ഡല്‍ഹിയില്‍ അടിയന്തരാവസ്ഥ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് പൊലീസ്. ഇന്ന് മാത്രമായി പ്രമുഖരെയടക്കം നിരവധിയാളുകളെയാണ് അറസ്റ്റ് ചെയ്തത്. ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിഷേധ മാര്‍ച്ചിനു പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബെംഗളൂരുവും മംഗലാപുരവും ഉള്‍പ്പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ബെംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ പോലീസ് കസ്റ്റഡിയിലെടുത്തു. ടൗണ്‍ ഹാളിനു സമീപം നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുകയായിരുന്നു ഗുഹ.സീതാറാം യെച്ചൂരി, ഡി.രാജ, ബൃന്ദ കാരാട്ട്, യോഗേന്ദ്ര യാദവ്, ഉമര്‍ ഖാലിദ് തുടങ്ങി നിരവധി ദേശീയ നേതാക്കളും വിദ്യാര്‍ത്ഥികളും പൊലീസ് കസ്റ്റഡിയിലാണ്.

ഗാന്ധിജിയുടെ ചിത്രം കയ്യില്‍പിടിച്ച് ഭരണഘടനയെ കുറിച്ച് മാധ്യമങ്ങളോടു സംസാരിച്ചതിന് തന്നെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് രാമചന്ദ്ര ഗുഹ പ്രതികരിച്ചു.എന്നാല്‍ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ലെന്നു ഡല്‍ഹി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. ചെങ്കോട്ടയില്‍ റാലികളും പൊതുയോഗങ്ങളും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ ആശയവിനിമയ ഉപാധികള്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. വോയിസ്, എസ്.എം.എസ് ഡാറ്റ എന്നിവയാണ് റദ്ദ് ചെയ്തത്. സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദേശപ്രകാരം സേവനം നിര്‍ത്തിവെക്കുകയാണെന്ന് ഭാരതി എയര്‍ടെല്‍ ട്വീറ്റ് ചെയ്തു.

SHARE