പ്രവാസികളെ പിടിച്ചുപറിക്കരുത്

നിരാശാജനകം എന്ന് മാത്രമല്ല, ജനദ്രോഹം കൂടിയാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. കണക്കുകളിലെ മാജിക്ക് കൊണ്ട് യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കാന്‍ കാട്ടിയ വിരുതിനാല്‍ ജനതയെയാകെ കബളിപ്പിക്കാമെന്ന വ്യാമോഹമാണ് ധനമന്ത്രി പുലര്‍ത്തുന്നത്. ആദായനികുതിയില്‍ ആശ്വാസം നല്‍കിയെന്ന് പുറമേക്ക് തോന്നുമെങ്കിലും ചതിക്കുഴികള്‍ ഒളിപ്പിച്ചുവെച്ച് മധ്യവര്‍ഗത്തെ കബളിപ്പിക്കുകയാണ് ധനമന്ത്രി. നികുതി ഇളവുകള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വേണ്ടെന്ന് വെച്ചാലാണ് പുതിയ നികുതി നിരക്ക് ബാധകമാകുക. ഇപ്പോഴത്തെ ബജറ്റില്‍ ഇത് ഓപ്ഷനാണെങ്കില്‍ ഇനി വരുന്ന ബജറ്റുകളില്‍ ഓപ്ഷന്‍ സാധ്യത ഉണ്ടാകില്ല. ഇന്‍ഷുറന്‍സ്, ഭവന വായ്പ, പി.എഫ് നിക്ഷേപം തുടങ്ങിയവയ്ക്കുള്ള ഇളവുകള്‍ ഇല്ലാതാക്കുന്നതിനായുള്ള പൊടിക്കൈ മാത്രമാണ് പുതിയ നികുതി നിരക്ക്. മാത്രമല്ല, നികുതി ഇളവിനായുള്ള നിലവിലെ നൂറിലേറെ ഇളവുകളില്‍ 70 എണ്ണം ഒഴിവാക്കിയിട്ടുമുണ്ട്. ഈ സാമ്പത്തിക വര്‍ഷം ഇളവുകള്‍ വേണ്ടെന്ന് വെച്ചാല്‍ ലഭിക്കുന്ന പുതിയ നിരക്ക് ഏഴര ലക്ഷത്തിന് മുകളില്‍ ശമ്പളം ലഭിക്കുന്നവര്‍ക്ക് മാത്രമാണ് പ്രയോജനം ചെയ്യുക. ഇത് എത്രപേര്‍ സ്വീകരിക്കുമെന്ന് കണ്ടറിയേണ്ട കാര്യമാണ്. കോര്‍പറേറ്റുകള്‍ക്ക് വമ്പന്‍ ഇളവ് നല്‍കിയ ബജറ്റില്‍ മധ്യവര്‍ഗത്തെ പരിഗണിച്ചുവെന്ന് വരുത്തിതീര്‍ക്കാന്‍ നടത്തിയ കണ്‍കെട്ടു വിദ്യയില്‍ പതിയിരിക്കുന്നത് വലിയ അപകടമാണ്. ലോണെടുത്ത് വീട് വെക്കുന്നവരും പി.എഫില്‍ പണം സ്വരുക്കൂട്ടുന്നവരും ഇന്‍ഷുറന്‍സ് പരിരക്ഷ തേടുന്നവരും കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ആഗ്രഹിക്കുന്നവരും നികുതി ഇളവെന്ന ചെറിയ ലാഭം കൂടി ലക്ഷ്യമിടുന്നുണ്ട്. സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ ഭാവിസ്വപ്‌നങ്ങള്‍ക്ക് നികുതി ഇളവ് പ്രോത്സാഹനവുമായിരുന്നു. ഇതാണ് കേന്ദ്രസര്‍ക്കാര്‍ തട്ടിപ്പറിച്ചെടുക്കുന്നത്. സമൂഹത്തിലെ ചെറിയ മനുഷ്യരുടെ കുഞ്ഞുസ്വപ്‌നങ്ങള്‍ പോലും തട്ടിയെടുത്ത് കോര്‍പറേറ്റുകളുടെ മടിശ്ശീല വീര്‍പ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഇതിനെക്കാള്‍ ക്രൂരതയാണ് പ്രവാസികളോട് കേന്ദ്രധനമന്ത്രി കാട്ടുന്നത്. യു.എ.ഇ, സഊദി തുടങ്ങിയ നികുതി രഹിത ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന രണ്ടര ലക്ഷത്തിന് മേല്‍ വാര്‍ഷിക വരുമാനമുള്ള പ്രവാസി ഇന്ത്യാക്കാര്‍ ഇന്ത്യയില്‍ ആദായനികുതി അടയ്ക്കേണ്ട സ്ഥിതിയാണ് ധനമന്ത്രി സൃഷ്ടിക്കാന്‍ പോകുന്നത്. ജീവിക്കാന്‍ വേണ്ടി നാടും വീടും വിട്ട് പ്രവാസത്തിന്റെ വിരഹം കൊണ്ട് ചേര്‍ത്തുവെക്കുന്ന ചെറിയ വരുമാനത്തിലും കയ്യിട്ട് വാരുന്നതിനെ പിടിച്ചുപറി എന്നേ സാമാന്യമായി പറയാന്‍ കഴിയൂ. പുതിയ ആദായ നികുതി നിരക്ക് ഏര്‍പ്പെടുത്തുന്നതോടെ ഉണ്ടാകുമെന്ന് കരുതുന്ന 40,000 കോടിയുടെ വരുമാന നഷ്ടം പ്രവാസികളില്‍ നിന്ന് കണ്ടെത്താമെന്ന യുക്തിക്ക് പിന്നില്‍ ധനകാര്യം മാത്രമാണോ ഉള്ളതെന്ന സംശയവും ഉയരുന്നുണ്ട്. ഇന്ത്യക്കാര്‍ അവര്‍ താമസിക്കുന്ന രാജ്യത്ത് നികുതി നല്‍കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ നികുതി നല്‍കണമെന്നാണ് ബജറ്റ് നിര്‍ദ്ദേശം. മന്ത്രി ലക്ഷ്യമിടുന്നത് ഗള്‍ഫ് രാജ്യങ്ങളെയാണെന്ന് വ്യക്തം. അവിടെ പണിയെടുക്കുന്ന, പട്ടിണി കൊണ്ട് ജീവിതത്തില്‍ പച്ചത്തുരുത്ത് തേടുന്ന പാവങ്ങളില്‍ പാവങ്ങളെ ഉന്നമിടുമ്പോള്‍ ചില സന്ദേഹങ്ങള്‍ ഉയിര്‍കൊള്ളുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ചും സര്‍ക്കാരിന്റെ സമീപകാല നിയമനിര്‍മാണങ്ങളുടെ പൊരുളുകള്‍ സാമാന്യനീതിയെ തിരസ്‌കരിച്ച് മുന്നേറുമ്പോള്‍.
പ്രവാസി നികുതി സംബന്ധിച്ച് ചെറിയ തിരുത്ത് ഇന്നലെ ധനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയെങ്കിലും ആശങ്ക അവസാനിക്കുന്നില്ല. പ്രവാസികളുടെ ഇന്ത്യയിലെ വരുമാനത്തിന് നികുതി നല്‍കണമെന്നാണ് ബജറ്റ് നിര്‍ദ്ദേശമെന്നാണ് മന്ത്രി ഇന്നലെ തിരുത്തിയത്. ഇന്ത്യയില്‍ നടത്തുന്ന ബിസിനസ് സംരംഭങ്ങള്‍ക്ക് പ്രവാസികള്‍ക്ക് പ്രത്യേക ഇളവൊന്നും ഇപ്പോഴും ലഭിക്കുന്നില്ല. മന്ത്രിയുടെ ബജറ്റ് നിര്‍ദ്ദേശവും പിന്നാലെ വന്ന തിരുത്തും വൈരുദ്ധ്യപൂര്‍ണമാകുന്നത് ഇതിനാലാണ്. നിലവില്‍ നികുതി നല്‍കുന്നവര്‍ക്ക് വീണ്ടും നികുതി ഏര്‍പ്പെടുത്തുന്ന അസാധാരണ നിര്‍ദ്ദേശം ബജറ്റില്‍ വരുമെന്ന് കരുതാനാകില്ല. പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന പണത്തില്‍ കൈവെക്കാനുള്ള ശ്രമത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാനുള്ള തന്ത്രം മാത്രമാകരുത് മന്ത്രിയുടെ തിരുത്ത്. കാരണം പ്രവാസികളെ കറവപ്പശുക്കളാക്കാന്‍ കൃത്യമായ ചുവടുവെയ്പാണ് ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിയിട്ടുള്ളത്. പ്രവാസി പദവി നിലനില്‍ക്കണമെങ്കില്‍ വര്‍ഷം 240 ദിവസം വിദേശത്ത് താമസിക്കണമെന്ന ഭേദഗതി കൊണ്ടുവരുന്നത് പ്രവാസികളെ സ്‌നേഹാലിംഗനം ചെയ്യാനല്ല. ഇതിനായി ആദായ നികുതി നിയമം സെക്ഷന്‍ ആറ് ഭേദഗതി ചെയ്യാനാണ് നീക്കം. പുതുതായി കൊണ്ടുവരുന്ന ഭേദഗതി അനുസരിച്ച് 121 ദിവസം ഇന്ത്യയില്‍ തങ്ങിയാല്‍ എന്‍.ആര്‍.ഐ പദവി നഷ്ടപ്പെടും. ആയിരക്കണക്കിന് പ്രവാസി സംരംഭകരെ ഇന്ത്യയില്‍ നിന്ന് അകറ്റിനിര്‍ത്താനെ ഈ ഭേദഗതി ഉപകരിക്കൂ. മധ്യവര്‍ഗ സമ്പന്നരുടെ ഇന്ത്യയിലെ നിക്ഷേപ സാധ്യതയെ തകര്‍ത്തെറിയാനുള്ള പൂതിയ നീക്കവും കോര്‍പറേറ്റുകള്‍ക്കുള്ള വിടുവേലയായേ കാണാന്‍ കഴിയൂ.
രാജ്യത്ത് തൊഴിലില്ലായ്മ എല്ലാ പരിധികളും ലംഘിച്ച് മുന്നേറുമ്പോള്‍, വിദേശ തൊഴില്‍ തേടിയുള്ള പ്രയാണം നാള്‍ക്ക് നാള്‍ വര്‍ധിക്കുകയാണ്. രാജ്യാന്തര കുടിയേറ്റക്കാരുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. 1.64 കോടി ഇന്ത്യക്കാര്‍ തൊഴില്‍തേടി കടല്‍ കടന്നു പോയിട്ടുണ്ട്- കൂലിപ്പണിയെടുക്കുന്ന നിരക്ഷരര്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ. ഇവര്‍ നാലര ലക്ഷം കോടിയോളം രൂപയാണ് ഇന്ത്യയിലേക്ക് അയക്കുന്നത്. ഇന്ത്യയുടെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനം വരും ഈ തുക. ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന് പ്രവാസികളുടെ വിയര്‍പ്പിന്റെ ഉപ്പുരസമുണ്ട്. കൊട്ടിഗ്‌ഘോഷിക്കുന്ന കേരള മോഡലിന്റെ ശില്‍പികളും അന്യനാടുകളില്‍ വിയര്‍പ്പൊഴുക്കുന്ന പ്രവാസികള്‍ തന്നെയാണ്. പ്രവാസികള്‍ അയക്കുന്ന പണത്തില്‍ കുറവുണ്ടാകുന്നുണ്ടെങ്കിലും അവര്‍ തന്നെയാണ് ഇപ്പോഴും കേരള സമ്പദ്ഘടനയുടെ നട്ടെല്ല്. 65000 കോടിയിലേറെ രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷവും പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചത്. പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന പണത്തില്‍ 15 ശതമാനം എത്തുന്നത് കേരളത്തിലേക്കാണെന്നത് ധനമന്ത്രിയെ പ്രകോപിപ്പിച്ചിട്ടുണ്ടോയെന്ന് ഗവേഷണം നടത്തേണ്ടതുണ്ട്.
രാജ്യത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കാളിത്തമുള്ള പ്രവാസികളെ കൊള്ളയടിക്കാനുള്ള നീക്കം രാജ്യത്തുണ്ടാക്കുന്ന പ്രത്യാഘാതം പ്രവചനാതീതമായിരിക്കും. നോട്ട് നിരോധനം പോലെ മണ്ടന്‍ തീരുമാനമായി ചരിത്രം വിധിയെഴുതുന്ന തീരുമാനമാകുമിത്. കേന്ദ്ര ധനമന്ത്രി തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകുന്നതാകും നാടിന് നന്മ ചെയ്യുക. നാടും വീടും ബന്ധുജനങ്ങളേയും വിട്ട് മറുനാടുകളില്‍ വിയര്‍പ്പൊഴുക്കി നേടുന്ന പണം നമ്മുടെ മാതൃരാജ്യത്തിന്റെ വികസനത്തില്‍ വഹിക്കുന്ന പങ്കെങ്കിലും ധനമന്ത്രി വിസ്മരിക്കരുത്. പാര്‍ലമെന്റില്‍ ധനമന്ത്രി നടത്തിയ തിരുത്ത് വാക്കാലുള്ള സാന്ത്വനം മാത്രമാകരുത്.

SHARE