മോദിയുടെ വ്യക്തിപരമായ അധിക്ഷേപത്തിന് ചുട്ടമറുപടിയുമായി രാഹുല്‍ ഗാന്ധി

ഔറാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പറയാന്‍ വിഷയങ്ങളൊന്നുമില്ലാത്തതിനാലാണ് വ്യക്തിപരമായ അധിക്ഷേപവുമായി മോദി രംഗത്തുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്നെ പേടിക്കുന്നതിനാലാണ് വ്യക്തിപരമായ അധിക്ഷേപം മോദി നടത്തുന്നത്. മോദി ഏതു തരത്തിലുള്ള വിമര്‍ശനം ഉന്നയിച്ചാലും അത് തന്നെ ബാധിക്കില്ലെന്നും പ്രധാനമന്ത്രിയായ അദ്ദേഹത്തിനെതിരെ താന്‍ വ്യക്തിപരമായ വിമര്‍ശനമുന്നയിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. അധികാരത്തിലെത്തും മുമ്പ് മോദി വാഗ്ദാനം ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ താന്‍ ഇനിയും തുടരുമെന്നും ഔറാദില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെ രാഹുല്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ ഗബ്ബര്‍ സിങ് ടാക്‌സ് (ജി.എസ്.ടി) പല ചെറുകിട വ്യവസായികളേയും തളര്‍ത്തി. എന്തു കൊണ്ട് ഇതേ കുറിച്ച് മോദി മിണ്ടുന്നില്ല. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞ 90 ശതമാനം കാര്യങ്ങളും പൂര്‍ത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ വായ്പ എഴുതി തള്ളാന്‍ മോദി തയ്യാറായില്ല, സിദ്ധരാമയ്യ അത് ചെയ്തു. മെയ് 12ന് നടക്കുന്ന തെരഞ്ഞെടുപ്പ് രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. എല്ലാവരേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ ആശയവും സമൂഹത്തില്‍ ഭിന്നതയും വിദ്വേഷവും വിതക്കുന്ന ആര്‍.എസ്.എസ് ആശയവും തമ്മിലുള്ള പോരാട്ടം. മോദി അഴിമതിയെ കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിക്കുന്ന ആളു തന്നെ അഴിമതിക്ക് ജയിലില്‍ കിടന്നയാളാണ്. അഴിമതിയുടെ മൊത്ത വിതരണക്കാരായ റെഡ്ഢി സഹോദരന്‍മാരാണ് ബി.ജെ.പിയുടെ പ്രചാരണം നയിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. ബി.ജെ.പി മുക്ത ഭാരതമെന്ന് താന്‍ ഒരിക്കലും പറയില്ല. ബി.ജെ.പിയെ താനും തന്റെ പാര്‍ട്ടിയും എതിര്‍ക്കുന്നു. അവരെ പരാജയപ്പെടുത്തും. എന്നാല്‍ എല്ലാ തരത്തിലുള്ള ശബ്ദവും സംരക്ഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി നീക്കി വെച്ച തുകക്കു സമാനമായ തുകയുമായാണ് നീരവ് മോദി രാജ്യം വിട്ടത്. എന്തു കൊണ്ടാണ് ഈ വിഷയത്തില്‍ പ്രധാനമന്ത്രി നിശ്ബദത പാലിക്കുന്നത്. അമിത് ഷായുടെ മകന്‍ ചെയ്ത കാര്യങ്ങളെ കുറിച്ച് എന്തു കൊണ്ട് ബി.ജെ.പി അന്വേഷിക്കുന്നില്ലെന്നും രാഹുല്‍ ചോദിച്ചു.