തൃശൂര്‍: കള്ളനോട്ടുകളുമായി അറസ്റ്റിലായ ബി.ജെ.പി നേതാവ് വീണ്ടും ലക്ഷങ്ങളുടെ കള്ളനോട്ടുമായി പൊലീസിന്റെ പിടിയില്‍. കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശി ഏരാശേരി രാകേഷിനെയാണ് കൊടുവളളി പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടാളിയായ മലപ്പുറം സ്വദേശി സുനീര്‍ അലിയും ഇയാള്‍ക്കൊപ്പം പിടിയിലായിട്ടുണ്ട്. കോഴിക്കോട് ഓമശേരിയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. പ്രധാനമന്ത്രിയുടെ നോട്ടുനിരോധനത്തിന് പിന്നാലെ രാകേഷിനെ പിടികൂടിയിരുന്നു.

ബി.ജെ.പി നേതാക്കളായ ഏരാച്ചേരി രാഗേഷ്, സഹോദരന്‍ രാജേഷ് എന്നിവരെയാണ് നേരത്തെ കള്ളനോട്ട് കേസില്‍ പൊലീസ് പിടികൂടിയത്. ഇവര്‍ പലിശക്ക് പണം കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ പരിശോധനക്ക് എത്തിയതായിരുന്നു മതിലകം എസ്.ഐയും സംഘവും. പൊലീസ് ഇവരെ കുറേക്കാലമായി നിരീക്ഷിച്ചു വരികയായിരുന്നു. പരിശോധനക്കിടെയാണ് കള്ളനോട്ടടിക്കുന്നതിനുള്ള സംവിധാനങ്ങള്‍ അടക്കം ഇരുനില വീട്ടില്‍ നിന്നും കണ്ടെത്തിയത്.