അച്ഛന്‍ മരിച്ച് ദിവസങ്ങള്‍ മാത്രം; ഇരട്ട സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു

ഹരിപ്പാട്: അച്ഛന്‍ മരിച്ച് ദിവസങ്ങള്‍ മാത്രം കഴിഞ്ഞതിനു പിന്നാലെ ഇരട്ടസഹോദരങ്ങളും മരിച്ചു. മുതുകുളം പരേതനായ ഉദയകുമാറിന്റെയും രാമനിയുടെയും മക്കളായ അരുണ്‍ (28), അഖില്‍ (28) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ഓടെ ആയിരുന്നു സംഭവം. വെള്ളക്കെട്ടില്‍ വീണായിരുന്നു മരണം.

കഴിഞ്ഞ 18നായിരുന്നു അച്ഛന്‍ മരിച്ചത്. അച്ഛന്റെ ചടങ്ങുകള്‍ക്കായി സഹോദരങ്ങള്‍ ഇന്നലെ ഉച്ചയോടെ വീടും പരിസരവും വൃത്തിയാക്കുന്നതിനിടയില്‍ വെള്ളക്കെട്ടില്‍ വീണ മരച്ചില്ല എടുക്കാന്‍ ഇറങ്ങുകയായിരുന്നു. ആദ്യം ഒരാള്‍ വെള്ളക്കെട്ടില്‍ പെട്ടപ്പോള്‍ മറ്റേ ആള്‍ രക്ഷിക്കാനായി ഇറങ്ങിയതാകാമെന്നാണ് കരുതുന്നത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല.

ചെളിയില്‍ താഴ്ന്നതാകാം അപകടത്തിന് കാരണമെന്നും കരുതുന്നതായി പൊലീസ് പറഞ്ഞു. കനകക്കുന്ന് പൊലീസാണ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൂന്നാര്‍ റിവുലറ്റ് റിസോര്‍ട്ടിലെ സെയില്‍സ് മാനേജരായിരുന്നു അഖില്‍. എറണാകുളം ഹെവന്‍ലി ഹോളിഡേയ്‌സിലെ റിസര്‍വേഷന്‍ എക്‌സിക്യൂട്ടീവായിരുന്നു അരുണ്‍. ഡിസംബര്‍ 22-നായിരുന്നു അരുണിന്റെ വിവാഹം.

SHARE