പ്രളയ ദുരിതാശ്വാസത്തിന് ഫെയ്‌സ്ബുക്ക് 1.75 കോടി രൂപ നല്‍കും

ന്യൂഡല്‍ഹി: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് വെബ്‌സൈറ്റായ ഫെയ്‌സ്ബുക്ക് 250,000 ഡോളര്‍ (ഏകദേശം 1.75 കോടി രൂപ) നല്‍കും. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ‘ഗൂണ്‍ജ്’ വഴിയാണ് ഫെയ്‌സ്ബുക്ക് ഫണ്ട് ചിലവഴിക്കുക. പ്രളയം തകര്‍ത്ത മേഖലയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് ‘ഗൂണ്‍ജ്’.

പ്രളയം രൂക്ഷമായ സാഹചര്യത്തില്‍ ആളുകളെ രക്ഷിക്കുന്നതിനും ഒറ്റപ്പെട്ടവരെ കണ്ടെത്തുന്നതിനും ഫെയ്‌സ്ബുക്ക് നിര്‍ണായക പങ്കാണ് വഹിച്ചതെന്ന് ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു. പേജുകള്‍ നിര്‍മിച്ചും ഗ്രൂപ്പുകള്‍ വഴിയും ലൈവ് വീഡിയോയിലുടെയും ആളുകള്‍ ആശയവിനിമയം നടത്താനായതും സന്ദേശങ്ങള്‍ കൈമാറിയതും രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് നിരവധിപേര്‍ സഹായമഭ്യര്‍ഥിച്ചത്. സഹായമെത്തിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങളും ഭക്ഷണവിതരണവും വൈദ്യസഹായവും ഏകോപിപ്പിക്കുന്നതിലും ഫെയ്‌സ്ബുക്കിന് നിര്‍ണായക പങ്കുണ്ടായിരുന്നു.

SHARE