കന്യാസ്ത്രീ സമരം; കൊടിയേരിയെ തള്ളി ഇ.പി ജയരാജന്‍

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് തള്ളി ഇ.പി ജയരാജന്‍. കന്യാസ്ത്രീകളുടെ സമരത്തിന് ഒപ്പമാണ് സര്‍ക്കാരെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു.

അന്വേഷണം കൃത്യമായ ദിശയില്‍ നടക്കുന്നുണ്ട്. തെറ്റ് ചെയ്തവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും . കോടിയേരിയുടെ നിലപാട് അദ്ദേഹത്തിനോട് ചോദിക്കണമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

കോടിയേരിക്ക് മറുപടിയുമായി നേരത്തെ സമരസമിതിയും രംഗത്തെത്തിയിരുന്നു. മാര്‍പാപ്പ തള്ളിപ്പറഞ്ഞ വ്യക്തിയെയാണ് സി.പി.എം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും പ്രസ്താവന അങ്ങേയറ്റം വേദനാജനകമാണെന്നും സമരസമിതി അംഗങ്ങള്‍ പ്രതികരിച്ചു.

കന്യാസ്ത്രീകളടക്കമുള്ള സമരസമിതി നടത്തുന്ന സമരം സമരകോലാഹലമാണെന്നും സമരം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത്.