സര്‍ക്കാര്‍വാദം പൊളിയുന്നു; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നാലുമാസമായി പെന്‍ഷനില്ല

ദാവൂദ് മുഹമ്മദ്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നാലുമാസമായി പെന്‍ഷനില്ല. കോടികള്‍ മുടക്കി മുഖ്യമന്ത്രി ഉള്‍പ്പെടെ വിദേശ യാത്രകള്‍ നടത്തുന്ന സാഹചര്യത്തിലാണ് ദുരിതബാധിതരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. കാസര്‍കോട് ജില്ലയിലെ എന്‍മകജെ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലായി കഴിയുന്ന
അയ്യായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ നാലുമാസമായി പെന്‍ഷന്‍ ലഭിക്കാത്തത്. സര്‍ക്കാറിന്റെ മറ്റു സാമൂഹ്യ പെന്‍ഷന്‍ രണ്ടുമാസത്തെ തുക വിതരണം ചെയ്‌തെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ പരിഗണിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ദുരിതബാധിതര്‍ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ സെല്ലുമായി ബന്ധപ്പെട്ടപ്പോള്‍ തൃപ്തികരമായ മറുപടിയും ലഭിച്ചില്ല.
സാമൂഹ്യ സുരക്ഷാമിഷനിലൂടെയാണ് ദുരിതബാധിതര്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കിയിരുന്നത്. എല്ലാ മാസവും 10ന് കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ ഒന്നര വര്‍ഷമായി തുടരെ മുടങ്ങിക്കൊണ്ടിരിക്കുകയാണ്. ദുരിത ബാധിതരില്‍ പലരുടെയും കുടുംബ ചെലവ് പോലും പ്രയാസത്തിലാണ്. പ്രതിമാസം ലഭിക്കുന്ന പെന്‍ഷന്‍ തുക മാത്രമാണ് ഇവരുടെ ആശ്രയം.
എന്‍ഡോസള്‍ഫാന്‍ സെല്‍ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറെ ബന്ധപ്പെട്ടപ്പോള്‍ ട്രഷറിയില്‍ നിന്നുള്ള കാലതാമസം കാരണമാണ് പെന്‍ഷന്‍ വൈകുന്നതെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാല്‍ സാമൂഹ്യ സുരക്ഷാ മിഷനില്‍ ബന്ധപ്പെട്ടപ്പോള്‍ കൃത്യമായ മറുപടിയും ഇല്ല. 2200 രൂപയാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള പെന്‍ഷന്‍. ഇതില്‍ വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1700രൂപയാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മുതല്‍ ജനുവരി വരെയുള്ള നാലുമാസത്തെ പെന്‍ഷനാണ് ഇപ്പോള്‍ മുടങ്ങിക്കിടക്കുന്നത്. ഇതിനു മുന്നേയുള്ള നാലുമാസത്തെ പെന്‍ഷനും മുടങ്ങിയിരുന്നു. നിരന്തരമായ ഇടപെടലുകളിലൂടെയാണ് ഓണാഘോഷത്തിനു ശേഷം പെന്‍ഷന്‍ ലഭിച്ചത്. ഓണത്തിന് അനുവദിച്ച പ്രത്യേക ധനസഹായം ആയിരം രൂപ ലഭിക്കുന്നതിനാല്‍ ഓഗസ്റ്റ് മാസത്തെ പെന്‍ഷനും നല്‍കിയില്ല. ഈ തുക പിന്നീട് ഒക്‌ടോബറിലാണ് ലഭിച്ചത്.
പെന്‍ഷന്‍ ലഭിക്കാത്തതിനാല്‍ നിരന്തരം ഓഫീസില്‍ ബന്ധപ്പെടുമ്പോള്‍ പലപ്പോഴും അനുകൂലമറുപടിയല്ല ലഭിക്കുന്നത്. നേരത്തെ എല്ലാമാസവും മുടങ്ങാതെ ലഭിച്ചു കൊണ്ടിരിക്കുന്ന പെന്‍ഷനാണ് ഒന്നര വര്‍ഷമായി മുടങ്ങി ക്കൊണ്ടിരിക്കുന്നത്. വര്‍ഷത്തില്‍ നാലുതവണയായി ലഭിക്കുന്ന സര്‍ക്കാറിന്റെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ രണ്ടുമാസത്തെ തുകമാത്രമാണ് വിതരണം ചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനു കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോടുള്ള സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് വീണ്ടും സമരരംഗത്തിറങ്ങുകയാണെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രഡിഡന്റ് മുനീറ അമ്പലത്തറ പറഞ്ഞു.ഇതിന്റെ ഭാഗമായി 30ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും.

SHARE