വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു ; ലീഗിനും യു.ഡി.എഫിനും ഇത് അഭിമാന നിമിഷം

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനാല്‍ വിക്ടേഴ്‌സ് ചാനലിലൂടെ നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുകയുമാണ്. 2005 ല്‍ നിലവില്‍ വന്ന വിക്ടേഴ്‌സ് ചാനല്‍ യു.ഡി.എഫിന്റെയും മുസ്‌ലിം ലീഗിന്റെയും ഭരണത്തിലെ പൊന്‍തൂവലുകളില്‍ ഒന്നാണ്. അന്ന് എസ്.എസ്.എല്‍.സിക്ക് ഐ.ടി വിഷയമായി ഉള്‍പ്പെടുത്തിയതില്‍ വലിയ വിമര്‍ശനമായിരുന്നു സി.പി.എമ്മും ഇടതുപക്ഷവും ഉന്നയിച്ചിരുന്നത്. ഐ.ടി പരീക്ഷ ബഹിഷ്‌കരിക്കുമെന്നും മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്‌ഫോമില്‍ ഐ.ടി പരീക്ഷ സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചത് തെറ്റാണെന്നും ഇവിടെ വേണ്ടത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണെന്നുമായിരുന്നു അവര്‍ എതിര്‍പ്പിന്റെ കാരണമായി പറഞ്ഞത്.

എന്നാല്‍ വിമര്‍ശനങ്ങളെ മറികടന്ന് ഐ.എസ്.ആര്‍. ഒ യുമായി ചേര്‍ന്ന് ഒട്ടനവധി സംരഭങ്ങള്‍ക്ക് അന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരളത്തില്‍ തുടക്കം കുറിച്ചു. ഇന്ത്യയില്‍ ആദ്യമായി ഒരു വിദ്യാഭ്യാസ ചാനലിന് രൂപം കൊടുത്തു. അതായിരുന്നു വിക്ടേഴ്‌സ്. നാളെ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി ക്ലാസ്സുകള്‍ ആരംഭിക്കുമ്പോള്‍ യു.ഡി.എഫിനും അന്ന് വിദ്യാഭ്യാസ വകുപ്പിന് നേതൃത്വം നല്‍കിയ മുസ്‌ലിം ലീഗിനും അഭിമാന നിമിഷമാണിത്.

വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ പോവുന്ന സന്ദര്‍ഭത്തില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുള്ള കുറിപ്പ്

ധന്യമായ ഒരു നിമിഷത്തിന്റെ ഓര്‍മ്മയ്ക്ക്.
കോവിഡ് 19ന്റെ പ്രയാസ വലയത്തിന് നടുവില്‍ നിന്ന് കൊണ്ടാണെങ്കിലും നാളെ സ്‌കൂള്‍ തുറക്കുകയും വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ പോവുകയാണെന്നും അറിഞ്ഞപ്പോള്‍ എന്നിലുയര്‍ന്ന ചില സ്മരണകള്‍ ഇവിടെ കുറിച്ചിടട്ടെ.

യു.ഡി.എഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് ഏര്‍പ്പെടുത്തിയ ഒരു പുതിയ ആശയം. എസ് എസ് എല്‍ സിക്ക് പതിമൂന്നാമത്തെ വിഷയമായി IT ഉള്‍പ്പെടുത്തിയപ്പോഴും സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷന്‍ എന്ന സ്ഥാപനത്തെ സ്‌റ്റേറ്റ് ഇന്‌സ്ടിട്യൂട് ഓഫ് എഡ്യൂക്കേഷന്‍ ടെക്‌നോളജി ആയി ഉയര്‍ത്തിയപ്പോഴും വിവാദങ്ങളും വിലക്കുകളും ഏറെയായിരുന്നു. IT പരീക്ഷ ബഹിഷ്‌കരിക്കുമെന്നും മൈക്രോസോഫ്റ്റിന്റെ പ്ലാറ്റ്‌ഫോമില്‍ IT പരീക്ഷ സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചത് തെറ്റാണെന്നും ഇവിടെ വേണ്ടത് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണെന്നും അവര്‍ എതിര്‍പ്പിന്റെ കാരണമായി പറഞ്ഞു. സദയം ക്ഷമിക്കണമെന്നും അടുത്ത കൊല്ലത്തേക്ക് നമുക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആക്കാമെന്നും കുട്ടികളെ ബുദ്ധിമുട്ടിക്കരുതെന്നും പറഞ്ഞിട്ട് കേട്ടില്ല. പക്ഷെ പ്രാര്‍ത്ഥന ദൈവം കെട്ടു. IT പരീക്ഷ ഭംഗിയായി നടന്നു.

വിദ്യാഭ്യാസത്തിന് മാത്രമായി എഡ്യൂസാറ്റ് എന്ന സാറ്റലൈറ്റ് ഭ്രമണ പഥത്തിലേക്ക് തൊടുത്തു വിട്ടപ്പോള്‍ അതിന്റെ പ്രയോജനം ആദ്യമായിട്ട് ഉപയോഗപ്പെടുത്തിയ ഇന്ത്യന്‍ സംസ്ഥാനമായി കേരളത്തെ മാറ്റി. ISRO യുമായി ചേര്‍ന്ന് ഒട്ടനവധി സംരഭങ്ങള്‍ക്ക് അന്ന് തുടക്കം കുറിച്ച കേരള സംസ്ഥാനം, ഇന്ത്യയില്‍ ആദ്യമായി ഒരു വിദ്യാഭ്യാസ ചാനലിന് രൂപം കൊടുത്തു. അതായിരുന്നു വിക്ടേഴ്‌സ്. അതിന്റെ ഉദ്ഘാടനം നമ്മുടെ രാഷ്ട്രപതിയും ശാസ്ത്ര സാങ്കേതിക രംഗത്തെ കുലപതിയുമായ ഡോ.എ.പി.ജെ അബ്ദുല്‍ കലാം തന്നെ നിര്‍വഹിച്ചു തരികയും ചെയ്തു. കുട്ടികളുമായി അദ്ദേഹം ഒരുപാട് നേരം ചെലവഴിച്ചു. അവരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൂടുതല്‍ ഉയരത്തിലെത്താന്‍ സ്വപ്നം കാണാന്‍ പറഞ്ഞുകൊണ്ടുമാണ് വിക്ടേഴ്‌സിന്റെ ഉദ്ഘാടനം കഴിഞ്ഞത്.

വിദൂര വിദ്യാഭ്യാസത്തിന്റെ അനന്തമായ സാധ്യതകളും ICT യുടെ സാങ്കേതിക മികവുകളും നമ്മുടെ കുട്ടികള്‍ക്കും കിട്ടട്ടെ എന്നായിരുന്നു സങ്കല്‍പ്പം. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രയോജനാത്മകതകളും കേരളത്തിന്റെ സര്‍ഗാത്മാകതയും നമ്മുടെ കുട്ടികളെ ഉന്നതിയിലെത്തിക്കുമല്ലോ എന്ന ആഗ്രഹവും നമുക്കുണ്ടായിരുന്നു. എന്നാല്‍ വിക്ടേഴ്‌സിന് ഉന്നതമായ ലക്ഷ്യപ്രാപ്തി കൈവരിക്കാനുള്ള തടസ്സം പരമ്പരാഗത പഠന പ്രക്രിയയോട് വിട പറയാനുള്ള നമ്മുടെ മടിയായിരുന്നു. പക്ഷെ പാവം വിക്ടര്‍ നാടുനീങ്ങിയില്ല. ഇപ്പോള്‍ നമ്മള്‍ കുടുക്കിലായപ്പോള്‍ വിക്ടര്‍ പറഞ്ഞു. ‘പേടിക്കണ്ട, ഞാനുണ്ട് കൂടെ ‘.

അങ്ങനെ കുട്ടികളെ വിക്ടറി പീഠത്തിലെത്തിക്കാന്‍ വിക്ടര്‍ വര്‍ധിത വീര്യത്തോടെ വീണ്ടും വരുന്നു. സ്വാഗതം. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് നന്മ നേരുന്നു .
സ്‌നേഹാദരവോടെ..
ഇ ടി മുഹമ്മദ് ബഷീര്‍

SHARE