അഭിനന്ദന്റെ ചിത്രം പതിച്ച പോസ്റ്റര്‍ ഫെയ്‌സ്ബുക്കിലിട്ട് ബി.ജെ.പി നേതാവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം; ഉടന്‍ നീക്കം ചെയ്യാന്‍ ഫെയ്സ്ബുക്കിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ധമാന്റെ ചിത്രം പതിച്ച പോസ്റ്ററുകള്‍ ഫെയ്‌സ്ബുക്കിലിട്ട് പ്രചാരണം നടത്തിയ ബി.ജെ.പി നേതാവും ഡല്‍ഹി നിയമസഭാ എം.എല്‍.എയുമായ ഓം പ്രകാശ് ശര്‍മ്മയുടെ ചിത്രം നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഫെയ്‌സ്ബുക്കിനോടാണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിനന്ദിന്റെ ചിത്രം പതിച്ച പോസ്റ്റര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തതായിരുന്നു ഓം പ്രകാശ് ശര്‍മ്മ.

അഭിനന്ദ് വര്‍ധമാനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരുടെ ചിത്രങ്ങളും തന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഓം പ്രകാശ് ഉപയോഗിച്ചിരുന്നു. മോദിയുടെ മികവിലൂടെയുള്ള അഭിനന്ദന്റെ തിരിച്ചുവരവ് ഇന്ത്യയുടെ നയതന്ത്രവിജയം എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.

നടപടി പെരുമാറ്റച്ചട്ടലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സൈനികനടപടിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് നിര്‍ദേശം വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഓം പ്രകാശ് പോസ്റ്റര്‍ ഷെയര്‍ ചെയ്തത്.