മരണവണ്ടിക്കാരന്‍

അസാധാരണകാലത്ത് അസാധാരണ നടപടികളെടുക്കുമെന്നാണ് ലോകത്തെ ഭരണാധികാരികളെല്ലാം തങ്ങളുടെ പൗരന്മാരോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. സകലകൊള്ളരുതായ്മകളെയും ന്യായീകരിക്കുന്നതിനുള്ള ഉപാധിയായി ഇത് മാറി. ലോകം നൂറ്റാണ്ടിനിപ്പുറത്തെ മഹാമാരിയുടെയും ലക്ഷങ്ങളുടെ മരണത്തിനുംമുന്നില്‍ അമ്പരന്നുനില്‍ക്കുമ്പോള്‍ രണ്ടാമത്തെ വലിയ ജനസംഖ്യാരാജ്യമായ ഇന്ത്യയിലാണ് കോവിഡ്-19ന്റെ ദുരിതങ്ങളും ദുരന്തങ്ങളും ഏറ്റവുമധികം. ഇതിലധികവും അന്തര്‍സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ടാണ്. കാര്‍ഷികത്തകര്‍ച്ചയെതുടര്‍ന്ന് പത്തുകോടിയിലധികം കുടിയേറ്റകുടുംബങ്ങളാണിപ്പോള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍നിന്ന് മഹാനഗരങ്ങളിലേക്ക് പലായനം ചെയ്യുന്നതിനിടെ വിശന്നുവലഞ്ഞും ഉടുതുണിക്ക് മറുതുണിയില്ലാതെയും നിരത്തുകളില്‍ പിടഞ്ഞുവീണുകൊണ്ടിരിക്കുന്നത്.

ഹൃദയഭേദകമാണ് ട്രെയിനിടിച്ചും ട്രക്കുകള്‍മറിഞ്ഞും കൊല്ലപ്പെടുന്നവരുടെ ദീനക്കാഴ്ചകള്‍. ബിഹാറിലെ മുസഫര്‍പൂര്‍ റെയില്‍വെസ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ മരിച്ചുകിടക്കുന്ന അമ്മയുടെ പുതപ്പുവലിച്ച് ഉണര്‍ത്താന്‍ശ്രമിക്കുന്ന ബാലന്റെ ദയനീയദൃശ്യം കണ്ട് ലോകം ഞെട്ടിത്തരിച്ചു. മാര്‍ച്ച് 24ന് നിര്‍ത്തിയിട്ട ട്രെയിന്‍സര്‍വീസ് ഒന്നരമാസത്തിനുശേഷം തൊഴിലാളികള്‍ക്കായി ആരംഭിച്ചപ്പോള്‍ മതിയായസൗകര്യവും ജലപാനംപോലുംലഭിക്കാതെ പ്രയാസപ്പെടുന്നതാണ് കണ്ടത്. ഇതിലധികവും വയോധികരും സ്ത്രീകളും കുട്ടികളും. കുടിയേറ്റ തൊഴിലാളികള്‍ക്കായി റെയില്‍വെ നടത്തുന്ന ശ്രമിക് ട്രെയിന്‍ സര്‍വീസുകളെക്കുറിച്ച് പരാതിയൊഴിഞ്ഞമട്ടില്ല. ഏപ്രില്‍29ന് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് അതാത് സംസ്ഥാനങ്ങളിലേക്ക് യാത്രചെയ്യാമെന്ന് കേന്ദ്രം ഉത്തരവിറക്കുമ്പോള്‍ ട്രെയിനുകള്‍ അനുവദിക്കുന്നതിനെക്കുറിച്ച് മിണ്ടാട്ടമില്ലായിരുന്നു. രോഗം പടരുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞകാരണം. പരാതിയെതുടര്‍ന്ന് ട്രെയിനുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചത് മെയ് ആദ്യവാരവും. ഇതേച്ചൊല്ലി കേരളമടക്കമുള്ള സംസ്ഥാനങ്ങളും റെയില്‍വെ മന്ത്രി പീയൂഷ്‌ഗോയലും തമ്മിലുള്ള വാക്‌പോര് പുതിയ തലത്തിലെത്തി.

കേരള മുഖ്യമന്ത്രിക്ക് സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഉല്‍കണ്ഠയില്ലാത്തതിനാലാണ് ട്രെയിനുകള്‍ അനുവദിക്കുമ്പോള്‍ യാത്രക്കാര്‍ പാസ് വാങ്ങണമെന്ന് നിര്‍ബന്ധിക്കുന്നതെന്ന് പീയൂഷ് ഗോയല്‍ തുറന്നടിച്ചത് വലിയ കോലാഹലമായി. കേരളത്തിലെ ജനങ്ങളുടെ കാര്യം സംസ്ഥാനം നോക്കിക്കൊള്ളാമെന്നും കേന്ദ്രമന്ത്രിക്ക് അനുയോജ്യമായ ഭാഷയല്ല ഗോയല്‍ ഉപയോഗിച്ചതെന്നായി പിണറായി. വാര്‍ത്താഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് പാസ് മുഖേന കേരളത്തിലേക്ക് ആളുകളെ കൊണ്ടുവരണമെന്ന നിബന്ധനയെ ഗോയല്‍ വിമര്‍ശിച്ചത്. സത്യത്തില്‍ ശ്രമിക്‌ട്രെയിനുകളില്‍ സംസ്ഥാനങ്ങളിലേക്ക് ആളുകളെ കൊണ്ടുപോകുമ്പോള്‍ റെയില്‍വെ ചെയ്യുന്നത് അവരെ ട്രെയിനുകളില്‍ കയറ്റി നിശ്ചിതസ്ഥലത്തെത്തിക്കുക മാത്രമാണ്. പാസില്ലാതെ ആളുകള്‍ വന്നാല്‍ അവരെ ക്വാറന്റൈന്‍ചെയ്യുന്നതില്‍ പിഴവുപറ്റുമെന്ന് കേരളവും. മുംബൈയില്‍നിന്ന് യാത്രതിരിച്ച സ്‌പെഷല്‍ ട്രെയിന്‍ യാത്ര പുറപ്പെട്ടശേഷമാണ് കണ്ണൂരിലും പരിസരത്തുമുള്ളവര്‍ അവിടെ സ്റ്റോപ്പില്ലെന്ന്അറിയുന്നത്. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് റെയില്‍വെയോട് കണ്ണൂരില്‍ സ്‌റ്റോപ്പനുവദിച്ചെങ്കിലും അവിടെ ഇറങ്ങിയവരെ ക്വാറന്റൈനില്‍ വിടുന്ന കാര്യത്തില്‍ ആശയക്കുഴപ്പം നേരിട്ടു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ പീയൂഷ്‌ഗോയല്‍ കേന്ദ്രറെയില്‍വെ മന്ത്രിയായത് ആദ്യമോദി മന്ത്രിസഭയില്‍ 2017 സെപ്തംബറിലാണ് . അതിനുമുമ്പ് ഖനിവകുപ്പ് സഹമന്ത്രിയായിരുന്നു-2016 ജൂലൈമുതല്‍. നിലവില്‍ പാര്‍ട്ടി രാജ്യസഭാഉപനേതാവാണ്. ധനകാര്യമന്ത്രിയായിരുന്ന അരുണ്‍ജെയ്റ്റ്‌ലി ചികിത്സക്ക് അവധിയിലായിരുന്നപ്പോഴും അദ്ദേഹത്തിന്റെ മരണശേഷവും ഗോയലിനായിരുന്നു ഇന്ത്യയുടെ പണപ്പെട്ടിയുടെ ചുമതല. ചാര്‍ട്ടേഡ് അക്കൗണ്ടന്റായതിനാലാണ് അത് തരപ്പെട്ടത്.എന്നാല്‍ രണ്ടാം മോദിസര്‍ക്കാരില്‍ പണപ്പെട്ടികൊണ്ടുപോയത് നിര്‍മല സീതാരാമനാണ്. ഇതോടെ പഴയറെയില്‍വെ വകുപ്പുമായി കൂടേണ്ടിവന്നു ഗോയലിന്. വാണിജ്യവ്യവസായ വകുപ്പുകളുടെകൂടി മന്ത്രിയാണ് ഈ 55കാരന്‍.

പ്രതിസന്ധികാലത്താണ് വ്യക്തിയുടെ പ്രജ്ഞയും ശേഷിയും അളക്കപ്പെടുകയെന്നതിനാല്‍ കോവിഡ് കാലത്തിനപ്പുറം റെയില്‍വെ മന്ത്രിയായിരിക്കുകയാണ് അതിനേറ്റവും അനുയോജ്യം. നൂറുകണക്കിന് അപകടങ്ങളാണ് ഇന്ത്യയിലെ ട്രാക്കുകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നടന്നത്. മരണവണ്ടി എന്ന ദുഷ്‌പേരിന് അന്വര്‍ഥമായിരിക്കയാണിപ്പോള്‍ ഇന്ത്യയിലെ ട്രെയിനുകള്‍. ലോക്ക്ഡൗണിലും കോവിഡ്ഭീതിയിലും അകപ്പെട്ട മനുഷ്യരെ അവരവരുടെ ജന്മഗ്രാമങ്ങളിലെത്തിക്കാന്‍ റെയില്‍വെക്കായില്ല. മഹാരാഷ്ട്രയില്‍ ട്രെയിനിടിച്ച് കുടിയേറ്റതൊഴിലാളികള്‍ മരിച്ചതില്‍ പേരിനൊരന്വേഷണം പ്രഖ്യാപിച്ച് കൈകഴുകി ഈ മന്ത്രിപുംഗവന്‍. ട്രെയിനപകടമുണ്ടായപ്പോള്‍ വകുപ്പുമന്ത്രിസ്ഥാനം രാജിവെച്ച നേതാവിന്റെ രാജ്യമാണ് ഇന്ത്യ.

ബി.ജെ.പി ട്രഷററായും പാര്‍ട്ടിതിരഞ്ഞെടുപ്പ് പ്രചാരണമേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിതാവ് വേദപ്രകാശ് ഗോയല്‍ വാജ്‌പേയി മന്ത്രിസഭയിലംഗമായിരുന്നു. മൂന്നുതവണ എം.എല്‍.എയായശേഷമാണ് ഗോയല്‍ ഡല്‍ഹിയിലേക്ക് വണ്ടികയറിയത്. ഫട്‌നാവിസാണത്രെ മുംബൈയില്‍നിന്ന് ഓടിച്ചത്. താന്‍ പിറന്നുവീണ മുംബൈ മഹാനഗരത്തില്‍ കോവിഡ് ബാധിച്ചും തൊഴിലാളികള്‍ പട്ടിണികിടന്നും കൂട്ടത്തോടെ മരിക്കുമ്പോള്‍ ഏഷ്യയിലെഏറ്റവുംവലിയ പൊതുമേഖലാസ്ഥാപനമായ റെയില്‍വെയെ സ്വകാര്യമേഖലക്ക് കൈമാറുന്ന തിരക്കില്‍ വാണിജ്യമന്ത്രിക്ക് അവരുടെ യാത്രാചെലവിനെക്കുറിച്ച് എങ്ങനെ ചിന്തിക്കാനാകും! പൊതുപ്രവര്‍ത്തക സീമയാണ് ഭാര്യ. രണ്ടുമക്കള്‍.

SHARE