്ന തിരഞ്ഞെടുപ്പിലും ജസീന്തക്കുതന്നെയാണ് അചഞ്ചലമായ ജനകീയപിന്തുണയെന്ന് തെളിയിക്കപ്പെട്ടു. ജനതയെ കയ്യിലെടുക്കാന്‍ അപരവിദ്വേഷം വേണമെന്നില്ലെന്ന് പറയാതെ പ്രവൃത്തികൊണ്ട് തെളിയിച്ചുകൊടുക്കുകയാണ് ഈ ജനപ്രിയനേതാവ്. ‘ഭൂമിയിലെ മോസ്റ്റ് എഫക്ടീവ് ലീഡര്‍’ എന്ന് ഒരു അന്താരാഷ്ട്രമാധ്യമം ഇവരെ വിശേഷിപ്പിച്ചതുമതി തെളിവായി. കോവിഡിനെ നേരിടാന്‍ നേരത്തെതന്നെ ആളുകളോട് സഞ്ചാരം കുറക്കാനും ലോക്ഡൗണില്‍പോകാനും ആവശ്യപ്പെട്ടു. ജനമത് ശിരസാവഹിച്ചു. രാജ്യത്ത് മാര്‍ച്ച് ആദ്യംതന്നെ വ്യാപകമായി കോവിഡ് പരിശോധന ആരംഭിച്ചു. ഫലം യൂറോപ്പില്‍ മരണസംഖ്യ കുതിക്കുമ്പോള്‍ ജസീന്തയുടെ രാജ്യത്ത് 100ല്‍ 95 പേരും സുഖപ്പെട്ടു. വെള്ളിയാഴ്ചത്തെ പുതിയ രോഗികളുടെ എണ്ണം പൂജ്യം. മരണം 21ഉം.

മാധ്യമപ്രവര്‍ത്തകരെ പരിഹസിച്ചും കുറ്റപ്പെടുത്തിയും വാര്‍ത്താസമ്മേളനങ്ങളില്‍നിന്ന് ഇറങ്ങിപ്പോയും റേഡിയോപോലെ വണ്‍വേ പ്രഭാഷണങ്ങള്‍ നടത്തിയും ലോകനേതാക്കള്‍ കോവിഡിനെ നേരിടുമ്പോള്‍ ജസീന്തയെ കണ്ടുപഠിക്കണം അവരെല്ലാം. വാര്‍ത്താസമ്മേളനത്തിനിടെ ഒരുമാധ്യമപ്രവര്‍ത്തകന്‍ അല്‍പം താമസിച്ചപ്പോള്‍, പ്രധാനമന്ത്രിയുടെ കമന്റിങ്ങനെ: ജോലിഭാരംകൊണ്ട് രാത്രി ഉറങ്ങിയിട്ടുണ്ടാകില്ല നമ്മുടെ സുഹൃത്ത്! എങ്ങനെയാണ് ആപത്കാലത്ത് ജനതയെ കൂടെനിര്‍ത്തേണ്ടതെന്നതിന് ഇതിനേക്കാള്‍ വലിയവാക്കുകള്‍ വേറെവേണോ! സ്വന്തം ചുമതല മറ്റാരുടെയും തലയില്‍ കെട്ടിവെക്കാതിരിക്കുക. ഇതുമതി നല്ല ഭരണകര്‍ത്താവിനെന്ന് കോവിഡ് പ്രതിരോധത്തിലും തെളിയിച്ചിരിക്കുകയാണ് ജസീന്ത. പ്രധാനമന്ത്രിയായിരിക്കവെ അമ്മയായെന്ന ഖ്യാതി കൂടിയുണ്ട് ജസീന്തക്ക്. മുന്‍പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്തിട്ടുള്ള ജസീന്ത സോഷ്യലിസ്റ്റ് യൂത്ത് സംഘടനയുടെ അധ്യക്ഷയായിരുന്നിട്ടുണ്ട്. ജീവിതപങ്കാളി ക്ലാര്‍ക്ക്‌ഗേഫോര്‍ഡ്.

SHARE