കലാലയങ്ങള്‍ക്കുള്ളിലേക്കും കടന്നുകയറുന്ന ഫാസിസം

എ.റഹീംകുട്ടി

ഇന്ത്യയില്‍ ഏറെ നാളുകളായി ഫാസിസത്തിന്റെ കടന്നുകയറ്റം വിവധി രൂപത്തിലും ഭാവത്തിലും നടമാടികൊണ്ടിരിക്കുകയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് ഫാസിസ്റ്റ് പ്രവണതകള്‍ പ്രകടനാത്മകതയിലേക്ക് അതിരൂക്ഷതയോടു കൂടി പരിവര്‍ത്തിക്കപ്പെടുന്നത്. എന്ത് ആഹരിക്കണം, ഏത് വസ്ത്രം എപ്രകാരം ധരിക്കണം, മരണാന്തരം ശരീരം ഏങ്ങനെ മറവുചെയ്യണം തുടങ്ങിയ കാര്യങ്ങളില്‍ വര്‍ക്ഷീയ ഫാസിസ്റ്റുകള്‍ തിട്ടൂരങ്ങള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങി. സമുദായത്തിന്റെ ആത്മീയകാര്യമായ ബാങ്ക് വിളിയെ പോലും ചോദ്യം ചെയ്യുന്ന ഘട്ടം വരെ ഫാസിസം രംഗാവിഷ്‌കാരം നടത്തി. പശു മാംസത്തിന്റെ പേരില്‍ അഖ്‌ലാഖ്, പെഹുലൂഖാന്‍ തുടങ്ങി 46 പേരാണ് ആള്‍ക്കൂട്ട കൊലകളില്‍ ഇരയാക്കപ്പെട്ടത്. ദളിത് വിഭാഗക്കാരെയും വെറുതേ വിട്ടില്ല.

അവരും വിവിധ കാരണങ്ങളാല്‍ വേട്ടയാടപ്പെട്ടു. ഇപ്രകാരമുള്ള ഫാസിസത്തെ എതിര്‍ത്ത ബൗദ്ധിക തലമുള്ള സ്വതന്ത്ര ചിന്താഗതിക്കാരായ സാഹിത്യ – സാംസ്‌കാരിക നായകരെയും ഉന്മൂലനം ചെയ്യാന്‍ ഭരണത്തിന്റെ തണലില്‍ ഈ ഫാസിസം മടിച്ചില്ല. അതാണ് കല്‍ബുര്‍ഗിയില്‍ തുടങ്ങി ഗൗരി ലങ്കേഷില്‍ വരെ നീളുന്ന കൊലപാതകങ്ങളുടെ കറുത്ത അധ്യായങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. ഇതേ ഫാസിസത്തിന്റെ ഉരുക്കുമുഷ്ടിയാണ് നമ്മുടെ ഭരണഘടന സ്ഥാപനങ്ങള്‍ ഒന്നൊന്നായി ഭരണകൂട വരുതിയില്‍ കൊണ്ടുവന്ന് ജനാധിപത്യ ഹിംസയ്ക്ക് വിധേയമാക്കികൊണ്ടിരിക്കുന്നത്. സ്വതന്ത്ര ഭരണഘടനസ്ഥാപനമായ റിസര്‍വ്വ്ബാങ്കില്‍ കടന്നുകയറാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് ആദ്യം ഉത്ഭവിച്ചത്. ഇതിനെ തുടര്‍ന്ന് ചരിത്രത്തിലാദ്യമായി റിസര്‍വ്വ്ബാങ്ക് ഗവര്‍ണര്‍ക്ക് സ്ഥാനം ത്യജിക്കേണ്ട അവസ്ഥയുണ്ടായി. തുടര്‍ന്ന് ഇഷ്ടക്കാരനെ നിയമിച്ച് ഇംഗിതത്തിന് വഴങ്ങുന്ന അവസ്ഥയില്‍ ബാങ്കിനെ എത്തിച്ചു. 1.75 ലക്ഷം കോടി രൂപ റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുക്കുകയും ചെയ്തു. തുടര്‍ന്ന് തങ്ങള്‍ക്ക് വിധേയനാകാത്ത സി.ബി.ഐ ഡയറക്ടറെ പാതിരാത്രി തല്‍സ്ഥാനത്ത് നിന്നിറക്കി വഴങ്ങുന്ന വ്യക്തിയെ പ്രതിഷ്ഠിച്ചു. വിജിലന്‍സ് കമ്മിഷ്ണറുടെയും, ആദായവകുപ്പിന്റെയും അവസ്ഥയും മറ്റൊന്നല്ല.

എന്തിനേറെ പരമോന്നത നീതിന്യായ നേതൃത്വം പോലും ഭരണകൂട താല്‍പര്യാര്‍ത്ഥം നിലകൊള്ളുന്നതായി ആരോപണം ഉയര്‍ത്തപ്പെട്ടു. അന്നത്തെ സുപ്രീംകോടതി ജഡ്ജി ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാലംഗ ജഡ്ജിമാരാണ് ഈ ഗുരുതര ആരോപണം പരസ്യമായി ഉന്നയിച്ച് കോളിളക്കം സൃഷ്ടിച്ചത്. ജനങ്ങള്‍ തെരുവിലിറങ്ങി ഈ ജനാധിപത്യ ധ്വംസനത്തെ നേരിടാന്‍ മുന്നോട്ട് വരണമെന്നു പത്രസമ്മേളനത്തിലൂടെ അവര്‍ ആവശ്യപ്പെടുന്നിടത്തുവരെ കാര്യങ്ങള്‍ എത്തി. നിരീക്ഷണ ബുദ്ധിയോടു നീങ്ങുന്ന ആരിലും തുടര്‍ന്നും നീതിവ്യവസ്ഥ ഫാസിസമുയര്‍ത്തുന്ന ഭയപാടിലാണോ സഞ്ചരിക്കുന്നതെന്ന ആശങ്കയാണ് ജനിപ്പിക്കുന്നത്. ഇലക്ഷന്‍ കമ്മീഷന്റെ സ്വതന്ത്രവും, നിഷ്പക്ഷവും നീതിപൂര്‍വ്വവും മാകേണ്ട അധികാരം പക്ഷപാതപരമായിട്ടാണോ വിനിയോഗിക്കപ്പെടുന്നതെന്ന ഉദ്വോഗമാണ് പലരിലും ഉണ്ടാക്കുന്നത്. ഇതിനെതിരെയെല്ലാം പ്രതികരിക്കുന്നവര്‍ക്കെതിരെ അസഹിഷ്ണതയോടെ പെരുമാറുന്ന വര്‍ക്ഷീയഫാസിസ്റ്റ് പ്രവണത വ്യാപകമായി തീരുന്ന സ്ഥിതി അന്ന് സംജാതമാക്കപ്പെട്ടു. കരിഓയില്‍ പ്രയോഗവും, രാജ്യം വിട്ട് പാകിസ്ഥാനിലേക്ക് പോകണമെന്നുള്ള ജല്‍പ്പനവുമാണ് ഇതിന്റെ പരിണിത ഫലമായി ഉണ്ടായികൊണ്ടിരുന്നത്.

സീറ്റുകള്‍ കൂടുതല്‍ നേടി കരുത്താര്‍ജ്ജിച്ചാണ് ബി.ജെ.പി നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ കടന്നുവരവ്. അതിനുശേഷം രാജ്യത്ത് ഫാസിസ്റ്റ് നീക്കങ്ങള്‍ കൂടുതല്‍ ശാക്തീകരിക്കപ്പെടുന്നതായാണ് കാണാന്‍ കഴിയുന്നത്. ഈ സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ വിഭാഗിയ നിയമങ്ങള്‍ ഒന്നൊന്നായി പ്രാബല്യത്തില്‍ കൊണ്ടുവന്ന് വര്‍ക്ഷീയ ധ്രുവീകരണവും, ഒപ്പം ഭീതി ജനകമായ അരക്ഷിതാവസ്ഥയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. സിവില്‍ വ്യവഹാരമായ വിവാഹ ഉടമ്പടിക്ക് മുസ്‌ലിം ജനവിഭാഗത്തിന് മാത്രമായി ക്രിമിനല്‍ നടപടി ചട്ടത്തോടുകൂടി മുത്തലാഖ് നിരോധനനിയമം കൊണ്ടുവന്നു. ജമ്മു-കാശ്മീരിനെ രണ്ടായി വെട്ടിമുറിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കുകയും പ്രത്യേക അവകാശമായി നിലനിന്ന 370-ാം വകുപ്പ് റദ്ദ് ചെയ്യുകയും ചെയ്തു. ഇതിലൂടെ ആ പ്രദേശത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ജനാധിപത്യ പൗരാവകാശങ്ങള്‍ തകര്‍ത്ത് തടങ്കല്‍ പാളയമാക്കി മാറ്റി. ഒടുവില്‍ മതാധിഷ്ടിത പൗരത്വഭേദഗതി നിയമത്തിലൂടെ ജനാധിപത്യത്തോടൊപ്പം മതേതരത്വവും തകര്‍ക്കുന്ന സാഹചര്യമാണ് സംജാതമാക്കിയിരിക്കുന്നത്.

കൂടാതെ ആസാമില്‍ പ്രാവര്‍ത്തികമാക്കിയ വിവാദപരമായ പൗര രജിസ്റ്ററും രാജ്യത്തെമ്പാടും വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനവും ആഭ്യന്തര മന്ത്രി അമിത്ഷായില്‍ നിന്നുണ്ടായി. പ്രായോഗികമല്ലാത്ത വ്യവസ്ഥകളോടുകൂടിയ ആസാം പൗര രജിസ്റ്റര്‍ മാതൃക നടപ്പിലായാല്‍ ഇന്ത്യയിലെ 20 കോടിയോളം വരുന്ന മുസ്‌ലീം ജനവിഭാഗത്തിന്റെ സ്വത്വംതന്നെ തകര്‍ക്കപ്പെടും. പാസ്‌പോര്‍ട്ടോ, ഇലക്ട്രല്‍ ഐഡി കാര്‍ഡോ. ആധാറോ തുടങ്ങിയ ആധികാരിക രേഖകളൊന്നും മതിയായ പൗരത്വ തെളിവായി സ്വീകരക്കില്ലെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇത് മുസ്‌ലീം വിഭാഗത്തെ പൗരത്വത്തില്‍ നിന്ന് നിഷ്‌കാസിതരാക്കാനുള്ള ദുഷ്ട ലാക്കോടുകൂടിയ കുടിലതന്ത്രമായി വിലയിരുത്തപ്പെടുന്നു. ഇത് ഭരണഘടനയുടെ മതേതര അന്തസത്തയെ തകര്‍ക്കുന്നതും, രാജ്യത്തെ വിഭജിക്കുന്നതുമായ നീക്കമായി കരുതപ്പെടുന്നു. ഈ വികാരം ഉള്‍കൊണ്ടാണ് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിഷേധ പ്രക്ഷോഭങ്ങള്‍ രാജ്യത്തെമ്പാടും അലയടിച്ചുയുര്‍ന്നുകൊണ്ടിരിക്കുന്നത്. ജാതി-മത-വര്‍ണ്ണ-വര്‍ക്ഷ വ്യത്യാസങ്ങളില്ലാതെ വിവിധ ബാനറിന്‍ കീഴില്‍ അണിച്ചേര്‍ന്ന മതേതര ജനലക്ഷങ്ങള്‍ ഈ വിഭാഗിയ നിയമത്തിനെതിരെ ഒരു രണ്ടാം സ്വതന്ത്ര സമരത്തിന്റെ പ്രതിതീ തന്നെ സൃഷ്ടിച്ചു. വിദ്യാര്‍ത്ഥികളും, യുവജനങ്ങളും, സാഹിത്യ-സാംസ്‌കാരിക നായകന്‍മാരും ഈ സമരങ്ങളില്‍ അണിചേര്‍ന്നതിലൂടെ ഈ പ്രക്ഷോഭത്തിന്റെ ഗതിതന്നെ മാറി.

സമാധാനപരമായി നീങ്ങിയ ഇത്തരം പ്രക്ഷോഭ പ്രതിഷേധങ്ങളെ ഫാസിസ്റ്റ് സമീപനത്തോടുകൂടി ചോരയില്‍ മുക്കികൊല്ലാന്‍ തന്നെ ബി.ജെ.പി ഭരണത്തിന്‍ കീഴിലുള്ള സര്‍ക്കാരുകള്‍ ശ്രമിച്ചു. അതിലൂടെ പോലീസ് വെടിവെയ്പ്പില്‍ ഉത്തര്‍പ്രദേശിലും കര്‍ണാടകയിലുമായി 27 ഓളം പ്രതിഷേധസമരക്കാര്‍ വെടിയേറ്റ് കൊലയ്ക്ക് ഇരയാക്കപ്പെട്ടു. നൂറുകണക്കിന് പേര്‍ ഗുരുതര പരിക്കിനും വിധേയരായി. ജാമിയമില്ലിയ്യ സര്‍വ്വകലശാലയില്‍ നിന്നും ആരംഭിച്ച വിദ്യാര്‍ത്ഥിസമരത്തെ കലാലയത്തിനുള്ളില്‍ കടന്നുകയറി വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനി വ്യത്യാസമില്ലാതെ ക്രൂരമായവിധം പോലീസ് വേട്ടയ്ക്ക് വിധേയമാക്കി. ഒട്ടേറെ വിദ്യാര്‍ത്ഥികളെ പൈശാചികമായി തല്ലിച്ചതച്ചു. അലിഗഡ് സര്‍വ്വകലാശാലയിലും ഇതുതന്നെ ആവര്‍ത്തിച്ചു. പൗരത്വനിയമത്തിലെ വിഭാഗിയതയെടൊപ്പം ഈ കലാലായ വേട്ടയും ഇന്ത്യയിലെ വിവിധങ്ങളായ സര്‍വ്വകലശാലകളിലേക്ക് വിദ്യാര്‍ത്ഥി സമരം അതിവേഗം പടര്‍ന്നുപിടിക്കാനിടയാക്കി. ഇതിനെ തുടര്‍ന്ന് എന്ത് വന്നാലും പൗര രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന നിലപാടിലുറച്ച പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും ഞാനൊന്നുമറിഞ്ഞല്ലെന്നമട്ടില്‍ മലക്കം മറിഞ്ഞു. നടപ്പാക്കാന്‍ ഉദേശിച്ചിട്ടില്ലെന്ന് അഭിപ്രായം മാറ്റി പറഞ്ഞു. സമരത്തിന്റെ വീര്യം കുറയ്ക്കാന്‍ സത്യ വിരുദ്ധമായി സംസാരിച്ച ഇവര്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നടപ്പാക്കുമെന്ന് സ്വരം കടുപ്പിക്കുന്ന സ്ഥിതിയിലേക്കെത്തി. ഏതായാലും രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടാനുള്ളള നീക്കമായി ഇതു പരിണമിക്കുമെന്ന കാര്യമാണ് ജനാധിപത്യ വിശ്വസികളെ ഇന്ന് ഉത്കണ്ഠപ്പെടുത്തുന്നത്.

ഏറ്റവും ഒടുവില്‍ രാജ്യത്തെ നടുക്കിയ ഫാസിസ്റ്റ് അതിക്രമമാണ് ജെ.എന്‍.യു സര്‍വ്വകലാശാലക്കുള്ളില്‍ അരങ്ങേറിയത്. ഇതുവരെ നിയമപാലകരായ പോലീസ് തേര്‍വാഴ്ചയാണ് കലാലയങ്ങള്‍ക്കുള്ളില്‍ നടമാടിയിരുന്നതെങ്കില്‍ ആ സ്ഥാനം വര്‍ക്ഷീയ ഫാസിസ്റ്റ് ഗുണ്ടകള്‍ ഏറ്റെടുക്കുന്ന അത്യന്തം അപകടകരവും ഭയാനകവുമായ സ്ഥിതി വിശേഷത്തിലേക്ക് രാജ്യം എത്തിനില്‍ക്കുന്നു. വളരെ ആസൂത്രിതമായാണ് മുഖംമൂടി ധരിച്ച നിരവധി ഗുണ്ടകള്‍ വടിവാളും മറ്റ് മാരകായുധങ്ങളുമായി ലോകപ്രശ്‌സതമായ ജെ.എന്‍.യു ക്യാമ്പസിനുള്ളില്‍ കടന്നുകയറി വിദ്യാര്‍ത്ഥികളെയും ഒപ്പം അധ്യാപകരെയും വളരെ പൈശാചികമായി ആക്രമിച്ച് ഗുരുതര പരിക്കുകള്‍ക്ക് വിധേയമാക്കിയത്. വിദ്യാര്‍ത്ഥിനി കൂടിയായ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷിഘോഷിനും, അധ്യാപിക പ്രൊഫ. സുചരിതസെന്നിന്നും ഈ അക്രമത്തിലൂടെ തലയ്ക്ക് ഗുരുതരപരിക്കേറ്റു. ഇതൊടൊപ്പം ഇരുട്ടിന്റെ മറവില്‍ വനിതാ, മിക്‌സഡ്് ഹോസ്റ്റലില്‍ നടത്തപ്പെട്ട തേര്‍വാഴ്ച്ചയില്‍ ഒട്ടനവധി വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ക്കും പരിക്കേല്‍ക്കേണ്ടതായി വന്നു. പോലീസ് സംവിധാനത്തെ പോലും നിഷ്‌ക്രിയമാക്കിയാണ് ഈ കിരാതമായ അക്രമ പ്രവര്‍ത്തികള്‍ നടമാടിയത്. ഈ അക്രമ തേര്‍വാഴ്ച്ചയോട് മോദി നിരത്തിയ നിസ്സംഗത ഭരണകൂട പിന്‍ബലം ഇതിന് ലഭിച്ചൂവെന്നതിന്റെ ദൃഷ്ടാന്തമാണ്. അതിനാല്‍ തന്നെ അക്രമികള്‍ രക്ഷപ്പെടുകയും ആക്രമണത്തിന് വിധേയരായവര്‍ ഒരു പക്ഷേ കേസിനകപ്പെടുന്ന സ്ഥിതിയും വന്നുകൂടായ്കയില്ല. ഇതിലൂടെയെല്ലാം നമ്മുടെ രാജ്യത്തിന് ഉണ്ടായികൊണ്ടിരിക്കുന്ന ദുര്‍ഗതിയെയും, പരിതാപകരമായ അവസ്ഥയെക്കുറിച്ചും വേദനിക്കാന്നെ സമാധാന കാംക്ഷികള്‍ക്കും ഇത്തരണത്തില്‍ കഴിയുകയുള്ളു.

ഇതിനെതിരെയുള്ള രോഷം അന്താരാഷ്ട്രതലത്തില്‍പോലും അനുരണരനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. അമേരിക്കയിലെ കോളംബിയ, ബ്രിട്ടണിലെ ഓക്‌സ്ഫഡ്, സനക്‌സ് സര്‍വ്വകലാശാലകളിലേയും വിദ്യാര്‍ത്ഥികള്‍ പോസ്റ്ററുകളുമെന്തി പ്രതിഷേധ ജാഥകള്‍ നടത്തുന്ന സ്ഥിതിയുണ്ടായി. ദേശാന്തരതലത്തില്‍ ഈ കാടത്തം നിറഞ്ഞ അക്രമം രാജ്യത്തിന് അപമാനമാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥികള്‍ നടത്തിയ എതിര്‍ ശബ്ദങ്ങളെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ അധികൃതര്‍ നടത്തിയ നീക്കത്തിന്റെ അവസാന കറുത്ത അദ്ധ്യായമാണ് ഫാസിസ്റ്റ് ഗുണ്ടകളിലൂടെ ഇപ്പോള്‍ പ്രാവര്‍ത്തികമാക്കപ്പെട്ടിരിക്കുന്നത്. അന്ന് ആ പ്രക്ഷോഭം നയിച്ച കനയ്യകുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇല്ലാത്ത കാരണങ്ങള്‍ ചമച്ച് രാജ്യദ്രോഹകുറ്റം ചുമത്തി കേസില്‍ കുടുക്കുന്ന പ്രവണത സര്‍ക്കാര്‍ ഭാഗത്തുനിന്നുമുണ്ടായതാണ്. അതൊടൊപ്പം നജീബ് അഹമ്മദ് എന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥിയുടെ ദുരൂഹസാഹചര്യത്തിലെ തിരോദാനവും അവിടുത്തെ കലാലയ അന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കാനിടയാക്കി. ഇപ്പോള്‍ ഹോസ്റ്റല്‍ ഫീസ് ക്രമാധീതമായി വര്‍ദ്ധിപ്പിച്ചതിനെതിരെയുള്ള പ്രക്ഷോഭം രണ്ടു മാസക്കാലമായി തുടര്‍ന്നുവരികയാണ്. അതൊടൊപ്പം പൗരത്വ ഭേദഗതി നിയമവും ജെ.എന്‍.യു വിദ്യാര്‍ത്ഥികളില്‍ പ്രതിഷേധത്തിന്റെ അലയോലികള്‍ സൃഷ്ടിക്കാന്‍ കാരണമായി തീര്‍ന്നു.

ഇതിനെയെല്ലാം കൈയ്യൂക്കിലൂടെ അടിച്ചമര്‍ത്തുകയെന്ന ലക്ഷ്യമാണ് വളരെ ആസൂത്രിതമായി ഫാസിസ്റ്റ് ഗുണ്ടകളെ കൊണ്ട് വിഭാഗിയ നിയമക്കാര്‍ നിറവേറ്റിയത്. ഇതിലൂടെ ഫാസിസ്റ്റ് കടന്നുകയറ്റം സര്‍വ്വവ്യാപിയായി ഇന്ത്യയുടെ സര്‍വ്വമേഖലയും ഗ്രസിച്ചിരിക്കുകയാണ്. ഇതൊല്ലാം രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയുടെ മരണമണി മുഴങ്ങുന്നതിന് ഇടയാക്കികൊണ്ടിരിക്കുകയാണെന്ന ഭയാശങ്കയാണ് ജനാധിപത്യ വിശ്വാസികളെ ഞെട്ടിപ്പിക്കുന്നത്. ഇതിനെതിരെ മതേതര ജനാധിപത്യ വിശ്വാസികള്‍ ഉണരേണ്ടിയിരിക്കുന്നു. അവര്‍ ഈ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി അണിച്ചേര്‍ന്ന് പൊരുതേണ്ട ഘട്ടമാണ്. അല്ലെങ്കില്‍ വിദൂരമല്ലാത്ത ഭാവിയില്‍ ഫാസിസ്റ്റ് നുകത്തില്‍ രാജ്യം അകപ്പെടുന്ന സ്ഥിതി ഉണ്ടാകും. അതിന് ജനാധിപത്യ – മതേതര വിശ്വാസികള്‍ സാക്ഷ്യം വഹിക്കേണ്ടതായ ദുരവസ്ഥ സംജാതമാകാതിരിക്കാന്‍ ഒന്നിക്കേണ്ടിയിരിക്കുന്നു.

SHARE