ഇ.വി.എം ഹാക്ക് ചെയ്യാനാകില്ല; സംഘപരിവാര്‍ ന്യൂസ്‌പോര്‍ട്ടലിലെ ലേഖനം പങ്കുവെച്ച് തെര. കമ്മീഷന്‍

മുംബൈ: തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സംഘപരിവാര്‍ അനുകൂല ഓണ്‍ലൈന്‍ പോര്‍ട്ടലിലെ വാര്‍ത്ത പങ്കുവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ട്വിറ്റര്‍ അക്കൗണ്ട്. ഓപ്ഇന്ത്യ ഡോട്ട് കോം എന്ന പോര്‍ട്ടലില്‍ ഇ.വി.എം ഹാക്ക് ചെയ്യാനാകില്ലെന്ന ലേഖനമാണ് ട്വിറ്റര്‍ പേജില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷെയര്‍ ചെയ്തത്.

ഐ.ഐ. ടി ബിരുദധാരിയും ഐ.എ. എസ് 2015 ബാച്ചിലെ ഉദ്യോഗസ്ഥനുമായ ഭാവേഷ് മിശ്ര ഓപ്ഇന്ത്യയില്‍ എഴുതിയ ലേഖനമാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന്റേയും ബി.ജെ.പി നേതൃത്വത്തിന്റേയും കളിപ്പാവയാകുന്നെന്ന പ്രതിപക്ഷ വിമര്‍ശനത്തിടെയാണ് പുതിയ സംഭവം. നേരത്തെ വോട്ടിങ് യന്ത്രങ്ങള്‍ എണ്ണുന്നതിനു മുമ്പ് വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിയിരുന്നു. വിവിപാറ്റുകള്‍ ആദ്യം എണ്ണുന്നത് അന്തിമ ഫലം അറിയുന്നത് ദിവസങ്ങളോളം വൈകാനിടയാക്കുമെന്നു പറഞ്ഞാണ് കമ്മീഷന്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്. പഞ്ചാബ്, ഹരിയാന, ബിഹാര്‍, യു.പി എന്നിവിടങ്ങളില്‍ വോട്ടിങ് മെഷീനുകള്‍ കാറുകളിലും കടകളിലും കണ്ടെത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു.