എട്ട് വയസ്സുകാരിയെ തല്ലിപരിക്കേല്‍പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

ഇടുക്കി ഉപ്പുതറയില്‍ എട്ടു വയസ്സുകാരിയെ മര്‍ദിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. ഉപ്പുതറ പത്തേക്കര്‍ കുന്നേല്‍ അനീഷ് (34) ആണ് അറസ്റ്റിലായത്. അറസ്റ്റിലായ അനീഷിനെ കോടതി റിമാന്‍ഡ് ചെയ്ത് പീരുമേട് സബ് ജയിലിലേക്കയച്ചു.
അനീഷ് കുട്ടിയെ മര്‍ദിച്ചപ്പോള്‍ അമ്മ പ്രതികരിക്കാതിരുന്നതിനാല്‍ അമ്മക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഒളിവിലുള്ള അമ്മ ഉടന്‍ പിടിയിലാകുമെന്നാണ് ഉപ്പുതറ പോലീസ് പറയുന്നത്. അമ്മയുടെ രഹസ്യബന്ധം അച്ഛന്റെ വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് കുട്ടിയെ അമ്മയുടെ സുഹ്ൃത്ത് അനീഷ് ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചത്. കുട്ടിയെ അച്ഛന്റെ സഹോദരി നല്‍കിയ പരാതിയിലാണ് പോലീസ് കേസ് എടുത്തതും അനീഷിനെ അറസ്റ്റ് ചെയ്തതും. കുട്ടിയും സഹോദരിമാരും ഇപ്പോള്‍ ഇവരുടെ സംരക്ഷണയിലാണ്.
തളര്‍വാതം പിടിച്ച് കിടപ്പിലായ ഭര്‍ത്താവില്‍ നിന്നും യുവതി മൂന്ന് പെണ്മക്കള്‍ക്കൊപ്പം മാറി താമസിക്കുകയാണ്. ഭാര്യയുമായി പിണങ്ങി കഴിയുന്ന അനീഷ് കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ക്കൊപ്പമാണ് താമസം.

SHARE