അമിത് ഷായുടെ മാറ്റം പ്രക്ഷോഭം തണുപ്പിക്കാനുള്ള തന്ത്രമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

പൗരത്വ ഭേദഗതി നിയമത്തില്‍ മാറ്റം ആലോചിക്കാമെന്ന അമിത് ഷായുടെ വാക്കുകള്‍ തന്ത്രം മാത്രമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി.ഝാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രഖ്യാപനം അനുകൂലമായ പ്രതികരണമാവാന്‍ ഒരു ന്യായവുമില്ലെന്നും ഇ ടി ബഷീര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ പ്രതിഷേധം വ്യാപകമായതിന് പിന്നാലെ പുതിയ നിയമം തിരിച്ചടിക്കുന്നുവെന്ന് കൃത്യമായി അമിത് ഷാക്ക് ബോധ്യപ്പെട്ടിട്ടുണ്ടാവാം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം തങ്ങളുടെ വോട്ട് ബേങ്കിനെ തന്നെ ഇത് ഗൗരവമായി ബാധിക്കുന്നുവെന്ന് മനസ്സിലാക്കിയാണ് അദ്ദേഹത്തിന് ഇക്കാര്യം പറയേണ്ടി വന്നത്.പൗരത്വ നിയമഭേഗദതിയില്‍ മാറ്റം വരുത്തണോയെന്ന് ആലോചിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

ജനങ്ങള്‍ക്ക് പലതരത്തിലുമുള്ള ആശങ്കകളുണ്ടെന്ന് മനസ്സിലാക്കുന്നു. പൗരത്വഭേദഗതിയില്‍ മാറ്റം വരുത്തണോയെന്ന് ആലോചിക്കാം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ തുടര്‍ചര്‍ച്ചകള്‍ നടത്താമെന്നും അമിത് ഷാ പറഞ്ഞു. ക്രിസ്മസിന് ശേഷം ചര്‍ച്ചകള്‍ നടത്താമെന്നാണ് അമിത് ഷാ ഉറപ്പ് നല്‍കിയിരിക്കുന്നത്.

പൗരത്വനിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ബംഗാള്‍, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലും വന്‍ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. രാജ്യവ്യാപകമായി മുസ്‌ലിം സംഘടനകളും നിയമത്തിനെതിരെ പ്രക്ഷോഭത്തിലാണ്.

SHARE