ചോര്‍ന്നത് 8.70 കോടി വ്യക്തികളുടെ വിവരങ്ങള്‍; ഫേസ്ബുക്കിന്റെ സ്ഥിരീകരണം

വാഷിങ്ടണ്‍: 8.70 കോടി അക്കൗണ്ടുകളില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി ഫേസ്ബുക്ക് അധികൃതര്‍ സ്ഥിരീകരിച്ചു. ഫേസ്ബുക്കിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ മൈക് ഷ്‌റോപ്ഫറാണ് ഇക്കാര്യം ബ്ലോഗിലൂടെ വ്യക്തമാക്കിയത്.

പുതിയ വെളിപ്പെടുത്തല്‍ പ്രകാരം നേരത്തെ ഫേസ്ബുക്ക് പറഞ്ഞതിനേക്കാള്‍ 3.70 കോടി അക്കൗണ്ടുകളിലെ വിവരങ്ങള്‍ കൂടി കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി ഉപയോഗിച്ചുവെന്നാണ് വിവരം. നേരത്തെ അഞ്ചു കോടി അക്കൗണ്ടുകളാണ് ഇത്തരത്തില്‍ അനലിറ്റിക്ക ഉപയോഗിച്ചതെന്നായിരുന്നു ഫേസ്ബുക്ക് അറിയിച്ചിരുന്നത്.

വ്യക്തിഗത വിരവങ്ങള്‍ സുരക്ഷിതമാക്കുന്നതിന് വിവാദത്തിനു ശേഷം ഫേസ്ബുക്ക് സ്വീകരിച്ച നടപടികളും ബ്ലോഗ് പോസ്റ്റില്‍ മൈക് ഷ്‌റോപ്ഫര്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം വിവരചോര്‍ച്ചയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രതിനിധി സഭാസമിതിക്ക് മുന്നില്‍ അടുത്ത ബുധനാഴ്ച ഹാജരാകാമെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.

SHARE