കേസുമായി ഒരു ബന്ധവുമില്ല; പക്ഷേ, പ്രചരിക്കുന്ന ചിത്രം തന്റേത്; ഫൈസല്‍ ഫരീദ്


സ്വര്‍ണക്കടത്തു കേസില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഫൈസല്‍ ഫരീദ് . കസ്റ്റംസിന്റെയും എന്‍.ഐ.എയുടെയും കൈവശമുള്ള രേഖകളില്‍ ഫൈസല്‍ ഫരീദ് ആണെന്നും പേരില്‍ മാത്രമുള്ള സാമ്യമാണ് താനുമായി ഉള്ളതെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു. പ്രതിപ്പട്ടികയില്‍ എന്‍.ഐ.എ മൂന്നാം സ്ഥാനത്ത് ഉള്ള വ്യക്തിയെന്ന നിലയിലാണ് ഫൈസല്‍ ഫരീദിന്റെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

ആദ്യം ഒരു തമാശ എന്ന നിലയിലാണ് ചിത്രങ്ങള്‍ പ്രചരിച്ചതിനെ സമീപിച്ചതെന്നും പിന്നീട് മാധ്യമങ്ങളിലടക്കം തന്റെ സ്ഥാപനങ്ങളുടെ അടക്കം ചിത്രങ്ങള്‍ പ്രചരിക്കുകയായിരുന്നെന്നും ഫൈസല്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ പറയുന്ന പോലെ ഉള്ള ഒരു സ്ഥാപനവും ദുബായില്‍ താന്‍ നടത്തുന്നില്ലെന്നും ഓയിലുമായി ബന്ധപ്പെട്ട് ബിസിനസാണ് തനിക്കുള്ളതെന്നും ഫൈസല്‍ പറഞ്ഞു. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ല, സ്വപ്നയെയോ സന്ദീപിനെയോ അറിയില്ലെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു. ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന കാര്യം ചര്‍ച്ചയിലാണെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു.

വീട്ടുകാര്‍ എല്ലാവരും ദുബായിലാണുള്ളത്. അതുകൊണ്ടുതന്നെ നിലവില്‍ നാട്ടിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഫൈസല്‍ ഫരീദ് പറഞ്ഞു. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് ഫൈസല്‍ ഫരീദ്.

SHARE