ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് മികച്ച തുടക്കം

ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ടിന് നല്ല തുടക്കം. ഓപ്പണര്‍മാരായ ജേസണ്‍ റോയും ജോണി ബെയര്‍സ്‌റ്റോയും മികച്ച ബാറ്റിങില്‍ 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 112 റണ്‍സെടുത്തു നില്‍ക്കുകയാണ് ആതിഥേയര്‍.

ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം മാത്രമാണുള്ളത്. നാലാം നമ്പറില്‍ വിജയ് ശങ്കറിന് പകരം ഋഷഭ് പന്ത് കളിക്കും. പന്തിന്റെ ആദ്യ ലോകകപ്പ് മത്സരമാണ് ഇത്. പുതിയ ഓറഞ്ച് ജെഴ്‌സിയിലാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നത്.

ജയിച്ചാല്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ കവാടങ്ങള്‍ തുറന്നുകിട്ടുമെന്ന മധുരസ്വപ്നം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് കൂട്ടിനുണ്ട്. മറുവശത്ത് അപ്രതീക്ഷിതമായ ചില തോല്‍വികളില്‍ ഉലഞ്ഞ ഇംഗ്ലീഷ് നായകന്‍ ഒയിന്‍ മോര്‍ഗന്‍ ഇപ്പോഴും ദുഃസ്വപ്നങ്ങളിലാണ്. ഈ കളിയും തോറ്റാല്‍ ഇംഗ്ലണ്ട് ഒരുപക്ഷേ ലോകകപ്പില്‍നിന്നുതന്നെ പുറത്തായേക്കാം.
ആറുകളിയില്‍നിന്ന് 11 പോയന്റുള്ള ഇന്ത്യ അപരാജിതരായി എത്തുമ്പോള്‍ ഏഴുകളിയില്‍നിന്ന് എട്ടുപോയന്റുമാത്രമാണ് ഇംഗ്ലീഷ് സമ്പാദ്യം.